വർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്നുവെന്ന സവിശേഷതകൊണ്ടുതന്നെ ബോളിവുഡിൽ വലിയ ചർച്ചയായ ചിത്രമാണ് ഭൂത് ബംഗ്ല. എന്നാൽ ഈ നൊസ്റ്റാൾജിയ ഫാക്ടർ ഏറെ പ്രതീക്ഷ ഉയർത്തുമ്പോഴും ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു ചർച്ച നടക്കുകയാണ്. ഭൂത് ബംഗ്ലയിലെ നായികയുടെയും നായകന്റെയും പ്രായവ്യത്യാസമാണ് ഇവിടെ പ്രശ്നം. ഇതിനുമുമ്പ് ധുരന്ധറിലും ഇതേ വിഷയം ചർച്ചയായതാണ്. ഇപ്പോൾ ഭൂത് ബംഗ്ലയിലെ പ്രധാന വേഷങ്ങളിലെത്തുന്ന അക്ഷയ് കുമാറിന്റെയും വാമിഖ ഖബ്ബിയുടെയും പ്രായവ്യത്യാസമാണ് ചിലർക്ക് പ്രശ്നമായിരിക്കുന്നത്. അക്ഷയ് കുമാറിനേക്കാൾ 26 വയസ്സ് ഇളയതാണ് വാമിഖ.

To advertise here,

കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രൂപം നടീനടന്മാർക്കുണ്ടോ എന്ന് നോക്കേണ്ട കാര്യമേ സിനിമയ്ക്കുള്ളൂ എന്ന വാദം നിലനിൽക്കെയും, നായകന്മാർ നിത്യഹരിതന്മാരായി തുടരുമ്പോൾ നായികമാർ മാറിക്കൊണ്ടിരിക്കുന്നതെന്തെന്നാണെന്നാണ് വിമർശകരുടെ ചോദ്യം.

എന്നാൽ ഈ വിമർശനങ്ങളെയെല്ലാം അക്ഷയ് കുമാർ തള്ളി. നടിക്ക് പ്രായം കുറഞ്ഞതിന് എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിക്കുന്നു.

"നമ്മൾ ഇതിനുമുമ്പ് ഇങ്ങനെയൊന്നും കണ്ടിട്ടില്ലേ? ഹോളിവുഡിലും ഇത് സംഭവിക്കാറുണ്ട്. ചിലപ്പോൾ അത് തിരക്കഥയുടെ ആവശ്യമായിരിക്കും. യഥാർഥ ജീവിതത്തിലും എത്രയോ ആളുകൾ തങ്ങളെക്കാൾ പ്രായം കൂടിയവരെയോ കുറഞ്ഞവരെയോ വിവാഹം കഴിക്കുന്നു," ന്യൂസ് 18-ന് നൽകിയ പ്രതികരണത്തിൽ അക്ഷയ് കുമാർ പറഞ്ഞു.

ഒപ്പം അദ്ദേഹം വാമിഖ ഗബ്ബിയെ പ്രശംസിക്കുകയും ചെയ്തു. "ഭൂത് ബംഗ്ലയുടെ ചിത്രീകരണത്തിനിടയിലാണ് ഞാൻ ആദ്യമായി വാമിഖയെ കാണുന്നത്. വ്യത്യസ്തമായ രീതിയിലാണ് അവർ ജോലി ചെയ്യുന്നത്. തന്റെ രംഗങ്ങൾ ആവർത്തിച്ച് വായിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു. വാമിഖയും തബുവുമെല്ലാം ജോലിയെ ഗൗരവത്തോടെയാണ് കാണുന്നത്,"- അദ്ദേഹം പറഞ്ഞു.

സംവിധായകൻ പ്രിയദർശനും ഇതിനോട് പ്രതികരിച്ചു. "എം.ജി.ആറും എൻ.ടി.ആറും പറയാറുള്ള ഒരു കാര്യമുണ്ട്... കാലാനുസൃതമായ പ്രായവും സ്ക്രീനിലെ പ്രായവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന്. ഒരു നടന്റെ സ്ക്രീനിലെ പ്രായം അയാളുടെ യഥാർഥ പ്രായമാകണമെന്നില്ല, പക്ഷേ ആളുകൾ നിങ്ങളെ സ്ക്രീനിലെ പ്രായത്തിലും സ്വീകരിക്കുന്നു. അതിൽ ഒരു പ്രശ്നവും ഞാൻ കാണുന്നില്ല."

