
കഴിഞ്ഞ രണ്ടുവർഷമായി താൻ കടന്നുപോയ മോശം അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. രണ്ടുവർഷമായി താൻ ‘നാർസിസ്റ്റിക് അബ്യൂസ്’ നേരിടുകയായിരുന്നുവെന്ന് നടി ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. നടി ആദ്യമായാണ് പ്രണയത്തെയും പ്രണയത്തകർച്ചയെയും കുറിച്ച് തുറന്നുപറയുന്നത്.
താൻ പ്രണയിച്ച വ്യക്തി വിക്രം സിനിമയായ ‘അന്യനി’ലെ കഥാപാത്രത്തെപ്പോലെയായിരുന്നുവെന്ന് നടി പറഞ്ഞു. അയാൾ ചിലപ്പോൾ റെമോയെപ്പോലെയും മറ്റുചിലപ്പോൾ അന്യനെപ്പോലെയും പെരുമാറി. പരിചയപ്പെട്ട് മൂന്നുമാസത്തിനുള്ളിൽതന്നെ വിവാഹനിശ്ചയം എന്ന ആവശ്യം അയാളും കുടുംബവും ഉന്നയിക്കാൻ തുടങ്ങി. നിയന്ത്രണങ്ങൾ പരിധിവിട്ടപ്പോൾ താൻതന്നെയാണ് ബന്ധം വേണ്ടെന്നുവെച്ചതെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ, നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. ഇനി ഒന്നിനും ആരുടെയും അനുവാദം വേണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു നടിയുടെ പോസ്റ്റ്. പിന്നാലെ ഇത് പ്രണയത്തകർച്ചയെക്കുറിച്ചാണെന്ന് വ്യാഖ്യാനിച്ച് ആരാധകർ രംഗത്തെത്തി.
അനുപമയും വിക്രത്തിന്റെ മകനായ ധ്രുവ് വിക്രവും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് താൻ പ്രണയത്തകർച്ചയിലൂടെ കടന്നുപോവുകയാണെന്ന് നടി അഭിമുഖത്തിൽ തുറന്നുപറയുന്നത്.
ഒറ്റരാത്രികൊണ്ടല്ല അതുണ്ടായതെന്ന് അഭ്യൂഹങ്ങൾക്ക് വഴിവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അനുപമ അഭിമുഖത്തിൽ പറഞ്ഞു. ‘പോസ്റ്റിന് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട്. രണ്ടുവർഷത്തെ ശാരീരികവും വൈകാരികവുമായ യാതനകളും തകർച്ചയും അതിന് പിന്നിലുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഞാൻ നാർസിസ്റ്റിക് അബ്യൂസിലൂടെയാണ് കടന്നുപോയത്', നടി വ്യക്തമാക്കി.
'അന്ന് ഞാൻ ആ മഞ്ഞ ഉടുപ്പിട്ട ഫോട്ടോയ്ക്ക് പകരം, എന്റെ ഒരു പടം ഇട്ടിട്ട് 'റെസ്റ്റ് ഇൻ പീസ്' അനുപമ, അവർ ആത്മഹത്യ ചെയ്തു എന്നായിരുന്നെങ്കിൽ എനിക്കിന്ന് ഒരുപാട് സ്‌നേഹം കിട്ടിയേനെ. ഒരുപാട് ചർച്ചകൾ നടന്നേനെ. ബ്രേക്ക് അപ്പ് എന്ന് പുറംലോകം അറിഞ്ഞിട്ട് ഒരുമാസത്തിലേറെയായി. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ള സ്റ്റാഫും ഉൾപ്പെടെ എല്ലാവർക്കും ആ ബന്ധം എനിക്ക് ചേർന്നതല്ലെന്ന ബോധ്യമുണ്ടായിരുന്നു. അവർ എന്നിൽ മാറ്റം കണ്ടു. ഞാൻ ഒതുങ്ങിക്കൂടുന്നതായി അവർ മനസിലാക്കി', അനുപമ പറഞ്ഞു.
'വളരെ നിശ്ശബ്ദമായാണ് നാർസിസ്റ്റിക് അബ്യൂസ് നടക്കുക. അവരെ സ്വയം ഒരുപാട് സ്‌നേഹിക്കുന്നവരെയാണ് നാർസിസ്റ്റുകൾ എന്ന് വിളിക്കുന്നത് എന്നാണ് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ, അവർ സ്വയം വെറുക്കുന്നു. അരക്ഷിത ബോധമുള്ളവരായിരിക്കും അവർ. സ്വന്തം വില തിരിച്ചറിയില്ല. അടിസ്ഥാനപരമായി അവർക്ക് വേണ്ടത് നിയന്ത്രിക്കാൻ ആരെയെങ്കിലുമാണ്. ശ്രദ്ധ ആഗ്രഹിക്കുന്നവരാണ് അവർ. അവരെപ്പോഴും അംഗീകാരവും പരിഗണനയും ആഗ്രഹിക്കും. അപ്പോൾ നമ്മൾ വിചാരിക്കും, പാവമായിട്ടുള്ള, പറഞ്ഞതു കേൾക്കുന്ന പെൺകുട്ടികളെയാണ് അവർക്ക് ഇഷ്ടമാവുക എന്ന്. എന്നാൽ, വിപരീത ധ്രുവങ്ങളാണ് ആകർഷിക്കപ്പെടുക. അവരിൽനിന്ന് തീർത്തും വ്യത്യസ്തരായവരെയാണ് അവർ തേടുക. നമ്മളെ വൈകാരികമായി എങ്ങനെ വലയിലാക്കാമെന്ന് അവർക്ക് കൃത്യമായി അറിയാം. അവർ സ്വന്തം വീട്ടിൽ ഒരുതരത്തിലും പുറത്തിറങ്ങുമ്പോൾ തീർത്തും വ്യത്യസ്തരായ മനുഷ്യരായിട്ടുമാണ് പെരുമാറുക. വ്യക്തിപ്രഭാവമുള്ള, ശാന്തമായ, ദയയുള്ള, ലജ്ജാലുവായ, കണ്ടാൽ ആകർഷണം തോന്നുന്ന തരത്തിലാണ് പെരുമാറുക. ആദ്യം അവരുടെ ആ മുഖം കാണിക്കും. നിങ്ങളുടെ ബലഹീനതകൾ മനസിലാക്കും. സഹാനുഭൂതിയുള്ളവരെയാണ് അവർ ലക്ഷ്യമിടുക', മുൻ പങ്കാളിയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അനുപമ പറഞ്ഞു.
'നമ്മുടെ അടിസ്ഥാന സ്വഭാവത്തെ നിരീക്ഷിച്ച്, അത് പ്രതിഫലിപ്പിക്കാൻ ശ്രമിക്കും. അടുക്കുമ്പോൾ അച്ഛനും അമ്മയും പോലും തന്നെ ഇത്രയും മനസിലാക്കിയില്ലല്ലോ എന്ന് തോന്നും. അതാണ് ലൗ ബോംബിങ് ഘട്ടം. ഇതിനിടെ തന്നെ അവർ നിങ്ങളെ നിയന്ത്രിക്കാൻ തുടങ്ങും. നമ്മളെക്കൊണ്ട് തന്നെ നമ്മുടെ ചില്ലകൾ മുറിക്കുക എന്നതാണ് അവരുടെ തന്ത്രം. ഉദാഹരണത്തിന് സ്ഥിരമായി ജീൻസും ടോപ്പും ധരിക്കുന്ന നിങ്ങൾ ഒരുദിവസം ചുരിദാറിട്ടെന്ന് കരുതുക. അതിനെ പ്രശംസിക്കും. വൈഫ് മെറ്റീരിയലിനെപ്പോലെ തോന്നുന്നു എന്ന് പറയും. 'ഓഹ് എന്റെ ചേട്ടൻ എന്നെ ഒരുപാട് സ്‌നേഹിക്കുന്നു', എന്ന് നമുക്കുതന്നെ തോന്നും. പിന്നീട് നിങ്ങൾ സ്ഥിരമായി ചുരിദാർ ധരിക്കാൻ തുടങ്ങും. നമ്മൾതന്നെ അറിയാതെ മാറിത്തുടങ്ങും. ഉറക്കെ ചിരിച്ച് സംസാരിച്ചിരുന്ന ആൾ, പെട്ടെന്ന് സൈലന്റ് ആവുമ്പോൾ അത് അയാൾക്ക് ഇഷ്ടമാവും. പിന്നെ നിങ്ങൾ അങ്ങനെ മാറും. സ്ലീവ് ലെസ് ധരിച്ച് പുറത്തിറങ്ങുമ്പോൾ പുറത്ത് ചൂടാണ്, കംഫർട്ടബിൾ ആയ മറ്റെന്തെങ്കിലും ധരിച്ചൂടെ എന്ന് ചോദിക്കും. അപ്പോൾ അയാൾ എത്ര കെയറിങ് ആണെന്ന് നിങ്ങൾക്ക് തോന്നും. സ്വയം മാറും. അടുത്ത തവണ നിങ്ങളോട് ഇങ്ങോട്ട് ചോദിക്കും, എന്താണ് ധരിക്കാൻ പോകുന്നത് എന്ന്. അപ്പോൾ നിങ്ങളുടെ ഓപ്ഷൻ അയച്ചുകൊടുക്കും. പിന്നീട് അത് പതിവാകും. എന്ത് ധരിക്കണം എന്ന് അയാളുടെ അനുവാദം ചോദിക്കാൻ തുടങ്ങും. അയാൾ പറയുന്നത് ധരിക്കാൻ തുടങ്ങും', തന്റെ അനുഭവം നടി പങ്കുവെച്ചു.
'ഇൻസ്റ്റഗ്രാമിൽ ഫോട്ടോയിട്ടാൽ ഉടനെ വിളിക്കും. നമ്മൾ അത് ഡിലീറ്റ് ചെയ്യും. അടുത്ത തവണ ഡിലീറ്റ് ചെയ്ത് റീപോസ്റ്റ് ചെയ്യുന്നതിനേക്കാൾ, ‘ചേട്ടന്’ അയച്ചുകൊടുത്ത് അനുമതി വാങ്ങും, അത് പോസ്റ്റ് ചെയ്താൽ മതി. ചെറിയചെറിയ ശിക്ഷകളിലൂടെ ആ സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് നിങ്ങളെ ബോധ്യപ്പെടുത്തും. അതോടെ ഒട്ടേറെ ചില്ലകളുള്ള നിങ്ങൾ സ്വയം അവ മുറിച്ചുകളയും’, അനുപമ പറഞ്ഞു.
‘ആദ്യത്തെ ഒന്നുരണ്ട് ഡേറ്റിന് ശേഷം അയാളുടെ വീട്ടിൽ കൊണ്ടുപോയി. കുടുംബത്തെ പരിചയപ്പെടുത്തി, അവരോടൊപ്പം ഭക്ഷണം കഴിച്ചു. മൂന്നുമാസത്തിനുള്ളിൽ അയാൾ എൻഗേജ്‌മെന്റിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. എവിടെ നടത്തണം, എത്രപേർ പങ്കെടുക്കണം എന്ന് കുടുംബം ചോദിക്കാൻ തുടങ്ങി. എന്നെ ഗോൾഡ് ഡിഗ്ഗർ എന്ന് വിളിക്കുന്നവരോട്, എൻഗേജ്‌മെന്റ് എന്ന ആവശ്യം ഞാൻ വേണ്ടെന്നുവെച്ചിരുന്നില്ലെങ്കിൽ അയാളുമായുള്ള വിവാഹം ഡിവോഴ്‌സിൽ കലാശിച്ചേനെ. എൻഗേജ്‌മെന്റ് വേണ്ടെന്ന് ഞാനാണ് തീരുമാനിച്ചത്. അവർ ചോദിക്കുമ്പോൾ ഞാൻ കുറച്ചുകൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു,’ അവർ പറഞ്ഞു.
'അയാളോട് സംസാരിക്കേണ്ട കാര്യങ്ങൾ മനസിൽ റിഹേഴ്‌സൽ ചെയ്യേണ്ടി വന്നു. ഇക്കാര്യം പറഞ്ഞാൽ എന്താവും മറുപടി എന്ന് മുൻകൂട്ടി ആലോചിക്കേണ്ടിവന്നു. ഇതിനിടയിൽ അയാൾ എന്റെ കുടുംബത്തോടൊപ്പവും ഞാൻ അയാളുടെ കുടുംബത്തോടൊപ്പവും താമസിക്കാൻ ഉൾപ്പെടെ തുടങ്ങിയിരുന്നു. ഒന്നിച്ചു ജീവിക്കാൻ പോകുന്നത് ഇയാൾക്കൊപ്പമാണ് എന്ന് തീരുമാനിക്കുമ്പോഴേക്ക് അയാളുടെ യഥാർഥ സ്വഭാവം പുറത്തുവന്നിട്ടുണ്ടാവും. നിയന്ത്രണങ്ങൾ നേരിട്ടാവും’, നടി വെളിപ്പെടുത്തി.
‘എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ‘ഡ്രാഗൺ’ എന്ന ചിത്രം. എന്തുകൊണ്ടാണ് ഞാൻ അതിന്റെ പ്രൊമോഷന് വരാതിരുന്നത്? ഒരുപാട് ചിത്രങ്ങൾ വേണ്ടെന്ന് വെച്ചു. ജോലിയിൽ മാത്രമല്ല, എല്ലാകാര്യത്തിലും നിയന്ത്രിക്കാൻ തുടങ്ങി', അനുപമ തുറന്നുപറഞ്ഞു.
'ഒരു ‘അന്യനൊ’പ്പം ജീവിക്കുന്നത് പോലെയായിരുന്നു. ചില ദിവസങ്ങളിൽ അയാൾ ‘റെമോ’ ആയിരിക്കും. ഇത്രയും നല്ലൊരാളെ ജീവിതത്തിൽ കിട്ടാൻ എത്ര ഭാഗ്യവതിയാണ് നിങ്ങൾ എന്ന് തോന്നും. അടുത്ത ദിവസം അയാൾ ‘അന്യനാ’യിരിക്കും. ഏറ്റവും ക്രൂരമായി പെരുമാറും. അടുത്ത ദിവസം അയാൾ നിങ്ങളോട് ക്ഷമ ചോദിക്കും, യാചിക്കും, ആവർത്തിക്കില്ലെന്ന് ആണയിടും, കുട്ടിയെപ്പോലെ കരയും. ഇതിങ്ങനെ ആവർത്തിക്കും. അങ്ങേയറ്റം വേദനിപ്പിക്കുന്ന ആൾ തന്നെയായിരിക്കും ആശ്വാസം തരുന്നതും. ലഹരി ഉപയോഗം പോലെയാണ്. ആ ആളില്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ എത്തിക്കും. നമ്മളുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിൽ പോലും തെറ്റ് നമുക്കായിരിക്കും', അവർ കൂട്ടിച്ചേർത്തു.
Content Highlights: Actress Anupama Parameswaran has publicly revealed that she ended her two-year relationship after enduring severe emotional and narcissistic abuse from her ex-partner. She compared her former partner's unpredictable behavior to the character in the movie Anniyan, stating he alternated between being extremely caring like "Remo" and exceptionally cruel. The relationship escalated quickly within three months as his family pressed for an engagement, but Anupama called it off after realizing it stemmed from a desire to control her. She detailed how subtle manipulation and toxic control tactics degraded her independence, compelling her to change her dressing style, ask permission for social media posts, and even turn down career opportunities. Clarifying online rumors and gold-digger accusations, Anupama stated that exiting the toxic relationship saved her from an inevitable future divorce and helped her reclaim her life
Published: 12 Aug 2026, 09:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented