
ബോളിവുഡ് താരം ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായത് ഈയിടെയാണ്. ആശുപത്രിവാസത്തിനുശേഷം അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയിട്ട് അധികനാളായിട്ടില്ല. ഇപ്പോൾ ഈ സംഭവത്തേക്കുറിച്ചും തന്റെ ആരോഗ്യത്തേക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് ശ്രേയസ്.
'വെൽക്കം ടു ദ ജംഗിൾ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായത്. മരിച്ചെന്നുതന്നെയാണ് കരുതിയതെന്ന് ശ്രേയസ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത് തന്റെ ജീവിതത്തിലെ രണ്ടാമത്തെ അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവമുണ്ടായ ഡിസംബർ 14-ന് ഭാര്യ ദീപ്തി തന്നെ ആശുപത്രിയിൽ എത്തിച്ചതിനേക്കുറിച്ചും ശ്രേയസ് ഓർമിക്കുന്നുണ്ട്.
“അവസാന ഷോട്ടിനുശേഷം ശ്വാസം കിട്ടുന്നില്ലെന്ന് തോന്നി. ഇടതുകൈ വേദനിക്കാൻ തുടങ്ങി. വാനിറ്റി വാനിലേക്ക് നടന്നുപോകാനോ വസ്ത്രം മാറാനോ സാധിക്കുന്നുണ്ടായിരുന്നില്ല. സംഘട്ടനരംഗങ്ങളിൽ അഭിനയിച്ചതുകൊണ്ടുണ്ടായ പേശിവേദനയാണെന്നാണ് കരുതിയത്. മോശമായ ഒരു സാഹചര്യത്തേക്കുറിച്ച് നിങ്ങൾ അപ്പോഴും ചിന്തിക്കുന്നില്ല അല്ലേ? അതുപോലുള്ള തളർച്ച ജീവിതത്തിൽ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.” ശ്രേയസ് തൽപഡേ ഓർത്തെടുത്തു.
“കാറിൽ കയറിയ ഉടൻ, നേരെ ഹോസ്പിറ്റലിലേക്ക് പോകണമെന്നാണ് എനിക്ക് തോന്നിയത്. പക്ഷേ ആദ്യം വീട്ടിലേക്ക് പോകണമെന്ന് ഞാൻ കരുതി. എന്റെ ഭാര്യ ദീപ്തി എന്നെ ആ അവസ്ഥയിൽ കണ്ട് 10 മിനിറ്റിനുള്ളിൽ ഞങ്ങൾ ആശുപത്രിയിലേക്ക് തിരിച്ചു. ഞങ്ങൾ ഏകദേശം അവിടെ എത്തിയിരുന്നു. ആശുപത്രി ഗേറ്റ് കാണാമായിരുന്നു. പക്ഷേ ബാരിക്കേഡുള്ളതിനാൽ ഞങ്ങൾക്ക് യു-ടേൺ എടുക്കേണ്ടി വന്നു. അടുത്ത നിമിഷം എന്റെ മുഖം മരവിച്ചു, ഞാൻ ബോധരഹിതനായി. അത് ഹൃദയസ്തംഭനമായിരുന്നു. ”അദ്ദേഹം തുടർന്നു.
“ആ ഏതാനും മിനിറ്റുകളിൽ എന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. ഞങ്ങൾ ട്രാഫിക്കിൽ കുടുങ്ങിയതിനാൽ ദീപ്തിക്ക് അവളുടെ വശത്തുകൂടി കാറിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല, അതിനാൽ അവൾ എന്റെ മുകളിലൂടെ കയറിയാണ് ആരെയെങ്കിലും സഹായത്തിനായി വിളിക്കാൻ മറുവശത്ത് എത്തിയത്. കുറച്ച് ആളുകൾ ഞങ്ങളെ രക്ഷിച്ച് അകത്തേക്ക് കയറ്റിവിട്ടു. ഡോക്ടർമാർ സിപിആർ ചെയ്യുകയും ഇലക്ട്രിക് ഷോക്ക് നൽകുകയുമൊക്കെ ചെയ്താണ്എന്നെ പുനരുജ്ജീവിപ്പിച്ചത്, ”അദ്ദേഹം പറഞ്ഞുനിർത്തി.
മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെൽ വ്യൂ ആശുപത്രിയിലാണ് ശ്രേയസ് ചികിത്സയിൽക്കഴിഞ്ഞിരുന്നത്. ചികിത്സ പൂർത്തിയാക്കി ഇക്കഴിഞ്ഞ ഡിസംബർ ഇരുപതിനാണ് ശ്രേയസ് വീട്ടിൽ തിരിച്ചെത്തിയത്.
Content Highlights: actor shreyas talpade recalls his near-fatal heart attack, shreyas talpade health
Published: 04 Jan 2024, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented