സിനിമയിൽ വരുന്നതിന് മുൻപേ തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്ന് നടൻ അക്ഷയ് കുമാറും നടി തബുവും. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലാ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുയായിരുന്നു ഇരുവരും. നീണ്ട 26 വർഷങ്ങൾക്ക് ശേഷമാണ് ഈ ഹിറ്റ് ജോഡി ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

To advertise here,

തബുവിനെ തനിക്ക് 39 വർഷമായി അറിയാമെന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തി. ഇത്രയും വർഷങ്ങൾക്കിപ്പുറവും അക്ഷയ് കുമാറിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് തബു അഭിപ്രായപ്പെട്ടു. "അദ്ദേഹം ഇപ്പോഴും പുലർച്ചെ 4 മണിക്ക് ഉണരും, 5 മണിക്ക് ഓടാൻ നിർബന്ധിക്കുകയും ചെയ്യും. അദ്ദേഹം ഇപ്പോഴും പറയും, ഇത് കഴിക്കരുത്, അത് കഴിക്കരുത് എന്ന്. അതിൽ ഒരു മാറ്റവും വന്നിട്ടില്ല." തബുവിന്റെ വാക്കുകൾ.

ഒരു ഡാൻസ് അക്കാദമിയിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ് തബുവിനെ കണ്ടുമുട്ടിയതെന്ന് അക്ഷയ് വെളിപ്പെടുത്തി. "തബുവിനെയും എന്നെയും കുറിച്ച് നിങ്ങളോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് തബുവിനെ 39 വർഷമായി അറിയാം. ഞങ്ങൾ നൃത്തം പഠിക്കാൻ ഒരുമിച്ച് ഡാൻസ് അക്കാദമിയിൽ പോകുമായിരുന്നു," അദ്ദേഹം പറഞ്ഞു. അക്ഷയ് തന്നെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു എന്ന് തബു കൂട്ടിച്ചേർത്തു.

1996-ൽ പുറത്തിറങ്ങിയ തു ചോർ മേം സിപാഹി എന്ന ചിത്രത്തിലാണ് അക്ഷയ് കുമാറും തബുവും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. അതിനുശേഷം തബുവും അക്ഷയ് കുമാറും പ്രിയദർശൻ സംവിധാനം ചെയ്ത 'ഹേരാ ഫേരി' (2000) എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചു.

14 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാർ-പ്രിയദർശൻ ടീം ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ലാ. വാമിഖ ഗബ്ബിയാണ് നായിക. പരേഷ് റാവൽ, രാജ്പാൽ യാദവ് തുടങ്ങിയവരും അണിനിരക്കുന്ന 'ഭൂത് ബംഗ്ല' ഒരു ഹൊറർ കോമഡി ചിത്രമാണ്. ഏപ്രിൽ 17-ന് തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം, പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിന്റെ പഴയകാല വിജയങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.