ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) മുൻ ചെയർമാൻ ലളിത് മോദി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ട് 16 വർഷങ്ങൾക്ക് ശേഷമാണ് ലളിത് മോദി ബ്രിട്ടീഷ് പൗരത്വം നേടിയത്. ഓക്സ്ഫോർഡ് യൂണിയനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 15-നാണ് ഔദ്യോഗികമായി പൗരത്വം ലഭിച്ചതെന്നും യുകെയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

To advertise here,

വർഷങ്ങളായി തന്റെ വീടായ യുകെയിലെ ജനങ്ങളോടും ഭരണഘടനയോടും മൂല്യങ്ങളോടും വലിയ ആദരവുണ്ടെന്നും ബ്രിട്ടീഷ് പൗരത്വം അഭിമാനത്തോടെയും ഉത്തരവാദിത്വത്തോടെയുമാണ് സ്വീകരിക്കുന്നതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ ലളിത് മോദി വ്യക്തമാക്കി.

2010-ൽ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) ഐ.പി.എൽ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടർന്നാണ് ലളിത് മോദി ഇന്ത്യ വിട്ടത്. തലപ്പത്ത് ഇരുന്ന കാലയളവിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും വിദേശനാണ്യ വിനിമയ ചട്ടമായ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും ഇന്ത്യൻ അധികൃതർ തുടരുന്നുണ്ട്.

അതേസമയം, നിയമനടപടികളിൽനിന്ന് ഒളിച്ചോടിയ ആളാണ് താനെന്ന വാദം ലളിത് മോദി തള്ളിയിട്ടുണ്ട്. തനിക്കെതിരെ ഒരു കോടതിയിലും കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം അന്വേഷണം നടത്തിയിട്ടും തനിക്കെതിരെ കൃത്യമായ കേസ് രജിസ്റ്റർ ചെയ്യാനോ വിചാരണ നടപടികളിലേക്ക് കടക്കാനോ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.