കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ഹിന്ദി ടെലിവിഷൻ താരം ദീപിക കക്കർ. കരളിലാണ് ദീപികക്ക് അർബുദം സ്ഥിരീകരിച്ചത്. ശരീരത്തിൽ വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെട്ടതിനേക്കുറിച്ചും അതിനെ സർജറിയിലൂടെ നീക്കം ചെയ്തതിനേക്കുറിച്ചും ദീപിക പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇമ്യൂണോതെറാപ്പിയുടെ ആദ്യ സെഷൻ പൂർത്തിയായെന്ന് പറഞ്ഞിരിക്കുകയാണ് നടി. തനിക്കുവേണ്ടി പ്രാർഥിക്കുന്നവർക്കും തന്നെ പിന്തുണയ്ക്കുന്നവർക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ദീപിക യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

To advertise here,

ഇമ്മ്യൂണോതെറാപ്പിക്ക് പിന്നാലെ തനിക്ക് കാര്യമായ പാർശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും ദീപിക പറഞ്ഞു. പക്ഷേ ശരീരത്തിൽ ഇത്രയും ശക്തിയേറിയ മരുന്ന് കടന്നുപോകുമ്പോൾ എന്തെങ്കിലും അനുഭവം ഉണ്ടാവുക സ്വാഭാവികമാണെന്നും അത്തരത്തിൽ ഒന്നോ രണ്ടോ ദിവസത്തേക്ക് മന്ദതയോ, ചൂട് കൂടുതലോ അനുഭവപ്പെടാമെന്നും ദീപിക പറഞ്ഞു.

മരുന്ന് സ്വീകരിച്ചതിന്റെ ഭാഗമായി തനിക്ക് കാര്യമായ പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡോക്ടറും സ്ഥിരീകരിച്ചുവെന്ന് ദീപിക പറയുന്നു. റിപ്പോർട്ടുകളെല്ലാം നോർമലായിരുന്നു. ഇമ്മ്യൂണോതെറാപ്പിയും മറ്റ് ടെസ്റ്റുകളും തുടരുമെന്നും താരം വ്യക്തമാക്കി.

വേഗത്തിൽ വളരുന്ന എല്ലാ കോശങ്ങളെയും ആക്രമിക്കുകയാണ് കീമോതെറാപ്പിയിലൂടെ ചെയ്യുന്നത്. എന്നാൽ ഇമ്മ്യൂണോതെറാപ്പിയിൽ രോഗിയുടെ പ്രതിരോധ സംവിധാനത്തെ ശരീരത്തിലെ കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ പരിശീലിപ്പിക്കുകയാണ് ചെയ്യുക.

2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ കാൻസറിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. അതേവർഷം ജൂണിൽ നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിന്റെ 22 ശതമാനം ഭാഗം നീക്കം ചെയ്തിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ കരളിൽ "ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുള്ള" ഒരു ട്യൂമർ കണ്ടെത്തിയതെന്നും പിന്നീട് അത് അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് ദീപിക അറിയിച്ചത്. തന്റെ കാൻസർ ചികിത്സായാത്രയും കീമോതെറാപ്പി അനുഭവങ്ങളും മാനസികമായ ഉയർച്ച താഴ്ചകളും ദീപിക യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കരളിലെ കാൻസർ

കരളിൽ കാണപ്പെടുന്ന സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ അഥവാ ലിവർ കാൻസർ-എച്ച്സിസി. ലോകത്ത് സംഭവിക്കുന്ന കാൻസർ മരണങ്ങളിൽ മൂന്നാമതാണ് കരളിലെ കാൻസർ. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, അണുബാധകൾ, മദ്യപാനത്താലോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾ രോഗവുമായി ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാർ തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. വയറിന്റെ മുകൾ ഭാഗത്ത് വേദന, വയറിൽ വീക്കം, ഛർദിയും ഓക്കാനവും, മഞ്ഞപ്പിത്തം, വെള്ളനിറത്തിലുള്ള മലം, ഭാരം കുറയൽ തുടങ്ങിയവ പ്രധാനലക്ഷണണങ്ങളാണ്.

‌ഹെപ്പറ്റൈറ്റിസ് ബി നിരന്തരം പരിശോധിക്കുക, ലിവർ കാൻസറിലേക്ക് നയിക്കുന്ന രോഗങ്ങളെ കൃത്യസമയത്ത് ചികിത്സിക്കുക, മദ്യപാനം, പുകവലി തുടങ്ങിയവ പരിമിതപ്പെടുത്തുക, കാൻസറിലേക്ക് നയിക്കുന്ന കെമിക്കലുകളുമായുള്ള സമ്പർക്കം കുറയ്ക്കുക, ശരീരഭാരം ആരാേഗ്യകരമായി നിലനിർത്തുക, കൊളസ്ട്രോൾ നിലയും പ്രമേഹവും നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കരളിലെ കാൻസറിനെ പ്രതിരോധിക്കാനാവും.