താരസംഘടന 'അമ്മ'യുമായി ബന്ധപ്പെട്ട് നടിയും മുൻ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയുടെ തുറന്നുപറച്ചിൽ ചർച്ചയാവുന്നു. ശ്വേതാമേനോൻ പ്രസിഡന്റായി തുടർന്നിരുന്നെങ്കിൽ 'അമ്മ'യ്ക്ക് അദാനി ഗ്രൂപ്പിൽനിന്ന് 15 ലക്ഷം രൂപ സംഭാവനയായി ലഭിക്കുമായിരുന്നു എന്നാണ് ലക്ഷ്മിപ്രിയ തുറന്നുപറഞ്ഞത്. ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തുടരാൻ അനുവദിക്കാതിരിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്ന് ആരോപിക്കവെയാണ് ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് ശ്വേതാമേനോന്റെ കമ്മിറ്റിക്കെതിരായി പ്രവർത്തിച്ചതെന്ന് അഭിമുഖത്തിൽ ലക്ഷ്മിപ്രിയ ആരോപിച്ചു. അദാനി ഗ്രൂപ്പിൽനിന്ന് 15 ലക്ഷം രൂപ സംഭാവനയായി 'അമ്മ'യ്ക്ക് ലഭിക്കുമായിരുന്നു. ജൂലൈ 14-ന് സംഘടനയുടെ അക്കൗണ്ടിലേക്ക് പണമെത്തും. അങ്ങനെ വന്നാൽ വർഷങ്ങളോളം ഇന്നസെന്റ് പ്രസിഡന്റ് ആയിരുന്നതുപോലെ ശ്വേതാമേനോനും സ്ഥാനത്ത് തുടരാൻ കഴിയുമായിരുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടാവാതിരിക്കാൻ ചിലർ ചേർന്ന് ശ്വേതയ്ക്കെതിരെ പ്രവർത്തിച്ചതെന്നാണ് ലക്ഷ്മിപ്രിയ അഭിമുഖത്തിൽ പറഞ്ഞത്.
'അമ്മ പിരിച്ചുവിട്ടതിൽ എനിക്ക് ദുഃഖമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം ഞാൻ അതിനുമുമ്പേതന്നെ രാജിവെക്കാൻ തയ്യാറായിരുന്നു. അമ്മയിലെ അംഗത്വവും രാജിവെക്കാൻ തയ്യാറായിരുന്നു. കണക്ക് അവതരിപ്പിക്കാൻ 45 ദിവസം സമയം കൂടി ജനറൽ ബോഡി യോഗത്തിൽ ശ്വേത ഏഴുമണിക്കൂർ നിന്ന് അഭ്യർഥിച്ചല്ലോ? അത് കിട്ടുമായിരുന്നെങ്കിൽ, അടുത്ത മാസം 14-ാം തീയതി (ജൂലൈ 14)-ന് അമ്മയുടെ അക്കൗണ്ടിലേക്ക് അദാനി ഗ്രൂപ്പിന്റെ 15 ലക്ഷം രൂപ ചാരിറ്റിയായി ഞങ്ങൾക്ക് ലഭിക്കുമായിരുന്നു', ലക്ഷ്മിപ്രിയ പറഞ്ഞു.
'അമ്മയിലേക്ക് അത് വന്നിരുന്നെങ്കിൽ ശ്വേതാമേനോൻ, ഇന്നസെന്റ് അങ്കിൾ പ്രസിഡന്റ് ആയി ഇരുന്നതുപോലെ ആ സ്ഥാനത്ത് തുടരുമായിരുന്നു. വേറെ മാടമ്പിമാർക്കൊന്നും അങ്ങോട്ട് കയറാൻ പറ്റില്ല. ഇതൊരു വലിയ സംഖ്യയാണല്ലോ. ഒരു ഷോ നടത്തിയിട്ട് കിട്ടുന്നത് ഒന്നുമല്ല. ശ്വേതാമേനോൻ എന്ന വ്യക്തിയുടെ കോൺടാക്റ്റിൽ കിട്ടുന്ന സംഖ്യയാണ്. പിന്നെ ആർക്കും അത് ചിന്തിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഇറക്കി വിട്ടതാണ്', എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വാക്കുകൾ. പിന്നാലെയാണ്, ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെ പ്രവർത്തിച്ചത് സിദ്ദിഖും ഇടവേള ബാബുവും ബാബുരാജും ഉൾപ്പെടെയുള്ളവരാണെന്ന് ലക്ഷ്മിപ്രിയ ആരോപിച്ചത്.
ഇതേ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. അശ്ലീല പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഈ അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെ അൻസിബ കൊച്ചി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നടന്ന താരസംഘടനയുടെ ജനറൽ ബോഡി യോഗത്തിലാണ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജി പ്രഖ്യാപിച്ചത്. യോഗത്തിലെ തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിലായിരുന്നു രാജി. പ്രസിഡന്റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമടക്കം 17 അംഗ ഭരണസമിതിയിലെ എല്ലാവരും രാജിവെച്ചു. അധികാരമേറ്റ് ഒരുവർഷം പൂർത്തിയാകുന്നതിനു മുൻപാണ് ഭരണസമിതിയുടെ പടിയിറക്കം.
യോഗം തുടങ്ങിയപ്പോൾത്തന്നെ ചിലർ ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷികറിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും പാസാക്കാൻ കഴിയില്ലെന്നും അംഗങ്ങളിൽ ചിലർ നിലപാടെടുത്തു. സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവരാണ് റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയത്. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രൺജി പണിക്കർ ഉൾപ്പെടെയുള്ളവരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി.
തർക്കം രൂക്ഷമായതോടെ പ്രസിഡന്റ് ശ്വേത രാജി പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ഭരണസമിതി മുഴുവൻ രാജിവെക്കുകയായിരുന്നു. ബി.ജെ.പിക്ക് സ്ഥാനാർഥികളെ സംഭാവന ചെയ്യാൻ ശ്വേത പണം വാങ്ങിയെന്ന ബാബുരാജിന്റെ ആരോപണമാണ് രാജിക്ക് പ്രകോപനമായതെന്ന വിവരം പിന്നീട് പുറത്തുവന്നു.
Content Highlights: Actress Lakshmi Priya alleged that the AMMA association lost a donation of ₹15 lakh from the Adani Group due to internal politics. She claimed that the fund, secured through Shwetha Menon's personal contacts, was scheduled to hit the organization's account on July 14. According to Lakshmi Priya, certain power-hungry elements wanted to oust Shwetha Menon to prevent her from securing a long-term presidency like late actor Innocent. She explicitly named prominent actors Siddique, Idavela Babu, and Baburaj as the key individuals who deliberately worked against Shwetha Menon's committee. Additionally, the same interview courted controversy as actress Ansiba Hassan filed a police complaint against Lakshmi Priya for making defamatory and vulgar remarks
Published: 27 Jun 2026, 10:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented