
ഏകാന്തതയുടെ ആഴമുണ്ടാവണം പാട്ടിലെന്ന് ബാബുരാജ്. ആഴം മാത്രം പോരാ അപാരത കൂടി വേണമെന്ന് സംവിധായകൻ വിൻസന്റ്. രണ്ടു നിർദ്ദേശങ്ങളും ഉൾക്കൊണ്ട് രേവതി സ്റ്റുഡിയോയിലെ മൈക്കിലേക്ക് കമുകറ പുരുഷോത്തമൻ ഹൃദയം തുറന്ന് പാടിയ പാട്ട് ഇന്ന് ചരിത്രം. 'നീലവെളിച്ചം' എന്ന പുതിയ ചിത്രത്തിന് വേണ്ടി ഷഹബാസ് അമൻ 'ഏകാന്തതയുടെ അപാരതീരം' പാടിക്കേട്ടപ്പോൾ ഓർമ്മവന്നത് മൂന്നു പതിറ്റാണ്ടു മുൻപ് കോഴിക്കോട് ബാങ്ക് റോഡ് ശിവപുരി കോമ്പൗണ്ടിലെ കൊച്ചു വീട്ടിലിരുന്ന് കമുകറച്ചേട്ടൻ എനിക്കും ലതയ്ക്കും വേണ്ടി ആ പാട്ട് പാടിയ നിമിഷങ്ങളാണ്. നവദമ്പതികൾക്ക് പ്രിയഗായകന്റെ വിവാഹസമ്മാനം.
"ഇന്ന് നീ വന്നെത്തിയൊരിടമോ.."എന്ന ഭാഗമെത്തിയപ്പോൾ റയോ ഡി ജനീറോയിലെ റെഡീമർ ശിൽപ്പത്തിലെ യേശുദേവനെപ്പോലെ കൈകൾ രണ്ടും വിടർത്തി കമുകറ; കണ്ണുകൾ ചിമ്മി. 'ഭാർഗ്ഗവീനിലയ'ത്തിലെ ആ പാട്ട് പാടാൻ എന്തുകൊണ്ട് കമുകറ പുരുഷോത്തമൻ എന്ന ഗായകനെ സംഗീത സംവിധായകൻ ബാബുരാജ് തിരഞ്ഞെടുത്തു എന്നതിനുള്ള ഉത്തരമായിരുന്നു ആ വരി. സിനിമയിലെ പാട്ടുരംഗത്ത് മാത്രമല്ല, വേദികളിൽ കമുകറ ആ ഗാനം പാടിക്കേൾക്കുമ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുള്ള വരിയാണത്. ബഷീർ തന്നെ എവിടെയോ എഴുതിയ പോലെ മധുരവേദനയിൽ ചാലിച്ച വരി.
കമുകറ മാത്രമല്ല, പാട്ടെഴുതിയ ഭാസ്കരൻ മാഷും ഈണമിട്ട ബാബുക്കയും ബഷീറും വിൻസന്റ് മാഷും എല്ലാമുണ്ട് ആ ഒറ്റ വരിയിൽ എന്ന് തോന്നും ചിലപ്പോൾ.. "റെക്കോർഡിംഗിനിടെ ഈ വരി പലതവണ എന്നെ പാടിച്ചിട്ടുണ്ട് ബാബു; മതിവരാതെ..." -പിന്നീടൊരിക്കൽ കമുകറ പറഞ്ഞു.
ബഷീറിലെ ദാർശനികന്റെ, സൂഫിയുടെ, സന്യാസിയുടെ, ഏകാകിയായ അവധൂതന്റെ മനസ്സിനോട് ഏറ്റവും അടുത്തുനിൽക്കുന്ന പാട്ടായിരുന്നു ഏകാന്തതയുടെ അപാരതീരം. "അറിവിൻ മുറിവുകൾ കരളിതിലേന്തി അനുഭൂതികൾ തൻ ചിറകിൽ നീന്തി, മോഹാന്ധത തീർന്നെത്തിയൊരിടമോ ഏകാന്തതയുടെ അപാരതീരം...'' അനുപദം ബഷീറിയൻ ദർശനം നിറഞ്ഞുനിൽക്കുന്ന ആ വരികൾ അവയുടെ ആത്മാവറിഞ്ഞു കൊണ്ടുതന്നെ പാടി കമുകറ. ഏകാന്തതയുടെ അപാരതീരത്തെ 'കമുകറക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഗാനം' എന്ന് ബേപ്പൂർ സുൽത്താൻ വിശേഷിപ്പിച്ചത് വെറുതെയല്ല.
'ഭാർഗ്ഗവീനിലയ'ത്തിന്റെ സ്ക്രിപ്റ്റിന്റെ മാർജിനിൽ ബഷീർ എഴുതിവച്ചിരുന്ന രണ്ടു വാക്കുകളിൽ നിന്നാണ് ആ ഗാനത്തിന്റെ പിറവി -- ഏകാന്തതയുടെ മഹാതീരം. ഭാസ്കരൻ മാഷ് പാട്ടെഴുതിത്തുടങ്ങിയതും ആ വരിയിൽ നിന്ന് തന്നെ. അപാരതീരം എന്ന് കൂടി ചേർത്താൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത് സംവിധായകൻ വിൻസൻറ്. മടിയൊന്നും കൂടാതെ ആ നിർദേശം സ്വീകരിക്കുന്നു ഭാസ്കരൻ. സംഗീതസംവിധായകൻ ബാബുരാജാകട്ടെ, ഈണം കൊണ്ട് ആ അപാരതയെ ആത്മീയ തലത്തിലേക്കുയർത്തുന്നു.
ആരുടെ ശബ്ദത്തിലാണ് പാട്ട് റെക്കോർഡ് ചെയ്യേണ്ടതെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു സംവിധായകന് -- ഇഷ്ടഗായകനായ ഹേമന്ദ് കുമാറിന്റെ. ബഷീറിനുമുണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം. "ഹേമന്ദിന്റെ ശബ്ദത്തിൽ ഒരു ഏകാകിയുടെ മനസ്സുണ്ട്. നേർത്തൊരു നൊമ്പരവും. പ്യാസയിലെ ജാനേ വോ കൈസേ പോലെ ഉദാത്തമായ ഒരു സംഗീതാനുഭവമാകണം ഏകാന്തതയുടെ അപാരതീരം എന്നായിരുന്നു എന്റെ മോഹം." -വിൻസന്റിന്റെ വാക്കുകൾ. നിർഭാഗ്യവശാൽ മലയാളത്തിൽ പാടാൻ താൽപ്പര്യമില്ല ഹേമന്ദിന്. പകരം അതുപോലൊരു മലയാളി ശബ്ദത്തിനായുള്ള തിരച്ചിലാണ് കമുകറ പുരുഷോത്തമനിൽ ചെന്നുനിന്നത്.
ഇതേ ഗാനത്തെ കുറിച്ച് കമുകറയുടെ മകളും സംഗീതാധ്യാപികയുമായ ഡോ ശ്രീലേഖ പങ്കുവെച്ച ഒരനുഭവം കൂടി കേൾക്കുക: "അച്ഛന്റെ പേരിലുള്ള അവാർഡ് ദാന ചടങ്ങിൽ ഒരു വർഷം എസ് പി ബാലസുബ്രഹ്മണ്യമായിരുന്നു മുഖ്യാതിഥി. ചടങ്ങിന് വരും മുൻപ്, എസ് പി ബി ഒരു കാര്യം ആവശ്യപ്പെട്ടു; വേദിയിൽ തനിക്ക് പാടാൻ വേണ്ടി അച്ഛന്റെ നല്ല കുറച്ചു പാട്ടുകൾ അയച്ചുകൊടുക്കാൻ. അയച്ച പാട്ടുകളിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുത്തത് ഏകാന്തതയുടെ അപാരതീരം. അവാർഡ് സമ്മാനിക്കാൻ എത്തിയപ്പോൾ എസ് പി ബി പറഞ്ഞു; അച്ഛന്റെ ശബ്ദം കേട്ടപ്പോൾ ഹേമന്ദ് കുമാറിനെ ഓർമ്മ വന്നു എന്ന്..''
ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ച'ത്തിൽ ആറു പതിറ്റാണ്ടിനു ശേഷം പുനർജ്ജനിക്കുകയാണ് ആ ഗാനം. "കണ്ണീരോടെയല്ലാതെ ഒരിക്കലും ആ പാട്ട് കേട്ടുതീർക്കാൻ ആയിട്ടില്ല." -അച്ഛന്റെ മാസ്റ്റർപീസ് ഗാനത്തെ കുറിച്ച് മകൾ ശ്രീലേഖ പറയുന്നു. "പുതിയ ഗാനം കേട്ടപ്പോഴും കണ്ണ് നിറഞ്ഞു. അച്ഛന്റെ മുഖം മനസ്സിൽ തെളിഞ്ഞു. ഔചിത്യബോധത്തോടെ ഏകാന്തതയുടെ അപാരതീരം പുനഃസൃഷ്ടിച്ചവർക്ക് നന്ദി..."
Content Highlights: ekanthathayude aparatheeram song from bhargavi nilayam, kamukara and ms baburaj
Published: 15 Feb 2023, 03:11 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented