കോഴിക്കോട്: അമ്മ സംഘടനയുടെ പുറത്തും അകത്തും പ്രശ്‌നമാണെന്നും അതിന്റെ ഭാഗമാകേണ്ട എന്ന് കരുതി തന്നെയാണ് രാജിവെച്ചതന്നും നടൻ ജോയ് മാത്യു. സംഘടന നടത്തിക്കൊണ്ടുപോവാനുള്ള കഴിവില്ലായ്മയാണ് ഈ അവസ്ഥയിലേക്കെത്തിച്ചത്. പിടിപ്പുകേടാണ് കാരണമെന്നും ജോയ് മാത്യു കോഴിക്കോട് പറഞ്ഞു.

To advertise here,

സ്ത്രീകൾ നേതൃത്വത്തിൽ വന്നത് കൊണ്ട് മാത്രം കാര്യമല്ല. പുരുഷനാണെങ്കിലും സ്ത്രീയായാലും ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്താൽ പ്രശ്‌നങ്ങൾ തീരും. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. അധികാരക്കൊതിയും അധികാര വടംവലിയും പ്രശ്‌നത്തിന് കാരണമായി.

നേതൃത്വം എന്നത് എതിർശബ്ദത്തെ പോലും കൂടെ നിർത്താൻ സാധിക്കുന്ന കഴിവ് വേണം. അതുണ്ടായില്ല. തുടക്കത്തിലെ പ്രശ്‌നമായിരുന്നു. പലപ്പോഴും അത് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മിനുറ്റ്‌സ് നോക്കിയാൽ എന്റെ വിയോജിപ്പുകൾ വ്യക്തമായി കാണാൻ കഴിയും. ശരി അംഗീകരിക്കപ്പെടുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു.

പ്രശസ്തിക്ക് വേണ്ടിയല്ല ഭാരവാഹിയാകുന്നത്. ഇതൊരു സന്നദ്ധ സംഘടനയാണ്, നല്ല ഫണ്ടുമുണ്ട്. ഫണ്ടുള്ളതാണ് പ്രധാന പ്രശ്‌നം. ഫണ്ടില്ലാത്ത സംഘടനയാണെങ്കിൽ ആരുമുണ്ടാവില്ല. അപ്പോൾ ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നുവെന്നാണ് മറ്റുള്ളവർ നോക്കുക. ധൂർത്തടി ഉണ്ടായിട്ടില്ലെങ്കിലും അനാവശ്യ ചിലവുകൾ ഉണ്ടായിട്ടുണ്ടെന്നും ജോയ് മാത്യു വ്യക്തമാക്കി.

ഐഎഫ്എഫ്‌കെയിൽ അമ്മ നാലരക്ഷം രൂപ ചിലവാക്കി പാർട്ടികൊടുത്തു. ഞാൻ അതിനെ എതിർത്തിരുന്നു. എന്റെ വിയോജിപ്പും അവിടെയുണ്ട്. പക്ഷെ വോട്ടിനിട്ടപ്പോൾ മറ്റുള്ളവർ പിന്തുണച്ചു. ഡെലിഗേറ്റ്‌സിന് ഒരു കുപ്പി കുടിവെള്ളമോ ബാഗോ മാറ്റോ കൊടുത്താൽ മതിയായിരുന്നു. പക്ഷെ പാർട്ടിയാണ് കൊടുത്തത്. അത് ധൂർത്തായിരുന്നുവെന്നും ജോയ് മാത്യു പറഞ്ഞു.

അമ്മയിൽ കുറെ ആളുകളൊക്കെ കോമാളിക്കൂട്ടമായി മാറിയിട്ടുണ്ട്. സ്വാഭാവികമായും ഇതിന്റെയൊരു അന്തസ്സ് പോയി. ഞാനും എക്‌സിക്യൂട്ടിവ് അംഗങ്ങളും രാജിവെക്കുന്നുവെന്ന് പറയാൻ ശ്വേതാ മേനോന് അധികാരമില്ല. ഞങ്ങൾക്കെല്ലാം സ്വന്തം നിലപാടുകളുണ്ട്. ഒരുപക്ഷെ കൂട്ടമായുള്ള ആക്രമണം വന്നപ്പോൾ അങ്ങനെ പറഞ്ഞുപോയതാകാമെന്നും ജോയ് മാത്യു പറഞ്ഞു. അങ്ങനെ മാധ്യമങ്ങൾക്ക് മുന്നിൽ രാജിവെച്ച് പോവൻ കഴിയില്ല. അതിന് ചില നടപടി ക്രമങ്ങളുണ്ട്. നിലവിൽ അവർ തന്നെയാണ് പ്രസിഡന്റെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.