ആന്തരിക ചോദനയെ കാറ്റില്‍ പറത്തി വരദാനമായി തനിക്ക് ലഭിച്ച സംഗീതത്തിന് ഒരു പുത്തന്‍ പരിവേഷം സൃഷ്ടിക്കുന്നതിനായി ഏറെ പ്രയത്‌നിച്ച് തന്റെ ശബ്ദ സൗകുമാര്യത്തില്‍ നിലവാരം കണ്ടെത്തിയ അഹം ബോധമില്ലാത്ത പ്രതിഭാധനനായ ഗായകന്‍ തന്റെ സംഗീത സപര്യയുടെ നീണ്ട നാല്‍പ്പത്തി രണ്ട് വര്‍ഷം പിന്നിടുന്ന ആനന്ദ വേളയിലാണ്. ഇത് മേധാവിത്വത്തോടെ വ്യത്യസ്ത മാര്‍ന്ന ശബ്ദം സമ്മാനിച്ച പ്രിയ ഗായകനോടൊപ്പം ആരാധകരില്‍ ഒരാളായ ഈ ഞാനും ഈ അസുലഭ നിമിഷത്തില്‍ പങ്ക് ചേരുന്നു.

To advertise here,

നാലര പതിറ്റാണ്ടുകള്‍ക്കപ്പുറം ഉണ്ണിമേനോന്‍ എന്ന കൗമാരക്കാരന്‍ സംഗീതമെന്ന തന്റെ ചെറിയ സ്വപ്നവുമായി മദിരാശിയിലേക്ക് മറ്റൊരു ജോലിയുമായി എത്തുകയായിരുന്നു. സ്വപ്നം ചെറുതാണെങ്കിലും ഭാവനയും കാമനയും വലുതാണല്ലോ.

തന്റെ ഒഴിവ് സമയങ്ങളില്‍ മദിരാശിയിലെ റിക്കോര്‍ഡിംഗ് സ്റ്റുഡിയോകളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഉണ്ണി മേനോന്‍. ആ സ്വപ്നം ഒരിക്കല്‍ സാക്ഷാത്ക്കരിക്കപ്പെട്ടു. കെ.ജെ.യേശുദാസിന് വേണ്ടി നിരവധി ഗാനങ്ങളുടെ ട്രാക്ക് പാടിയ ഉണ്ണി മേനോന്‍ എന്ന പ്രതിഭയെ തിരിച്ചറിഞ്ഞത് ബി.എ.ചിദംബരനാഥ് എന്ന മഹാ സംഗീതജ്ഞന്‍ ആയിരുന്നു.

1981 ല്‍ റിലീസ് ചെയ്ത അമൃതും തേനും എന്ന തമിഴ് ചിത്രത്തില്‍ ചിദംബരനാഥ് മാഷിന്റെ മനോഹരമായ ഈണത്തില്‍ ഉണ്ണി മേനോന്റെ ശ്രുതി മധുരമായ ശബ്ദം ഏറെ ചാരുതയേകി. ആ ശ്രുതി മധുരമായ ശബ്ദം മറ്റ് ഭാഷക്കാരാണ് ആദ്യം കൊണ്ടാടിയതും ആസ്വദിച്ചുതും.

തമിഴ്, തെലുഗ്, ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച മലയാളി ഗായകന്‍ ഒരു പക്ഷെ ഉണ്ണി മേനോന്‍ തന്നെ ആയിരിക്കും. എങ്കിലും തന്റെ മാതൃഭാഷയായ മലയാളത്തില്‍ ഗാനങ്ങള്‍ ആലപിക്കണമെന്ന് അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു.

യേശുദാസിന് വേണ്ടി അദ്ദേഹം കടത്ത് എന്ന സിനിമയ്ക്ക് വേണ്ടി ട്രാക്ക് പാടിയത് കേട്ടപ്പോള്‍ അക്കാലത്തെ ഹിറ്റ് മേക്കര്‍ സംഗീത സംവിധായകന്‍ ശ്യാം ഒന്നുറപ്പിച്ചു. ഈ കലാകാരന്‍ പ്രതിഭയുള്ളവനാണ്. തുടര്‍ന്ന് അദ്ദേഹം ഉണ്ണി മേനോന് ആ സിനിമയിലെ മൂന്ന് ഗാനങ്ങള്‍ സമ്മാനിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ മുന്നേറ്റം എന്ന സിനിമയിലാണ് ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായി അദ്ദേഹത്തിന്റെ പേര് വരുന്നത്. വളകിലുക്കം ഒരു വള കിലുക്കം എന്ന ആ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു.

പുന്നാര പൂന്തിങ്കളേ, ഓളങ്ങള്‍ താലം തല്ലുമ്പോള്‍, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ശ്യാം-ഉണ്ണി മേനോന്‍ ജോഡികളിലൂടെ പിറന്നു.

വാനില്‍ പായും, തുടങ്ങി രവീന്ദ്ര സംഗീതത്തിന്റെയും എന്റെ കഥ ഇത് നിന്റെ കഥ, കണ്ണില്ലാത്തതെല്ലാം, ഏതോ ജന്മ കല്‍പ്പനയില്‍ തുടങ്ങി ചില ജോണ്‍സണ്‍ മാഷ് മാജിക്കുകളുടെ ഭാഗവത്താകുവാനും പ്രിയ ഗായകന് കഴിഞ്ഞു.

എം.എസ്.വിശ്വനാഥന്‍ എന്ന പ്രതിഭാധനനോടൊപ്പവും ശങ്കര്‍ ഗണേഷ്, കെ.ജെ.ജോയ്, ബേണി ഇഗ്‌നേഷ്യസ് എന്ന് വേണ്ട പഴയതും പുതിയതുമായ നിരവധി പ്രതിഭാധനരായ സംഗീത സംവിധായകര്‍ക്കൊപ്പം ഉണ്ണി മേനോന്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ആരാധകര്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആ വലിയ കാര്യം ഇന്നും മലയാളി സംഗീതാസ്വാദകരുടെ ഹൃദയത്തിലുണ്ട്.

1991 ല്‍ ലോക സംഗീതത്തിലെ മെഗാസാര്‍ട്ടായ ഇന്ത്യയുടെ അഭിമാനമായ എ.ആര്‍ റഹ്‌മാന്‍ ഉണ്ണി മേനോന്‍ എന്ന ഈ മഹാ പ്രതിഭയുടെ ആ മാധുര്യമേറിയ ശബ്ദത്തെ തേടിയെത്തി റോജ എന്ന തന്റെ എക്കാലത്തെയും കലാമൂല്യമുള്ള സിനിമയുടെ സംഗീതത്തിന് നിറം പകരാനായി.

ഒരു പുതുശ്വാസമായ ചിന്ന ചിന്ന ആസയോടൊപ്പം അതിന് ചാരുതയേകാന്‍ പുതു വെള്ളൈ മഴൈ എന്ന എക്കാലത്തെയും ഹൃദയഹാരിയായ ഗാനവുമായി റഹ്‌മാന്‍ ഉണ്ണിമേനോന്‍ ജോഡി ഏകദേശം ഇരുപത്തിയഞ്ചോളം ഗാനങ്ങള്‍ സമ്മാനിച്ച് സംഗീതാസ്വാദകരെ ആസ്വാദനത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയായിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം ഉണ്ണിമേനോന്‍ എന്ന ഗായകന്റെ അതി ശക്തമായ തിരിച്ചു വരവായിരുന്നു ഇത്. ഈ ജോഡികളുടെ കാതലര്‍ദിനം, റിഥം, കര്‍ത്തമ്മ, മിന്‍സാര കനവ്, പുതിയ മുഖം, തിരുടാ തിരുടാ, റോമിയോ, തുടങ്ങി നിലവാരമുള്ള സിനിമകളിലെ ഈ ജോഡികളുടെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

ഇസമുള്ള ഗാനങ്ങളുടെ വ്യക്താവായ ഇളയ രാജയോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിച്ച   ഉണ്ണിമേനോന്‍ ആലപിച്ച എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആയിരുന്നു. ഇതില്‍ വര്‍ഷമെല്ലാം വസന്തം,എങ്കെ എന്റെ വെണ്ണിലാ എന്നീ ഗാനങ്ങള്‍ക്ക് തമിഴ്‌നാട് ഗവണ്‍മെന്റിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും ഉണ്ണി മേനോനെ തേടിയെത്തി.

ചുടുലമായ സംഗീതത്തിന്റെ ഉടമ ദേവയുടെയും വിദ്യാ സാഗറിന്റേയും എസ്,എ, രാജ്കുമാര്‍, മണിശങ്കര്‍,സിര്‍പ്പി, ആദിത്യന്‍ എന്ന് വേണ്ട മലയാളം തമിഴ്, തെളുങ്കു തുടങ്ങി സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ എല്ലാ സംഗീത ജീനിയസ്സുകളോടൊപ്പം നിരവധി ഹിറ്റുകള്‍ നല്‍കി അഞ്ഞൂറില്‍ പരം ഗാനങ്ങള്‍ ഇതര ഭാഷകളില്‍ ഹൃദയസ്പര്‍ശത്തോടെ ആലപിക്കുവാന്‍ ഈ അനുഗ്രഹീത ഗായകന് കഴിഞ്ഞു.

2003 ല്‍ ശരത്തിന്റെ സ്ഥിതി സിനിമയില്‍ ഒരു പനിനീര്‍ പൂവിറുത്ത് ഞാന്‍ ഓമലേ എന്ന ഗാനത്തിന് ഉണ്ണിമേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ചലച്ചിത്ര മേഖലയിലെ ഏറെ പ്രശസ്തരായ പഴയതും നവാഗതരായ ഗായികമാര്‍ക്കൊപ്പം ഡ്യൂയറ്റ് കൂടുതലായി ആലപിച്ചിട്ടുള്ള അപൂര്‍വം ഗായകരില്‍ ഒരാളാണ് ഉണ്ണിമേനോന്‍.

തന്റെ സംഗീത സപര്യയില്‍ നീണ്ട 42 വര്‍ഷം പിന്നിടുന്ന ഈ മഹാ കലാകാരന് ഹൃദയത്തിന്റെ അകത്തളത്തില്‍ നിന്നും എല്ലാ ആശംസകളും നേരുന്നു.

ഇനിയും അനേക വര്‍ഷം വരദാനമായി ലഭിച്ച ആ മാധുര്യമേറിയ ശബ്ദത്തിലൂടെ നിരവധി ഹിറ്റു ഗാനങ്ങള്‍ പിറക്കട്ടെ എന്ന് ഒരിക്കല്‍ കൂടി ആശംസിച്ചു കൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.

''ഓംകാരം ശംഖില്‍ ചേരുമ്പോള്‍...''

വെറുതെ ഒരു ഭാര്യ എന്ന സിനിമയിലെ ഈ ഗാനം പ്രിയ ഗായകനായി ഈ വേളയില്‍ വെറുതെ ഒന്ന് മൂളുന്നു.