തന്റെ ലിവർ ക്യാൻസർ ചികിത്സയുടെ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ദീപിക ഈ വികാരാധീനമായ സന്ദേശം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

പ്രശസ്ത ടെലിവിഷൻ താരം ദീപിക കക്കർ തന്റെ ഭർത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിമിന് അദ്ദേഹത്തിന്റെ 39-ാം ജന്മദിനത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. തന്റെ ലിവർ ക്യാൻസർ ചികിത്സയുടെ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ദീപിക ഈ വികാരാധീനമായ സന്ദേശം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഷൊയ്ബിന്റെ സാന്നിധ്യം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ദീപിക ഈ കുറിപ്പിൽ വ്യക്തമാക്കുന്നു.
ജീവിതത്തിലെ ഏത് സാഹചര്യത്തെയും നേരിടാൻ ഷൊയ്ബ് കൂടെയുള്ളത് തനിക്ക് കരുത്തേകുന്നുവെന്നും, തന്റെ ഓരോ പ്രാർത്ഥനയിലും അദ്ദേഹത്തിന്റെ പേരുണ്ടെന്നും താരം എഴുതി. ഷൊയ്ബിനെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും പിന്തുണയും സമാധാനവുമായിട്ടാണ് ദീപിക വിശേഷിപ്പിച്ചത്.
"നിന്നോടൊപ്പമുണ്ടാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. എന്ത് സാഹചര്യമുണ്ടായാലും, നീ കൂടെയുണ്ടെങ്കിൽ എല്ലാം നേരിടാൻ എനിക്ക് കഴിയുമെന്ന് എനിക്കറിയാം. എന്റെ ഏറ്റവും വലിയ ശക്തി, എന്റെ ഏറ്റവും വലിയ പിന്തുണ... എന്റെ ജീവിതം... എന്റെ സമാധാനം... ജന്മദിനാശംസകൾ ഷൊയ്ബ്... നിനക്ക് നൽകാൻ എന്റെ കയ്യിൽ ഒന്നുമില്ല... എന്റെ കൈകൾ ശൂന്യമാണ്... എന്റെ എല്ലാ പ്രാർത്ഥനകളിലും നിന്റെ പേരുണ്ട്." ദീപികയുടെ വാക്കുകൾ.
ദീപിക കക്കറിൻ്റെ ആരോഗ്യപരമായ പോരാട്ടം
2025 മെയ് മാസത്തിലാണ് ദീപികയ്ക്ക് സ്റ്റേജ് 2 ലിവർ ക്യാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് താരം വിധേയയായിരുന്നു. എന്നാൽ പിന്നീട് 1.3 മില്ലിമീറ്റർ വലിപ്പമുള്ള മറ്റൊരു മുഴ (cyst) കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ദീപികയ്ക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. ഈ മുഴ വീണ്ടും പ്രത്യക്ഷപ്പെട്ടത് തന്നെ ഭയപ്പെടുത്തിയെന്നും ആശങ്കയിലാക്കിയെന്നും ദീപിക തന്റെ വ്ലോഗിലൂടെ പങ്കുവെച്ചിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താരം ഇപ്പോൾ ഇമ്മ്യൂണോതെറാപ്പി ചികിത്സയ്ക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണ്.
ഈ കഠിനമായ പോരാട്ടത്തിലുടനീളം ഷൊയ്ബ് ദീപികയ്ക്കൊപ്പം തണലായി നിന്നു. രോഗാവസ്ഥയുടെ ആവർത്തനത്തിൽ താൻ ഭയപ്പെട്ടിരുന്നതായും എന്നാൽ സ്ത്രീകൾ വിചാരിക്കുന്നതിനേക്കാൾ കരുത്തരാണെന്ന് താൻ തിരിച്ചറിഞ്ഞതായും ദീപിക പറഞ്ഞു. ദീപികയുടെ ആരോഗ്യസ്ഥിതിയിൽ ഷൊയ്ബും കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആശുപത്രി സന്ദർശനങ്ങളും ഡോക്ടർമാരുടെ നിർദ്ദേശങ്ങളും കൊണ്ട് തിരക്കിലായതിനാലാണ് വ്ലോഗുകളിൽ സജീവമാകാൻ സാധിക്കാത്തതെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചിരുന്നു.
'സസുരാൽ സിമർ കാ' എന്ന ഹിറ്റ് സീരിയലിലൂടെയും ബിഗ് ബോസ് സീസൺ 12 വിജയി എന്ന നിലയിലും പ്രശസ്തയായ ദീപിക തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ യു ട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ക്യാൻസർ എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ പരസ്പരം താങ്ങായി നിൽക്കുന്ന ദീപികയുടെയും ഷൊയ്ബിന്റെയും ബന്ധം ആരാധകർക്ക് വലിയ പ്രചോദനമാണ്.
Content Highlights: Television actress and Bigg Boss 12 winner Dipika Kakar, who is currently undergoing immunotherapy following her stage 2 liver cancer diagnosis, penned a deeply emotional birthday tribute to her husband Shoaib Ibrahim for being her ultimate pillar of support.
Published: 20 Jun 2026, 08:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented