
ചെന്നൈയിലെ നസീർ അങ്കിളിന്റെ അന്നത്തെ ആ വീട് ഇന്ന് അവിടെ ഇല്ലെങ്കിലും ആ വരാന്തയിൽ ഇപ്പോഴും ഗന്ധർവഗാനങ്ങളുടെ അലയൊലികൾ മായാതെ കിടപ്പുണ്ട്. അന്നാ വീട്ടിൽ അച്ഛനുവേണ്ടി മാത്രം ഒരു മുറി ഉണ്ടായിരുന്നു. ചെന്നൈ പ്രസിഡൻസി കോളേജിൽ അച്ഛൻ (ചിറയിൻകീഴ് രാമകൃഷ്ണൻ നായർ) പഠിപ്പിക്കാൻ പോയിരുന്നത് നസീർ അങ്കിളിന്റെ വീട്ടിൽ നിന്നായിരുന്നു. പിന്നീട് കുറെ നാൾ കഴിഞ്ഞ് കോളേജിന്റെ അടുത്തുള്ള കെ.കെ. നഗർ ഫ്ളാറ്റിലേക്ക് അച്ഛൻ മാറിയെങ്കിലും, എല്ലാ അവധി ദിവസങ്ങളിലും അച്ഛൻ നസീർ അങ്കിളിന്റെ വീട്ടിൽ തന്നെയുണ്ടാകും.
നസീർ അങ്കിളിന് വരുന്ന കത്തുകൾ എല്ലാം വായിച്ച് അതിനുള്ള മറുപടി കൊടുക്കുന്നതും അച്ഛൻ തന്നെയായിരുന്നു. അങ്കിളിന് ഒട്ടും സമയമില്ലല്ലോ! സഹായം അഭ്യർഥിച്ചുകൊണ്ടുള്ള കത്തുകളാവട്ടെ, അല്ലെങ്കിൽ മക്കളുടെ പഠനത്തിനുള്ള പണം അയക്കാനുള്ളവയാവട്ടെ, ഇതൊക്കെ അങ്കിളിന്റെ അറിവോടെയാണ് അച്ഛൻ ചെയ്തിരുന്നത്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീർ അങ്കിളും അദ്ദേഹത്തിന്റെ പ്രിയപുത്രൻ ഷാനവാസും ഒപ്പം മദ്രാസിന്റെ സിനിമാക്കാറ്റും ഇടകലർന്ന ആ കാലം അച്ഛന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ നാൾവഴിയിലെ തിളക്കമുള്ള ഒരു ഏടാണ്.
അന്നുമിന്നും സിനിമകൾ നിരവധി ഇറങ്ങുന്നുണ്ട്. കാലത്തെ അതിജീവിച്ച് മനുഷ്യഹൃദയങ്ങളിൽ നിത്യമായി വാഴുന്ന പാട്ടുകൾ കുറവാണ് എക്കാലത്തും. 'കോരിത്തരിച്ച നാൾ' എന്ന ചിത്രത്തിലെ ആ ഒരു ഗാനം ഷാനവാസിന്റെ കരിയറിലെ മായാത്ത മുദ്രയായി മാറി. എം.കെ. അർജുനൻ മാഷിന്റെ മാസ്മരിക സംഗീതത്തിൽ യേശുദാസിന്റെ ശബ്ദത്തിൽ പിറന്ന ആ വരികൾ:
അച്ഛൻ എഴുതിയ ആ വരികൾ കേട്ട് കോരിത്തരിച്ചുപോയ നിമിഷങ്ങളെക്കുറിച്ച് ഷാനവാസ് എപ്പോഴും പറയുമായിരുന്നു. 'രാമകൃഷ്ണൻ സാർ എഴുതിയ ഗാനങ്ങളിൽ ഏറ്റവും നല്ല ഗാനം വെള്ളിത്തിരയിൽ അഭിനയിച്ച് അവതരിപ്പിക്കാനുള്ള അവസരം ഒരൊറ്റ സിനിമ കൊണ്ട് എനിക്ക് പറ്റി', എന്ന് ഷാനവാസ് അഭിമാനത്തോടെ ഓർക്കാറുണ്ട്. അന്ന് നസീർ അങ്കിൾ ഇതൊക്കെ കേട്ടിരുന്ന് പുഞ്ചിരിക്കുമായിരുന്നു. എന്നിട്ട് തിരിച്ച് തമാശയായി പറയും: 'മോനെ ഷാനു, ഡാഡിയും രാമകൃഷ്ണൻ നായരുടെ നല്ല വരികൾ പാടി അഭിനയിച്ചിട്ടുണ്ട് കേട്ടോ!'.
ഷാനുച്ചേട്ടൻ എന്ന് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന ആ മനുഷ്യനുമായുള്ള ബന്ധം ഫോൺ കോളുകളിൽ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. കുട്ടിക്കാലത്ത് വെക്കേഷൻ സമയങ്ങളിൽ ഞങ്ങൾ അച്ഛന്റെ അടുത്ത് ചെന്നൈയിൽ പോകുമായിരുന്നു. കുട്ടിഫ്രോക്കുമിട്ട് നടക്കുന്ന എന്നോട് ഷാനു ചേട്ടൻ വാത്സല്യത്തോടെ സംസാരിക്കും. അന്ന് അദ്ദേഹം എം.എയ്ക്ക് പഠിക്കുന്ന കാലമോ അതോ കോളേജ് പഠനം കഴിഞ്ഞു നിൽക്കുന്ന സമയമോ ആണ്. എങ്കിലും വെറുതെ കൊഞ്ചിച്ചുകൊണ്ട് ഓരോ കാര്യങ്ങൾ ചോദിക്കുന്ന ആ സ്നേഹം ഇന്നും മനസ്സിലുണ്ട്.
പിന്നീട് കാലങ്ങൾ കഴിഞ്ഞുപോയി. ഷാനു ചേട്ടനുമായുള്ള ആത്മബന്ധം ഫോൺ കോളുകളിലൂടെയും തുടർന്നു. മരണം അടുക്കുന്ന ആ സമയം വരെയും ഞങ്ങൾ സിനിമയുടെ പഴയകാല കഥകളും സൗഹൃദങ്ങളും പങ്കുവെച്ചുകൊണ്ട് സംസാരിക്കാറുണ്ടായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് നാലിനായിരുന്നു ആ പ്രിയപ്പെട്ട മനുഷ്യൻ നമ്മെ വിട്ടുപിരിഞ്ഞുപോയത്.
ഏഴിലം പാലത്തണലിൽ എന്ന പാട്ടിന്റെ ചിത്രീകരണം നടക്കുന്നത് ഒരു വലിയ കോൺക്രീറ്റ് വീടിന്റെ പുറത്തുള്ള ഉദ്യാനത്തിലാണ്. ആ വീടായിരുന്നു സിനിമയിൽ സോമന്റെ വീട്. അന്ന് അവിടെ സോമന്റെയും ജ്യോതിയുടെയും വിവാഹ വാർഷികാഘോഷം നടക്കുകയാണ്. ബന്ധുക്കളുടെയും അവരുടെ കൂട്ടുകാരുടെയും ഒക്കെ വലിയ ബഹളവും ആരവവും നിറഞ്ഞ ഒരു ആർഭാടമായ ചടങ്ങ്. ആ രംഗം ആരംഭിക്കുമ്പോൾ അവിടെയാണ് കഥയുടെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം പിറക്കുന്നത്. സോമനും ജ്യോതിയും വിവാഹ വാർഷികത്തിന്റെ സന്തോഷത്തിൽ അതിഥികൾക്ക് നടുവിൽ നിൽക്കുന്നു. എല്ലാവരും ആ സന്തോഷത്തിൽ പങ്കുചേരുമ്പോൾ, ആ വലിയ വീടിന്റെ ആർഭാടങ്ങളുടെ നടുവിലേക്ക് കൈയിൽ ട്രേയുമായി കടന്നു വരുന്ന ഷാനവാസ്. അദ്ദേഹം ആ വീട്ടിലെ ഡ്രൈവറുടെ വേഷത്തിലാണ്. തന്റെ ജീവനേക്കാൾ അധികം സ്നേഹിച്ച പെൺകുട്ടി മറ്റൊരുത്തന്റെ ഭാര്യയായി വാഴുന്ന ആ വലിയ വീട്ടിൽ നിസ്സഹായനായി വന്നുപെട്ട കാമുകൻ.
പെട്ടെന്ന് ഗാനം ആരംഭിക്കുകയാണ്. എം.കെ. അർജുനൻ മാഷിന്റെ മാസ്മരിക ഈണത്തിൽ ദാസേട്ടൻ ആലപിച്ച ഗാനം ആ വലിയ വീടിന്റെ അന്തരീക്ഷത്തിൽ അലയടിക്കുന്നു:
'ഏഴിലം പാലത്തണലിൽ ഏഴഴകുള്ള രഥത്തിൽ
എഴുന്നള്ളി വന്നൊരു ഗന്ധർവ്വകന്യയെ എതിരെ കണ്ടു ഞാൻ
പണ്ട് എതിരെ കണ്ടു ഞാൻ...'
സോമൻ ജ്യോതിയുടെ കൈയിൽ പിടിച്ച് ആ പാട്ടിന്റെ ഈണത്തിനൊത്ത് പുഞ്ചിരിയോടെ നിൽക്കുമ്പോൾ, ജ്യോതിയുടെ കണ്ണുകളിൽ ഒരേസമയം സന്തോഷവും വല്ലാത്തൊരു നൊമ്പരവും മിന്നിമറയുന്നുണ്ട്. ആ പാട്ട് യഥാർഥത്തിൽ അവൾക്ക് വേണ്ടിയുള്ളതാണ്. പക്ഷേ, പാടുന്നത് കാമുകനായ ഷാനവാസും. എന്നാൽ, ആ വരികളുടെ അർഥം അറിയാവുന്ന, ആ സ്നേഹം മുഴുവൻ സ്വന്തമായിരുന്ന ഒരാളായിരുന്നു സോമന്റെ ഭാര്യ ജ്യോതി.
'പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പോലും
പങ്കിലമാക്കരുതായിരുന്നു...'- കേൾക്കുമ്പോൾ കഥാപാത്രമായ ഷാനവാസിന്റെ നെഞ്ചിന്റെ ഉള്ളു നീറുന്നുണ്ടാകും. ഒരുമിച്ച് ശരീരം പങ്കിട്ട അതിൽ തനിക്ക് ഉണ്ടായ കുഞ്ഞിനെ ഒരു ലേഡി ഡോക്ടറിനെ കണ്ടു ഗർഭഛിദ്രം ചെയ്ത് നഷ്ടപ്പെടുത്തി. ആ ഡോക്ടർ അവരുടെ അനിയനെ കൊണ്ട് ജ്യോതിയെ കല്യാണം കഴിപ്പിക്കുന്നു. പക്ഷേ, ഷാനവാസിന്റെയും ജ്യോതിയുടെയും ഈ വേർപിരിയൽ മനഃപൂർവമായിരുന്നില്ല.
താൻ നഷ്ടപ്പെടുത്തിയ, അല്ലെങ്കിൽ വിധി തട്ടിയെടുത്ത തന്റെ പ്രണയം മറ്റൊരുത്തന്റെ സ്വന്തമായി നിൽക്കുന്നത് അദ്ദേഹം നോക്കിനിൽക്കുകയാണ്. ആ വലിയ വീടിന്റെ മുന്നിൽ, ക്യാമറ ഷാനവാസിന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്യുമ്പോൾ, ആ കണ്ണുകളിൽ നിറയുന്ന കണ്ണീരും, കടിച്ചമർത്തുന്ന ചുണ്ടുകളിലെ സങ്കടവും കാണികളെ കരയിപ്പിക്കുന്ന ഒന്നായിരുന്നു. ഷാനു ചേട്ടൻ ഈ രംഗം അഭിനയിച്ചപ്പോൾ യഥാർഥത്തിൽ കരഞ്ഞു പോയിരുന്നു. ആരായാലും കരഞ്ഞു പോകുമെന്ന് അന്ന് ഷാനു ചേട്ടൻ പറഞ്ഞിരുന്നു. അങ്ങനെ ആയിരുന്നു ആ സിനിമയിൽ അവരുടെ പ്രണയം.
അച്ഛൻ എഴുതിയ ആ വരികൾക്ക് ഷാനവാസ് ഭാവം കൊടുത്തപ്പോൾ, അതൊരു നല്ല ഓർമയായി മാറുകയായിരുന്നു. ആ ഷൂട്ടിങ് ലൊക്കേഷന്റെ ഓർമകളും ആ പാട്ടിന്റെ വരികൾ ഷാനവാസ് എന്നോട് ഫോണിലിരുന്ന് പറഞ്ഞ ആ നിമിഷങ്ങളും എന്റെ ഭാവനയിൽ എപ്പോഴും ഒരു ചലച്ചിത്രമായി കൺമുന്നിൽ തെളിഞ്ഞുനിൽപ്പുണ്ട്.
ചെന്നൈയിലെ ആ വീട്ടിലെ ഊൺമേശ ഒരു വലിയ കുടുംബസംഗമം പോലെയായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് നസീർ അങ്കിളിന് നിർബന്ധമായിരുന്നു. അതിനൊരു പ്രത്യേക ചന്തവും ഉണ്ടായിരുന്നു. ഹബീബ ആന്റി എപ്പോഴും (ഷാനവാസിന്റെ അമ്മ) അങ്കിൾ കഴിച്ചതിന് ശേഷമേ കഴിക്കൂ. ആ പഴയ തലമുറയുടെ സ്നേഹവും ആദരവും അതായിരുന്നു. ഷാനവാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ അയിഷ ചേച്ചിയാണ്. എത്ര പാവം, എത്ര നല്ല സ്വഭാവം! ഷാനവാസ് വിവാഹം കഴിച്ചതു സ്വന്തം മുറപ്പെണ്ണിനെ തന്നെയായിരുന്നു. ഷാനുച്ചേട്ടന് രണ്ട് ആൺമക്കൾ. അജിത് ഖാൻ, ഷമീർ ഖാൻ. അവർക്കൊപ്പം മരുമകളായി വന്നെങ്കിലും മകൾ തന്നെയായിരുന്നു ഹനയും. ലൈല, റസിയ റീത്ത എന്നിവർ സഹോദരിമാരാണ്. ചേച്ചിമാരുമായി നല്ല അടുപ്പത്തിലായിരുന്നു ഞങ്ങളും.
ഷാനു ചേട്ടൻ ഞങ്ങളുടെ എറണാകുളം വീട്ടിലും ഇടയ്ക്കു വന്നു താമസിച്ചിട്ടുണ്ട്. അന്ന് ഷാനു ചേട്ടൻ എന്റെ ഭർത്താവായ രാജീവിനോട് പറയുമായിരുന്നു: 'ഞാൻ കാണുന്ന സമയത്ത് കുട്ടി ഫ്രോക്ക് ഇട്ട് രാമകൃഷ്ണൻ സാറിന്റെ കൈവിരൽത്തുമ്പിൽ പിടിച്ചു നടക്കുന്ന കുസൃതിക്കുട്ടി ആയിരുന്നു ഇവൾ; ഇപ്പോൾ അവളൊരു സുന്ദരിപ്പെണ്ണും രണ്ടു മക്കളുടെ അമ്മയുമായി. കാലം എത്ര വേഗത്തിലാണ് പോകുന്നത് അല്ലേ രാജീവ്.' അന്നൊക്കെ ഷാനുചേട്ടൻ എന്റെ മക്കളുമായി നല്ല കമ്പനിയായിരുന്നു. രാത്രികളിൽ അവരോടൊപ്പമാണ് അദ്ദേഹം കിടക്കുന്നത്. നടുവിൽ ഷാനുച്ചേട്ടനും ഇരുവശങ്ങളിലായി എന്റെ മക്കളായ കണ്ണനും കിച്ചുവും. മക്കൾക്കും ഷാനു അങ്കിളിനെ ഒത്തിരി ഇഷ്ടമായിരുന്നു. അവരും ഷാനു ചേട്ടനും ഒന്നിച്ചു ഗെയിമുകൾ കളിക്കും; ഞങ്ങൾ എല്ലാവരും ചേർന്ന് കാരംബോർഡും കളിച്ചിരുന്ന ആ പഴയ സന്ധ്യകൾ എന്തുമാത്രം മനോഹരമായിരുന്നു!
ഓർമകളുടെ ക്യാൻവാസിൽ മൂന്ന് പ്രമുഖ വ്യക്തികൾ ഒന്നിച്ചുനിൽക്കുന്നു-എന്റെ അച്ഛൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ, മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീർ അങ്കിൾ, അദ്ദേഹത്തിന്റെ പ്രിയപുത്രൻ ഷാനവാസ്.
ഇന്നും ചില സമയങ്ങളിൽ നസീർ അങ്കിളിന്റെ വീടിന്റെ പൂമുഖ വരാന്തയിലൂടെ അദ്ദേഹം വെറുതെ ഉലാത്തുന്നത് എന്റെ മനസ്സിൽ തെളിയാറുണ്ട്. അച്ഛൻ എഴുതിയ പാട്ടുകൾ നസീർ അങ്കിളുമായി ചർച്ച ചെയ്യുന്നതും, ഒരു നിശബ്ദനായ കേൾവിക്കാരനായി ഷാനവാസ് അതിൽ പങ്കുകൊണ്ടതുമായ എത്രയോ മനോഹരമായ കഥകൾ ജ്യേഷ്ഠതുല്യനായ ഷാനുച്ചേട്ടൻ എന്നോട് സ്നേഹത്തോടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഇതൊക്കെ ഒരു വലിയ സിനിമാക്കഥ പോലെ എന്റെ ഹൃദയത്തിൽ എന്നും പച്ചപിടിച്ചു കിടക്കുന്നു.
(ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ മകളാണ് ലേഖിക)
Content Highlights: Sindhu Rajeev, daughter of renowned lyricist Chirayinkeezhu Ramakrishnan Nair, reminisces about her family's deep-rooted bond with legendary actor Prem Nazir and his family in Chennai. She recalls how her father stayed at Prem Nazir's residence, managing his personal correspondence while writing timeless Malayalam hit songs. She highlights the emotional background of the iconic song 'Ezhilam Pala Thanalil' from the film 'Koritharcha Naal', written by her father and performed by Nazir's son, actor Shanavas. Shanavas had personally shared with her how he genuinely broke down into tears while emoting the heartbreak of that song during its shoot. Reflecting on their lifelong friendship, Sindhu fondly remembers Shanavas's warm visits to their Ernakulam home and his close connection with her children before his passing last August.
Published: 05 Aug 2026, 01:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented