തന്റെ ജീവിത പങ്കാളിക്ക് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കഴിഞ്ഞ ദിവസം വിവാഹിതയായ ഗായിക ആര്യാ ദയാല്‍. ആദ്യം കണ്ടദിവസം മുതല്‍ പ്രണയവും വിവാഹംവരേയും മുന്നോട്ടുള്ള പ്രതീക്ഷകളും സാമൂഹികമാധ്യമങ്ങളിലെ കുറിപ്പില്‍ ആര്യ പങ്കുവെച്ചു. പത്താം വയസ്സിലാണ് തന്റെ പങ്കാളിയായ അഭിഷേക് എസ്.എസിനെ കണ്ടുമുട്ടിയതെന്ന് ആര്യ കുറിപ്പില്‍ ഓര്‍ത്തെടുക്കുന്നു. പങ്കാളിയെ 'ഡിയര്‍ എസ്.എസ്', എന്ന് അഭിസംബോധനചെയ്ത് ആരംഭിക്കുന്ന കുറിപ്പ്, 'സ്‌നേഹത്തോടേയും ബഹുമാനത്തോടേയും ആര്യാ ദയാല്‍' എന്നാണ് അവസാനിപ്പിക്കുന്നത്. അഭിഷേകിനെ ചുംബിക്കുന്ന ചിത്രവും ആര്യ കുറിപ്പിനൊപ്പം പങ്കുവെച്ചു.

To advertise here,

'വിവാഹത്തെക്കുറിച്ച് നമ്മള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒരു കടലാസുതുണ്ടിന് നമ്മുടെ പ്രണയത്തെ നിര്‍വചിക്കാന്‍ കഴിയില്ലെന്ന് നമ്മള്‍ക്കിരുവര്‍ക്കും അറിയാം. ഭൂരിഭാഗംപേരും ഇതിനെ പ്രണയത്തിന്റെ ഏറ്റവും പരമമായ രൂപമായി കാണുന്നുണ്ടെങ്കിലും കേവലം ഒരുദിവസം നമുക്കിടയില്‍ ഒരു മാറ്റവും വരുത്തില്ല. നമ്മള്‍ രണ്ടുപേരും നല്ല മനുഷ്യരായി വ്യക്തികളെന്ന നിലയില്‍ ഒരുമിച്ചും വേറിട്ടും വളരുകയും ഉയരങ്ങളിലേക്ക് പോവുകയും ചെയ്യും', എന്നാണ് അഭിഷേകിനെ മെന്‍ഷന്‍ ചെയ്തുള്ള കുറിപ്പ് ആരംഭിക്കുന്നത്.

'വര്‍ഷങ്ങള്‍ക്കുമുമ്പാണ് നമ്മള്‍ കണ്ടുമുട്ടുന്നത്, അന്നെനിക്ക് 10 വയസ്സായിരുന്നു. അന്ന് ഞാന്‍ എന്തുവസ്ത്രമാണ് ധരിച്ചിരുന്നതെന്ന് നീ ഓര്‍ക്കുന്നുവെന്ന കഥ ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. നീ ഒരു 'നുണയ'നാണ്. അന്നുമുതല്‍ നമ്മള്‍ വെവ്വേറെ സഞ്ചരിച്ചു. നമ്മുടെ വ്യക്തിത്വങ്ങള്‍ തിരിച്ചറിഞ്ഞശേഷം ഡേറ്റ് ചെയ്യാന്‍ നമ്മള്‍ തീരുമാനിച്ചു. എനിക്കത് വളരെ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു, കാരണം എന്തെങ്കിലും തെറ്റായി സംഭവിച്ചാല്‍ എന്റെ ഏറ്റവും നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയന്നിരുന്നു. നമ്മുടെ ആദ്യത്തെ ഡേറ്റിന് നീ എന്നെ കാണാന്‍ വന്നത് ഒരു വാഴക്കുലയുമായിട്ടായിരുന്നു. എനിക്ക് മുന്‍പ് കിട്ടിയിട്ടുള്ള സമ്മാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതൊരു വിചിത്രമായ സമ്മാനമായതുകൊണ്ട്, ഇത് വ്യത്യസ്തമാകാന്‍ പോകുന്നുവെന്ന് എനിക്കപ്പോള്‍ത്തന്നെ മനസ്സിലായി', ആര്യ ഓര്‍ത്തെടുത്തു.

'ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ കൈകോര്‍ത്തു പിടിക്കാന്‍ പോലും നമ്മള്‍ എത്രമാത്രം ബുദ്ധിമുട്ടിയിരുന്നുവെന്ന് ഞാനോര്‍ക്കുന്നു. 'അങ്ങേയറ്റം സ്വയംപര്യാപ്തയായ ആര്യ ദയാല്‍' നിന്നെ ഒരു കാര്യത്തിലും ഇടപെടാന്‍ അനുവദിച്ചിരുന്നില്ല. ക്ഷമയ്ക്കും സ്‌നേഹത്തിനും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നീ കാണിച്ചുതന്നു. ഞാന്‍ എന്റെ സ്ത്രീത്വത്തെയും കഴിവുകളെയും ബലഹീനതകളെയും തിരിച്ചറിയാന്‍ തുടങ്ങി. ഇന്നുവരെയും നമ്മളിത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ ദിവസത്തിലേക്ക് എത്താന്‍ നമുക്ക് മൂന്നുവര്‍ഷവും, കുറച്ച് മോശം ദിവസങ്ങളും, ചില തിരിച്ചറിവുകളും വേണ്ടിവന്നു. ചില വികാരങ്ങളെ അംഗീകരിക്കാനും, ഈ 'പ്രത്യേക ദിവസം' എന്ന് പറയുന്നതിന് ലളിതമായ ഒരു ചടങ്ങ് മാത്രം മതിയെന്ന് പ്രിയപ്പെട്ടവരെ ബോധ്യപ്പെടുത്താനും ഏകദേശം ഒരു വര്‍ഷത്തോളം വേണ്ടിവന്നു. നമ്മുടെ ആഗ്രഹങ്ങളെ മാനിച്ച് കൂടെ നിന്നതിന് ഞങ്ങള്‍ കുടുംബത്തോട് നന്ദി പറഞ്ഞു', ആര്യ കുറിച്ചു.

'നമ്മില്‍ നിന്ന് ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഞാന്‍ ആഡംബരങ്ങളൊന്നും ആഗ്രഹിക്കുന്നില്ല, അനന്തമായ ഒന്നിലും വിശ്വസിക്കുന്നതുമില്ല. എന്നാല്‍ നമുക്കിടയിലെ സ്‌നേഹം മാഞ്ഞുപോകാത്തിടത്തോളം കാലം, നമുക്ക് ഒരുമിച്ച് നില്‍ക്കാന്‍ പരമാവധി ശ്രമിക്കാം. നിന്നില്‍ ഞാന്‍ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളെ കാണുന്നു. അത് എന്നെന്നേക്കുമായി നിലനില്‍ക്കട്ടെ. എപ്പോഴെങ്കിലും, നമ്മുക്കിടയിലെ ആ പ്രകാശം നഷ്ടപ്പെട്ടാല്‍, വഴക്കിടാനോ ഒരുമിച്ച് നില്‍ക്കാനോ ഉള്ള കാരണങ്ങള്‍ ഇല്ലാതെതന്നെ നമുക്ക് മുന്നോട്ട് പോകാം', അവര്‍ കൂട്ടിച്ചേര്‍ത്തു.