''വിസ്മയ വളരെ കോൺഫിഡന്റ് ആയിരുന്നു, ഓരോ ഷോട്ടും കൂടുതൽ നന്നാക്കണം എന്ന വാശിയോടെയാണ് അഭിനയിച്ചത്'' വിസ്മയ മോഹൻലാൽ നായികയാകുന്ന ആദ്യ ചിത്രം 'തുടക്കം' റിലീസിനൊരുങ്ങുമ്പോൾ സംവിധായൻ ജൂഡ് ആന്തണി ജോസഫ് സംസാരിക്കുന്നു...

To advertise here,

ഒരു സിനിമ ചെയ്യണം എന്ന് സ്വപ്‌നംകണ്ട് ഇൻഫോസിസിലെ ജോലി വലിച്ചെറിഞ്ഞ് പുറത്തിറങ്ങുമ്പോൾ ജൂഡ് ആന്തണി ജോസഫിന് സിനിമാ മേക്കിങ്ങിനെക്കുറിച്ച് അധികമൊന്നും അറിവുണ്ടായിരുന്നില്ല. കഠിനാധ്വാനത്തിലൂടെ ആഗ്രഹം സാക്ഷാത്കരിക്കാമെന്ന ആത്മവിശ്വാസമായിരുന്നു കൈമുതൽ. 'ഓം ശാന്തി ഓശാന' എന്ന ആദ്യസിനിമതന്നെ സൂപ്പർഹിറ്റ്. '2018: എവരിവൺ ഈസ് എ ഹീറോ'യിലൂടെ ബോക്സോഫീസിൽ പുതിയ റെക്കോഡുകൾ. തൊട്ടതെല്ലാം പൊന്നാക്കിയ ജൂഡ് ആന്തണി ജോസഫ് പുതിയ സിനിമയായ 'തുടക്ക'വുമായി എത്തുമ്പോൾ കേന്ദ്രകഥാപാത്രം വിസ്മയ മോഹൻലാലാണ്. സൂപ്പർതാരം മോഹൻലാലിന്റെ മകൾ നായികയാവുന്ന ആദ്യ ചിത്രമായ 'തുടക്കം' നിർമിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. റിലീസിനൊരുങ്ങിയ ചിത്രത്തിന്റെ വിശേഷങ്ങളെപ്പറ്റി ജൂഡ് ആന്തണി ജോസഫ് സംസാരിക്കുന്നു.

'തുടക്ക'ത്തിന്റെ തുടക്കം...

2020 കോവിഡ് കാലത്ത് കിട്ടിയ കഥകളിലൊന്നാണിത്. അന്ന് ആദ്യം ഞാൻ സാറാസ് എന്ന സിനിമ ചെയ്തു. ആ ദിവസങ്ങളിലൊന്നിലാണ് നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യം വഴി സുചിച്ചേച്ചി (സുചിത്ര മോഹൻലാൽ) വിളിച്ചത്. വിസ്മയക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പറ്റിയ കഥകൾ എന്തെങ്കിലുമുണ്ടോ എന്നും ചോദിച്ചു. വിളിക്കാമെന്ന് ഞാൻ പറഞ്ഞു. പിന്നാലെയാണ് ഞാൻ '2018: എവരിവൺ ഈസ് എ ഹീറോ' എന്ന സിനിമ ചെയ്തത്. വലിയ സിനിമയായതുകൊണ്ട് ഞാൻ അതിന്റെ തിരക്കുകളിലായി. ഇടയ്ക്ക് സുചിച്ചേച്ചി വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും. ഞാൻ രണ്ടു കഥകൾ പറഞ്ഞെങ്കിലും അത് ചേച്ചിക്ക് ഇഷ്ടമായില്ല. ഒരുദിവസം ചെന്നൈയിലെ അവരുടെ വീട്ടിൽച്ചെന്ന് മറ്റൊരു കഥ പറഞ്ഞു. അത് ചേച്ചിക്ക് ഇഷ്ടപ്പെട്ടു, എങ്കിലും കുറച്ചുകൂടി നല്ലതൊന്ന് ആലോചിക്കാൻ പറഞ്ഞു. അപ്പോഴാണ് കോവിഡ് കാലത്ത് ആലോചിച്ച കഥകളിലൊന്ന് ഞാൻ പറഞ്ഞത്. അത് ഗംഭീരകഥയാണെന്നും ഇത് നമുക്ക് ചെയ്യാമെന്നും ചേച്ചി പറഞ്ഞു. '2018' ഇറങ്ങി വലിയ വിജയമായി, അതുകഴിഞ്ഞ് ഒരു വർഷംകൊണ്ട് ഞാൻ 'തുടക്ക'ത്തിന്റെ തിരക്കഥ പൂർത്തിയാക്കി, കൊച്ചിയിൽവെച്ച് സുചിച്ചേച്ചിയോട് പൂർണമായ കഥ പറഞ്ഞു. ചേച്ചി ആന്റണി ചേട്ടനോട് (ആന്റണി പെരുമ്പാവൂർ) പറയാൻ പറഞ്ഞു. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. പിന്നീട് ഒരുദിവസം ആന്റണിച്ചേട്ടൻ വിളിച്ചു. ലാൽസാർ ജൂഡിന്റെ നമ്പർ മേടിച്ചിട്ടുണ്ട്. വിളിക്കുമെന്ന് അറിയിച്ചു. വൈകാതെ ലാലേട്ടൻ വിളിച്ചു. അതെന്റെ ഫാൻ ബോയ് മൊമന്റ് ആയിരുന്നു. ഈ നിമിഷത്തിനുവേണ്ടിയാണ് ഇത്രയുംകാലം കാത്തിരുന്നതെന്ന് ഞാൻ ലാലേട്ടനോട് പറയുകയും ചെയ്തു. ''മോനേ ഞാൻ കഥ കേട്ടു, ഇഷ്ടപ്പെട്ടു, എപ്പോഴാണ് നമുക്ക് നേരിൽ കാണാൻ പറ്റുക'' എന്ന് ചോദിച്ചു. അടുത്തദിവസംതന്നെ ലാലേട്ടനെ നേരിട്ടുകണ്ട് കഥ മുഴുവൻ പറഞ്ഞു. അദ്ദേഹത്തിനും ഏറെ ഇഷ്ടപ്പെട്ടു. ''ഞാൻ ഇതിൽ ഇല്ലല്ലോ...? എനിക്ക് എന്തെങ്കിലും ചെറിയ പരിപാടി ഉണ്ടാകുമോ'' എന്ന് ലാലേട്ടൻ ചോദിച്ചു. പിറ്റേദിവസത്തേക്ക് ഞാനൊരു സംഭവം സെറ്റാക്കി, അത് ലാലേട്ടൻ ഓക്കെ പറയുകയും ചെയ്തു. അങ്ങനെയാണ് തുടക്കത്തിന്റെ തുടക്കം.

വിസ്മയിപ്പിക്കുമോ വിസ്മയ

ചെന്നൈയിൽവെച്ചാണ് മായ(വിസ്മയ മോഹൻലാൽ)യെക്കണ്ട് കഥ പറഞ്ഞത്. സിംപിൾ ആയ പാവം ഒരു കുട്ടി. 'മായ ഓം ശാന്തി ഓശാന'യുടെയൊക്കെ കട്ട ഫാനാണ്. എന്നെക്കുറിച്ച് മായ നസ്രിയയെ വിളിച്ചൊക്കെ അന്വേഷിച്ചിരുന്നു. പെട്ടെന്ന് ഞങ്ങൾ കണക്ടായി. കുറച്ചുദിവസം ഒരു ആക്ടിങ് വർക്ക്ഷോപ്പ് ചെയ്തു. അപ്പോൾത്തന്നെ മായ വളരെ കോൺഫിഡന്റ് ആണെന്നു മനസ്സിലായി. ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമമൊന്നും ഉണ്ടായില്ല. എന്റെ അനിയത്തിക്കുട്ടിയെ സംവിധാനം ചെയ്യുന്ന ഒരു ഫീൽ ആയിരുന്നു. അത് സുചിച്ചേച്ചി പറയുകയും ചെയ്തു. ഷൂട്ട് തുടങ്ങിയപ്പോഴും ഓരോ ഷോട്ടും കൂടുതൽ നന്നാക്കണം എന്ന വാശിയോടെയാണ് മായ അഭിനയിച്ചത്. സെറ്റിൽ തമാശയെല്ലാം പറഞ്ഞ് വളരെ സന്തോഷത്തോടെയാണ് ഓരോ ദിവസവും ഷൂട്ടിങ് പൂർത്തിയാക്കിയത്.

തുടക്കത്തിലെ മറ്റൊരു പ്രധാന കഥാപാത്രം യോജിക്കുമെങ്കിൽ തന്റെ മകനെക്കൊണ്ട് ഒന്ന് ചെയ്യിപ്പിച്ചു നോക്കണമെന്ന് ആന്റണിച്ചേട്ടൻ പറഞ്ഞു. വിസ്മയയുടെ അരങ്ങേറ്റചിത്രത്തിൽ ആശിഷ് കൂടി ഉണ്ടാകണമെന്നത് ആന്റണിച്ചേട്ടന്റെ ആഗ്രഹമായിരുന്നു. ആഷിഷിനെ (ആശിഷ് ജോ ആന്റണി) അഭിനയിപ്പിച്ചു നോക്കിയപ്പോൾ വിചാരിച്ചതിനേക്കാൾ ഗംഭീരമായി ചെയ്തു. രണ്ടാമതൊന്ന് ആലോചിക്കാതെ ആ കഥാപാത്രം ആഷിഷിനു നൽകി. സായ്കുമാർ, മനോജ് കെ. ജയൻ തുടങ്ങി മികച്ചൊരു താരനിര അണിനിരക്കുന്നുണ്ട്.

തുടക്കംതൊട്ട് 'തുടക്കം'വരെയുള്ള യാത്ര

പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ ക്ലൈമാക്സ് കണ്ട് കരഞ്ഞിരിക്കുമ്പോൾ സ്‌ക്രീനിൽ സംവിധാനം കമൽ എന്ന് എഴുതിക്കാണിച്ചു, അപ്പോഴാണ് ഈ പരിപാടി കൊള്ളാല്ലേ എന്ന് തോന്നുകയും സിനിമ ഒരു അദ്ഭുതത്തിനപ്പുറം ആഗ്രഹവും സ്വപ്‌നവുമായിമാറിയത്. എന്നാൽ, അതിനുവേണ്ടി പിന്നീട് കാര്യമായി ഒന്നും ചെയ്തില്ല. വർഷങ്ങൾക്കിപ്പുറം ഇൻഫോസിസിൽ ജോലിചെയ്യുമ്പോഴാണ് സുഹൃത്തും സഹപാഠിയുമായ അൽഫോൺസ് പുത്രൻ സിനിമ പിടിക്കാൻ ഇറങ്ങി എന്ന് അറിഞ്ഞത്. അപ്പോൾ ആ പഴയ ആഗ്രഹം വീണ്ടും മനസ്സിൽ മുളപൊട്ടി. ഒന്ന് ശ്രമിച്ചുനോക്കാം എന്ന് തീരുമാനിച്ചു. അസിസ്റ്റന്റ് ഡയറക്ടറുടെ റോളിലേക്ക്. വൈകാതെ 'ഓം ശാന്തി ഓശാന' എന്ന സിനിമ സംവിധാനംചെയ്തു. അത് വലിയ ഹിറ്റായി. പിന്നീട് തുടർച്ചയായി സിനിമകൾ സംവിധാനംചെയ്യാൻ അവസരം ലഭിച്ചു. ഇപ്പോൾ അഞ്ചാമത്തെ സിനിമ റിലീസാകാൻ പോകുകയാണ്. ഒരു സിനിമ എടുക്കണം എന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ, എന്നാൽ നമ്മൾ സ്വപ്‌നംകാണാത്ത ഉയരത്തിലേക്ക് സിനിമ നമ്മളെ എത്തിച്ചു. സാധാരണക്കാരനായ ഒരാൾ കഠിനാധ്വാനംചെയ്താൽ വിജയിക്കും എന്നതിന്റെ ഉദാഹരണമാണ് ഞാൻ. കാരണം ഫിലിം മേക്കിങ്ങിനെക്കുറിച്ച് വലിയ ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല, എന്നാൽ എനിക്ക് പറ്റാവുന്നരീതിയിൽ സിനിമ ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു.

പ്രതീക്ഷകൾ, അടുത്ത സിനിമ

തുടക്കം പക്കാ ഫാമിലി പടമാണ്. ഇതുവരെ ഞാൻചെയ്ത സിനിമകളൊന്നുമായി ബന്ധമില്ലാത്ത ഒരു പുതിയ സിനിമ. പ്രേക്ഷകർ കുടുംബത്തോടെവന്ന് സിനിമകണ്ട് വളരെ സന്തോഷത്തോടെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. വിസ്മയക്ക് മലയാള സിനിമയിൽ ഇത് മികച്ചൊരു തുടക്കമാകും എന്നും വിശ്വസിക്കുന്നു.

ഈ സിനിമയിൽ ലാൽസാറിന്റെ സീൻ ഷൂട്ട് ചെയ്ത ദിവസം ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. ലാലേട്ടന്റെ ഒരു വലിയ വേർഷൻ ഷൂട്ട് ചെയ്യാൻ എനിക്ക് അവസരംതരണം എന്ന് അന്ന് പറഞ്ഞിട്ടുണ്ട്. അത് വൈകാതെ ഉണ്ടാകും. ലാൽസാർ നായകനാകുന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ഞാൻ. അതിന്റെ തിരക്കഥ പൂർത്തിയാക്കി. ബാക്കി പിന്നാലെ.