ടക്കാതെ പോയ മോഹങ്ങൾ പലതുണ്ട് ഈ കൊച്ചു ജീവിതത്തിൽ; എംഎസ് സുബ്ബുലക്ഷ്മിയുമായുള്ള കൂടിക്കാഴ്ച്ച പോലെ.

To advertise here,

എംഎസ് അമ്മയുടെ ഭജഗോവിന്ദത്തോടൊപ്പം ദിവസവും ഉണർന്നെണീറ്റ കാലമുണ്ടായിരുന്നു. അമ്മമ്മയുടെ കൊച്ചു ടേപ്പ് റെക്കോർഡറിൽ നിന്ന് എംഎസ്സിന്റെ സ്വർഗീയനാദധാര ഒഴുകിയെത്തി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുമ്പോൾ ആ സ്വരശലഭങ്ങൾക്കൊപ്പം ഏതോ അഭൗമ തലങ്ങളിലൂടെ സഞ്ചരിക്കും മനസ്സ്. ഭക്തിയേക്കാൾ ആലാപനത്തിലെ ആത്മവിസ്മൃതിയുടെ ഇന്ദ്രജാലമാണ് അന്നേ മനസ്സിനെ തൊട്ടത്. സി രാജഗോപാലാചാരിയുടെ ഹൃദ്യമായ അവതരണം, അതിനു പിറകെ ഭജഗോവിന്ദം. അത് കഴിഞ്ഞു ഭാവയാമി രഘുരാമം, പിന്നെ കാട്രിനിലെ വരും ഗീതം, ഭാവയാമി ഗോപാലബാലം. ഏറ്റവുമൊടുവിൽ യാത്രാമൊഴി പോലെ കുറൈ ഒൻട്‌റും ഇല്ലൈ മറൈമൂർത്തിക്കണ്ണാ.... കാസറ്റിലെ ഗാനങ്ങളോരോന്നുമുണ്ട് ഇന്നും ഓർമ്മയിൽ.

തമിഴറിയില്ല അന്ന്. എങ്കിലും കുറൈ ഒൻട്രുമില്ലൈ എന്ന വരിയുടെ അർത്ഥം വിഷമങ്ങളും പരിഭവങ്ങളുമൊന്നുമില്ല എന്നാണെന്ന തോന്നലുണ്ട് ഉപബോധമനസ്സിൽ. എംഎസ്സിന്റെ ആലാപനത്തിൽ സ്വാഭാവികമായി വന്നു നിറയുന്ന ഭാവം പകർന്നുതന്ന സൂചനയാവാം. പാട്ട് കേട്ടുകൊണ്ട് അലസമായി കിടക്കവേ, പരാതികളും പരിഭവങ്ങളുമില്ലാതെ ജീവിതം ജീവിച്ചുതീർക്കാൻ കഴിയുമോ എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ട് വെറുതെ. പകയും പരിദേവനങ്ങളും കുറ്റബോധവും വേദനകളും ഒന്നും ബാക്കിവെക്കാതെ ഒരു യാത്രാമൊഴി. എത്ര ഉദാത്തമാണ് ആ സങ്കല്പം. സ്വന്തം ജീവിതം കൊണ്ട് അത് യാഥാർഥ്യമാക്കിയ വ്യക്തിയാണ് രാജാജി. എംഎസ്സും അങ്ങനെ തന്നെ. ഇരുവരുടേയും ആത്മഗീതം തന്നെയാണ് ഈ ഗാനം.

'കുറൈ ഒൻട്രുമില്ലൈ' ഒരിക്കലെങ്കിലും കേൾക്കാത്ത, മൂളാത്ത ദിനങ്ങൾ അപൂർവമാണ് ജീവിതത്തിൽ. പതിറ്റാണ്ടുകളായി തുടരുന്ന പതിവ്. ചിലപ്പോൾ കാലത്തെഴുന്നേറ്റയുടനാകും. അല്ലെങ്കിൽ അകാരണമായ ഉത്കണ്ഠകളാൽ, ആശങ്കകളാൽ മനസ്സ് വേവലാതിപ്പെടുന്ന ഘട്ടങ്ങളിൽ. രാജാജിയുടെ ലളിതസുന്ദരമായ വരികളിലൂടെ, ശിവരഞ്ജനിയും കാപിയും സിന്ധുഭൈരവിയും കോർത്തിണക്കിയ കടയനല്ലൂർ വെങ്കട്ടരാമന്റെ സംഗീതത്തിലൂടെ, എംഎസ്സിന്റെ ഭക്തിനിർഭരമായ ആലാപനത്തിലൂടെ ഒഴുകിപ്പോകവേ മറ്റെല്ലാ വ്യഥകളും മറന്നുപോകാറുണ്ട് ; നൈമിഷികമായെങ്കിലും.

Also Read: എം.എസ്. സുബ്ബുലക്ഷ്മിയാവാൻ രശ്മിക മന്ദാന; ഈണം അനിരുദ്ധ് രവിചന്ദർ

സാധാരണ ഭക്തിഗാനമല്ല അത്. മനഃശാന്തിയ്ക്കോ മോഹസാഫല്യങ്ങൾക്കോ സൗഭാഗ്യങ്ങൾക്കോ വേണ്ടിയുള്ള പ്രാർത്ഥനയുമല്ല. അങ്ങേയറ്റം വിനീതമായ ഒരു നന്ദിപ്രകടനം മാത്രം-ജീവിതത്തിന്റെ പരുക്കൻ പ്രതലങ്ങളിലൂടെ സ്‌നേഹവാത്സല്യങ്ങളോടെ കൈപിടിച്ചു നടത്തുന്നതിന്; ഒരിക്കലും മുന്നിൽ പ്രത്യക്ഷമാകാതെ തന്നെ എന്നും ഒപ്പമുണ്ടെന്ന വിശ്വാസം പകരുന്നതിന്. 'പരാതികളൊന്നുമില്ല ഭഗവാൻ' എന്ന തുറന്നുപറച്ചിലിൽ നിന്നാണ് ഗാനത്തിന്റെ തുടക്കം തന്നെ. 'കണ്ണുക്ക് തെരിയാമൽ നിക്കിൻട്രായ് കണ്ണാ, കണ്ണുക്ക് തെരിയാമൽ നിൻട്രാലും എനക്ക് കുറൈ ഒൻട്രുമില്ലൈ മറൈമൂർത്തിക്കണ്ണാ..' നഗ്‌നനേത്രങ്ങളാൽ നിന്നെ കാണാൻ കഴിയില്ലെങ്കിലും എനിക്ക് ദുഃഖമില്ല, പരാതിയില്ല...

ഓരോ വരിയിലുമുണ്ട് ഈ ഏറ്റുപറച്ചിൽ. 'തിരശ്ശീലക്ക് പിന്നിലാണ് എന്നും നീ. ജ്ഞാനികൾക്കും വിദ്വാന്മാർക്കും മാത്രമേ നിന്നെ കാണാനാകൂ. എങ്കിലും പരാതിയൊന്നുമില്ല. ഈ കലിയുഗത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠയായി മാറിയിരിക്കുന്നു നീ. എങ്കിലെന്ത്? മഹാലക്ഷ്മിയെ ആണല്ലോ നീ മാറിൽ അണിയുന്നത്. പിന്നെന്തിന് വേവലാതിപ്പെടണം ഞങ്ങൾ?' അങ്ങനെ പോകുന്നു രാജാജിയുടെ രചനയുടെ ആശയം. ഇന്നും എത്രയോ സംഗീതജ്ഞർ, തലമുറഭേദമില്ലാതെ കച്ചേരികൾക്ക് വിരാമമിടുക ഹൃദയസ്പർശിയായ ആ നന്ദിപ്രകടനത്തോടെയാണ്.

സ്വാതന്ത്ര്യ സമരനായകനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലുമൊക്കെയായ രാജാജി എഴുതിയ ചുരുക്കം ഗാനങ്ങളിലൊന്നാണ് 'കുറൈ ഒൻട്രുമില്ലൈ.' അതെഴുതാനിടയായ സാഹചര്യം രാജാജിയുടെ പൗത്രൻ ഗോപാൽകൃഷ്ണ ഗാന്ധി വിവരിക്കുന്നതിങ്ങനെ: 'പിന്നോക്ക ജാതിക്കാർക്ക് ക്ഷേത്ര പ്രവേശനം വിലക്കപ്പെട്ടിരുന്ന കാലത്ത്, 1925ൽ ഉണ്ടായ ഒരനുഭവമായിരിക്കണം രാജാജിയെ ഈ ഗാനത്തിന്റെ രചനയിലേക്ക് നയിച്ചത്. കീഴ്വഴക്കം ലംഘിച്ചുകൊണ്ട് തിരുച്ചാനൂർ അമ്പലത്തിൽ കടന്നുചെന്ന് പ്രാർഥിക്കാൻ ശ്രമിച്ച താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളെ തിരുപ്പതി സബ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനായി കണ്ട് ശിക്ഷ വിധിക്കുന്നു. ഈ നടപടിക്കെതിരെ കുറ്റാരോപിതന് വേണ്ടി സ്വമേധയാ കോടതിയിൽ ഹാജരായതും അയാൾക്ക് നീതി ഉറപ്പാക്കിയതും രാജാജിയാണ്. അദ്ദേഹത്തിന്റെ മനസ്സിനെ അത്രകണ്ട് ഉലച്ചിരിക്കണം ആ അനുഭവം. ഇഷ്ടദേവനെ ക്ഷേത്രത്തിൽ ചെന്നു കണ്ടു വണങ്ങാനുള്ള ആഗ്രഹം നിഷേധിക്കപ്പെട്ട വ്യക്തിയുടെ വേദന ഉൾക്കൊണ്ട് രാജാജി എഴുതിയ ഗാനമാണിത്.' (ദി ഹിന്ദു). വ്യക്തിജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന നഷ്ടങ്ങളും രാജാജിയുടെ രചനയെ സ്വാധീനിച്ചിരിക്കാം.

കൽക്കി മാസികയിൽ 1967ൽ അച്ചടിച്ചുവന്നതോടെയാണ് 'കുറൈ ഒൻട്രുമില്ലൈ' പ്രശസ്തമായത്. എംഎസ്സിന്റെ ആഗ്രഹപ്രകാരം രാഗമാലികയായി കടയനല്ലൂർ വെങ്കട്ടരാമൻ സ്വരപ്പെടുത്തിയ ഗാനം അധികം വൈകാതെ കച്ചേരികളിലും മുഴങ്ങിത്തുടങ്ങുന്നു. 1979ൽ പുറത്തിറങ്ങിയ ശ്രീ വെങ്കിടേശ്വര പഞ്ചരത്‌നമാലയുടെ എൽപി റെക്കോർഡിൽ ഇടം നേടിയതോടെ എംഎസ്സിന്റെ സംഗീതജീവിതത്തിൽ നിന്ന് അടർത്തിമാറ്റാൻ കഴിയാത്ത ഒന്നായി മാറി അത്.

എംഎസ്സിന് ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്നു തിരുവനന്തപുരം സ്വാതി തിരുനാൾ മ്യൂസിക് അക്കാദമിയിലെ പൂർവവിദ്യാർഥിയായ വെങ്കട്ടരാമൻ. യാദൃച്ഛികമായാണ് അദ്ദേഹം എംഎസ്സിന്റെ സംഗീതഭൂമികയിൽ കടന്നുവന്നത്. തിരുപ്പതി ദേവസ്ഥാനത്തിന്റെ നിർദ്ദേശപ്രകാരം അന്നമാചാര്യയുടെ അപൂർവ കൃതികൾക്ക് സംഗീതാവിഷ്‌കാരം നൽകാനുള്ള ചുമതല ഏറ്റെടുത്ത എംഎസ്സിനെ ആ ദൗത്യത്തിൽ സഹായിക്കാൻ വേണ്ടിയായിരുന്നു വരവ്. 'കുറൈ ഒൻട്രുമില്ലൈ'യ്ക്ക് പുറമെ 'ഭാവയാമി ഗോപാലബാലം' ഉൾപ്പെടെയുള്ള മറ്റ് നിരവധി പ്രശസ്ത കൃതികൾ ഇന്ന് കേൾക്കുന്ന ഈണത്തിൽ ചിട്ടപ്പെടുത്തിയതും വെങ്കട്ടരാമൻ തന്നെ. വെറുമൊരു ശ്രുതിപ്പെട്ടി മീട്ടിക്കൊണ്ട് 'ഭാവയാമി ഗോപാലബാല'ത്തിന്റെ ഈണം മൂളിക്കേൾപ്പിക്കുന്ന വെങ്കട്ടരാമനെ കുറിച്ച് എംഎസ് അഭിമുഖങ്ങളിൽ ആരാധനയോടെ പരാമർശിച്ചു കേട്ടിട്ടുണ്ട്. വിരൽത്തുമ്പിലായിരുന്നു അദ്ദേഹത്തിന് ഈണങ്ങൾ.

