തൃശ്ശൂർ: വീണപൂവ് എന്ന ആദ്യ ചലച്ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന സംവിധായകൻ അമ്പിളി സിനിമാരംഗത്തെ 22 വർഷത്തെ ഇടവേളയ്ക്കുശേഷം പുതിയ സിനിമയുമായെത്തുന്നു. അമ്പിളി തിരക്കഥയും സംവിധാനവും കലാസംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയുടെ സ്വിച്ച്‌ ഓൺ തൃശ്ശൂരിൽ നടന്നു. അമ്പിളി ആർട്സ് അക്കാദമിയുടെ ബാനറിൽ ശിവദാസൻ വടക്കേപ്പുരയ്ക്കൽ നിർമിക്കുന്ന സിനിമയുടെ പേര് ‘സ്വാമിയും വർക്കിയും’ എന്നാണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണും നടന്നത് തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ ഞായറാഴ്ചയായിരുന്നു.

To advertise here,

സ്വിച്ച് ഓൺ ചടങ്ങിൽ ബാബു നമ്പൂതിരി, ടി.ജി. രവി, അശോകൻ, കുഴൽമന്ദം രാമകൃഷ്ണൻ, ഇന്ദുലേഖാ വാര്യർ തുടങ്ങിയവർ പങ്കെടുത്തു. 40 വർഷങ്ങൾക്കുശേഷം മേനകയും ബാബു നമ്പൂതിരിയും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. ടി.ജി. രവി, അശോകൻ, നിയാസ് അബൂബക്കർ, ജയരാജ്‌ വാര്യർ, ശ്രീമൂലനഗരം പൊന്നൻ എന്നിവർക്കൊപ്പം പുതുമുഖതാരങ്ങളായ അകുൽ വി. ദാസും അഞ്ജലിയും വേഷമിടുന്നു.‌ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം.

റഫീഖ് അഹമ്മദ്, ബാദുഷ കേച്ചേരി, കുഴൽമന്ദം രാമകൃഷ്ണൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഗാനരചയിതാക്കൾ. സംഗീതം മോഹൻ സിത്താര. നടി അപർണാ ബാലമുരളിക്കൊപ്പം നടൻ അശോകനും ഗാനം ആലപിക്കുന്നു. അഫ്സൽ, ഇന്ദുലേഖാ വാര്യർ, ശ്രീദേവി തിരുവിഴ എന്നിവരാണ് മറ്റ് ഗായകർ. ക്യാമറ പുഷ്പൻ ദിവാകരൻ, മേക്കപ്പ് പി.വി. ശങ്കർ, കോസ്റ്റ്യൂം ശങ്കരി, അസോസിയേറ്റ് ഡയറക്ടർ വാസൻ, പ്രൊഡക്ഷൻ കൺട്രോളർ സുബ്രഹ്മണ്യൻ കരിപ്പാല, ശബ്ദലേഖനം കൃഷ്ണനുണ്ണി.