മുംബൈ: ആര്യൻ ഖാന്റെ നെറ്റ്ഫ്‌ളിക്സ് പരമ്പരക്കെതിരേ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മുംബൈ കോടതിയെ സമീപിച്ച് ഇന്ത്യൻ റെവന്യൂ ഉദ്യോഗസ്ഥൻ സമീർ വാംഖഡെ. കേസ് പരിഗണിക്കാൻ പ്രാദേശിക അധികാരപരിധിയില്ലെന്ന് പറഞ്ഞ് ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി തന്നെയാണ് മുംബൈ കോടതിയെ സമീപിക്കാൻ നിർദേശിച്ചത്.

To advertise here,

വാംഖഡെയുടെ വസതിയും ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസിന്റെ ഓഫീസും സ്ഥിതി ചെയ്യുന്നത് മുംബൈയിലായതിനാലാണ് കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചത്. ഹർജി പരിഗണിക്കുന്നതിനായി ഈ മാസം 12ന് ഇരു കക്ഷികളോടും കോടതിയിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്. ദിൻദോഷി കോടതിയിലാണ് ഹർജി പരിഗണിക്കുന്നത്. പരമ്പരയിലെ ചില രംഗങ്ങൾ അപകീർത്തികരവും തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതുമാണെന്ന് ആരോപിച്ചായിരുന്നു സമീർ വാംഖഡെയുടെ പരാതി.

പരമ്പരയിൽനിന്ന് രംഗങ്ങൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനുമെതിരെ ഇടക്കാല നിർദേശങ്ങൾ തേടിയാണ് വാംഖഡെ കോടതിയെ സമീപിച്ചത്. പരമ്പരയിൽ തന്റെ രൂപത്തിനോടും പെരുമാറ്റരീതികളോടും സാമ്യമുള്ള കഥാപാത്രമുണ്ടെന്നും അതിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് ആര്യൻ ഖാൻ ശ്രമിക്കുന്നതെന്നും വാംഖഡെ ആരോപിച്ചു.

2021ലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പ്രതികാരമായാണ് തന്നെ അപകീർത്തിപ്പെടുത്തിയതെന്നാണ് സമീർ വാംഖഡെയുടെ ആരോപണം. പരമ്പര മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്നു. നിഷേധാത്മകവുമായ ചിത്രീകരണം പ്രചരിപ്പിക്കുന്നു. അതുവഴി നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കുന്നുവെന്നും വാംഖഡെ പറഞ്ഞു. കൂടാതെ പരമ്പര സംപ്രേഷണം ചെയ്തത്‌ മുതൽ തനിക്കും കുടുംബത്തിനുമെതിരെ ട്രോളുകളും ഭീഷണികളും വരുന്നുണ്ടെന്നും വാംഖഡെ ആരോപിച്ചു.