
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ 2' എന്ന ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനത്തിൽ ജൂനിയർ ഡാഗർ സഹോദരന്മാരുടെ പങ്ക് ഔദ്യോഗികമായി രേഖപ്പെടുത്താൻ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ സമ്മതിച്ചു. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഈ തീരുമാനം. ഡാഗർ സഹോദരന്മാരുടെ പിൻഗാമിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ഡാഗർ നൽകിയ പകർപ്പവകാശ ലംഘനക്കേസിനെത്തുടർന്നാണ് ഈ നടപടി. അഞ്ച് ആഴ്ചയ്ക്കുള്ളിൽ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഒടിടി സേവനങ്ങളിലും നൽകിയ വിവരങ്ങളിൽ ഡാഗർ സഹോദരന്മാരുടെ പേരും ഉൾപ്പെടുത്തും.
ജൂനിയർ ഡാഗർ സഹോദരന്മാർ എന്ന് അറിയപ്പെടുന്ന ഉസ്താദ് നാസിർ ഫയാസുദ്ദീൻ ഡാഗറും ഉസ്താദ് നാസിർ സാഹിറുദ്ദീൻ ഡാഗറും ചേർന്ന് ആദ്യമായി റെക്കോർഡ് ചെയ്ത 'ശിവസ്തുതി' എന്ന ക്ലാസിക്കൽ രചനയിലെ പ്രധാന ഘടകങ്ങൾ അനുവാദമില്ലാതെ ഈ ഗാനത്തിൽ ഉപയോഗിച്ചു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഗാനത്തിലെ മെലഡി, താളം എന്നിവ ഡാഗർവാണി ദ്രുപദ് പാരമ്പര്യത്തിൽ നിന്ന് എടുത്തതാണെന്ന് പരാതിയിൽ പറയുന്നു.
"ഡാഗർവാണി ദ്രുപദ് പാരമ്പര്യം പ്രചോദനം ഉൾക്കൊണ്ട് ഈണം നൽകിയത്, അന്തരിച്ച ഉസ്താദ് നാസിർ ഫയാസുദ്ദീൻ ഡാഗറും ഉസ്താദ് നാസിർ സാഹിറുദ്ദീൻ ഡാഗറും (ജൂനിയർ ഡാഗർ സഹോദരന്മാർ) ചേർന്ന് ആദ്യമായി ശിവസ്തുതിയായി റെക്കോർഡ് ചെയ്തത്". -എന്ന വരികളാണ് സംഗീതം സ്ട്രീം ചെയ്യുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലും ഉൾപ്പെടുത്തുക.
അതേസമയം, പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിലെ ഗാനം ഒരു ഒറിജിനൽ രചനയാണെന്നും ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിലെ ഘടകങ്ങൾ പകർപ്പവകാശ നിയമപ്രകാരം ആർക്കും കുത്തകയാക്കാൻ കഴിയില്ലെന്നുമാണ് റഹ്മാന്റെ അഭിഭാഷക സംഘത്തിന്റെ വാദം. എങ്കിലും, ഡാഗർ സഹോദരന്മാരുടെ സംഭാവന അംഗീകരിക്കാൻ റഹ്മാൻ സമ്മതിച്ചതോടെ, ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവിനെതിരെയുള്ള ഹർജി സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ പകർപ്പവകാശ ലംഘനത്തെക്കുറിച്ചുള്ള പ്രധാന കേസ് കോടതിയിൽ തുടരും.
കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കിയ 'പൊന്നിയിൻ സെൽവൻ 2' ചോഴ രാജവംശത്തിന്റെ കഥയാണ് പറയുന്നത്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയത് ആർ.ആർ. റഹ്മാനാണ്.
Content Highlights: PS2 Song Row: AR Rahman Agrees to Recognize Junior Dagar Brothers in 'Veera Raja Veera'
Published: 20 Feb 2026, 08:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented