ആലപ്പുഴ: പ്രശസ്തഗായിക ആശാ ഭോസ്‌ലെ മലയാളിക്ക് സമ്മാനിച്ച ഒളിമങ്ങാത്തൊരു ഗാനമുണ്ട്. സുജാത എന്നചിത്രത്തിലെ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’. അവർ മലയാളത്തിൽ പാടിയ ഒരേയൊരു പാട്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾ. പ്രഖ്യാത ബോളിവുഡ് സംഗീതജ്ഞൻ രവീന്ദ്ര ജെയിൻ മലയാളത്തിൽ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച ഗാനം.

To advertise here,

കോഴിക്കോട് ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ 1977-ലാണ് ‘സുജാത’ പുറത്തിറങ്ങിയത്. കാഴ്ചപരിമിതിയുള്ള രവീന്ദ്രജെയിനിനെ ഗായകൻ യേശുദാസാണ് നിർദേശിച്ചത്. ജെയിൻ ആ പാട്ട് ആശാ ഭോസ്‌ലെയെക്കൊണ്ട് പാടിപ്പിക്കാമെന്നേറ്റു.

ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് ഉടമ പി.വി. ഗംഗാധരനും മങ്കൊമ്പും മുംബൈയിലെ ആർ.കെ. സ്റ്റുഡിയോയിലെത്തി ആശാഭോസ്‌ലെയെ കണ്ടു. മങ്കൊമ്പ് പാട്ട്‌ പറഞ്ഞുകൊടുക്കുമ്പോൾ, ഓരോ വാക്കിന്റെയും ഉച്ചാരണം ഉറപ്പാക്കണമെന്ന് ആശ പറഞ്ഞു. പാട്ടിലെ ‘പ്രിയതോഴി നിനക്കിന്നു നേരുന്നു ഞാൻ’ എന്നതിലെ ‘ഴ’യും ‘ഞ’യും ഉച്ചരിക്കലായിരുന്നു ഏറ്റവും പ്രയാസം. ‘റ’യ്ക്കും ‘ര’യ്ക്കും ഇംഗ്ലീഷിൽ ‘r’ തന്നെയായതും ‘ന’ വ്യത്യസ്തരീതിയിൽ ഉച്ചരിക്കുന്നതും പ്രയാസമുണ്ടാക്കി.

പക്ഷേ, ആ തിരക്കുള്ള ഗായിക നിരന്തരപരിശ്രമത്തിലൂടെ അതിനെയെല്ലാം വരുതിയിലാക്കി. സ്വന്തം കലാജീവിതത്തോട് അങ്ങേയറ്റം നീതിപുലർത്തിയ ഗായികയായിരുന്നു ആശാഭോസ്‌ലെയെന്ന് പിന്നീട് മങ്കൊമ്പ് ‘മാതൃഭൂമി’ക്കുനൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാളിയുടെ മുൻപിൽ ഇപ്പോൾ ആശയും മങ്കൊമ്പുമില്ല. പക്ഷേ, ആ മനോഹരമായ ആശംസാഗാനം മധുരിമയോടെയുണ്ട്.