തന്നെ വികൃതമായി ചിത്രീകരിച്ചതിനെതിരേ രൂക്ഷമായി പ്രതികരിച്ച് നടി അന്നാ രേഷ്മാ രാജന്‍. തന്റെ ശരീരത്തെ വികൃതമായി ചിത്രീകരിച്ചുകൊണ്ട് പങ്കുവെച്ച റീലിനെതിരേയാണ് രംഗത്തെത്തിയത്. യാതൊരു തരത്തിലുമുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്ന് നടി അഭ്യര്‍ഥിച്ചു.

To advertise here,

വെള്ള സില്‍ക്ക് സാരിയും ബ്ലൗസും ധരിച്ച ഉദ്ഘാടനവേദിയിലെത്തിയ അന്നയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേവീഡിയോ എഡിറ്റ് ചെയ്ത് വികൃതമാക്കിയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് നടി രംഗത്തെത്തിയത്.

'എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ് ഇല്ല. എന്നാലും എന്തിനായിരിക്കും?. യാതൊരു തരത്തിലുമുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്', നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍കുറിച്ചു.

'ഇതാണ് യഥാര്‍ഥ ഞാന്‍' എന്ന കുറിപ്പോടെ മറ്റൊരു റീലും നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നടി നടത്തിയ പ്രതികരണത്തിന് വലിയ പിന്തുണയാണ് സാമൂഹികമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ലിച്ചി എന്ന പേരില്‍ അറിയപ്പെടുന്ന നടി അന്ന രേഷ്മ രാജന്‍ ഉദ്ഘാടനവേദികളിലെ സ്ഥിരം സാന്നിധ്യമാണ്. വസ്ത്രധാരണത്തിന്റെ പേരില്‍ നടിക്കെതിരേ നിരന്തരം സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപങ്ങള്‍ ഉണ്ടാവാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് ലിച്ചി.