
29 വർഷംമുമ്പ് പ്ലാസ്റ്ററിട്ട വലതുകാൽ ആയാസപ്പെട്ടു നിലത്തുകുത്തി രണ്ടുപേരുടെ സഹായത്തോടെ കോഴിക്കോട് പ്രസ് ക്ലബ്ബിലെ നാലാംനില കയറിവരുമ്പോഴും അന്നത്തെ തമിഴിലെ മുൻനിരനടനായ വിജയകാന്ത് പുഞ്ചിരിക്കുകയായിരുന്നു. എല്ലാവർക്കുനേരെയും കൈവീശി അകത്തുകയറിയ നടൻ ഒന്നരമണിക്കൂർനീണ്ട ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംബന്ധിക്കാനും സമയംകണ്ടെത്തി. 1994-ലാണ് ഈ സംഭവം.
അതായിരുന്നു വിജയകാന്ത് എന്ന നടന്റെ ഹൃദയവിശാലത. സ്വന്തം അവശത മാറ്റിവെച്ച് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിക്കെത്തുകയായിരുന്നു അദ്ദേഹം. എളിമയുള്ള ഈ സ്വഭാവസവിശേഷതകൊണ്ട് ഒട്ടേറെ ആരാധകരെയാണ് നടൻ സ്വന്തമാക്കിയത്. സൂപ്പർ നായകന്റെ തലക്കനമൊന്നും കാണിക്കാത്ത ഒതുങ്ങിയ പെരുമാറ്റം അനുഭവിച്ചറിയുകയായിരുന്നു മാധ്യമപ്രവർത്തകർ.
വിജയകാന്തിന്റെ ആദ്യ കോഴിക്കോട് സന്ദർശനമായിരുന്നു അത്. തലശ്ശേരി സ്വദേശി പവിത്രൻ സംവിധാനംചെയ്ത ‘തിരുമൂർത്തി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു വിജയകാന്ത്. സംവിധായകൻ പവിത്രനും തമിഴകത്തിന്റെ ആച്ചിയായ മനോരമയും നടൻ സെന്തിലും വിജയകാന്തിനൊപ്പം പ്രസ് മീറ്റിനെത്തിയിരുന്നു. പത്രക്കാരുടെ ആദ്യചോദ്യംതന്നെ വിജയകാന്തിന് എങ്ങനെ പരിക്കുപറ്റിയെന്നതായിരുന്നു.
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഉയരമുള്ള കെട്ടിടത്തിൽനിന്ന് ചാടിയപ്പോൾ ലക്ഷ്യം പിഴച്ചതാണ് കാരണമെന്ന് വിശദീകരിച്ചത് സംവിധായകനായിരുന്നു. അവശതയുണ്ടെങ്കിൽ മീറ്റ് ദ പ്രസ് പരിപാടി റദ്ദാക്കാമെന്ന് താൻ പറഞ്ഞെങ്കിലും വിജയകാന്ത് അതിനു തയ്യാറായില്ലെന്നും പവിത്രൻ പറഞ്ഞു. മലയാളത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ വിജയകാന്ത് ആരോടായാലും പറഞ്ഞ വാക്കുപാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞു. അതിന് ശാരീരികാവശതയും മറ്റു സാങ്കേതികപ്രശ്നങ്ങളും ഒന്നും തടസ്സമാകില്ല. സിനിമാരംഗത്ത് അപൂർവമായിമാത്രം കാണുന്ന പ്രതിബദ്ധതയുടെയും ആത്മസമർപ്പണത്തിന്റെയും പര്യായമാകുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതം പരിശോധിച്ചാലും ഈ വ്യക്തിഗുണങ്ങളുടെ മാറ്റ് തിരിച്ചറിയാം. തിരക്കുള്ള നടനായിരിക്കെത്തന്നെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളിലൂടെ മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും മറ്റൊരു സ്വഭാവതലംകൂടി അദ്ദേഹം സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടി. തിരശ്ശീലയിൽ അവതരിപ്പിക്കാറുള്ള എല്ലുറപ്പും തന്റേടവും സ്നേഹമസൃണതയുമുള്ള കഥാപാത്രങ്ങളുടെ നേർ പകർപ്പുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിജീവിതവും. അരങ്ങൊഴിഞ്ഞിട്ടും തമിഴകം ആദരപൂർവം ‘ക്യാപ്റ്റൻ’ എന്നുവിളിക്കുന്ന വിജയകാന്തിന്റെ അമരത്വത്തിനു കാരണമാകുന്നതും ഈ സ്വഭാവഗുണങ്ങൾതന്നെ.
Content Highlights: actor vijayakanth passed away, when vijayakanth visited kozhikode thirumoorthi movie
Published: 29 Dec 2023, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented