
ക്ലാസിക് സാഹിത്യകൃതികളുടെ ചലച്ചിത്രരൂപങ്ങൾ പുതിയ കാലത്ത് പുത്തൻ സാങ്കേതികവിദ്യയുടെ പിന്തുണയോടെ പുനരാവിഷ്കരിക്കുമ്പോൾ പഴയ സിനിമയിലെ പാടിപ്പതിഞ്ഞ പാട്ടുകൾ (ആവശ്യമായ അനുമതിയോടെ) വീണ്ടും ഉപയോഗിക്കുന്നതിനോട് താത്വികമായി വിയോജിപ്പൊന്നുമില്ല. സംവിധായകന്റെ സ്വാതന്ത്ര്യമാണത്. കൊള്ളണോ തള്ളണോ എന്നത് നമ്മുടെയും.
എന്നാൽ, വ്യക്തിപരമായി എനിക്കിഷ്ടം പുതിയ പതിപ്പിൽ പുതിയ ഗാനങ്ങൾ കേൾക്കാനും ചിത്രീകരിച്ചു കാണാനുമാണ്. മാറുന്ന കാലത്തിനും ആസ്വാദനരീതിക്കും ചലച്ചിത്ര സങ്കല്പങ്ങൾക്കും ഇണങ്ങുംവിധം പഴയ കഥയ്ക്ക് പുതിയൊരു വ്യാഖ്യാനം നൽകപ്പെടുമ്പോൾ, അതിലെ പാട്ടുകൾക്കും പുതുമ വേണമെന്നാഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ. രചനയിലും സംഗീതത്തിലും ഗായകശബ്ദങ്ങളിലുമെല്ലാം ആവാം ഈ പുതുമ.
നടീനടന്മാർ മാറുന്നു. സാങ്കേതിക വിദഗ്ദർ മാറുന്നു. തിരക്കഥയും സംഭാഷണവും കഥാപാത്രങ്ങളുടെ രൂപഭാവങ്ങളും വരെ കാലോചിതമായ മാറ്റത്തിന് വിധേയമാകുന്നു. പുതുപതിപ്പിൽ പഴയ സിനിമയിലെ ഗാനസന്ദർഭങ്ങൾ അതേപടി ഉപയോഗിക്കണമെന്നു പോലുമില്ല. ചില ഗാനങ്ങൾ ഒഴിവാക്കാം, പുതിയ സന്ദർഭങ്ങൾ ഉൾപ്പെടുത്താം. സാധ്യതകളുടെ വലിയൊരു ലോകം തന്നെ തുറന്നിടുന്നുണ്ടല്ലോ ഇന്നത്തെ സിനിമ.
മറ്റൊന്നു കൂടിയുണ്ട്. പഴയ സിനിമയിൽ ദൃശ്യചാരുതയോടെയും അല്ലാതേയും നാം കണ്ടും കേട്ടുമാസ്വദിച്ച അതേ ഗാനസന്ദർഭങ്ങളെ പുതിയ ഗാനരചയിതാക്കളും സംഗീത സംവിധായകരും എങ്ങനെയാകും സമീപിക്കുക എന്നറിയാനുള്ള ജിജ്ഞാസ. ഉദാഹരണത്തിന്, "ഭാർഗ്ഗവീനിലയ"ത്തിലെ "ഏകാന്തതയുടെ അപാരതീരം" എന്ന മിസ്റ്റിക് ഗാനം, റഫീക്ക് അഹമ്മദിൻെറയോ കൈതപ്രത്തിന്റെയോ ഹരിനാരായണന്റെയോ സന്തോഷ് വർമ്മയുടെയോ രാജീവ് ആലുങ്കലിന്റെയോ ഭാവനയിൽ എങ്ങനെയായിരിക്കും പാട്ടായി വിടരുക? സമാനതകളില്ലാത്ത ആ ബഷീറിയൻ ദർശനം അവർ എങ്ങനെയാകും ഉൾക്കൊള്ളുക? ബാബുരാജിന്റെ ഈണത്തിലെ നിഗൂഢ സൗന്ദര്യം ബിജിബാൽ അതേപടി നിലനിർത്തുമോ അതോ അതേ ഗാനസന്ദർഭത്തിന് സ്വന്തം ശൈലിയിൽ മറ്റൊരു സംഗീതഭാഷ്യം ചമയ്ക്കുമോ?
തീർന്നില്ല. ഗസലിന്റെ രൂപഭാവങ്ങളുള്ള താമസമെന്തേ വരുവാൻ എന്ന ഗാനത്തിൽ ഭാസ്കരൻ മാഷ് ലളിതമായി വരച്ചിട്ട കാമുകമനസ്സ് വയലാർ ശരത്തിൻ്റെയോ അൻവർ അലിയുടെയോ വിനായക് ശശികുമാറിന്റെയോ രചനയിൽ എങ്ങനെയാകും പുനരാവിഷ്കരിക്കപ്പെടുക? പാട്ടിലെ പാതിരാക്കാറ്റും പട്ടുറുമാലും ഏത് ഇമേജറികളും ബിംബങ്ങളും ഉപയോഗിച്ചാകും അവർ പുതിയ കാലത്തിനിണങ്ങും വിധം പുനർനിർമ്മിക്കുക? ബാബുരാജിന്റെ ദൈവികമായ ബീംപലാസിക്ക് ബദലായി ഏത് രാഗമായിരിക്കും ആ ഗാനത്തിൽ വന്നുചേരുക?
വലിയൊരു വെല്ലുവിളിയാണത്. സത്യം തന്നെ. പഴയ പാട്ടുകളും അവയുടെ സന്ദർഭങ്ങളും അന്നത്തെ തലമുറയുടെ മനസ്സിൽ അത്രയ്ക്കങ്ങു പതിഞ്ഞുപോയില്ലേ? പക്ഷേ, അത്തരം വെല്ലുവിളികൾ കൂടി ചേരുന്നതല്ലേ സിനിമ എന്ന മാധ്യമം? ആ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിലുമില്ലേ ഒരു ത്രിൽ-- പഴയ ക്ലാസിക് ഗാനങ്ങൾ പുതിയ കുപ്പികളിലാക്കി അവതരിപ്പിക്കുന്നതിനേക്കാൾ....?
ശരത് ചന്ദ്ര ചാറ്റർജിയുടെ "ദേവദാസ്" ആയിരിക്കണം ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം തവണ വെള്ളിത്തിരയിൽ പുനരാവിഷ്കരിക്കപ്പെട്ട രചന. ഒരു നൂറ്റാണ്ടിനിടക്ക് വിവിധ ഭാഷകളിലായി ഇരുപത്തഞ്ചോളം പതിപ്പുകൾ വന്നു ഈ സിനിമക്ക്. 1928-ൽ നിശ്ശബ്ദ ചിത്രമായിട്ടാണ് തുടക്കം. 1935-ൽ പി.സി. ബറുവയുടെ ബംഗാളി ആഖ്യാനം വന്നു. തൊട്ടു പിന്നാലെ ഹിന്ദി, അസമിയ പതിപ്പുകളും. ഹിന്ദി വേർഷനിൽ കുന്ദൻ ലാൽ സൈഗൾ പാടിയ "ബാലം ആയേ ബസേ മോരെ മൻ മേ" പോലുള്ള ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.
പക്ഷേ, 1955-ൽ ദിലീപ് കുമാർ-- സുചിത്ര സെൻ ജോഡിയെ വെച്ച് "ദേവദാസ്" പുനരവതരിപ്പിച്ചപ്പോൾ പഴയ ദേവദാസിന്റെ നിഴൽ പോലും അതിൽ പതിയരുതെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു ബിമൽ റോയിക്ക്. റോയിയുടെ 'ദേവദാസി'ൽ സാഹിർ ലുധിയാൻവി -- എസ് ഡി ബർമ്മൻ ടീമിനായിരുന്നു സംഗീത വിഭാഗത്തിന്റെ ചുമതല. ഗായകരായി മുഹമ്മദ് റഫിയും തലത്ത് മഹമൂദും ലതാജിയും. പതിറ്റാണ്ടുകൾക്ക് ശേഷം വന്ന സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസിലും (ഷാരൂഖ് ഖാന്‍- ഐശ്വര്യ റായ്) കേട്ടു ഇസ്മയിൽ ദർബാർ സ്വരപ്പെടുത്തിയ ഹൃദയഹാരിയായ ഗാനങ്ങൾ. ശ്രേയ ഘോഷാലും ഉദിത് നാരായണും പാടിയ "ബൈരി പിയാ" മറക്കാനാകുമോ?
ഒരേ കഥാസന്ദർഭത്തിന് വേണ്ടി എഴുതപ്പെട്ട പാട്ടുകളുടെ താരതമ്യം കൗതുകകരം. പെട്ടെന്ന് ഓർമ്മയിലെത്തുന്നത് "അശ്വമേധം" നാടകത്തിനും സിനിമക്കും വേണ്ടി വയലാർ രചിച്ച ഗാനങ്ങളാണ്. നാടകഗാനങ്ങൾ ചിട്ടപ്പെടുത്തിയത് കെ രാഘവൻ. സിനിമയിലെ പാട്ടുകൾ ദേവരാജനും. നാടകത്തിലെ "പാമ്പുകൾക്ക് മാളമുണ്ട്" എന്ന ഗാനം സിനിമയിൽ "ഒരിടത്ത് ജനനം ഒരിടത്ത് മരണം" ആകുന്നു. "തലയ്ക്ക് മീതെ ശൂന്യാകാശം" സിനിമയിൽ "കറുത്ത ചക്രവാള മതിലുകൾ ചൂഴും കാരാഗ്രഹ"മായി. രണ്ടും ഒരുപോലെ ഹൃദയസ്പർശി. ഒരേ ആശയം മനസ്സിൽ കണ്ടുകൊണ്ട് എത്ര വ്യത്യസ്തമായാണ് വയലാർ ഈ ഗാനങ്ങൾ എഴുതിയതെന്ന് ഓർക്കുക. രാഘവൻ മാഷും ദേവരാജൻ മാഷും അവയ്ക്ക് നൽകിയ പരിചരണങ്ങൾ എത്ര മനോഹരം. എന്നാൽ, മെഗാ മ്യൂസിക്കൽ ഹിറ്റ് "മധുമതി"യുടെ മലയാളം പതിപ്പായ "വനദേവത"യിൽ യൂസഫലി -- ദേവരാജൻ ടീമിന് ഒറിജിനലിന്റെ മാജിക് ആവർത്തിക്കാനായോ എന്ന് സംശയം.
ക്ലാസിക് കൃതികളുടെയും സിനിമകളുടെയും പുനരാവിഷ്കാരങ്ങൾ ഇനിയും വന്നേക്കാം. അവയിലെ പാട്ടുകൾക്കും ഉണ്ടാവട്ടെ സ്വതന്ത്ര വ്യക്തിത്വം. നമ്മുടെ ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കും സ്വന്തം പ്രതിഭ തെളിയിക്കാനുള്ള ഉദാത്തമായ വേദികളായി മാറട്ടെ അവ. നമുക്ക് മാറ്റുരച്ചു നോക്കാനും....
Content Highlights: remake culture, bhargavi nilayam, neelavelicham song controversy, aashiq abu film release
Published: 07 Apr 2023, 04:47 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented