ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥൻ  എന്ന ചിത്രത്തിലെ ആദ്യ ​ഗാനം പുറത്ത്.  നാദിർഷാ എഴുതി ഈണമിട്ട ഗാനം പാടിയതും ദിലീപാണ്. ഇരുവരും തമ്മിലെ സംഭാഷണത്തോട് കൂടിയാണ് ഗാനം ആരംഭിക്കുന്നത്. പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്.

നേരത്തെ ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ​ഗെറ്റപ്പുകളിൽ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഉർവശിയാണ് ചിത്രത്തിലെ നായിക.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പ് നിർമിക്കുന്നു. ഛായാഗ്രഹണം അനിൽ നായർ. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.

സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.കുടുംബപശ്ചാത്തലത്തിൽ നർമത്തിൽ ചാലിച്ച കഥയാണ് ചിത്രം പറയുന്നത്.

Content Highlights : Keshu Ee Veedinte Nathan Movie song by dileep and nadirshah