താൻ നേരിട്ട തിരസ്കാരങ്ങളെയും മറികടന്ന വെല്ലുവിളികളെയും കുറിച്ച് പറഞ്ഞ് സർവം മായ എന്ന ചിത്രത്തിലെ ഡെലുലു എന്ന നായിക കഥാപാത്രമായെത്തിയ നടി റിയ ഷിബു. തൃശ്ശൂരിൽ ആരംഭിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. മത്സരങ്ങളിൽ പരാജയപ്പെട്ടാലും തളരാതെ മുന്നോട്ട് പോകാൻ റിയ ആവശ്യപ്പെട്ടു. കലയെ വെറുമൊരു മത്സരമായി കാണാതെ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായി കാണണമെന്നും നടി ഓർമ്മിപ്പിച്ചു.

To advertise here,

"ഇവിടെ പലർക്കും എന്നെ ഡെലുലു ആയിട്ടായിരിക്കും അറിയുന്നത്. പക്ഷേ എനിക്ക് ശരിക്കുമുള്ള ഒരു പേരുണ്ട് - റിയ. പക്ഷേ നിങ്ങൾക്ക് എന്നെ ഡെലുലു എന്ന് വിളിക്കാം, അത് ക്യൂട്ടാണ്. സർവ്വം മായ എന്ന ഒരു ക്യാരക്ടർ കാരണമാണ് എനിക്ക് ഏഷ്യയിലെ ഏറ്റവും വലിയ ഈ സ്റ്റേജ് ബഹുമാനപ്പെട്ട മന്ത്രിമാരുടെ കൂടെ ഷെയർ ചെയ്യാൻ പറ്റിയത്. ഇതിൽ ഞാൻ വളരെയധികം സന്തോഷവതിയും നന്ദിയുള്ളവളുമാണ്. ഈ അവസരത്തിന് ഞാൻ അഖിൽ ചേട്ടൻ, നിവിൻ ചേട്ടൻ, ഫയർഫ്ലൈസ് ടീം എന്നിവരോട് നന്ദി പറയുന്നു.

കല എന്ന് പറയുന്നത് ഒരു മത്സരം മാത്രമല്ല. അതൊരു വികാരവും ആവിഷ്കാരവുമാണ്. എനിക്ക് മുൻപ് കലോത്സവത്തിൽ പങ്കെടുക്കാൻ നല്ല ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതിന് കഴിഞ്ഞില്ല. കാരണം എനിക്ക് സ്വയം വിശ്വാസമില്ലായിരുന്നു. ഇപ്പോൾ നിങ്ങൾ ജയിച്ചില്ലെങ്കിലും, നിങ്ങൾ ഇതിൽ പങ്കെടുത്തു എന്നതും നിങ്ങളിൽ തന്നെ വിശ്വസിച്ചു എന്നതുമാണ് ഏറ്റവും വലിയ സമ്മാനം.

നമ്മൾ ജയിച്ചാലും തോറ്റാലും മുന്നോട്ട് പോകുക. സർവ്വം മായ എന്ന ചിത്രത്തിന് മുൻപ് എനിക്ക് ഒരുപാട് തിരസ്കാരങ്ങൾ ഉണ്ടായിരുന്നു. ഡാൻസ് കളിക്കാൻ അറിയില്ല എന്ന് പറഞ്ഞ് പലരും കളിയാക്കിയിരുന്നു. എന്റെ ആത്മവിശ്വാസം പോയ ഒരു സമയമുണ്ടായിരുന്നു. അന്ന് ഞാൻ അത് വിശ്വസിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഡെലുലുവിനെ ആരും ആഘോഷിക്കില്ലായിരുന്നു.

ഏതെങ്കിലും പരാജയം നിങ്ങളെ നിർവചിക്കാൻ അനുവദിക്കരുത്. കല നിങ്ങളുടെ ഉള്ളിലുള്ള ടാലന്റ് ആണ്. ഇനി നിങ്ങൾ പെർഫോം ചെയ്യുമ്പോൾ നിങ്ങളുടെ ഉള്ളിലെ പ്രതിഭ ലോകത്തിന് കാണിച്ചു കൊടുക്കാൻ വേണ്ടി ചെയ്യുക. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ." റിയ ഷിബുവിന്റെ വാക്കുകൾ.