ആരം എന്ന തന്റെ ആദ്യചിത്രത്തിലൂടെ വരവറിയിച്ചിരിക്കുകയാണ് രജീഷ് പരമേശ്വരൻ. സൈജു കുറുപ്പ് നായകനായ ചിത്രം ഇപ്പോൾ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നടന്ന 43 ദിവസങ്ങളും മറക്കാനാവാത്ത ഓർമകളാണ് സമ്മാനിച്ചതെന്ന് പറയുകയാണ് അദ്ദേഹം. താൻ കണ്ടതിൽവെച്ചേറ്റവും മനുഷ്യത്വമുള്ള വ്യക്തിയാണ് സൈജു കുറുപ്പ്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം ചേർത്തുവെയ്ക്കാൻ പറ്റുന്ന നടനാണ് സൈജു കുറുപ്പെന്നും രജീഷ് പറഞ്ഞു. തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു.

To advertise here,

സിനിമയിലേക്കുള്ള കടന്നുവരവ്

ഒരുപാട് വർഷങ്ങളായുള്ള ആഗ്രഹമാണ് സിനിമ. ആരം എന്റെ ആദ്യ സിനിമയാണ്. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് വരുന്നത്. അച്ഛന്റെ പേര് പരമേശ്വരൻ എന്നാണ്. ഞങ്ങൾക്ക് ഒരു നാടക ട്രൂപ്പുണ്ടായിരുന്നു. അച്ഛൻ സിനിമയിൽ എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ചിട്ടുണ്ട്. കലയുടെ പ്രാഥമിക പാഠങ്ങൾ പകർന്നുതന്ന ആദ്യ ഗുരുകൂടിയാണ് അച്ഛൻ. ഒരു കഥ എങ്ങനെയായിരിക്കണം, തിരക്കഥ എങ്ങനെവേണം എന്നുള്ള പാഠങ്ങളെല്ലാം അച്ഛനിൽനിന്നാണ് പഠിച്ചത്.

ആരം എന്ന ചിത്രത്തിലേക്കെത്തിയതെങ്ങനെ?

മുൻപ് പല വിഷയങ്ങളും സിനിമയാക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എപ്പോഴോ ഒരിക്കൽ മനസിൽ വന്ന ആശയമാണ് ആരം എന്ന ചിത്രത്തിന്റേത്. അത് തിരക്കഥാകൃത്ത് വിഷ്ണു രാമചന്ദ്രനുമായി ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ കിനാവള്ളി എന്ന ചിത്രം എനിക്കേറെ ഇഷ്ടമാണ്. ഇങ്ങനെയൊരു ത്രെഡ് ഉണ്ടെന്ന് പറഞ്ഞപ്പോൾ വിഷ്ണു അത് നന്നായി വികസിപ്പിച്ചു. എഴുത്ത് കഴിഞ്ഞശേഷമാണ് നായകന് ആന്റോ ഈപ്പൻ എന്ന് പേരിട്ടത്. അത് എങ്ങനെയെങ്കിലും ഒരു സിനിമയാക്കണം എന്നുറപ്പിച്ച് ഞങ്ങൾ സൈജു കുറുപ്പിനെ സമീപിച്ചു. ഞങ്ങൾ കഥയാണ് അദ്ദേഹത്തോടുപറഞ്ഞത്. കഥ ഇഷ്ടമായ സൈജു മുഴുവൻ തിരക്കഥ എഴുതിയശേഷം വരാൻ പറഞ്ഞു. സ്ക്രിപ്റ്റ് പൂർത്തിയാക്കിയശേഷം ഞങ്ങൾ പോയി സൈജു കുറുപ്പിനുമുന്നിൽ അവതരിപ്പിച്ചു. അദ്ദേഹം ഹാപ്പിയായിരുന്നു. സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾ ഒരുപാട് നിർമാതാക്കളെ സമീപിച്ചിട്ടുണ്ടായിരുന്നു. അവസാനം ഞങ്ങൾക്ക് നമുക്കൊപ്പം നിൽക്കുന്ന, നമുക്ക് വേണ്ടിയി പ്രവർത്തിക്കുന്ന ഒരു നിർമാതാവിനെ കിട്ടി. അദ്ദേഹം ഹാപ്പിയാണ്. അങ്ങനെയാണ് 'ആര'ത്തിന്റെ ആരംഭം.

എന്തുകൊണ്ട് കോഴിക്കോട് പശ്ചാത്തലമാക്കി?

പറയുന്ന വിഷയത്തിന്റെ പശ്ചാത്തലം അങ്ങനെയൊരു ഭൂപ്രകൃതിയാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെയൊരു കഥ കോഴിക്കോട് നടക്കുന്നത് ഒരു പുതുമയായി തോന്നി. പിന്നെ നല്ല നല്ല സ്ഥലങ്ങളാണ് അവിടെ. നമ്മൾ പറയാനുദ്ദേശിക്കുന്ന വിഷയത്തോട് നന്നായി കണക്ട് ആവുന്ന വിധത്തിലുള്ള ലാൻഡ്സ്കേപ്പിംഗ് ആണ് കോഴിക്കോടുള്ളത്.

Also Read: Aaram Review| വെറും ട്വിസ്റ്റല്ല, ഡബിൾ ട്വിസ്റ്റ്; സസ്പെൻസും ഇമോഷനും കലർന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ

സിനിമയിൽ സ്ലോ മോഷൻ രംഗങ്ങൾ മനഃപൂർവം ഉൾപ്പെടുത്താതിരുന്നതാണോ? സിനിമയ്ക്ക് ദൈർഘ്യവും താരതമ്യേന കുറവാണല്ലോ?

മേക്കിംഗ് സ്റ്റൈൽ അങ്ങനെയാക്കിയതാണ്. പറയുന്ന കാര്യം വ്യക്തതയോടുകൂടി അത്രമേൽ യാഥാർഥ്യത്തോടെതന്നെ അവതരിപ്പിക്കാമെന്നാണ് പ്ലാൻ ചെയ്തത്. അങ്ങനെ വരുമ്പോൾ പ്രേക്ഷകർന്ന് ഇത് നന്നായി കണക്ട് ആകും. അങ്ങനെയാണ് സ്ലോമോഷൻ രംഗങ്ങൾ ഉൾപ്പെടുത്തേണ്ട എന്നതിലേക്ക് എത്തിയത്. ഒരു മണിക്കൂർ 50 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. സിനിമയുടെ ഫസ്റ്റ് കട്ട് രണ്ടര മണിക്കൂറോളം ഉണ്ടായിരുന്നു. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ആളുകളുടെ ജീവിതം ഇപ്പോൾ തിരക്കുപിടിച്ചതാണ്. പ്രേക്ഷകർ സിനിമ കാണാൻ വരുമ്പോൾ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കണം. അതും ഇഴച്ചിലില്ലാതെ. നമ്മുടെ സിനിമ കാണാൻ വന്ന് കുറഞ്ഞസമയംകൊണ്ട് പരമാവധി ആസ്വദിച്ച് പ്രേക്ഷകർ തിയേറ്റർ വിട്ടിറങ്ങണം എന്നുള്ളത് മാത്രമേ നമ്മൾ ചിന്തിച്ചുള്ളൂ.

സൈജു കുറുപ്പിന്റെ ഹെയർ സ്റ്റൈൽ

സൈജു ചേട്ടനെ പുതിയ രീതിയിൽ അവതരിപ്പിക്കണം എന്നുള്ളത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. സൈജു കുറുപ്പിന്റെ ന്യൂ പീസ്, അതാണ് ഞങ്ങൾ ഉദ്ദേശിച്ചത്. അതിനു വേണ്ടി ഞങ്ങൾ ഒരുപാട് റെഫറൻസ് നോക്കിയിട്ടുണ്ടായിരുന്നു. പിന്നെ ഈ ചിത്രത്തിന്റെ മേക്കപ്പ് ചെയ്തത് കിരൺ മനോജ് ആണ്. ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തപ്പോൾ പുതിയ ഒരു സ്റ്റൈൽ നമുക്ക് കീപ്പ് അപ്പ് ചെയ്യണം എന്നുറപ്പിച്ചു. ആന്റോ എന്ന കഥാപാത്രം നമ്മൾ ഇതുവരെ കാണാത്തൊരാൾ ആയിരിക്കണം. സൈജു കുറുപ്പ് എന്ന നടന്റെ സിനിമാ ജീവിതത്തിൽ ഇന്നേവരെ കാണാത്ത ഗെറ്റപ്പ് ആയിരിക്കണം നമുക്ക് പ്രസന്റ് ചെയ്യേണ്ടത് എന്നും ചിന്തിച്ചിരുന്നു. അവിടെ വിജയിച്ചതോടെ സിനിമയുടെ കൂടുതൽ ശ്രദ്ധ കിട്ടി.

സുധീഷിന്റെയും അസ്കർ അലിയുടേയും കഥാപാത്രങ്ങൾ

കൃഷ്ണൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് സുധീഷ് അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഈ കഥാപാത്രം ചെയ്യുന്നത്. ഒരുപാട് വേദന ഉള്ളിൽക്കൊണ്ടുനടക്കുന്നയാളാണ് കൃഷ്ണൻ. ഈ കഥാപാത്രം അവതരിപ്പിക്കാൻ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറം നിൽക്കുന്ന ഒരാൾ വേണമായിരുന്നു. അതിസൂക്ഷ്മമായ ഭാവങ്ങൾ പോലും അദ്ദേഹം മനോഹരമാക്കി. വളരെ തനിമയോടെയാണ് സുധീഷേട്ടൻ ഈ വേഷം ചെയ്തത്. അസ്കറിനെ സംബന്ധിച്ച് അദ്ദേഹം ഇതുവരെ ചെയ്ത വേഷങ്ങൾ പോലെയല്ല ആരത്തിലേത്. ആൾക്കാർ എക്സ്പെക്ട് ചെയ്യാത്ത എന്തോ ഒന്ന് അസ്കറിലുണ്ട്. അത് സിനിമയിലും ഉണ്ട്.

സിനിമയുടെ ചിത്രീകരണശേഷമുള്ള ഓർമകൾ?

നല്ല സിനിമ ആയിരിക്കുമെന്നും എല്ലാവർക്കും അഭിമാനത്തോടെ പറയാവുന്ന പേരായിരിക്കും ആരം എന്നാണ് എല്ലാവരും പറഞ്ഞത്. പിന്നെ എല്ലാവരും നമ്മളെ സപ്പോർട്ട് ചെയ്തു. എന്റെ ആദ്യത്തെ സിനിമ എന്ന നിലയിൽപോലും എന്നെ എല്ലാവരും സപ്പോർട്ട് ചെയ്തു. സിനിമ ചിത്രീകരിച്ച ആ 43 ദിവസങ്ങളും ഇന്നും മനസ്സിൽ മറക്കാനാവാത്ത ഓർമകളാണ് സമ്മാനിച്ചിട്ടുള്ളത്.

സിനിമയിൽ ഏറെ ആരാധിക്കുന്ന ആരെങ്കിലുമുണ്ടോ?

അത് എന്റെ അച്ഛൻതന്നെയാണ്. സിനിമയിൽ പ്രവർത്തിക്കുകയും ഒന്നുമാകാതെ പോകുകയും ചെയ്തൊരാളാണ് അച്ഛൻ. ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും സിനിമയുടെ ആദ്യ പാഠങ്ങൾ പകർന്നുതന്ന ഗുരുനാഥനുമാണ് അദ്ദേഹം.

പോലീസ് സിനിമകളിൽ ഒരു വ്യത്യസ്തത കൊണ്ടുവരുക എന്ന് പറയുന്നത് വെല്ലുവിളിയല്ലേ?

ഉറപ്പായിട്ടും. ഈ സിനിമയിൽ സ്ലോമോഷൻ സീനുകളില്ല എന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ. ഓരോ സീനും പ്രേക്ഷകർക്ക് കണക്ടാവണം. അതിൽ എങ്ങനെ വ്യത്യസ്തത കൊണ്ടുവരാമെന്നാണ് ഞങ്ങൾ ശ്രമിച്ചത്. അങ്ങനെയാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതും. ഈ സിനിമയിൽ കുറ്റാന്വേഷണത്തിനൊപ്പംതന്നെ ഈ കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ട്. എനിക്ക് അറിയാവുന്ന ഒരുപാട് പോലീസുകാരുണ്ട്. നിയമസംവിധാനത്തിനുള്ളിൽനിന്ന് പ്രവർത്തിക്കുമ്പോഴും മനുഷ്യത്വമുള്ളവരാണ് അവർ. എല്ലാ മനുഷ്യർക്കും ഇമോഷൻ ഉണ്ടാവും.

സിനിമ ഇറങ്ങിയശേഷമുള്ള പ്രതികരണങ്ങൾ കേൾക്കുമ്പോൾ എന്തുതോന്നുന്നു?

പ്രേക്ഷകർക്കൊപ്പമിരുന്ന് പടം കണ്ടശേഷം വളരെ സന്തോഷമുണ്ട്. എന്റെ ആദ്യസിനിമയാണ്, സൈജു കുറുപ്പാണ് നായകൻ എന്നൊക്കെ പറയുന്നത് എന്റെ ജീവിതത്തിലെതന്നെ ഏറ്റവും വലിയ ഭാഗ്യം ആണ്. കാര്യം ഇതുപോലെ പെർഫെക്റ്റ് ആയിട്ടുള്ള ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആളുകളെ പരിഗണിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്നയാളാണ് സൈജു കുറുപ്പ്. അദ്ദേഹം അങ്ങനെ ഒരു ഡേറ്റ് തന്നത് കൊണ്ട് മാത്രമാണല്ലോ എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റിയത്. നല്ലൊരു മനുഷ്യനും നല്ലൊരു കലാകാരനും. ഇപ്പോൾ നമ്മുടെ മലയാള സിനിമയിൽ മുൻനിര താരങ്ങൾക്കൊപ്പം ചേർത്തുവെയ്ക്കാവുന്ന പേരാണ് സൈജു കുറുപ്പിന്റേത്.

പുതിയ ചിത്രങ്ങൾ?

കഥകൾ കേൾക്കുന്നുണ്ട്. ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള കഥകളാണ്. ചെയ്യുമ്പോൾ നന്നായിട്ട് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. നല്ലത് സംഭവിക്കും എന്നുള്ള വിശ്വാസമുണ്ട്.