പാരിസ് ചലച്ചിത്രമേളയില്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമയായി 'മ് (സൗണ്ട് ഓഫ് പെയിന്‍ )'. അഞ്ച് വിദേശ ചിത്രങ്ങളെ പിന്തളളിയാണ് അവസാന റൗണ്ടില്‍ ഈ ഇന്ത്യന്‍ ചിത്രം വിജയം കൈവരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് 'നവാഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ' 'ബെസ്റ്റ് ജൂറി അവാര്‍ഡും' ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഒപ്പം 'ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സെഷന്‍സി' ലേയ്ക്കും ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഓസ്‌കര്‍ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്ന ചിത്രം കൂടിയാണ് 'മ് ( സൗണ്ട് ഓഫ് പെയിന്‍ )'. 
 
കുറുംബ ഭാഷയില്‍ പുറത്തിറക്കിയ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫുട്ബോള്‍ താരം ഐ.എം. വിജയനാണ്. ഡോ. സോഹന്‍ റോയ് നിര്‍മിച്ച ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിജീഷ് മണിയാണ്.

തേന്‍ ശേഖരണം ഉപജീവനമാര്‍ഗ്ഗമാക്കിയ കുറുംബ വിഭാഗത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. പ്രകാശ് വാടിക്കല്‍ തിരക്കഥയും ദേശീയ അവാര്‍ഡ് ജേതാവ് ബി. ലെനിന്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ ആര്‍. മോഹന്‍, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാന്‍ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റര്‍.

Content Highlights: 'Mmmmmm' Sound of Pain wins best film awards at Paris film festival