നേരത്തേ നടൻ ടിനി ടോമിനെതിരേ കടവന്ത്ര പോലീസിലും ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എസ്.ഐ. രേഷ്മയ്ക്കും എതിരേ ഹിൽപ്പാലസ് പോലീസിലും അൻസിബ നൽകിയ പരാതിയിൽ കോടതി നിർദേശത്തേത്തുടർന്ന് കേസെടുത്തിരുന്നു.

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും മറ്റു രണ്ടുപേർക്കും എതിരായി നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പോലീസ് വീണ്ടും കോടതിയിൽ. സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയ, ചാനൽ ഉടമ സുകുമാർ, ഇന്റർവ്യൂ ചെയ്ത സുരേഷ് എന്നിവർക്കെതിരെയാണ് അൻസിബ പരാതി നൽകിയിരുന്നത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുക്കാതിരുന്ന സാഹചര്യത്തിൽ അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച കോടതിയിലെ വാദത്തിനിടയിലാണ് പോലീസിന്റെ നിലപാട് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയത്. വാദംകേട്ട കോടതി വിധിപറയാൻ 27-ലേക്ക് മാറ്റി.
നേരത്തേ നടൻ ടിനി ടോമിനെതിരേ കടവന്ത്ര പോലീസിലും ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എസ്.ഐ. രേഷ്മയ്ക്കും എതിരേ ഹിൽപ്പാലസ് പോലീസിലും അൻസിബ നൽകിയ പരാതിയിൽ കോടതി നിർദേശത്തേത്തുടർന്ന് കേസെടുത്തിരുന്നു. പാലാരിവട്ടം പോലീസിൽ നൽകിയ മൂന്നാമത്തെ പരാതിയിൽ കേസെടുക്കാൻ തക്ക കാര്യങ്ങളൊന്നുമില്ലെന്നും വേണമെങ്കിൽ വാദിക്ക് മാനനഷ്ടത്തിന് കോടതിയെ സമീപിക്കാമെന്നുമായിരുന്നു പോലീസ് നിലപാട്. ഈ കേസിലെ ഗൂഢാലോചനയിൽ നടി ശ്വേതാമേനോന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അൻസിബ ആവശ്യപ്പെട്ടിരുന്നു.
നടൻ ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്തി
കൊച്ചി: നടി അൻസിബ ഹസ്സന്റെ പരാതിയിൽ ടിനി ടോമിനെതിരേ കടവന്ത്ര പോലീസ് കേസെടുത്ത പശ്ചാത്തലത്തിൽ നടന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ കടവന്ത്ര സ്റ്റേഷനിൽ ആരംഭിച്ച മൊഴിയെടുപ്പ് രാത്രി 8.30-വരെ തുടർന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് നടി നൽകിയ പരാതിയിലാണ് ടിനിയുടെ പേരിൽ കേസെടുത്തത്. മൊഴിയെടുപ്പുവേളയിൽ നടിയുടെ ആരോപണങ്ങൾ ടിനി നിഷേധിച്ചു.
വീണ്ടും മൊഴിയെടുക്കുമെന്നാണ് സൂചന. നേരത്തേ അൻസിബ പരാതി നൽകിയെങ്കിലും കഴമ്പില്ലെന്ന് കണ്ടെത്തി പോലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് കേസെടുക്കാൻ ജില്ലാ സെഷൻസ് കോടതി നിർദേശിക്കുകയായിരുന്നു. ടിനി മുൻകൂർ ജാമ്യം നേടിയിരുന്നു.
'പവർ ഗ്രൂപ്പി'നോടാണ് പോരാട്ടമെന്ന് ആവർത്തിച്ച് ശ്വേതാ മേനോൻ
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി നടി ശ്വേതാ മേനോൻ. തന്റെ യുദ്ധം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്ന ‘പവർ ഗ്രൂപ്പി’നോടാണെന്നും ശ്വേത സാമൂഹികമാധ്യമത്തിൽ കുറിച്ചു. താനിവിടെ ഉള്ളിടത്തോളം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും ‘അമ്മ’യുടെ തലപ്പത്തുവരില്ലെന്നും ശ്വേത പറഞ്ഞു.
പരസ്യ പ്രതികരണങ്ങൾ മനഃപൂർവം ഒഴിവാക്കിയിരുന്നുവെങ്കിലും യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ചിലരുടെ ശ്രമം തുടരുന്നതിനാലാണ് ഒരിക്കൽകൂടി താൻ ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരുന്നതെന്ന് ശ്വേത പറഞ്ഞു. ‘പവർ ഗ്രൂപ്പി’ലെ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ അതിന് മറുപടി പറയുന്നതിനുപകരം വ്യക്തിപരമായ അധിക്ഷേപങ്ങൾ എനിക്കെതിരേ ഉന്നയിക്കുകയായിരുന്നു.
12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ തനിക്ക് കോടിക്കണക്കിനുരൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി ഇന്നും മനസ്സിലായിട്ടില്ലെന്നും ശ്വേത പറഞ്ഞു. ‘അമ്മ’യിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുതെന്നും ശ്വേത പറഞ്ഞു.
Content Highlights: The police informed the court that no case can be registered against actress Lakshmi Priya on Ansiba Hassan's defamation complaint, even as Kadavanthra Police recorded actor Tini Tom's statement and Swetha Menon reaffirmed her fight against AMMA's 'power group'.
Published: 22 Jul 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented