പിതാവ് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളെ 'ഗ്രാമപ്പടം' എന്ന് ട്രോളുന്നവർക്ക് മറുപടിയുമായി സംവിധായകൻ അഖിൽ സത്യൻ. വിക്കിപീഡിയ നോക്കൂ എന്നുമാത്രമാണ് അങ്ങനെ ട്രോളുന്നവരോട് തനിക്ക് പറയാനുള്ളതെന്ന് അഖിൽ സത്യൻ പറഞ്ഞു. അച്ഛൻ 'ഗ്രാമപ്പടം' ചെയ്തിട്ട് 15 വർഷമായെന്നും അഖിൽ പറഞ്ഞു.

To advertise here,

'90-കൾ ആണ് അച്ഛന്റെ പ്രൈംടൈം എന്ന് ആളുകൾ പറയാറുണ്ട്. ആളുകളുടെ തെറ്റായ വിലയിരുത്തലാണത്. 'മനസിനക്കരെ', 'വിനോദയാത്ര', 'ഇന്ത്യൻ പ്രണയകഥ', 'ഞാൻ പ്രകാശൻ', 'അച്ചുവിന്റെ അമ്മ' എല്ലാം വന്നത് 2000-ത്തിന് ശേഷമാണ്. 'ഇയാൾ സ്ഥിരം ഗ്രാമപ്പടം...' എന്ന് ആളുകൾ പറയും. അച്ഛൻ ഗ്രാമപ്പടം ചെയ്തിട്ട് 15 വർഷമായി. വിക്കിപീഡിയ നോക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്', ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അഖിൽ സത്യൻ പറഞ്ഞു.

'ഏറ്റെ പേര് മറ്റൊന്നായിരുന്നെങ്കിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലായിരുന്നു. നന്മ ബാഗേജ് ഉണ്ടാവുമായിരുന്നില്ല. എന്നേയും അനൂപിനേയും ആളുകൾ ബന്ധിപ്പിക്കുന്നത് 58 ചിത്രങ്ങൾ ചെയ്ത ഒരാളുമായാണ്. അതും ഹിറ്റ് ചിത്രങ്ങളാണ്. ഒന്നോ രണ്ടോ ചിത്രങ്ങൾ ചെയ്തവരെ ആളുകൾ ആഘോഷിക്കാറുണ്ട്. അച്ഛൻ അതിന്റെ മൂന്നിരട്ടിയുണ്ടാക്കിയിട്ടുണ്ട്, എത്രയോ ബ്ലോക്ബസ്റ്റേഴ്‌സ്. അച്ഛൻ വരുമ്പോൾ മലയാള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്. സിനിമയുടെ കൂടെ വളർന്ന ആളാണ് അച്ഛൻ. ഇപ്പോഴും, ഈ വർഷത്തെ ഒരു നൂറുകോടി ചിത്രം അച്ഛന്റേതാണ്- ഹൃദയപൂർവ്വം. അത് അപൂർവ്വമാണ്', അഖിൽ കൂട്ടിച്ചേർത്തു.