"ഞാൻ ഷൂട്ട് ചെയ്യുമ്പോൾ ഒരു ജോഡിയെ നോക്കുമ്പോൾ അത് ശരിയായ ജോഡിയല്ല എന്ന് എനിക്ക് തോന്നിയേക്കാം. അതിന് അവരുടെ പ്രായവ്യത്യാസവുമായി ബന്ധമുണ്ടാകണമെന്നില്ല. അക്ഷയ്ക്കൊപ്പവും തബുവിനൊപ്പവും ഷൂട്ട് ചെയ്യുന്ന സമയം അവരെ നോക്കുമ്പോൾ എനിക്കൊരിക്കലും പ്രശ്നം തോന്നിയിട്ടില്ല. അവരെ സ്ക്രീനിൽ കാണുമ്പോൾ അവർക്കും അങ്ങനെ തോന്നാറില്ലെന്ന് ഞാൻ ശ്രദ്ധിക്കാറുണ്ട്. അതിന് കാരണം അവരുടെ കഥാപാത്രങ്ങളും അവരുടെ സ്ക്രീനിലെ പ്രായവുമാണ്," പ്രിയദർശൻ കൂട്ടിച്ചേർത്തു.

പ്രായമാകുന്ന നായകന്മാർക്ക് പ്രായം കുറഞ്ഞ നായികമാർ

കാലങ്ങളായി തുടരുന്ന ശൈലിയാണ് ബോളിവുഡ് ഇപ്പോഴും പിന്തുടരുന്നത്. 90-കൾ മുതലുള്ള ബോളിവുഡിലെ നായകനടന്മാരെല്ലാം ഇപ്പോഴും സിനിമയിൽ സജീവമാണ്. അക്ഷയ് കുമാർ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അജയ് ദേവ്ഗൺ, ഹൃത്വിക് റോഷൻ തുടങ്ങിയവരെല്ലാം അവരിൽ ചിലർ. ഇവരിൽ പലരും പ്രായമേറെയായെങ്കിലും ഇപ്പോഴും റൊമാന്റിക് ഹീറോകളായി അഭിനയിക്കാറുമുണ്ട്. അവർക്ക് നായികയായി വരുന്നതാവട്ടെ അവരേക്കാൾ ഏറെ പ്രായം കുറവുള്ള നടിമാരും. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയുമെല്ലാം വലിയ പ്രായവ്യത്യാസമുള്ള നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

1967 സെപ്റ്റംബറിൽ ജനിച്ച അക്ഷയ് കുമാറിന് ഇപ്പോൾ 58 വയസ്സുണ്ട്. 32 വയസ്സാണ് വാമിഖ ഖബ്ബിയുടെ പ്രായം. 2016 മുതൽ അക്ഷയ് അഭിനയിച്ച 39 ചിത്രങ്ങളിലും നായികമാരായെത്തിയത് അദ്ദേഹത്തേക്കാൾ പ്രായം കുറഞ്ഞ നടിമാരാണ്. അതിൽ 14 വയസ്സ് ഇളയ നിമ്രത് കൗർ (എയർലിഫ്റ്റ്) മുതൽ 30 വയസ്സ് വ്യത്യാസമുള്ള മാനുഷി ചില്ലർ (സാമ്രാട്ട് പൃഥ്വിരാജ്) വരെ അക്കൂട്ടത്തിലുണ്ട്. ഈ ട്രെൻഡ് വർഷങ്ങളായി തുടർന്നുപോരുന്നുണ്ട്. താരതമ്യേന യുവതാരങ്ങളായ രൺവീർ സിങ്ങിനെ പോലുള്ളവരും ഇതേ ട്രെൻഡിൽ തന്നെയാണ് നീങ്ങുന്നത്. ഷാരൂഖും സൽമാനും അജയ് ദേവ്ഗണുമെല്ലാം ഇതേ ട്രെൻഡ് പിന്തുടരുന്നു. ആമിർ ഖാന് ആണ് താരതമ്യേന അത്തരം ചിത്രങ്ങൾ കുറവുള്ളത്.