നെറ്റ്ഫ്‌ളിക്‌സില്‍ സൂപ്പര്‍ഹിറ്റായി സ്ട്രീം ചെയ്യുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്ത വെബ് സീരീസായ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്'. എന്നാല്‍ വിജയത്തിനൊപ്പം വിവാദങ്ങളും ഈ സീരിസിനൊപ്പം പുറത്തുവന്നു. ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയാണ് സീരീസിനെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ട് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

To advertise here,

എന്തുകൊണ്ടാണ് താന്‍ ആര്യന്‍ ഖാന്റെ വെബ് സീരീസ് ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മാനനഷ്ട കേസുമായി കോടതിയെ സമീപിച്ചത് എന്ന് വിശദീകരിക്കുകയാണ് സമീര്‍. താന്‍ പ്രശസ്തിക്ക് വേണ്ടിയല്ല, മറിച്ച് അന്തസ്സിന് വേണ്ടിയാണ് നിയമപോരാട്ടം നടത്തുന്നത് എന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. ഷാരൂഖ് ഖാനോട് വ്യക്തിപരമായ വിരോധമുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ‘ആക്ഷേപഹാസ്യമല്ല, ഇത് അപമാനിക്കലാണ്’; ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ രൂക്ഷവിമര്‍ശനവുമായി സമീര്‍ വാങ്കഡെ

'സീരീസില്‍ എന്‍സിബി ഉദ്യോഗസ്ഥനെ കാണിച്ചത് ആക്ഷേപഹാസ്യരൂപത്തിലാണെന്നാണ് പറയുന്നത്. എന്നാല്‍ ഞാന്‍ മൂന്ന് കാര്യങ്ങള്‍ പറയാം. ഒന്ന്, ഞാന്‍ എന്റെ കുടുംബത്തിന്റെ അഭിമാനത്തിന് വേണ്ടിയാണ് പോരാടുന്നത്, ഒപ്പം സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടിയും. ഓരോ വ്യക്തിക്കും ആത്മാഭിമാനമെന്നത് പ്രധാനപ്പെട്ടതാണ്.' -സമീര്‍ വാങ്കഡെ പറഞ്ഞു.

'രണ്ടാമതായി, നിയമപാലകരായ എന്‍സിബി, കസ്റ്റംസ് പോലുള്ള ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ അഭിമാനം. മയക്കുമരുന്നിനെതിരായ പോരാട്ടം ഗൗരവമേറിയ ഒന്നാണ്. അതിനായി രക്തം നല്‍കുന്നവരാണ് ഉദ്യോഗസ്ഥര്‍. മയക്കുമരുന്നിനെതിരായ ദൗത്യങ്ങള്‍ക്കിടെ കാലൊടിയുകയും തലയ്ക്ക് പരിക്കേല്‍ക്കുകയുമെല്ലാം ചെയ്ത ഉദ്യോഗസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ ചെലവില്‍ ആക്ഷേപഹാസ്യമുണ്ടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇത് തമാശയാക്കാനോ ചിരിക്കാനോ ഉള്ള കാര്യമല്ല.'

'മൂന്നാമതായി, ഇത് ദേശീയ ചിഹ്നത്തോടുള്ള ആദരവുമായി ബന്ധപ്പെട്ട വിഷയമാണ്. രാജ്യത്തിന്റെ അഭിമാനമായ ഒന്നിനുനേരെ നിങ്ങള്‍ക്ക് നടുവിരല്‍ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയില്ല. പൗരനെന്ന നിലയില്‍ ഇതിനെല്ലാമെതിരെ ഞാന്‍ തീര്‍ച്ചയായും പോരാടും.' -അദ്ദേഹം തുടര്‍ന്നു. ഷാരൂഖ് ഖാനോട് വ്യക്തിവിരോധമുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.

'അങ്ങനെയൊന്നില്ല. ഞാന്‍ നിയമം പാലിക്കുന്ന ഉദ്യോഗസ്ഥനാണ്. നമ്മള്‍ ബനാനാ റിപ്പബ്ലിക്കിലൊന്നുമല്ല ജീവിക്കുന്നത്. നമുക്കൊരു ഭരണഘടനയുണ്ട്, സംവിധാനമുണ്ട്. ഞാനൊരു ചെറിയ മനുഷ്യനാണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ആര്‍ക്കാണ് ഇത്തരത്തില്‍ വിരോധവും മറ്റും ഉണ്ടാകുക? ഇതെല്ലാം ലൂസ് ടോക്കുകള്‍ മാത്രമാണ്.' -സമീര്‍ വാങ്കഡെ പറഞ്ഞു.

മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് വാങ്കഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. താന്‍ ചെയ്തതെല്ലാം നിയമപ്രകാരമാണ്. കേസില്‍ ആര്യന്‍ ഖാന്‍ കേവലം ബലിയാടായിരുന്നില്ല എന്നും സമീര്‍ വാങ്കഡെ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞിരുന്നു.