'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ- അപ്‌സ്' എന്ന ചിത്രത്തിൽ നടൻ യഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നേരിട്ട സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി കിയാര അദ്വാനി. വിവാഹത്തിനും അമ്മയായതിനും ശേഷം ഇത്തരം വേഷങ്ങൾ ചെയ്യുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളോട് നടി പ്രതികരിച്ചു. ഭർത്താവ് സിദ്ധാർഥ് മൽഹോത്രയുടെ പ്രതികരണത്തെക്കുറിച്ചും കിയാര മനസുതുറന്നു. 'കോഫി വിത്ത് കരൺ സീസൺ 9'-ൽ സിദ്ധാർഥിനൊപ്പം അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

To advertise here,

ചിത്രത്തിലെ 'തബാഹി' എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെയാണ് കിയാരയ്‌ക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായത്. എന്നാൽ, അത്തരം ചർച്ചകളെ സിദ്ധാർഥ് തീർത്തും അവഗണിക്കുകയായിരുന്നുവെന്ന് കിയാര പറഞ്ഞു. 'അദ്ദേഹം അതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ഞങ്ങൾക്കിടയിൽ അക്കാര്യം സംസാരവിഷയമായിട്ടേയില്ല. അത് അദ്ദേഹത്തെ ഒട്ടും ബാധിച്ചിട്ടില്ല,' കിയാര വ്യക്തമാക്കി.

സിനിമാ മേഖലയിലെ സ്ത്രീകൾ പതിറ്റാണ്ടുകളായി ഇത്തരം വിമർശനങ്ങൾ നേരിടുന്നുണ്ടെന്ന് കിയാര ചൂണ്ടിക്കാട്ടി. ഐശ്വര്യ റായ് മുതൽ മികച്ച പല നടിമാർക്കും ഇത് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവർ ഓർമിപ്പിച്ചു. വിമർശനങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗം തന്നെ രംഗത്തുവന്നതിനാൽ അന്ന് പ്രത്യേക വിശദീകരണം നൽകേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

ആദ്യ ദിനത്തിൽ മികച്ച കളക്ഷൻ നേടിയിട്ടും 'ടോക്‌സിക്' ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിലെ വിഷമവും കിയാര പങ്കുവെച്ചു. ചിത്രം പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും, പതിവ് ശൈലിയിൽനിന്ന് മാറി ചെയ്ത നാദിയ എന്ന കഥാപാത്രത്തിന് ലഭിച്ച പ്രശംസ വലിയ ആശ്വാസമായെന്നും കരിയറിലെ നിർണ്ണായക വേഷമാണിതെന്നും കിയാര പറഞ്ഞു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്', 'കെ.ജി.എഫ് ചാപ്റ്റർ 2'-ന് ശേഷം യഷ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു. ഗോവയുടെ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ ഡ്രാമയിൽ രായ, റൂമി എന്നീ ഇരട്ട വേഷങ്ങളിലാണ് യഷ് എത്തിയത്. റൂമിയുടെ അമ്മയായ നാദിയ എന്ന കഥാപാത്രത്തെയാണ് കിയാര അവതരിപ്പിച്ചത്.