ബോളിവുഡിൽ വീണ്ടും വിസ്മയവിജയം തീർത്ത് പ്രിയദർശൻ-അക്ഷയ് കുമാർ ടീം. കോടിക്ലബ്ബിൽ കുതിക്കുന്ന ഭൂത്ബംഗ്ലായുടെ വിജയാഹ്ലാദവും പുതിയ സിനിമാ വിശേഷങ്ങളുമായി സംവിധായകൻ പ്രിയദർശൻ സംസാരിക്കുന്നു...

To advertise here,

തിയേറ്ററുകൾ ഇളക്കിമറിച്ച്, കോടി ക്ലബ്ബിൽ കുതിക്കുന്ന ഹിന്ദിചിത്രം ഭൂത്ബംഗ്ലായുടെ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് തുടങ്ങാം...

2026 പകുതി പിന്നിടുമ്പോൾ, ഇന്ത്യയിലെ ഈ വർഷത്തെ വലിയ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് എന്റെ സിനിമയുടെ പേരും വന്നുനിൽക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. അക്ഷയ് കുമാറുമായി ചേർന്ന് എട്ട് സിനിമകൾ ചെയ്തതിൽ ഏഴും ഹിറ്റുകളാണ്. അതിനുശേഷം പതിന്നാലുവർഷത്തെ ഇടവേള സംഭവിച്ചു. എന്റെ ഹിന്ദിസിനിമാ കരിയർ തീർന്നു എന്നാണ് കുറച്ചുകാലം മുൻപുവരെ ഞാൻ കരുതിയിരുന്നത്.

വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം തോളോടുചേർന്നുനിന്ന് ‘വാ നമുക്കൊരു സിനിമചെയ്യാ’മെന്നു പറയുന്ന സുഹൃത്താണ് മോഹൻലാൽ, ഹിന്ദിസിനിമയിൽ എനിക്കതുപോലെ അടുപ്പമുള്ള ആളാണ് അക്ഷയ് കുമാർ. അദ്ദേഹത്തിനൊപ്പമൊരു സിനിമ കുറച്ചുകാലമായി ചർച്ചയിലുണ്ടായിരുന്നു. എനിക്കിഷ്ടപ്പെട്ട കഥകൾ അക്ഷയ്ക്കും അയാൾക്കിഷ്ടപ്പെട്ട ചിന്തകൾ എനിക്കും സ്വീകരിക്കാൻ കഴിയാഞ്ഞതിനാൽ സിനിമ നീണ്ടുപോയി. ഇടവേള അവസാനിപ്പിച്ച് വീണ്ടുമൊരു ഹിന്ദി സിനിമ ചെയ്യുന്നുണ്ടെങ്കിൽ അതൊരു റീമേക്ക് ആകരുതെന്ന് ആദ്യമേ ഉറച്ചിരുന്നു. ഒരുപാട് കഥകൾ ചർച്ചചെയ്തു. ഇതുവരെ ഞാൻ ചെയ്തിട്ടില്ലാത്തൊരു കഥാഗതി പരീക്ഷിക്കാമെന്ന തീരുമാനമാണ്, ഹൊറർ കോമഡി ത്രില്ലറിലേക്കെത്തിച്ചത്.

മലയാളത്തിലെയും ഹിന്ദിയിലെയും പ്രേക്ഷകരുടെ അഭിരുചികൾ വ്യത്യസ്തമല്ലേ..., ഇരുകൂട്ടരുടെയും താത്‌പര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണോ, മലയാളത്തിലും ഹിന്ദിയിലും വലിയ വിജയങ്ങൾ നേടാൻ കഴിയുന്നത്…?

