കൊല്ലം: താരസംഘടന 'അമ്മ'യുമായി ബന്ധപ്പെട്ട നിലവിലെ വിവാദങ്ങൾ സംഘടനയ്ക്കുള്ളിലേത് മാത്രമാണെന്നും സർക്കാർ ഇടപെടേണ്ട സാഹചര്യമില്ലെന്നും സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. ആവശ്യമായ ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 'അമ്മ'യിലെ പ്രശ്‌നങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും പരിശോധിച്ച് ഇടപെടുമെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും വ്യക്തമാക്കി.

To advertise here,

'ഇപ്പോൾ താരസംഘടനയിലെ പ്രശ്‌നമായാണ് നമ്മുടെ മുമ്പിൽ നിൽക്കുന്നത്. സർക്കാരിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമുണ്ടെന്ന് അവരും കരുതുന്നില്ല. ആവശ്യമായ ഘട്ടത്തിൽ സർക്കാരിന്റെ ഇടപെടലുണ്ടാവും. പരാതി ഒന്നും ലഭിച്ചിട്ടില്ല, മാധ്യമങ്ങളിൽനിന്നുള്ള വാർത്തയാണ് അറിഞ്ഞത്', മന്ത്രി വിഷ്ണുനാഥ് പറഞ്ഞു.

'അമ്മയിലെ പ്രശ്‌നങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. സർക്കാർ ഇടപെടും. നിരീക്ഷിച്ചുവരികയാണ്. ഗൗരവമായി പരിശോധിച്ച് ഇടപെടും'- എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ വാക്കുകൾ.