പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തി നടൻ അജിത്ത്. മകൾ അനൗഷ്‌കയ്‌ക്കൊപ്പം കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രദർശനം. ക്ഷേത്ര ചടങ്ങുകളിൽ ഉൾപ്പെടെ താരം പങ്കെടുത്തു.

To advertise here,

ക്ഷേത്രഭാരവാഹികൾ ചേർന്ന് താരത്തെ സ്വീകരിച്ചു. ഒരുമണിക്കൂറോളം നേരം താരം ക്ഷേത്രത്തിൽ ചെലവഴിച്ചു. താരമെത്തിയതോടെ ക്ഷേത്രത്തിൽ നാട്ടുകാരും ആരാധകരും തടിച്ചുകൂടി.

ക്ഷേത്ര പരിസരത്ത് താരത്തിന്റെ പേരുവിളിച്ച് ബഹളം വെച്ച ആരാധകരോട് ശബ്ദം കുറയ്ക്കാൻ താരം ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ആരാധകർക്കൊപ്പം സെൽഫിയ്ക്കു നിൽക്കാനും താരം മടിച്ചില്ല.

നേരത്തെ, ഒക്ടോബറിലും അജിത്ത് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. അന്ന് ഭാര്യ ശാലിനിയും മകൻ ആദ്വിക്കുമായിരുന്നു ഒപ്പമുണ്ടായിരുന്നത്.

പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. നേരത്തേയും പലതവണ താരം ക്ഷേത്രത്തിലെത്തി ദർശനം നടത്തുകയും വഴിപാടുകൾ നേരുകയും ചെയ്തിട്ടുണ്ട്. അജിത്തിന്റെ പിതാവ് പി. സുബ്രഹ്‌മണ്യൻ പാലക്കാട്- തമിഴ് അയ്യർ കുടുംബാംഗമാണ്.