ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ തന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ലാ'യുടെ റിലീസിനായി തയ്യാറെടുക്കുകയാണ്. ആക്ഷൻ സിനിമകൾ ബോക്‌സ് ഓഫീസിൽ തരംഗമാകുന്ന ഈ സമയത്ത്, ഒരു ഹൊറർ കോമഡി ചിത്രവുമായി വരുന്നത് വലിയ ശ്രദ്ധ നേടുന്നുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' പോലുള്ള വലിയ ആക്ഷൻ ചിത്രങ്ങൾ തിയേറ്ററുകൾ ഭരിക്കുമ്പോഴാണ് അക്ഷയ് കുമാർ വ്യത്യസ്തമായ ഈ ശൈലി പരീക്ഷിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് അക്ഷയ്കുമാർ.

To advertise here,

പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഭൂത് ബംഗ്ലായേക്കുറിച്ചും ധുരന്ധർ-2നേക്കുറിച്ചും അക്ഷയ് കുമാർ മനസുതുറന്നത്. 'ധുരന്ധർ' പോലുള്ള ആക്ഷൻ സിനിമകൾ ബോക്സ് ഓഫീസിൽ നിറഞ്ഞുനിൽക്കുന്ന സമയത്ത് 'ഭൂത് ബംഗ്ലാ' പോലുള്ള ഹൊറർ-കോമഡി ചിത്രം റിലീസ് ചെയ്യുന്നത് ബോധപൂർവമായ തീരുമാനമായിരുന്നോ എന്നായിരുന്നു അക്ഷയ് കുമാറിനോടുള്ള ചോദ്യം. 'ധുരന്ധർ' ഒരു മികച്ച സിനിമയാണെന്നും എന്നാൽ അത് പ്രായപൂർത്തിയായവർക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

"വിവിധതരം സിനിമകളാണ് നിർമിക്കപ്പെടുന്നത്. 'ധുരന്ധർ' ഒരു മികച്ച ചിത്രമാണ്, ഞാൻ അത് കണ്ടിട്ടുണ്ട്. 'ഭൂത് ബംഗ്ലാ' ഒരു വ്യത്യസ്ത ചിത്രമാണ്. 'ധുരന്ധർ' മുതിർന്നവർക്കുള്ള ചിത്രമാണ്. ഇത് 'ഭൂത് ബംഗ്ലാ' കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ളതാണ്. ഈ സിനിമ നിർമിക്കുമ്പോൾ, നിലവിലെ ട്രെൻഡ് എന്താണെന്ന് ഞങ്ങൾ നോക്കിയിരുന്നില്ല. പകരം കഥ നല്ലതാണോ അല്ലയോ എന്ന് ഞങ്ങൾ നോക്കി. അതിനനുസരിച്ച് ഞങ്ങൾ ഈ ചിത്രം നിർമിച്ചു. ഞങ്ങൾ ഒരിക്കലും ട്രെൻഡിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല." അക്ഷയ് കുമാറിന്റെ വാക്കുകൾ.

14 വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ പ്രിയദർശനൊപ്പം വീണ്ടും പ്രവർത്തിച്ചതിനേക്കുറിച്ചും അക്ഷയ് കുമാർ പ്രതികരിച്ചു. "ധുരന്ധർ, ബോർഡർ 2 പോലുള്ള സിനിമകൾ വളരെ നന്നായി പോകുന്നു. ധുരന്ധർ പോലുള്ള സിനിമകൾ കാണുന്നവർക്കും 'ഭൂത് ബംഗ്ലാ' ആസ്വദിക്കാൻ കഴിയും. എന്റെ അഭിപ്രായത്തിൽ ഞങ്ങളുടെ വിപണന സാധ്യത വലുതാണ്. ആളുകൾ വ്യത്യസ്ത കാര്യങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നു. അതാണ് 'ഭൂത് ബംഗ്ലാ' കൊണ്ട് ഞങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണം. മാത്രമല്ല, ഇത് ശുദ്ധമായ വിനോദമാണ്, ഒരു രസകരമായ സിനിമയാണ്.

ആളുകൾ എല്ലാത്തരം സിനിമകളും ആസ്വദിക്കുന്നു. ആളുകളുടെ ശ്രദ്ധയും താൽപ്പര്യവും നിലനിർത്തുന്നിടത്തോളം കാലം, എല്ലാ സിനിമകളും വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ സിനിമ കാണിക്കാൻ ഏതൊരു മാതാപിതാക്കൾക്കും അഭിമാനത്തോടെ വരാൻ കഴിയും. കാരണം ഞാൻ എൻ്റെ സിനിമകളിൽ ദ്വയാർത്ഥങ്ങളോ അശ്ലീലമോ ഉപയോഗിക്കാറില്ല. ഞാൻ മാതാപിതാക്കളെ ഒരിക്കലും ലജ്ജിപ്പിക്കാറില്ല. കരിയർ ആരംഭിച്ച ദിവസം മുതൽ നിലനിർത്തിപ്പോരുന്ന കാര്യമാണിത്." അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.

അക്ഷയ് കുമാറിനെ കൂടാതെ പരേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി എന്നിവരും 'ഭൂത് ബംഗ്ല'യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏപ്രിൽ 10-ന് ചിത്രം തിയേറ്ററുകളിൽ എത്തും. പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിലൂടെ ഒരു മികച്ച ഹൊറർ കോമഡി ചിത്രം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.