“നാലഞ്ചു വർഷം ഒന്ന് മാറി നിന്നിട്ട് കുറച്ച് സാമ്പത്തികമായി മെച്ചപ്പെട്ടതിനു ശേഷം സിനിമ ചെയ്യാമെന്ന് കരുതി. കാരണം സിനിമ എന്റെ പാഷൻ ആണ്. പക്ഷേ, അവിടെ പോയപ്പോൾ ജോലിത്തിരക്കായി. ഞാൻ അവിടെ ബിസി ആയിപ്പോയതാണ്.”

ആദ്യം അഭിനയിച്ചത് ഗ്രാമഫോൺ എന്ന ചിത്രം. പക്ഷേ, വിജീഷ് വിജയൻ എന്ന നടന്റേതായി ആദ്യം പുറത്തുവന്നത് ‘നമ്മൾ’ ആയിരുന്നു. വീജീഷ് അതോടെ മലയാളികൾക്ക് നൂലുണ്ടയായി മാറി. ഇടക്കാലത്ത് വലിയൊരു ഇടവേള കരിയറിൽ ഉണ്ടായി. ഇപ്പോൾ അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’യിലൂടെ ഇമേജ് ബ്രേക്ക് നടത്തിക്കൊണ്ട് വൻതിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിജീഷ്. സിനിമയോടുള്ള അഭിനിവേശത്തെക്കുറിച്ചും ചലച്ചിത്രനിർമാണരംഗത്തേക്ക് കടന്നതിനേക്കുറിച്ചും ‘സർവ്വം മായ’യുടെ വിജയത്തേക്കുറിച്ചും വിജീഷ് വിജയൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
എങ്ങനെയാണ് സിനിമയിൽ ഇടവേള വന്നത്?
ഇരുപതാമത്തെ വയസിലാണ് ഞാൻ അഭിനയം തുടങ്ങുന്നത്. 2012 വരെ ആക്റ്റീവ് ആയിരുന്നു. 2013 മുതലാണ് ഞാൻ ബ്രേക്ക് എടുത്തത്. അതിന് രണ്ടു മൂന്നു കാരണങ്ങളുണ്ട്. ഒന്ന് മലയാള സിനിമയിലെ റെമ്യൂണറേഷൻ വളരെ കുറവായിരുന്നു. പിന്നെ ഖത്തറിൽ എനിക്ക് ജോലിയുണ്ടായിരുന്നു. അച്ഛന് അവിടെയായിരുന്നു ബിസിനസ്. സിനിമയുള്ളപ്പോൾ നാട്ടിൽ വന്ന് ചെയ്തിട്ട് തിരിച്ചുപോകാറായിരുന്നു പതിവ്. കുറച്ചുകൂടി മുതിർന്നപ്പോൾ എനിക്കൊരു സാമ്പത്തിക ഭദ്രത വേണമെന്നു തോന്നി. കുറച്ചുകാലം, ഒരു നാലഞ്ചു വർഷം, ഒന്ന് മാറി നിന്നിട്ട് കുറച്ച് സാമ്പത്തികമായി മെച്ചപ്പെട്ടതിനു ശേഷം സിനിമ ചെയ്യാമെന്ന് കരുതി. സിനിമ എന്റെ പാഷൻ ആണ്. പക്ഷേ, അവിടെ പോയപ്പോൾ ജോലിത്തിരക്കായി. ഞാൻ അവിടെ ബിസി ആയിപ്പോയതാണ്. പിന്നീട് 2019 ഒക്കെ കഴിഞ്ഞപ്പോഴാണ് എന്തായാലും വീണ്ടും സിനിമ ട്രൈ ചെയ്യാം എന്നൊക്കെ വിചാരിച്ച് വീണ്ടും നാട്ടിലേക്ക് വരുന്നത്.
‘സർവ്വം മായ’യിലേക്കുള്ള അവസരം ലഭിച്ചതെങ്ങനെ?
ഇടക്കാലത്ത് കുറച്ച് സിനിമകൾ ചെയ്തെങ്കിലും സിനിമകളും എന്റെ കഥാപാത്രങ്ങളും അധികം ശ്രദ്ധിക്കപ്പെട്ടില്ല. സിനിമകൾ അന്വേഷിച്ചു പോയിട്ടില്ല. അച്ഛന് സുഖമില്ലാതിരിക്കുകയായിരുന്നു. അച്ഛനെ നോക്കാൻ വേണ്ടി എന്റെ ഖത്തറിലെ ജോലിയൊക്കെ അവസാനിപ്പിച്ച് ഞാൻ മുഴുവൻ സമയവും നാട്ടിൽതന്നെ നിൽക്കുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു അച്ഛന്റെ മരണം. അതിനു ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തയാറെടുക്കുന്ന സമയത്ത് ഞാൻ സ്വന്തമായിട്ട് ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങി, ഒരു സിനിമയൊക്കെ ചെയ്തിരുന്നു. ഒരു ദിവസം തൃശ്ശൂർ തിരുവമ്പാടിയിലും വടക്കുന്നാഥ ക്ഷേത്രത്തിലുമെല്ലാം തൊഴുതിട്ട് കുടുംബത്തോടൊപ്പം ഒരു റെസ്റ്റോറന്റിൽ ചായ കുടിക്കാൻ വേണ്ടി ഇരിക്കുകയായിരുന്നു. അപ്പോൾ തൊട്ടപ്പുറത്തെ സീറ്റിൽ അഖിൽ സത്യൻ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ‘പാച്ചുവും അദ്ഭുതവിളക്കും’ എനിക്കിഷ്ടപ്പെട്ട സിനിമയാണ്. ഞാൻ അഖിലിന്റെ അടുത്ത് അങ്ങോട്ട് പോയി സംസാരിച്ചു. അങ്ങനെ വന്ന അവസരമാണ്.
അഖിലിനെ അന്ന് കണ്ടത് ഒരു നിമിത്തമായിരുന്നോ?
അന്നത്തെ കൂടിക്കാഴ്ചയ്ക്ക് നാലുമാസത്തിന് ശേഷം പ്രൊഡക്ഷൻ കൺട്രോളർ ബിജു ചേട്ടൻ വിളിച്ചു. ഒരു സിനിമ തുടങ്ങുന്നുണ്ട്. അഖിൽ സത്യൻ വിളിക്കും എന്ന് പറഞ്ഞു. അഖിൽ വിളിച്ചപ്പോൾ പറഞ്ഞത് ചെറിയ വേഷമാണെങ്കിലും നന്നായി ചെയ്യാൻപറ്റും എന്നാണ്. ഞാൻ എന്തായാലും ചെയ്യാമെന്ന് സമ്മതിച്ചു. കാരണം എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ജോണർ. അന്ന് തമ്മിൽ കണ്ടതാണ് എന്നെ ഓർക്കാൻ കാരണമെന്നാണ് അഖിൽ പറഞ്ഞത്. അപ്പോൾ അന്നത്തെ ആ പരിചയപ്പെടൽ ഒരു നിമിത്തം പോലെയാണ് തോന്നിയിട്ടുള്ളത്.
ശ്രീക്കുട്ടൻ എന്ന കഥാപാത്രത്തേക്കുറിച്ച് അഖിൽ സത്യൻ തന്ന വിശദീകരണം എന്തായിരുന്നു?
ശ്രീക്കുട്ടൻ എന്ന കഥാപാത്രം അജുവർഗീസ് അവതരിപ്പിക്കുന്ന രൂപേഷിന്റെ സഹായിയാണ്. തിരക്കഥ നേരത്തേ വായിക്കാൻ തന്നിരുന്നു. അജു വർഗീസുമായുള്ള കോമ്പിനേഷൻ ആയിരുന്നു ആദ്യ ദിവസം. കഥാപാത്രത്തിനുവേണ്ടി ക്ലീൻ ഷേവ് ചെയ്തിരുന്നു. പിന്നെ കഥാപാത്രത്തേക്കുറിച്ച് അഖിൽ വിശദമായി പറഞ്ഞുതന്നിരുന്നു. പൈസയോട് ആർത്തിയുള്ളയാളാണ് ശ്രീക്കുട്ടൻ. ഇവനെ പിരിച്ചുവിടുമ്പോഴാണ് പകരം നിവിൻ പോളി വരുന്നത്. അപ്പോൾ നിവിനെ ഭീഷണിപ്പെടുത്തുന്ന സീക്വൻസ് ഉണ്ടെന്നെല്ലാം പറഞ്ഞുതന്നിരുന്നു. പിന്നെ ഒരു സ്റ്റണ്ട് സീനുണ്ട്. അതിൽ കടയുടെ ഉള്ളിലേക്ക് വീഴുന്നത് സ്റ്റണ്ട് ഡബിളാണ്. ബാക്കിയൊക്കെ ഞാൻ തന്നെയാണ് ചെയ്തത്.
നിവിൻ പോളിയും അജു വർഗീസും 10 വർഷത്തിനു ശേഷം വീണ്ടും ഒരുമിക്കുന്ന ഒരു സിനിമ കൂടിയാണ്...
രണ്ടുപേരെയും കുറേ നാളിനുശേഷമാണ് കാണുന്നത്. ഞങ്ങൾ ആദ്യം സെവൻസ് എന്ന പടത്തിലാണ് ഒരുമിച്ചഭിനയിച്ചത്. അത് കഴിഞ്ഞിട്ട് ചാപ്റ്റേഴ്സ് എന്ന പടത്തിൽ. പിന്നീട് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. കാരണം അതിനുശേഷമാണ് ഞാൻ ബ്രേക്ക് എടുത്തത്. കുറെ കാലത്തിനുശേഷം ഇവരെ കണ്ടപ്പേോഴും ഒരുമിച്ച് ജോലി ചെയ്തപ്പോഴും ഭയങ്കര സന്തോഷം തോന്നി. കാരണം അത്രയ്ക്കും അടുപ്പമുള്ളവരാണ് ഞങ്ങൾ എല്ലാവരും. അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര ഇഷ്ടമാണ്. പിന്നെ ഭയങ്കര കംഫർട്ടബിൾ ആണ് ഇരുവർക്കുമൊപ്പം പ്രവർത്തിക്കാൻ. പരസ്പരം ചർച്ച ചെയ്ത് അഭിനയിക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഒരു ഗിവ് ആൻഡ് ടേക്ക് സംഭവം ഉണ്ടല്ലോ, അത് നമ്മൾ കൂടെ വർക്ക് ചെയ്ത്, നമുക്ക് പരിചയമുള്ള ആളുകളുമൊത്ത് പെർഫോം ചെയ്യുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്. നിവിനുമൊത്തുള്ള സീനിനുമുൻപ് പ്രാക്ടീസ് ചെയ്തു നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. അഖിൽ സത്യനും നന്നായി പിന്തുണച്ചു. ഒരു ടീം വർക്ക് പോലെ ആയിരുന്നു.
അഖിൽ സത്യൻ എന്ന സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു?
എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു ഫിലിം ആണ് ‘പാച്ചുവും അദ്ഭുതവിളക്കും.’ ‘സർവ്വം മായ’യുടെ ഒരു പ്രത്യേകത ഞാൻ കണ്ടിടത്തോളം നല്ലൊരു സിനിമയാണ്. നന്മ നിറഞ്ഞ ഒരു സിനിമയാണ്. യാതൊരുവിധ അശ്ലീല വാക്കുകളും ഉപയോഗിക്കാത്ത അധികം കൗണ്ടർ കോമഡികളില്ലാത്ത ചിത്രം കൂടിയാണിത്. കോമിഡിക്ക് വേണ്ടി ബോഡി ഷെയിമിങ് പോലുള്ളതും ഉപയോഗിച്ചിട്ടില്ല. സാഹചര്യത്തിനനുസരിച്ചുള്ള തമാശകൾ മാത്രം. പണ്ട് ശ്രീനിവാസൻ സാർ ഒക്കെ ചെയ്തിരുന്ന പോലത്തെ തമാശകളാണ്. നമുക്ക് ആലോചിച്ചു ചിരിക്കാൻ പറ്റും. നല്ല സംവിധായകനും എഴുത്തുകാരനുമാണ് അഖിൽ. പിന്നെ എഡിറ്ററും അദ്ദേഹം തന്നെയാണല്ലോ. ഒരു ഷോട്ട് എടുക്കുമ്പോൾ ഇതെവിടെ വെയ്ക്കണമെന്ന് നമ്മൾ എഡിറ്റിംഗ് ടേബിളിൽ പോയിട്ടാണ് ആലോചിക്കുക. പക്ഷേ, അഖിൽ അങ്ങനെയല്ല. ഷോട്ട് ഡിവിഷൻ ചെയ്ത് തരും അദ്ദേഹം. ഞാൻ കമൽ സാറിന്റെയും ലോഹിതദാസ് സാറിന്റെയും കൂടെ വർക്ക് ചെയ്യുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് അഖിലും.
ഓൾഡ് സ്കൂൾ സ്റ്റൈൽ ഇഷ്ടമുള്ളയാളാണോ അഖിൽ?
അതെ, അദ്ദേഹം ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നൊരു കാര്യം എനിക്ക് ആ ഭാഷയേ മനസ്സിലാവുകയുള്ളൂ. നമ്മൾ ആ കാലഘട്ടത്തിൽ വന്നതുകൊണ്ടായിരിക്കും. ഇപ്പോഴത്തെ ന്യൂജൻ മേക്കിംഗ് സ്റ്റൈൽ ഞാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒപ്പം പ്രവർത്തിക്കാൻ കംഫർട്ടബിൾ ആയ സംവിധായകനാണ് അഖിൽ സത്യൻ.
‘സർവ്വം മായ’യിൽ ഏത് രംഗം കണ്ടാണ് പൊട്ടിച്ചിരിച്ചത്?
ബണ്ണും ചാറും എന്നു പറയുന്ന ആ രംഗമാണത്. തിയേറ്ററിൽ അറിയാതെ പൊട്ടിച്ചിരിച്ചുപോയ രംഗമാണത്. മറ്റൊന്ന് അജു ബൈക്കിൽ ഇരുന്നിട്ട് വാ ഡെലൂലൂ, കയറ് എന്ന് പറയില്ലേ. അപ്പോൾ നിവിനും റിയയും മുഖത്തോട് മുഖം നോക്കും. അപ്പോൾ മറ്റേയാളാണ് ബൈക്കിൽ കേറുന്നത്. അജു ഒക്കെ ഭയങ്കര നാച്ചുറൽ ആയിട്ട് ചെയ്തിട്ടുണ്ട് അജു.
മധു വാര്യരും ശ്രദ്ധേയമായ വേഷമാണല്ലോ അവതരിപ്പിച്ചത്?
ഞങ്ങൾ നല്ല അടുപ്പുള്ളവരാണ്. സിനിമ കഴിഞ്ഞിട്ടും മധു വിളിച്ചിരുന്നു. ഞാനും കുറെ കാലത്തിനു ശേഷമാണ് മധുവിനെ സ്ക്രീനിൽ കാണുന്നത്. സ്നേഹനിധിയായ ചേട്ടൻ വേഷം പുള്ളി നല്ല രസമായിട്ട് ചെയ്തിട്ടുണ്ട്. അതുപോലെ എനിക്ക് ഇഷ്ടമുള്ള കുറെ ആർട്ടിസ്റ്റുകൾ ഉണ്ട് സിനിമയിൽ. മണികണ്ഠൻ പട്ടാമ്പി, നിയാസ് ഇക്ക, അനിയപ്പൻ. നിയാസ് ഇക്കയുമൊത്ത് ‘ഗ്രാമഫോണി’ൽ അഭിനയിച്ചിരുന്നു.
നടൻ എന്ന നിലയിൽ വിജീഷിന്റെ സിനിമാ യാത്രയെ എങ്ങനെ കാണുന്നു?
തുടക്കത്തിൽ ഒരു സിനിമയിൽ സക്സസ് വരുമ്പോൾ കരിയറിനെ എങ്ങനെ രൂപപ്പെടുത്തിയെടുക്കണം എന്ന് പ്ലാൻ ഉണ്ടാകും. ഒരു പ്രായമെത്തുമ്പോൾ ഒരു പൊസിഷനിൽ എത്തണം എന്നൊക്കെ നമുക്ക് ആഗ്രഹം ഉണ്ടാകും. അതുപോലെ എനിക്കും ഉണ്ടായിരുന്നു. പക്ഷേ, ആ വന്ന ഒന്ന് രണ്ട് വർഷത്തിൽ തന്നെ എനിക്ക് മനസ്സിലായി നമ്മുടെ പ്ലാൻ പ്രകാരം ഒന്നുമല്ല ഇവിടെ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെന്ന്. സിനിമയിൽ വരാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടൊന്നുമില്ല. എന്റെ അച്ഛന്റെ സുഹൃത്താണ് ഗ്രാമഫോൺ എന്ന സിനിമ നിർമിച്ച സർഗം കബീർ. അദ്ദേഹമാണ് എനിക്ക് ‘ഗ്രാമഫോണി’ലൂടെ ഒരവസരം ആദ്യമായി തന്നത്. അതുകഴിഞ്ഞ ശേഷമാണ് ‘നമ്മൾ’ ചെയ്തത്. പക്ഷേ, ആദ്യം ഇറങ്ങിയത് ‘നമ്മൾ’ ആണ്.
എപ്പോഴാണ് ഒരു ബോഡി ട്രാൻസ്ഫർമേഷൻ വേണമെന്ന ചിന്ത വന്നത്?
‘നമ്മൾ’ ചെയ്തശേഷം നൂലുണ്ടയെ അനുസ്മരിപ്പിക്കുന്ന കുറേ കഥാപാത്രങ്ങൾ വന്നു. എല്ലാം തടിയെ കളിയാക്കിക്കൊണ്ടുള്ള വേഷങ്ങൾ. കുറച്ചുകഴിഞ്ഞപ്പോൾ എനിക്കും ബോറടിച്ചു. അപ്പോൾ ഞാൻ വിചാരിച്ചു ക്യാരക്ടർ റോളിലേക്ക് മാറാമെന്ന്. കുറച്ചൊന്നു മെലിയാം, ഒന്ന് ഷേപ്പ് ആയാൽ ചിലപ്പോൾ വേറെ കഥാപാത്രങ്ങൾ കിട്ടിയാലോ എന്ന് വിചാരിച്ചിട്ട് തന്നെയാണ് തുടങ്ങിയത്. എനിക്ക് ആ പ്രോസസ്സ് ഭയങ്കര ഇഷ്ടമായി. യോഗ പ്രാക്ടീസ് ചെയ്യുന്നു, ഡയറ്റിൽ കുറെ മാറ്റങ്ങൾ വരുത്തുന്നു... എന്റെ ലൈഫ് സ്റ്റൈൽ തന്നെ മാറി. ജീവിതത്തിൽ കുറച്ച് അച്ചടക്കം വന്നു. തടി ഇത്രയ്ക്ക് കുറയും എന്ന് വിചാരിച്ചില്ല. ‘നരൻ’ അഭിനയിക്കുന്ന സമയത്ത് ക്ലൈമാക്സ് ഒക്കെ എത്തുമ്പോഴേക്കും ഞാൻ കുറച്ച് മെലിഞ്ഞിട്ടാണ്. പിന്നീട് ഞാൻ തടി കുറഞ്ഞിട്ട് ഏറ്റവും ആദ്യം ചെയ്ത സിനിമയാണ് ‘പുലിജന്മം’. ‘ക്ലാസ്മേറ്റ്സ്’ ചെയ്തപ്പോഴാണ് ഞാൻ നല്ല രീതിയിൽ മെലിഞ്ഞെന്ന് എനിക്ക് തോന്നിയത്. പിന്നെ കുറച്ച് വർക്ക്ഔട്ട് ചെയ്ത് മസിൽ ഒക്കെ വെച്ചശേഷം ചെയ്ത സിനിമയാണ് ‘അർജുനൻ സാക്ഷി.’
പ്രൊഡക്ഷൻ കമ്പനി തുടങ്ങാമെന്ന ആശയം എവിടെനിന്നാണ്?
പ്രൊഡക്ഷൻ കമ്പനി തുടങ്ങിയതിനെക്കുറിച്ച് ചോദിച്ചാൽ അത് വലിയ കോടിക്കണക്കിന് രൂപയുടെ സംഭവമൊന്നുമല്ല. അച്ഛന് സുഖമില്ലാതിരിക്കുന്ന സമയത്ത് എനിക്ക് പുറത്തുപോയി സിനിമ ചെയ്യൊനൊന്നും സമയം കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു സിനിമ നിർമിച്ചാലോ എന്ന തോന്നിയത്. ഞാൻ മുൻപ് സൈമൺ ഡാനിയൽ എന്നൊരു സിനിമ ചെയ്തിരുന്നു. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ഞാൻ നല്ല സൗഹൃദത്തിലായിരുന്നു. സിനിമ നിർമിക്കുന്നതിനെക്കുറിച്ച് അവരുമായി ചർച്ച ചെയ്തപ്പോൾ എല്ലാവരും പറഞ്ഞു നമുക്ക് എല്ലാവരും കൂടി ഷെയർ ചെയ്ത് ഒരു സിനിമ ചെയ്താലോ എന്ന്. അങ്ങനെ തുടങ്ങിയതാണ് നിർമാണ കമ്പനി. ടോണി സേവ്യർ എന്നാണ് അങ്ങനെ നിർമിച്ച സിനിമയുടെ പേര്. യാദൃഛികമായി തുടങ്ങിയ കമ്പനിയാണ്.
നിർമാതാവായപ്പോൾ മനസിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്?
പണ്ടൊക്കെ ഫിലിമിലായിരുന്നല്ലോ ഷൂട്ട് ചെയ്തിരുന്നത്. അതിൽനിന്നുമാറി സിനിമ ഡിജിറ്റലാവുമ്പോൾ ബജറ്റ് കുറയുമെന്നാണല്ലോ വിചാരിക്കുക. പക്ഷേ, ഇവിടെ നേരെ തിരിഞ്ഞു. കൂടുകയാണ് ചെയ്തത്. ടോണി സേവ്യർ എന്ന ചിത്രം വളരെ കുറഞ്ഞ ബജറ്റിൽ ചെയ്ത ചിത്രമാണ്. ഇനി റിലീസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടങ്ങണം. ഇത് സക്സസ് ആവുകയാണെങ്കിൽ ഭാവിയിൽ സിനിമകൾ നിർമിച്ചേക്കാം.
‘നമ്മൾ’ ടീമിലെ മറ്റുള്ളവരുമായി ഇപ്പോഴും ബന്ധമുണ്ടോ?
സിദ്ധാർത്ഥുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്. ഞങ്ങൾക്കൊരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ട്. ‘നമ്മളി’ൽ പ്രവർത്തിച്ചവരാണ് അതിലുള്ളത്. ഞങ്ങൾക്ക് കുറെ കാലം അങ്ങോട്ടും ഇങ്ങോട്ടും വലിയ ബന്ധമുണ്ടായിരുന്നില്ല. കുറച്ചുവർഷം മുൻപ് ഒരു യൂട്യൂബ് ചാനലിൽ ഞങ്ങളുടെ ഒരു റീ-യൂണിയൻ ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ എല്ലാവരും കൂടി കണ്ട്, കുറെ സംസാരിച്ചതിനു ശേഷം ഒരു തീരുമാനം എടുത്തു. ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും രണ്ടു മാസം അല്ലെങ്കിൽ മൂന്നു മാസം കൂടുമ്പോളെങ്കിലും ഒന്ന് കാണണമെന്ന്. അതിൽ ജിഷ്ണു മാത്രമേ ഇവിടംവിട്ട് പോയിട്ടുള്ളൂ. ഇപ്പോൾ ഇടയ്ക്കിടെ എല്ലാവരും കാണാറുണ്ട്. അടുത്തിടെ സിദ്ധാർത്ഥിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടിയപ്പോൾ സിദ്ധുവിന്റെ വടക്കാഞ്ചേരിയിലെ വീട്ടിൽ വെച്ച് ഒരു സ്വീകരണം ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും പോയിരുന്നു. അവിടെ കമൽ സാർ ഉണ്ടായിരുന്നു അന്ന്.
പുതിയ സിനിമകൾ?
സർവ്വം മായ കഴിഞ്ഞശേഷം ഒന്ന് രണ്ട് അവസരങ്ങൾ വന്നിട്ടുണ്ട്. പക്ഷേ ഉറപ്പിക്കാറായിട്ടില്ല. ടോണി സേവ്യറാണ് വരാനിരിക്കുന്ന ഒരു സിനിമ.
Content Highlights: Actor Vijeesh Vijayan returns with `Sarvam Maya`, discusses his career break, the film`s success, and his new venture into film production. Read the full interview.
Published: 08 Jan 2026, 11:30 am IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented