ദി ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ്സീരീസിലൂടെ സംവിധാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ. ബാഡ്സ് ഓഫ് ബോളിവുഡ് ഹിറ്റായതോടെ ആര്യൻ എന്നാണ് പിതാവ് ഷാരൂഖ് ഖാനെ നായകനാക്കി ഒരു സിനിമ ചെയ്യുകയെന്ന് ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. അടുത്തവൃത്തങ്ങൾ നൽകുന്ന സൂചനകളനുസരിച്ച് ഷാരൂഖിനെ നായകനാക്കി ആര്യൻ ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.

To advertise here,

ആര്യൻ തന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. 2026-ൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മുഴളുനീള എന്റർടെയ്നറായാണ് ഒരുങ്ങുന്നത്. പക്ഷേ ഈ ചിത്രത്തിൽ കിംഗ് ഖാനല്ല നായകൻ എന്നാണ് വിവരം. എന്നാൽ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിലായിരിക്കും ഷാരൂഖിനെ ആര്യൻ നായകനാക്കുക എന്നാണ് പ്രോജക്റ്റുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തന്റെ പിതാവും സൂപ്പർതാരവുമായ ഷാരൂഖ് ഖാനെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നതിന് മുൻപ് ഒരു തിയേറ്റർ വിജയം നൽകി ഒരു സംവിധായകൻ എന്ന നിലയിൽ സ്വയം തെളിയിക്കാൻ ആര്യൻ ആഗ്രഹിക്കുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

"സ്വന്തം കഴിവുപയോഗിച്ച് ഷാരൂഖിനെ നായകനാക്കി സിനിമ ചെയ്യാനുള്ള അവസരം നേടിയെടുക്കുക എന്നതാണ് ആര്യൻ്റെ മനസിലുള്ള ആശയം. എല്ലാം പദ്ധതിയിട്ടതുപോലെ നടന്നാൽ, ആര്യൻ്റെ മൂന്നാമത്തെ സംവിധാന സംരംഭത്തിലാകും ഷാരൂഖ് ഖാൻ നായകനായി എത്തുക. അച്ഛനും മകനും ചേർന്നുള്ള ഈ സിനിമയുടെ പ്രധാന ആശയം ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ കൂട്ടുകെട്ട് 2027-ൽ മാത്രമേ യാഥാർത്ഥ്യമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. തൽക്കാലം, ആര്യൻ തൻ്റെ രണ്ടാമത്തെ ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അത് ഉടൻ തന്നെ കാസ്റ്റിംഗ് ഘട്ടത്തിലേക്ക് കടക്കും," അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

മകൻ്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ അഭിനയിക്കുന്നത് ഒരു ചരിത്ര നിമിഷമായിരിക്കുമെന്നാണ് വിലയിരുത്തൽ. ബോക്സ് ഓഫീസ് വിജയത്തിനപ്പുറം ആരാധകർ ഏറെക്കാലമായി സ്ക്രീനിൽ കാണാൻ സ്വപ്നം കണ്ടിരുന്ന ഒരു സർഗ്ഗാത്മക ഒത്തുചേരൽ കൂടിയായിരിക്കും അത്. 'ദി ബാഡ്സ് ഓഫ് ബോളിവുഡി'ൽ ഷാരൂഖ് ഖാൻ്റെ ഏതാനും മിനിറ്റുകൾ നീണ്ട വേഷം ഇൻ്റർനെറ്റിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി ഇനി വരാനുള്ളത്. മകള്‍ സുഹാനാ ഖാനും ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദീപികാ പദുക്കോണ്‍ അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 1994-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് ലിയോണ്‍: ദി പ്രൊഫഷണല്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിങ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.