ആദിവാസി എന്ന ചിത്രത്തിൽ നിന്നൊരു രംഗം
മുംബൈ : ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ 'ആദിവാസി, ദ ബ്ലാക്ക് ഡെത്ത് ' എന്ന ചലച്ചിത്രത്തിന് ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലക്ഷൻ. ഫെബ്രുവരി 21 മുതൽ 22 വരെ മുംബൈയിൽ നടക്കുന്ന ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിക്കും.
ഫീച്ചർ ഫിലിം വിഭാഗത്തിൽ ആണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. റിലീസിനായി തയ്യാറെടുക്കുന്ന ഈ ചിത്രം മറ്റ് നിരവധി സിനിമകളെ മറികടന്നാണ് ഔദ്യോഗിക സെലക്ഷനിലേക്ക് എത്തിയത്. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് പ്രശസ്ത സംവിധായകൻ വിജീഷ് മണി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ അപ്പാനി ശരത് ആണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. നെഗറ്റീവ് റോൾ കൈകാര്യം ചെയ്തിരിക്കുന്നത് വിയാൻ ആണ്.
വിശപ്പ് മുഖ്യപ്രമേയമായി വരുന്ന ഈ സിനിമ ഒരുക്കിയിട്ടുള്ളത് മധു'വിന്റെ ഭാഷയായിരുന്ന മുടുക എന്ന ഗോത്ര ഭാഷയിലാണ്. മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളും കത്തി നിൽക്കുന്ന സമയത്താണ് ഈ സിനിമയും ചർച്ചയാവുന്നത്. വിശപ്പിനെ ഒരിക്കലും മർദ്ദിച്ചു കൊല്ലാൻ സാധിക്കില്ലെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരത്തിലുള്ള ചിത്രങ്ങൾ ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത്തരം വിഷയങ്ങൾക്ക് തന്നെ ഭാവിയിലും മുൻഗണന നൽകുമെന്നും സിനിമയുടെ നിർമാതാവ് സോഹൻ റോയ് പറഞ്ഞു.
സിനിമയുടെ പോസ്റ്റർ റിലീസിംഗ്, പാട്ടുകളുടെ റിലീസിംഗ്, എന്നിവയ്ക്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയും മികച്ച പ്രതികരണവും ആണ് ലഭ്യമായത്. "സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും" എന്ന വാചകത്തോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്റർ സാമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
.jpeg?$p=d014985&&q=0.8)
ഇതിനോടകം തന്നെ നിരവധി അവാർഡുകൾ
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി പുരസ്കാരങ്ങളാണ് 'ആദിവാസി' യെ തേടിയെത്തിയിരിക്കുന്നത്. രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക സെലക്ഷൻ, എ.കെ. എസ് ഇന്റർനാഷണൽ മൈനോറിറ്റി ഫെസ്റ്റിവൽ സെലക്ഷൻ, മുംബൈ എന്റർടൈയിൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്കാരങ്ങൾ തുടങ്ങിയവ അതിൽ ചിലതാണ്. ബെസ്റ്റ് ട്രൈബ്സ് ലാംഗ്വേജ്, ബെസ്റ്റ് നെഗറ്റീവ് റോൾ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് മുംബൈ എന്റർടൈയിൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ലഭിച്ചത്.
അണിയറയിൽ ഇവർ
ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീക്കുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
ക്യാമറ : പി. മുരുകേശ്, സംഗീതം: രതീഷ് വേഗ, എഡിറ്റിംഗ് : ബി. ലെനിൻ, സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ. സംഭാഷണം- ഗാനരചന: ചന്ദ്രൻ മാരി, ലൈൻ പ്രൊഡ്യൂസർ : വിയാൻ. പ്രൊജക്ട് ഡിസൈനർ: ബാദുഷ, മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം : ബിസി ബേബി, രാമൻ, ഡിസൈൻ : ആന്റണി കെ.ജി,സുകുമാരൻ, മീഡിയ പ്രൊമോഷൻ- അരുൺ. കരവാളൂർ. പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, പി. ആർ. ഓ : എ എസ് ദിനേശ്
Content Highlights: appani sarath movie, aadivasi to babadaheb dr br ambedkar international film festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..