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽനിന്നെല്ലാം വ്യത്യസ്തമാണ് ഹിന്ദിസിനിമ. അവിടത്തെ വിജയഫോർമുലയെ ഒറ്റവാക്കുകൊണ്ട് അടയാളപ്പെടുത്താം -‘എന്റർടെയ്‌ൻമെന്റ്’. പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകളാണ് ബോളിവുഡിൽ എക്കാലത്തും ജനപ്രിയചിത്രങ്ങളായിമാറുന്നത്. വിദ്യാഭ്യാസവും സാമൂഹികബോധവും ലോകസിനിമയെക്കുറിച്ചുള്ള അവബോധവുമെല്ലാം മുൻനിർത്തിയാണ് മലയാളസിനിമ പലപ്പോഴും വിലയിരുത്തപ്പെടുന്നതെന്നു തോന്നിയിട്ടുണ്ട്. മലയാളികളുടെ ആസ്വാദനബോധം മുൻനിർത്തി ഹിന്ദിസിനിമ ചെയ്യാൻപോയാൽ, അവിടെ വിജയിക്കാൻ സാധിക്കില്ല. അവരുടെ ആസ്വാദനതലം വ്യത്യസ്തമാണ്. ഒരോ നാടിനും ആ നാടിന്റേതായ അഭിരുചികളുണ്ട്, അത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ടിക്കറ്റ് കാശ് വസൂലാകുന്നുണ്ടോ എന്ന ചിന്തയിലാണ് ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗം പ്രേക്ഷകർ സിനിമയെ സമീപിക്കുന്നത്. കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത് തമാശയോ, പ്രണയമോ പ്രതികാരമോ കണ്ണീരോ കലാപമോ എന്തുതന്നെ ആയാലും ആത്യന്തികമായി സിനിമ അവരെ രസിപ്പിക്കുന്നതാകണം. ലോജിക്കുകൾക്ക്‌ പ്രാധാന്യം കുറവാണ്, കഥകളുടെ വേരുകളിലേക്കിറങ്ങിച്ചെന്ന് അതിന്റെ രാഷ്ട്രീയവും സാമൂഹികബോധവും മൂല്യങ്ങളും തിരിയുന്ന പതിവില്ല. കഥപറഞ്ഞ് അവരെ വിശ്വസിപ്പിക്കാൻ പറ്റുന്നുണ്ടോ എന്നതാണ് പ്രധാനം. അത് മനസ്സിലാക്കിയതുകൊണ്ടുതന്നെയാകണം എനിക്ക്‌ അവിടെ പിടിച്ചുനിൽക്കാൻ പറ്റുന്നത്‌.

നൂറാമത് സിനിമയുടെ അണിയറപ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്, അഭിമാനകരമായ നിമിഷം. ഈ അവസരത്തിൽ പെട്ടെന്ന് മനസ്സിലേക്കെത്തുന്ന പോയകാല ജീവിതചിത്രങ്ങൾ എന്തെല്ലാമാണ്…?

കടപ്പാടുകളില്ലാത്ത മനുഷ്യർ ഉണ്ടാകില്ല, ജീവിതത്തിൽ കടപ്പാടോടെ ഓർക്കേണ്ട ചില മുഖങ്ങൾ എന്റെ മനസ്സിലുമുണ്ട്. 500 രൂപ കൈയിൽവെച്ചുതന്ന് സിനിമയെന്താണെന്നു കാണിച്ചുതന്ന നവോദയ അപ്പച്ചനോടാണ് ആദ്യകടപ്പാട്. മനസ്സിൽത്തെളിയുന്ന രണ്ടാമത്തെ മുഖം സിനിമ വേണ്ടെന്നുവെച്ച്, മാനസികമായി തകർന്ന് വീണ്ടും പഠിക്കാനായി പോകാനൊരുങ്ങിയപ്പോൾ എന്നെ തിരിച്ചുവിളിച്ച അരോമ മണിയുടേതാണ്. കുയിലിനെത്തേടി, എങ്ങനെ നീ മറക്കും എന്നീ സിനിമകൾ എഴുതിയത് ഇന്നും ഓർമ്മയിലുണ്ട്. ഒരുമിച്ച് സിനിമ സ്വപ്നംകണ്ട്, എന്നെ സംവിധായകനാക്കാൻ കച്ചകെട്ടിയിറങ്ങിയ ജി. സുരേഷ്‌കുമാറിനോടുള്ള കടപ്പാട് ചെറുതല്ല.

ഹിന്ദിയിൽ തുടക്കം പാളിയപ്പോൾ, ഉയർന്നെഴുന്നേൽക്കാൻ എന്നെ പ്രേരിപ്പിച്ചത് ഗുഡ്നൈറ്റ് മോഹനനാണ്, വീണ്ടുമൊരു ഹിന്ദിസിനിമ ചെയ്യാൻ അദ്ദേഹമെന്നെ പ്രോത്സാഹിപ്പിച്ചു. കിരീടത്തിന്റെ ഹിന്ദി റൈറ്റസ് എന്റെ കൈയിലായിരുന്നു. കിരീടം ഹിന്ദി പശ്ചാത്തലത്തിൽ എടുക്കണമെന്നും കഥാഗതികൾ അവിടത്തെ രീതികൾക്കനുസരിച്ച് മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു. ഗ്രാമത്തിലെ കഥ നഗരപശ്ചാത്തലത്തിലേക്ക് മാറ്റി ഞങ്ങൾ അവതരിപ്പിച്ചു. സിനിമ വിജയംനേടി, ഹിന്ദിയിൽ എനിക്കൊരു വഴിതുറന്നുതന്ന സിനിമയായി ഗർദിഷ് മാറി. സിനിമായാത്രയിൽ ഞാൻ ഇവരോടെല്ലാം കടപ്പെട്ടിരിക്കുന്നു.

സിനിമയിലും രാഷ്ട്രീയത്തിലും ശാശ്വതശത്രുക്കളും മിത്രങ്ങളുമില്ലെന്നാണ് പറയുക. അങ്ങോട്ടുമിങ്ങോട്ടും കൊടുത്തും വാങ്ങിയുമുള്ള ബന്ധങ്ങളിലൂടെയാണ് സിനിമ പലപ്പോഴും മുന്നോട്ടുപോകുന്നത്.

പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകൾ ഒരുക്കി, തുടർവിജയങ്ങളുമായി ഇത്രയുംകാലം നിലനിൽക്കുകയെന്നത് പ്രയാസമുള്ള കാര്യമല്ലേ…?

സിനിമയിൽ ഒരാളെ നിലനിർത്തുന്ന ഒരേയൊരുകാര്യം വിജയമാണ്. വിജയിക്കുന്നവൻ നിലനിൽക്കട്ടെ എന്ന തിയറിയിലാണ് സിനിമാമേഖല മുന്നോട്ടുപോകുന്നത്. ഈ കാലത്തിനിടെ പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകൾ ചെയ്യാനായി എന്നതിൽ വലിയ സന്തോഷമുണ്ട്. വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്, എല്ലാ സിനിമകളും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലല്ലോ, കൂടുതൽപ്പേർക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ ഒരുക്കാനാണ് മിക്കപ്പോഴും ശ്രമിച്ചത്. വിജയത്തെക്കുറിച്ചാലോചിക്കാതെ എന്റെ ഇഷ്ടവും താത്‌പര്യവും മുൻനിർത്തിച്ചെയ്ത സിനിമകൾ കുറവാണ്. കാലാപാനിയും സിലനേരങ്ങളിലും കാഞ്ചീവരവും അത്തരത്തിൽ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന സിനിമകളാണ്. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്വയം നവീകരിച്ചുപോകുക എന്നതാണ് നിലനിൽപ്പിനുപിന്നിലെ ഏകവഴി.

ആദ്യസിനിമയിലെ നായകൻ മോഹൻലാൽതന്നെ നൂറാമത്തെ സിനിമയിലും നായകനാകുന്നു. നൂറാമത് സിനിമയുടെ വിശേഷങ്ങൾ...

നൂറു സിനിമചെയ്തു എന്നതല്ല, ആദ്യത്തെ സിനിമയിലെ എന്റെ നായകൻതന്നെ നൂറാമത്തെ സിനിമയിലും കേന്ദ്രകഥാപാത്രമായി എത്തുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. ഒരുപക്ഷേ, സിനിമാചരിത്രത്തിൽ അതൊരു വേറിട്ടകാഴ്ചയാണ്. സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. കുടുംബപ്രേക്ഷകർക്കും ലാൽ ആരാധകർക്കും ഒരുപോലെ ആസ്വദിക്കാൻ പകത്തിലുള്ള ഫീൽഗുഡ് മ്യൂസിക്കൽ ഡ്രാമയായിരിക്കും നൂറാമത്തെ സിനിമയെന്നുമാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. എന്റെ ആദ്യ സിനിമയുമായി സഹകരിച്ചവരെല്ലാം, നിർമാതാവുൾപ്പെടെയുള്ളവർ, നൂറാമത്തെ സിനിമയിലും ഭാഗമാകണമെന്ന് ഉള്ളുകൊണ്ട് ഞാൻ ആഗ്രഹിക്കുന്നുണ്ട്.

വ്യക്തിജീവിതത്തിൽ, അടുത്തിടെ എടുത്ത സുപ്രധാന തീരുമാനത്തെക്കുറിച്ച്...

ജീവിതത്തിൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നൊരു കാര്യമുണ്ട്, അവസാനങ്ങൾ മനോഹരമായിരിക്കണം. ആദ്യകാലങ്ങളെക്കാൾ നന്നായിപ്പോകേണ്ടത് അവസാനകാലങ്ങളാണെന്ന് ആഗ്രഹിക്കാത്തവർ വിരളമാണ്. ഉയർച്ചകളും താഴ്ചകളുമില്ലാതെ ആർക്കും മുന്നോട്ടുപോകാനാകില്ല. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ദാമ്പത്യത്തിൽ ഈഗോയും വിരസതയും വന്നു, പിരിയുന്നതാണ് നല്ലതെന്നു തീരുമാനിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ പരസ്പരം മിസ് ചെയ്യുന്നതായിത്തോന്നി, ഞങ്ങൾ വീണ്ടും ഒന്നിച്ചു. കൂട്ട് എപ്പോഴും ആവശ്യമാണ്.