തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതേവിട്ട വിധിയെച്ചൊല്ലി താരസംഘടനയായ 'അമ്മ'യില്‍ ആശയക്കുഴപ്പം. സംഘടനയിലേക്ക് തിരിച്ചുവരണോയെന്ന് ദിലീപാണ് തീരുമാനിക്കേണ്ടതെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോയ് മാത്യു പറഞ്ഞു. തിരിച്ചെടുക്കുന്ന കാര്യം ഇപ്പോഴത്തെ ഭാരവാഹികളാണ് തീരുമാനിക്കേണ്ടതെന്നാണ്‌ മുന്‍ ജോയിന്റ് സെക്രട്ടറി ബാബുരാജ് പറഞ്ഞത്. ഇപ്പോള്‍ മോഹന്‍ലാലായിരുന്നു തലപ്പത്തെങ്കില്‍ എത്ര കഷ്ടപ്പെടുമായിരുന്നുവെന്ന്, ഇപ്പോഴത്തെ ഭാരവാഹികളെ ലക്ഷ്യമിട്ടുള്ള ബാബുരാജിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഒഴിഞ്ഞുമാറി.

To advertise here,

'ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുന്ന കാര്യം ഇപ്പോഴത്തെ ഭാരവാഹികളാണ് തീരുമാനിക്കേണ്ടത്. ജനറല്‍ ബോഡിയിലേ അഭിപ്രായം പറയാന്‍ കഴിയുകയുള്ളൂ. ഞാന്‍ ഇപ്പോള്‍ അംഗം മാത്രമാണ്. സ്ത്രീകളാണ് തലപ്പത്ത്, അവര്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ഇപ്പോഴത്തെ ഭരണം ഗംഭീരമായി മുന്നോട്ടുപോവുന്നു', എന്നായിരുന്നു കഴിഞ്ഞദിവസം ഒരു സിനിമയുടെ പ്രൊമോഷന്‍ ചടങ്ങില്‍ ബാബുരാജ് പറഞ്ഞത്.

'ഈ സമയത്ത് ലാലേട്ടനെയാണ് ഞാന്‍ ഓര്‍ത്തുപോവുന്നത്. പാവം. ലാലേട്ടനായിരുന്നെങ്കില്‍ എത്ര കഷ്ടപ്പെടേണ്ടിവന്നേനെ. ഇപ്പോള്‍ ഇവരായതുകൊണ്ട് അവര്‍ക്ക് എസ്‌കേപ് ചെയ്ത് പോവാന്‍ കഴിയും. ലാലേട്ടനായിരുന്നു തലപ്പത്തെങ്കില്‍ എല്ലാവരുംകൂടെ വീര്‍പ്പുമുട്ടിച്ചേനെ. ലാലേട്ടന്‍ മാറിയത് നന്നായെന്ന് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുകയാണ്',വിധിവന്നയുടെനെ പ്രതികരിക്കാത്ത നേതൃത്വത്തെ ലക്ഷ്യമിട്ട് ബാബുരാജ് പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ ബാബുരാജിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുക്കു ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി. ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനത്തിനെത്തിയതായിരുന്നു ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ കുക്കു പരമേശ്വരന്‍. ബാബുരാജിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യം മുഴുമിപ്പിക്കുന്നതിന് മുമ്പുതന്നെ, അതിനോട് പ്രതികരിക്കാനില്ലെന്ന് കുക്കു പറഞ്ഞു.

ദിലീപ് 'അമ്മ'യില്‍ തിരിച്ചുവരണോയെന്ന് സംഘടന തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കോഴിക്കോട് വോട്ടുചെയ്യാനെത്തിയപ്പോള്‍ ജോയ് മാത്യുവിന്റെ പ്രതികരണം. 'അത്തരം ചര്‍ച്ച നടന്നിട്ടില്ല. മാത്രമല്ല, വരണോയെന്നത് അദ്ദേഹം ആലോചിക്കേണ്ടതാണ്. രാജിവെച്ചുപോയതാണ്. അംഗത്വത്തിന്‌ അപേക്ഷിക്കുന്നതടക്കം നിരവധി നടപടി ക്രമങ്ങളുണ്ട്. എടുക്കണോ വേണ്ടോയെന്ന തീരുമാനം കുറച്ചുപേര്‍ ചേര്‍ന്ന് എടുക്കാന്‍ പറ്റില്ല. അംഗത്വത്തിന് അപേക്ഷ നല്‍കി, എക്‌സിക്യൂട്ടീവ് കമ്മിറ്റി പാസാക്കി ജനറല്‍ ബോഡി വരേയെത്തണം', അദ്ദേഹം ചൂണ്ടിക്കാട്ടി.