ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത് നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ സീരീസാണ് ബാഡ്‌സ് ഓഫ് ബോളിവുഡ്. സൂപ്പര്‍ഹിറ്റായി മാറിയ സീരീസ് അന്ന് തന്നെ വിവാദങ്ങള്‍ക്കും വഴിതുറന്നു. ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ സീരീസിനെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ടാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സീരീസില്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

To advertise here,

ഇപ്പോഴിതാ സമീര്‍ വാങ്കഡെയുടെ ആരോപണങ്ങള്‍ക്ക് കോടതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ നിര്‍മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്‌സ്. വാങ്കഡെയുടെ ഹര്‍ജി തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും നിയമപരമായി നിലനില്‍ക്കാത്തതാണെന്നും ഷാരൂഖ് ഖാന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ബാഡ്‌സ് ഓഫ് ബോളിവുഡിലുള്ളത് ആക്ഷേപഹാസ്യമാണെന്നും റെഡ് ചില്ലീസ് വ്യക്തമാക്കി.

കേസിന്റെ നിലനില്‍പ്പിനേയും റെഡ് ചില്ലീസ് ചോദ്യം ചെയ്തു. ഹര്‍ജിക്കാരനായ സമീര്‍ വാങ്കഡെയും പ്രതിഭാഗത്തുള്ള നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ളവരും മുംബൈയിലാണുള്ളത് എന്നിരിക്കെ കേസ് ഡല്‍ഹി ഹൈക്കോടതിയുടെ അധികാരപരിധിയില്‍ വരില്ല എന്നാണ് കമ്പനിയുടെ വാദം. പിന്നീടുള്ള ഭേദഗതികളിലൂടെ ഡല്‍ഹി ഹൈക്കോടതിക്ക് അധികാരപരിധി ലഭിക്കില്ലെന്നും തുടക്കത്തിലെ പിഴവ് ഇതുവരെയുള്ള നടപടിക്രമങ്ങളെ അസാധുവാക്കിയെന്നും റെഡ് ചില്ലീസ് ചൂണ്ടിക്കാട്ടി. 

താൻ കളങ്കമില്ലാത്തയാളാണെന്ന വാങ്കഡെയുടെ അവകാശവാദത്തേയും റെഡ് ചില്ലീസ് ചോദ്യം ചെയ്തു. 2023 മേയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം. സീരീസ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വാങ്കഡെ പൊതുജനങ്ങള്‍ക്കിടയില്‍ പരിഹാസ്യനായിരുന്നുവെന്നും റെഡ് ചില്ലീസ് കോടതിയെ അറിയിച്ചു.

സിനിമാരംഗത്തെ സ്വജനപക്ഷപാതം (നെപ്പോട്ടിസം), പാപ്പരാസി സംസ്‌കാരം, സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയവയുടെ ആക്ഷേപഹാസ്യ രൂപത്തിലുള്ള ദൃശ്യാവിഷ്‌കാരമാണ് സീരീസ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം ഉപയോഗിച്ചാണ് നര്‍മം, അതിശയോക്തി, പാരഡി എന്നിവയിലൂടെ ഇതെല്ലാം അവതരിപ്പിച്ചത് എന്നും റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്‌സ് പറയുന്നു.