പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ വൃത്തിയുള്ളതും മെച്ചപ്പെട്ടതുമായ സാഹചര്യത്തിൽ പഠിക്കാനുള്ള അവസരം ലഭിച്ചു.

കാശ്മീരിലെ ഒരു അതിർത്തി ഗ്രാമത്തിലെ വിദ്യാലയത്തിന് ഒരു കോടി രൂപയുടെ സഹായംനൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് വാലിയിലുള്ള നീരു ഗ്രാമത്തിലെ ഗവൺമെന്റ് മിഡിൽ സ്കൂളിനാണ് സൂപ്പർതാരത്തിന്റെ സഹായം ലഭിച്ചത്. 2021-ൽ ഈ പ്രദേശം സന്ദർശിച്ച വേളയിലാണ് താരം ഈ വലിയ തുക വിദ്യാലയത്തിനായി വാഗ്ദാനം ചെയ്തത്. അക്ഷയ് കുമാർ നൽകിയ സംഭാവനയിലൂടെ വിദ്യാലയത്തിന്റെ മുഖഛായതന്നെ മാറിയിരിക്കുകയാണ്.
അക്ഷയ് കുമാറിന്റെ പിതാവിന്റെ സ്മരണാർത്ഥം 'ശ്രീ ഹരി ഓം ഭാട്ടിയ എഡ്യൂക്കേഷൻ ബ്ലോക്ക്' എന്നാണ് ഈ പുതിയ കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്. അത്യാധുനികമായ ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, അധ്യാപകർക്കുള്ള ഓഫീസ് സൗകര്യങ്ങൾ എന്നിവ ഈ പുതിയ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്.
പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ വൃത്തിയുള്ളതും മെച്ചപ്പെട്ടതുമായ സാഹചര്യത്തിൽ പഠിക്കാനുള്ള അവസരം ലഭിച്ചു. ഗവൺമെന്റ് മിഡ്‌ഡേ മീൽ പദ്ധതിയുടെ ആനുകൂല്യങ്ങളും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഇപ്പോൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഈ മാറ്റം കുട്ടികളുടെ പഠനത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിച്ചതായും വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതിക്ക് വഴിയൊരുക്കിയതായും പ്രദേശവാസികൾ പറയുന്നു.
2021-ൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (BSF) ക്ഷണം സ്വീകരിച്ച് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജവാന്മാരെ സന്ദർശിക്കാനാണ് അക്ഷയ് കുമാർ അവിടെ എത്തിയത്. സന്ദർശനവേളയിൽ അദ്ദേഹം അവിടുത്തെ വിദ്യാർത്ഥികളുമായി സംവദിക്കുകയും അവരുടെ വിദ്യാഭ്യാസപരമായ പരിമിതികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. തുടർന്നാണ് സ്കൂളിന്റെ വികസനത്തിനായി ഒരു കോടി രൂപ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
സന്ദർശന വേളയിൽ സൈനികർക്കൊപ്പം സമയം ചെലവഴിക്കാനും അവരോടൊപ്പം നൃത്തം ചെയ്യാനും അക്ഷയ് കുമാർ സമയം കണ്ടെത്തിയിരുന്നു. രാജ്യത്തിനായി ജീവൻ ബലി നൽകിയ സൈനികർക്ക് അദ്ദേഹം യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
Content Highlights: Government Middle School Nero Tulail, located in the highly remote border region of Gurez Valley in Bandipora, Jammu and Kashmir, has successfully completed a massive infrastructural transformation funded by a ₹1 crore donation from Bollywood superstar Akshay Kumar.
Published: 22 May 2026, 05:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented