കുറ്റാന്വേഷണചിത്രങ്ങൾ രണ്ട് തരത്തിൽ അവതരിപ്പിക്കാം. അതീവ ചടുലമായ രീതിയിലാണ് ഒന്ന്. രണ്ടാമത്തേത് അല്പം സാവധാനത്തിൽ, പ്രേക്ഷകരെ കൈപിടിച്ച് പതിയെപ്പതിയെ സസ്‌പെൻസിന്റെയും ട്വിസ്റ്റിന്റെയും ഉന്നതിയിലെത്തിക്കുന്ന വിധത്തിൽ. സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനംചെയ്ത ദ തേർഡ് മർഡർ എന്ന ചിത്രം ഇപ്പറഞ്ഞതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നതാണ്. ദേഹത്തേക്ക് തണുപ്പ് അരിച്ചുകയറുന്നതുപോലെയുള്ള അനുഭവമാണ് ചിത്രമെന്ന് പറയാം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരാണ് മുഖ്യവേഷങ്ങളിൽ.

To advertise here,

സീരിയൽ കില്ലിങ് ആണ് ചിത്രത്തിന്റെ അടിസ്ഥാനപരമായ പ്രമേയം. സിനിമ തുടങ്ങി പത്തുമിനിറ്റിനുള്ളിൽത്തന്നെ പ്രധാനസംഭവത്തിലേക്ക് ചിത്രം പ്രവേശിക്കുന്നുണ്ട്. ഇതേക്കുറിച്ച് ക്രിസ്റ്റി എന്ന പോലീസ് ഉദ്യോഗസ്ഥനും ടീമും നടത്തുന്ന അന്വേഷണമാണ് ദ തേർഡ് മർഡർ. ഒരേ രീതിയിലുള്ള ഒന്നിലേറെ കൊലപാതകങ്ങളാണ് ക്രിസ്റ്റിക്കും സംഘത്തിനും മുന്നിലേക്ക് വരുന്നത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ സ്വാമി ഇവരെ സഹായിക്കാനെത്തുന്നതോടെ ചിത്രം മറ്റൊരു വഴിത്തിരിവിലേക്ക് പ്രവേശിക്കുന്നു. ഇവർക്കിടയിലേക്ക് വിനയൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ കൂടിയെത്തുന്നതോടെ ദ തേർഡ് മർഡർ സംഘർഷഭരിതമാകുന്നു.

സീരിയൽ കില്ലിങ് സിനിമകളിൽ സ്ഥിരം കണ്ടുവരുന്ന കുറ്റവാളിയെ തേടിയുള്ള മുഴുവൻ സമയ കുറ്റാന്വേഷണം മാത്രമല്ല ദ തേർഡ് മർഡർ. കുറ്റം അന്വേഷിക്കുന്നതോടൊപ്പം പരമ്പര കൊലയാളിയുടെ മാനസികാവസ്ഥയേക്കുറിച്ചുകൂടിയാണ് ചിത്രം സംസാരിക്കുന്നത്. എന്തുകൊണ്ട് ഒരാൾ സീരിയൽ കില്ലിങ്ങിലേക്ക് തിരിയുന്നു? കൊലപാതകം നടക്കുന്ന സമയത്ത് അയാളുടെ മനസിലൂടെ കടന്നുപോകുന്ന വികാരമെന്തായിരിക്കും? ഒരു പരമ്പര കൊലയാളിക്ക് പശ്ചാത്താപമുണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് വിവിധ കഥാപാത്രങ്ങളിലൂടെ സുനിൽ ഇബ്രാഹിമും സംഘവും ചോദിക്കുന്നത്.

അന്വേഷണോദ്യോഗസ്ഥനായ ക്രിസ്റ്റി ഉൾപ്പെടെ പ്രധാനകഥാപാത്രങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമുണ്ട്. ഈ ഒരു സംഗതിയെ മനോഹരമായി, വിശ്വസനീയമാംവിധം സുനിൽ ഇബ്രാഹിം അവതരിപ്പിച്ചിട്ടുണ്ട്. അതെന്താണെന്ന് സിനിമ കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

അഭിനേതാക്കളിൽ എല്ലാവരും ഒന്നിനൊന്ന് മെച്ചംതന്നെ. ക്രിസ്റ്റി എന്ന അന്വേഷണോദ്യോഗസ്ഥൻ, സഹായിക്കാനെത്തുന്ന പഴയ പോലീസായ സ്വാമി, വിനയൻ എന്നിവരെ യഥാക്രമം സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ അവതരിപ്പിക്കുന്നു. തന്നെക്കൊണ്ട് ഇത് ചെയ്യാൻ സാധിക്കുമോയെന്ന് സംശയിച്ചുനിൽക്കുന്ന കുറ്റാന്വേഷകനാണ് ക്രിസ്റ്റി. സഹായം ചോദിക്കാനും സംശയമുന്നയിക്കാനും അയാൾക്ക് ഒരു മടിയുമില്ല. മലയാളത്തിൽ ഇങ്ങനെയൊരു കുറ്റാന്വേഷകൻ, പരാജയഭീതിയുള്ള അന്വേഷകൻ ആദ്യമായിട്ടായിരിക്കും. സൈജു കുറുപ്പ് മനോഹരമാക്കിയിട്ടുണ്ട് ഈ വേഷം. സ്വാമി എന്ന കഥാപാത്രം ഇന്ദ്രൻസിന്റെ കരിയറിൽത്തന്നെ വ്യത്യസ്തമാണ്. ഇവർക്കൊപ്പമോ, അല്ലെങ്കിൽ ഇവർക്ക് മുകളിലോ നിൽക്കുന്നുണ്ട് വിനയ് ഫോർട്ടിന്റെ വിനയൻ എന്ന കഥാപാത്രം. മറ്റൊരു നടനെപ്പോലും ആ വേഷത്തിലേക്ക് ചിന്തിക്കാൻ തോന്നാത്തവിധം അദ്ദേഹം ആ കഥാപാത്രം മനോഹരമാക്കിയിട്ടുണ്ട്. മണികണ്ഠൻ പട്ടാമ്പി, അനന്യ, ലിയോണ ലിഷോയ്, ജിബിൻ ഗോപിനാഥ്, ഫറാ ഷിബില തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.

കുറ്റവാളിയെ അവസാന നിമിഷം വൻ ട്വിസ്റ്റോടെ പിടികൂടി പ്രേക്ഷകർക്ക് മുന്നിലവതരിപ്പിക്കുന്ന ശൈലിയല്ല ദ തേർഡ് മർഡറിന്റേത്. ഒരു നിർണായക ഘട്ടത്തിൽ പ്രധാന കുറ്റവാളിയെ പ്രേക്ഷകർക്ക് മുന്നിലേക്കിട്ടുതരുന്നുണ്ട് ചിത്രം. ഇയാളുടെ ചിന്തകൾക്കൊപ്പമാണ് ചിത്രം പിന്നീട് സഞ്ചരിക്കുന്നത്. ഇയാൾ എന്താണ് അടുത്തതായി ചെയ്യാൻ പോകുന്നത് എന്ന ആകാംക്ഷ പ്രേക്ഷകനിൽ ഉണ്ടാക്കുകയും അവരെക്കൂടി ഒരു അന്വേഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു എന്നുള്ളിടത്താണ് ചിത്രം വിജയിക്കുന്നത്. കയ്യടി നൽകാം തേർഡ് മർഡറിന്.