എങ്കിലും സംഗീത ജീവിതത്തിൽ നിന്ന് കാര്യമായ അംഗീകാരങ്ങൾ ഒന്നും ലഭിച്ചില്ല വെങ്കട്ടരാമന്. സമ്പാദ്യവും തുച്ഛം. അംഗപരിമിതനായ മകന്റെ പേരിൽ അനുവദിച്ചു കിട്ടിയ ചെന്നൈ സെന്റ് ഇസബെൽ ആശുപത്രിയിലെ ടെലിഫോൺ ബൂത്തിന്റെ നടത്തിപ്പുകാരനായിട്ടാണ് അവസാനനാളുകളിൽ അദ്ദേഹത്തെ കണ്ടതെന്നെഴുതുന്നു സംഗീതജ്ഞയും എഴുത്തുകാരിയുമായ ഗൗരി രാംനാരായണൻ. അതേ ആശുപത്രിയിൽ വെച്ച് തന്നെയായിരുന്നു 2004 ൽ അസാമാന്യ പ്രതിഭാശാലിയായ ഈ സംഗീതകാരന്റെ അന്ത്യവും. ചിട്ടപ്പെടുത്തി അനശ്വരമാക്കിയ പാട്ടിന്റെ വരികളിൽ പറയും പോലെ പരാതികളില്ലാതെയായിരുന്നുവോ ആ വിയോഗം? അറിയില്ല.

പരാതികളും പരിദേവനങ്ങളുമില്ലാതെ ജീവിച്ചു തീർക്കാനാകും ഈ ജീവിതം എന്ന് കാതിൽ മൊഴിഞ്ഞുകൊണ്ടിരിക്കുന്നു ഇന്നും 'കുറൈ ഒൻട്രുമില്ലൈ.' എംഎസ് സുബ്ബുലക്ഷ്മിയുടെ മഹദ്ജീവിതം സിനിമയാകുന്ന വാർത്ത വായിച്ചപ്പോൾ ആദ്യം കാതിലും മനസ്സിലും വന്നു നിറഞ്ഞത് അതേ പാട്ടിന്റെ വരികൾ തന്നെ: 'തിരൈയിൻ പിൻ നിർക്കിൻട്രായ് കണ്ണാ കണ്ണാ, മറൈയോതും ഞാനിയർ മറ്റുമേ കാൺപാർ, എൻട്രാലും കുറൈ ഒൻട്രുമെനക്കില്ലൈ കണ്ണാ....'

എംഎസ്സിനെ ഒരിക്കലെങ്കിലും നേരിൽ കാണാനായില്ലെന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്. എങ്കിലും നിരാശയില്ല. കണ്ണടച്ചു തുറക്കേണ്ട താമസം പുഞ്ചിരിയോടെ മുന്നിൽ വന്നു നിൽക്കാറുണ്ടല്ലോ ആ ഇതിഹാസഗായിക. വെള്ളിത്തിരയുടെ അതിരുകൾക്കുള്ളിൽ ഒതുക്കാനാകുമോ ആ ജീവിതം എന്നൊരു സംശയം മാത്രം.