സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത അപരിചിതന്‍ എന്ന ചിത്രത്തിലൂടെയാണ് എം.ആര്‍. രാജാകൃഷ്ണന്‍ എന്ന ശബ്ദലേഖകന്റെ സിനിമാപ്രവേശനം. അതിനുമേറെ മുമ്പുതന്നെ സിനിമയെ സ്‌നേഹിക്കുകയും അറിയുകയും ചെയ്തിരുന്നു അദ്ദേഹം. പ്രതിഭാധനരായ സംഗീതജ്ഞരുടെ കുടുംബത്തിലെ അംഗമായിരുന്നുവെങ്കിലും സിനിമയില്‍ കാഴ്ചകള്‍ പകര്‍ത്തുന്ന ക്യാമറാമാനാകണമെന്നായിരുന്നു രാജാകൃഷ്ണന്റെ ആഗ്രഹം. എന്നാല്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ ഇടപെടലില്‍ ആഗ്രഹത്തില്‍ മാറ്റം വന്നു. വെളിച്ചത്തില്‍നിന്ന് ശബ്ദലേഖനം എന്ന മേഖലയിലേക്ക് ലക്ഷ്യം വഴിമാറി. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മറ്റനവധി പുരസ്‌കാരങ്ങളും സ്വന്തമാക്കി 25 കൊല്ലത്തിലേറെയായി, വിഭിന്ന ഇന്ത്യന്‍ ഭാഷാ സിനിമകളില്‍ സൗണ്ട് ഡിസൈനറായി തുടരുകയാണ് രാജാകൃഷ്ണന്‍. പ്രവര്‍ത്തിച്ച ചിത്രങ്ങളില്‍ ഹിറ്റുകളാണധികവും. അപ്‌ഡേറ്റഡ് ആയിരിക്കുക എന്നതാണ് ഒരു ടെക്‌നീഷ്യന് ഏറ്റവും അനിവാര്യമായത്. തന്റെ മേഖലയില്‍ ഏറ്റവും അപ്‌ഡേറ്റഡ് ആയിരിക്കുന്നതിലാകണം രാജാകൃഷ്ണനെത്തേടി പ്രമുഖ സംവിധായകര്‍ എത്തുന്നത്. ഒരിക്കല്‍ ഒരു പ്രമുഖ മാധ്യമം വിശേഷിപ്പിച്ചതുപോലെ രാജാകൃഷ്ണന്‍ 'ശബ്ദങ്ങളുടെ രാജ' തന്നെയാണെന്നതില്‍ തര്‍ക്കമില്ല. തന്റെ പ്രവര്‍ത്തനരംഗത്തെ അനുഭവങ്ങള്‍ രാജാകൃഷ്ണന്‍ പങ്കുവെക്കുന്നു.

To advertise here,

കാന്താര ചാപ്റ്റര്‍-1 , ലോക ചാപ്റ്റര്‍-1, ഡീയസ് ഈറേ...തുടര്‍ച്ചയായ സൂപ്പര്‍ഹിറ്റുകളാണ്. ചിത്രങ്ങളുടെ വിജയത്തെ / പരാജയത്തെ ഏതുവിധത്തിലാണ് നോക്കിക്കാണുന്നത്? ഈ സിനിമകളുടെ ഭാഗമായതിന്റെ അനുഭവം?

ഹിറ്റ് സിനിമകളില്‍ പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന് ലോക. ആ സിനിമയുടെ മെയ്ക്കിങ്ങിലെ പ്രത്യേകതകളെ കുറിച്ച് റിവ്യൂ വീഡിയോകളിലും മറ്റും പറയുന്നുണ്ട്. അത് ഇങ്ങനെ കട്ട് ചെയ്തു, അത് ഇങ്ങനെ വരുന്നു, അതിന്റെ ട്രാന്‍സീഷന്‍ നന്നായിട്ടുണ്ട്, ഈ എഫക്ട് നന്നായിട്ടുണ്ട് എന്നൊക്കെ. ചെയ്യുന്ന എല്ലാ സിനിമകളിലും സമാനമായ എഫര്‍ട്ട് എടുക്കാറുണ്ട്. എല്ലാ സിനിമകളിലും ഇതേപോലെ ഇന്‍പുട്ട്‌സ് കൊടുക്കാറുണ്ട്. പക്ഷേ, ഇത്തരത്തിലുള്ള ഹിറ്റ് സിനിമകളില്‍ ചെയ്യുമ്പോഴാണ് പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. സിനിമ സക്‌സസ് ആകുമ്പോഴാണ് നമ്മുടെ വര്‍ക്കും ശ്രദ്ധിക്കപ്പെടുന്നത്. ലോകയുടെ ഡയറക്ടര്‍ ഡൊമിനിക് അരുണിന്റെ മുന്‍ചിത്രത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. അന്നേ തുടങ്ങിയ ബന്ധമാണ്. ആറോ ഏഴോ വര്‍ഷത്തിനുശേഷമാണ് ലോക ചെയ്യുന്നത്. അന്നത്തെ ചിത്രവും ഒരു ഗംഭീര വര്‍ക്ക് ആയിരുന്നു. ഒരു എബോവ് ആവറേജ് സിനിമയായി മാത്രമാണ് അത് വിലയിരുത്തപ്പെട്ടത്. ലോക പോലെ ഒരുപാട് പരീക്ഷണങ്ങളുള്ള സിനിമയായിരുന്നു അത്. അതുകൊണ്ട് സിനിമയുടെ സക്‌സസ് വളരെ ഇമ്പോര്‍ട്ടന്റ് ആണ്. ഇന്റര്‍വ്യൂകളില്‍പ്പോലും പരാമര്‍ശിക്കപ്പെടുന്നത് ഇത്തരം സിനിമകളാണ്. ഹിറ്റ് സിനിമകള്‍ക്കിടയില്‍ പത്തോ പതിനഞ്ചോ സിനിമ ചെയ്താല്‍പ്പോലും ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടണമെന്നില്ല. അതാണ് സക്‌സസിന്റെ മൂല്യം എന്നുപറയുന്നത്.

അതേപോലെയാണ് കാന്താരയും. കാന്താരയും എക്സ്ട്രീമിലി അമ്പിഷ്യസ് ആയിട്ടുള്ള സിനിമയായിരുന്നു. ഞങ്ങളെല്ലാവരും കൂടി മിക്സിങ്ങിന് മുമ്പ് എഡിറ്റ് ചെയ്ത് കാണുകയായിരുന്നു. ക്ലൈമാക്സ് എന്ന് പറയുന്നത് എക്സ്ട്രാ ഓഡിനറിയായിരുന്നു. “ഇത് മൾട്ടി ലാംഗ്വേജിൽ വരേണ്ട സിനിമ അല്ലേ എന്തുകൊണ്ട് അത് ചിന്തിക്കുന്നില്ല” എന്ന് ഞാനന്ന് ചോദിക്കുകയും ചെയ്തു. ഇതൊരു സാധാരണ കന്നഡ പടമല്ലേ ചേട്ടാ എന്ന് അതിന്റെ സംവിധായകൻ പോലും (ഋഷഭ് ഷെട്ടി) വിചാരിച്ചിരുന്നിടത്തുനിന്ന് എന്താ പടം എന്ന് പ്രേക്ഷകർ പറയുന്ന സ്ഥിതിയിലേക്ക് മാറി വന്നില്ലേ. അതിന്റെ ഭാഗമായി എന്നുള്ളത് എന്റെ ചുമതലയായിട്ടാണ് ഞാൻ കരുതുന്നത്.

സിനിമ ഹിറ്റ് ആകുമ്പോൾ, മുൻകാലത്ത് ഒന്നുകിൽ സംവിധായകൻ അല്ലെങ്കിൽ അഭിനേതാക്കൾ, മ്യൂസിക് ഡയറക്ടർ ഇവരൊക്കെയാണ് സ്വാഭാവികമായും ഫോക്കസ് ചെയ്യപ്പെടുക. എന്നാൽ ടെക്നിക്കൽ വശങ്ങൾ കൂടി, അതായത് ഇഫക്റ്റ്സ്, മിക്സിങ്, എഡിറ്റിങ്... എന്നിവയൊക്കെ പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്. ഒരു ടെക്നീഷ്യൻ അദ്ദേഹത്തിന്റെ എല്ലാ വർക്കുകളും ഒരേ രീതിയിലാണ് കാണുന്നത്?

എന്റെ ഒരു ലൈഫിൽ എനിക്ക് കിട്ടിയ ഭാഗ്യങ്ങളിലൊന്ന് എന്നുപറയുന്നത് പുതിയ ഡയറക്ടർമാർക്കൊപ്പം പ്രവർത്തിക്കാനായി എന്നുള്ളതാണ്. ആ അവസരങ്ങളെ ഏറ്റവും പ്രഷ്യസ് ആയാണ് ഞാൻ കാണുന്നത്. ഓൾറെഡി എസ്റ്റാബ്ളിഷ്ഡ് ആയ സംവിധായകർക്കൊപ്പം വർക്ക് ചെയ്യുന്നതിനേക്കാളും എനിക്ക് എപ്പോഴും ഹരം കിട്ടുന്നത് പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോഴാണ്. കാരണം അവർ വരുന്നത് അവരുടെ എത്രയോ വർഷത്തെ സ്വപ്നവുമായാണ്. മാത്രമല്ല സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുമുണ്ടാകും. ഏറ്റവും നല്ല ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവുമായി വരുന്നവരുടെ എനർജി വളരെയേറെയാണ്. ചെറിയ പടങ്ങളാണ് വലിയ പടങ്ങളായി മാറുന്നത്. ചെറിയ ഡയറക്ടർ ആണ് പിന്നീട് വലിയ ഡയറക്ടർ ആയി മാറുന്നത്. ഉദാഹരണത്തിന്, ഋഷഭ് ഷെട്ടിയ്ക്ക് കാന്താര ചെയ്യാനായി അന്ന് കൊച്ചിയിൽ വരേണ്ട സാഹചര്യമുണ്ടായി. ചെന്നൈയിൽ ആണ് കാന്താരയുടെ മിക്സിങ് പ്ലാൻ ചെയ്തിരുന്നത്. ഞാൻ ഒരു മലയാളം പടം ചെയ്തുകൊണ്ടിരിക്കുന്ന സമയമായതിനാൽ ക്ലാഷ് വന്നു. പക്ഷെ, അദ്ദേഹം ഇങ്ങോട്ട് വരാമെന്ന് പറഞ്ഞു. കൊച്ചിയിലാണ് കാന്താരയുടെ മിക്സിങ് ചെയ്തത്. ഋഷഭിനെ അന്നാർക്കുമറിയില്ല. പക്ഷേ അതേ സിനിമ കഴിഞ്ഞ് കാന്താര ചാപ്റ്റർ വൺ വന്നപ്പോൾ, കൊച്ചിയിലെത്തിയ അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാനായി ഒരു 150 പേരെങ്കിലും വന്നിട്ടുണ്ടാകും. അതാണ് സിനിമ. ഒരു ഡയറക്ടറിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. അടുത്ത പടത്തിൽ എനിക്കത് പ്രയോജനപ്പെടും. എന്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്നു പറയുന്നത്, സിനിമകളുടെ എണ്ണത്തേക്കാൾ ഒരുപാട് സംവിധായകരും ടെക്നീഷ്യൻമാരുമായി കൊളാബറേറ്റ് ചെയ്യാൻ പറ്റി എന്നുള്ളതാണ്.

ശബ്ദം എന്ന് പറയുന്നത് സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട സംഗതിയല്ലേ. നിശബ്ദമായ ലോകത്ത് ഇരുന്ന് ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ. എന്താണ് സൗണ്ട് ഡിസൈനറുടെ ജോലി / സംവിധായകൻ, സംഗീതസംവിധായകൻ എന്നിവർക്കൊപ്പമിരുന്നാണോ ഇതൊക്കെ ചെയ്യുന്നത് ?

സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മുഴുവൻ വെളിച്ചത്തിലൂടെയും ശബ്ദത്തിലൂടെയുമാണ്. ഇതുരണ്ടുമില്ലാതെ ഒരു കമ്മ്യൂണിക്കേഷനും തിയേറ്ററിൽ സംഭവിക്കുന്നില്ല. കണ്ണുകൊണ്ട് കാണുകയും അതിനനുസരിച്ചുള്ള ശബ്ദം ചെവിയിലേക്ക് എത്തുമ്പോഴുമാണ് ഒരു കംപ്ലീഷൻ ഉണ്ടാകുന്നത്. ശബ്ദം ഉപയോഗിച്ചാണ് ഇമോഷൻസ് ക്രിയേറ്റ് ചെയ്യുന്നത്. ഒരു കൂട്ടം പ്രക്ഷകർ സിനിമ കാണാൻ വരുമ്പോൾ ഓരോത്തർക്കും ഓരോ മാനസികാവസ്ഥയായിരിക്കും, കാരണം ഓരോരുത്തരുടേയും ജീവിതം വ്യത്യസ്തമാണ്. ശബ്ദത്തിന് എന്താണ് ജോലി എന്ന് ചോദിച്ചാൽ സിനിമ കാണാനെത്തിയ എല്ലാവരുടേയും മൂഡ് ഒന്നാക്കുക എന്നുള്ളതാണ്, അവരെ സിനിമയുടെ ഉള്ളിലേക്ക് കൊണ്ടുവരിക എന്നതാണ്. മ്യൂസിക് ഡയറക്ടർ ഒരു സീൻ കൺസീവ് ചെയ്യും. സൗണ്ട് ഡിസൈനർ ഒരു സീൻ കൺസീവ് ചെയ്യും. രണ്ടും രണ്ട് രീതിയിലായിരിക്കും അതായത് മ്യൂസിക് ഡയറക്ടർ കൺസീവ് ചെയ്യുന്നത് ഇമോഷൻ എന്താണോ ആ ഇമോഷനെ സപ്പോർട്ട് ചെയ്യുന്ന മ്യൂസിക് കൊടുക്കുക എന്നുള്ളതാണ്. ഒരു ഡിസൈനർ ചെയ്യുന്നത് ഈ മ്യൂസിക് ഇല്ലാതെ ഈ സീനിൽ ശബ്ദം വെച്ച് ഇമോഷൻ എങ്ങനെ കൊടുക്കാം എന്നാണ്. പ്രേക്ഷകരുടെ കേൾവിയിലേക്ക് എത്തുമ്പോൾ ഓട്ടോമാറ്റിക്കലി ആ ഇമോഷൻ അവിടെ വർക്ക് ആവണമല്ലോ, അതാണ് എപ്പോഴും പ്ലാൻ ചെയ്യുന്നത്.

കൃത്യമായ അളവിൽ പ്രേക്ഷകരുടെ മനസ്സിൽ ആ സീൻ കണക്ട് ആവണം. അതാണ് മിക്സിങ്ങിൽ ചെയ്യുന്നത്. തിയേറ്ററിൽ എക്സ്പീരിയൻസ് 100% കിട്ടി കഴിയുമ്പോഴാണ് അവർ സൗണ്ടിനെ അപ്രീഷിയേറ്റ് ചെയ്യുന്നത്. തെറ്റ് സംഭവിക്കരുത്. തെറ്റായി ഒരു സൗണ്ട് ഇട്ടു കഴിഞ്ഞാൽ ശ്രദ്ധ പോകും.മൂഡ് മിസ്സ് ആകും. പടത്തിൽ നിന്ന് അവർ പുറത്തു വരും. പ്രേക്ഷകനെ സിനിമയിൽ തന്നെ നിർത്തുക എന്ന് പറയുന്ന ജോലിയാണ് ഡിസൈനറുടേത്. കൃത്യമായ ശബ്ദമാണ് പുറകിൽ ഉള്ളതെങ്കിൽ കാഴ്ചക്കാരൻ സിനിമയിൽ തന്നെ തുടരും.

സംഗീതകുടുംബത്തിൽ നിന്ന് വന്ന ഒരാൾ ശബ്ദമേഖലയിലേക്ക് വരുമ്പോൾ അതിൽ പ്രത്യേകതയുണ്ടോ എന്ന ചോദ്യം അപ്രസക്തമാണ്. അതേസമയം സംഗീതത്തിൽനിന്ന് മാറി സൗണ്ട് ഡിസൈനിങ്ങിലേക്ക് വരുന്നത് സ്പെഷ്യലല്ലേ?

സ്റ്റുഡിയോ എനിക്കൊരു പുതിയ ലോകമേ ആയിരുന്നില്ല. അച്ഛന്റെയും ചിറ്റപ്പന്റെയും (എം.ജി. രാധാകൃഷ്ണനും എം.ജി. ശ്രീകുമാറും) കൂടെ ചെറുപ്പകാലം മുതൽ സ്റ്റുഡിയോകളിൽ പോയിരുന്നു. ഒരു സെക്കൻഡ് ഹോം പോലെയാണത്. എനിക്ക് ചുറ്റും ശബ്ദത്തിന്റെ ലോകം ഉണ്ടായിരുന്നു, അത് സംഗീതത്തിൽ മുഴുകി കിടക്കുകയായിരുന്നുവെന്നുമാത്രം. മ്യൂസിക് ഡയറക്ഷൻ എന്ന ലെവലിലേക്ക് ഞാൻ ചിന്തിക്കാത്തതിനുപിന്നിൽ എന്റെ അച്ഛനും ചിറ്റപ്പനും തന്നെയാണ്. കാരണം അവർ ജീനിയേഴ്സ് ആണ്. എന്റെ അച്ഛനൊക്കെ സെക്കൻഡ് കൊണ്ട് പാട്ട് ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പാട്ട് ഞാൻ രണ്ടു മാസമെടുത്താലും ചിലപ്പോൾ നടക്കില്ല. ആ തിരിച്ചറിവ് എനിക്കുണ്ട്. ഒരു ജോലി ഏറ്റെടുക്കുമ്പോൾ അതിൽ ഏറ്റവും ബെസ്റ്റ് ലെവലിൽ നിന്നാലേ നമുക്ക് എന്തെങ്കിലും കാര്യമുള്ളൂ. സംഗീതലോകത്തേക്ക് ഒരല്പ ജ്ഞാനവും വെച്ച് കടന്നുചെല്ലുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ മാറിനിന്നത്.

എനിക്ക് വെളിച്ചത്തോടായിരുന്നു കൂടുതൽ താൽപര്യം. ക്യാമറാമാൻ ആകാനായിരുന്നു ആഗ്രഹം. ആ ആഗ്രഹം കൊണ്ട് എങ്ങനെയെങ്കിലും പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ അഡ്മിഷൻ കിട്ടണം എന്നതായിരുന്നു ലക്ഷ്യം. റെക്കമെൻഡേഷൻ ചെയ്യാമോ എന്ന് പ്രിയൻ മാമനോട് (സംവിധായകൻ പ്രിയദർശൻ) ചോദിക്കുകയും ചെയ്തിട്ടുണ്ട് നിന്റെ അച്ഛനും ചിറ്റപ്പനും കൂടെ വരുമ്പോൾ കണ്ടിട്ടുള്ള അല്ലെങ്കിൽ സംഗീതം മാത്രമായ ഒരു വിഭാഗത്തിലാണ് നീ നിന്നിട്ടുള്ളത്, അത്രയേ ഉള്ളൂ നിനക്ക് സിനിമയുടെ ലോകം. സിനിമാരംഗത്തെ പൂർണ്ണമായും മനസ്സിലാക്കണമെങ്കിൽ നീ കുറച്ചുനാൾ ചെന്നൈയിലേക്ക് വാ, ഞാൻ ഒരു സ്റ്റുഡിയോ തുറക്കുന്നുണ്ട്, നീ കുറച്ചുനാൾ അവിടെ നിൽക്ക്. അതുകഴിഞ്ഞ് നീ പറയുന്ന ഫീൽഡിലേക്ക് നിന്നെ കയറ്റിവിടാം എന്ന് പ്രിയൻ മാമന്‌‍ പറഞ്ഞു. ഡിഗ്രി കഴിഞ്ഞയുടനെ ഞാൻ നേരെ ചെന്നൈയിലേക്ക് പോയി. ഫോർ ഫ്രെയിംസിൽ പ്രശസ്ത ഓഡിയോഗ്രാഫറായ ദീപൻ ചാറ്റർജിയെ അസിസ്റ്റ് ചെയ്യാനായി. ശബ്ദത്തിന്റെ ലോകം എനിക്ക് വളരെയധികം കണക്ട് ആയി. പിന്നീട് ഒരു പോയിന്റിൽ പോലും എനിക്ക് ആ കണക്ഷനിൽ നിന്ന് പുറത്തിറങ്ങാനായില്ല. ഞാൻ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

പിന്നീട് ഫോർ ഫ്രെയിംസ് വിട്ടോ?

ലൈഫിൽ ഒരു ഇൻഡിവിജുവാലിറ്റി ക്രിയേറ്റ് ചെയ്യുക എന്നത് വളരെ ഇമ്പോർട്ടന്റ് ആണ്. ഇപ്പോൾ എനിക്ക് സ്വന്തമായി സ്റ്റുഡിയോ ഉണ്ട്. ഞാൻ ഒരു ഫ്രീലാൻസർ ആണ്. ആ സ്റ്റുഡിയോ ആണ് എന്നെ വളർത്തിയത്. ഞാനിപ്പോഴും ആ സ്റ്റുഡിയോയുടെ ഭാഗം തന്നെയാണ്. ഇപ്പോഴും ചില വലിയ പടങ്ങൾ അവിടെ തന്നെയാണ് ഞാൻ ചെയ്യുന്നത്. എങ്കിലും രാജകൃഷ്ണൻ ഫോർ ഫ്രെയിംസ് എന്ന ടാഗ് ലൈൻ മാറിയിട്ടുണ്ട്. പ്രിയൻ മാമന്റെ ഞാൻ മിക്സ് ചെയ്ത ആദ്യത്തെ സിനിമ വെട്ടമാണ്. ആ വെട്ടം. അന്ന് മുതൽ ഇന്ന് വരെ, ഇപ്പോ ഭൂത് ബംഗ്ലാ ചെയ്യുന്നുണ്ട്. ഒപ്പത്തിന്റെ റീമേക്ക് വരുന്നുണ്ട്. എല്ലാം ഞാൻ തന്നെയാണ് ഡിസൈനിങ്. എനിക്ക് ആദ്യമായിട്ട് ഒരു ഗംഭീര ടൈറ്റിൽ തന്ന വ്യക്തിയാണ് അദ്ദേഹം. ഡയറക്ടർ ഓഫ് ഓഡിയോഗ്രാഫി ടൈറ്റിലിൽ എന്റെ പേര് ലേഖനം ചെയ്യാനിടയാക്കിയത് അദ്ദേഹമാണ്. എനിക്ക് ഏറ്റവും കടപ്പാടുള്ളയാളാണ്.

സ്വന്തമായി ഹോം വർക്ക് ചെയ്തിട്ടാണോ അതോ റെഫറൻസുകൾ വേണ്ടി വരാറുണ്ടോ / ഏതുവിധത്തിലാണ്  താങ്കളുടെ സൗണ്ട്‌ ഡിസൈനിങ്ങിന്റെ രീതി?

ശബ്ദത്തിന്റെ ലോകത്തിലേക്ക് കയറിയ ശേഷം എല്ലാ ചലനങ്ങളും ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. ശരീരചലനങ്ങൾ, വാഹനങ്ങളുടെ ശബ്ദം, , ഒരു പ്രതിധ്വനി ശബ്ദം... ഒരു ഗുഹയ്ക്കുള്ളിൽ പോയാൽ എങ്ങനെ ആയിരിക്കും എന്നുള്ളതിന്റെ ഒരു ഒരു ധാരണ നമ്മൾ ഞാൻ മനസ്സിലാക്കണം. ഗുഹകളിൽ പോയി വിളിച്ചു നോക്കുകയൊക്കെ ചെയ്യും. ഗുഹയുടെ ഫീൽ ക്രിയേറ്റ് ചെയ്യണമെങ്കിൽ എന്തൊക്കെ വേണമെന്ന് ശ്രദ്ധിക്കും. ഒറിജിനൽ ഗുഹയ്ക്ക് പോകുമ്പോൾ കാതിനകത്ത് ഒരു മുഴക്കം ഉണ്ടാകും. നമുക്കൊരു അടവുണ്ടാകും. ഒരു നിശബ്ദത ഉണ്ടാകും. വെള്ളത്തുള്ളികളുടെ ശബ്ദംപോലും കൃത്യമായി കേൾക്കാൻ പറ്റും. നമ്മൾ സംസാരിക്കുന്നത് നമ്മൾ തന്നെ തിരിച്ചു കേൾക്കുന്ന ഒരവസ്ഥ പലപ്പോഴും ഉണ്ടാകും. ഇതെല്ലാം ചേർന്ന ആംബിയൻസ് മനസ്സിൽ സൂക്ഷിക്കും. അനുഭവിക്കാൻ സാധിച്ച കാര്യങ്ങൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് പലപ്പോഴും സിനിമയിൽ ചെയ്യുന്നത്. വ്യത്യസ്തമായ സ്ഥലങ്ങളും വ്യത്യസ്തമായ ടീംസും ഉള്ള സിനിമകൾ വരുമ്പോഴാണ് ഒരു സൗണ്ട് ഡിസൈനർ എന്ന നിലയിൽ ചാലഞ്ചിങ് ആകുന്നത്.

നമ്മൾ ഇതുവരെ കാണാത്ത ഒരു ലോകം, ഇതുവരെ കാണാത്ത മനകൾ, ഇതുവരെ കാണാത്ത ഒരു ആംബിയൻസ്, യൂസ് ചെയ്തിരിക്കുന്ന പ്രോപ്പർട്ടീസ്, ധരിച്ചിരിക്കുന്ന തുണികൾ, അണിഞ്ഞിരിക്കുന്ന ഓർണമെന്റ്സ്, ഇതെല്ലാം മാറ്റർ ആണ്. ഒരാൾ നടന്നു പോകുമ്പോൾ ഓർണമെന്റ് കിലുങ്ങും. പട്ടുവസ്ത്രം ധരിച്ച് നടന്നു പോകുമ്പോൾ സിൽക്കിന്റെ സൗണ്ടിന് പകരം കോട്ടൺ സൗണ്ട് ഇട്ടാൽ അവിടെ പാളും. ആ ശബ്ദം അങ്ങനെ തന്നെ കൊണ്ടുവരണമല്ലോ. അപ്പോഴല്ലേ അത് സിൽക്ക് ആണെന്ന് കണ്ടുകൊണ്ടിരിക്കുന്നവർക്ക് തോന്നുക. കണ്ണടച്ചിരുന്നു കാണുന്ന ഒരാൾക്ക് ഒരാൾ നടന്നു വരുന്ന ശബ്ദം കൊടുക്കുമ്പോൾ ആ കണ്ണ് കാണാത്ത ഒരാൾക്ക് കൃത്യമായി ആ കഥാപാത്രത്തെ ഊഹിക്കാൻ പറ്റും. അതാണ് സൗണ്ടിന്റെ വാല്യൂ. അനന്തഭദ്രം അതിന് ഉത്തമ ഉദാഹരണമാണ്. ആ സിനിമയിൽ ചെയ്തിരിക്കുന്ന മ്യൂസിക്കിന്റെ പ്രസന്റേഷൻ ഉണ്ട്. ചെണ്ട വെച്ചാണ് ബാക്ക് ഗ്രൗണ്ട് സ്കോർ മുഴുവൻ ചെയ്തിരിക്കുന്നത്. ആ ചെണ്ടയുടെ പ്രസൻസ് ഉണ്ടാക്കാനായി ചെണ്ട എടുത്ത് ചുറ്റും കറക്കി.

തലയുടെ മുകളിൽ കൂടെ പോകുമ്പോൾ ഒരു എക്സ്ട്രാ തിയേറ്ററൽ എക്സ്പീരിയൻസ് നമ്മൾ ക്രിയേറ്റ് ചെയ്യുകയാണ്. ഇത്തരത്തിലുള്ള സിനിമകൾ വരുമ്പോഴാണ് ഉള്ളിലുള്ള സൗണ്ട് ഷൈനിങ് എന്ന സംഗതി ഉണരുന്നത്. മഞ്ചാടിക്കുരു വളരെ സിമ്പിൾ പടമാണ്. പ്രത്യേകിച്ച് ഒരു കോംപ്ലിക്കേഷനും ഇല്ല. പക്ഷേ ഞാൻ അത് ചെയ്തു തീർക്കാൻ മൂന്നു മാസം എടുത്തു. അതിമനോഹരമായി ഡീറ്റെയിലിങ് ചെയ്ത സിനിമയാണ് മഞ്ചാടിക്കുരു. പെർഫെക്ഷനിലേക്ക് അത് എത്തിക്കുക എന്നുള്ളതാണ് കാര്യം. കൃത്യതയിൽ കൊണ്ടുവരിക എന്നത് വലിയ ചലഞ്ച് ആണ്.

മലയാളിയായ രാജാകൃഷ്ണൻ മലയാളത്തിൽ മാത്രമല്ലല്ലോ ഹിന്ദിയിലുൾപ്പെടെ വിഭിന്ന ഭാഷാചിത്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. എങ്ങനെയാണ് ഇവയൊക്കെ കൈകാര്യം ചെയ്ത് കൊണ്ടുപോകുന്നത്?

സിനിമയ്ക്ക് അതിരുകൾ ഇല്ല. എല്ലാ സിനിമയും എല്ലാവരും കാണുന്നുണ്ട്. അർജുൻ റെഡ്ഡി എന്ന സിനിമ എനിക്ക് വരാൻ കാരണം പ്രേമം എന്ന പടമാണ്. പ്രേമത്തിലെ വർക്ക് കണ്ടാണ് സന്ദീപ് റെഡ്ഡി വാംഗ എന്നെ തിരഞ്ഞുവന്നത്. ആ ബന്ധം അവിടെ അവസാനിച്ചില്ല. അർജുൻ റെഡ്ഡി തെലുങ്ക് സിനിമയ്ക്ക് എന്നെ പരിചയപ്പെടുത്തി. പ്രേമം എനിക്ക് അർജുൻ റെഡ്ഡി തന്നെങ്കിൽ അർജുൻ റെഡ്ഡി എനിക്ക് മറ്റ് തെലുങ്ക് സിനിമകൾ തന്നു. കാന്താര എനിക്ക് വലിയ ഗേറ്റാണ് ഓപ്പണാക്കിത്തന്നത്. കാന്താരയ്ക്ക് ശേഷം ഞാൻ ഈ ചെയ്ത സിനിമകളൊക്കെ ഇതൊക്കെ ഇയാൾ ചെയ്തതാണോ എന്ന് എന്റെ മുൻചിത്രങ്ങളെ കുറിച്ച് അന്വേഷണങ്ങളുണ്ടാക്കി. പിസ എന്ന ചിത്രമാണ് എനിക്ക് തമിഴിൽ മാർക്കറ്റ് ഓപ്പൺ ആക്കിയത്. അനന്തഭദ്രവും കീർത്തിചക്രയുമാണ് എനിക്ക് മലയാള സിനിമയിൽ ഇടമുണ്ടാക്കിത്തന്നത്. നമ്മുടെ വർക്ക് തന്നെയാണ് ഒരു ടെക്നിഷ്യൻ എന്ന രീതിയിലുള്ള സ്വീകാര്യത ഉണ്ടാക്കുന്നത്. രാജാകൃഷ്ണൻ വർക്ക് ചെയ്യണം എന്നു പറഞ്ഞ് എന്റെ കയ്യിൽ പടം കൊണ്ട് തരുമ്പോൾ ഉത്തരവാദിത്വം കൂടുകയാണ്.

മുംബെെയിൽ തന്നെയാണ് മിക്ക നോർത്തിന്ത്യൻ പടങ്ങളുടെ വർക്കുകൾ നടക്കുന്നത്. എല്ലാവർക്കും അവിടെയാണ് സൗകര്യം. പ്രിയദർശൻ സിനിമകൾ മാതാരമാണ് ചെന്നൈയിൽ വരുന്നതെന്ന് പറയാം. അർജുൻ റെഡ്ഡി കഴിഞ്ഞ് സന്ദീപ് റെഡ്ഡി വാംഗ കബീർ സിങ് ചെയ്തു. ചെന്നൈയിലാണ് . അത് കുറച്ച് ടഫ് ആയിരുന്നു പുള്ളിക്ക് കൊണ്ടുവരാൻ ആയിട്ട്. കാരണം പുള്ളി സ്ട്രോങ് ആയിട്ട് നിന്നതിന്റെ പേരിലാണ് ഞാൻ കബീർ സിങ് മിക്സ് ചെയ്തത്. അതിനു ശേഷം അനിമൽ വരുന്ന സമയത്ത് അവിടെ പ്രഷർ ഉണ്ടായിരുന്നു. മൈ അനിമൽസ് ആർ ദേർ ഇൻ ചെന്നൈ എന്നു പറഞ്ഞാണ് സന്ദീപ് അതിന്റെ മിക്സിങ്ങിനായി ചെന്നൈയിൽ കൊണ്ടവന്നത്. ഇത്രയും നാൾ കൊണ്ട് അദ്ദേഹത്തിനുണ്ടായ വിശ്വാസം കാരണമാണ് ആ സിനിമ എന്റെ അടുത്ത് വന്നത്. ആ സിനിമ എനിക്ക് നാഷണൽ അവാർഡ് നേടിത്തന്നു. ആ പടം ഡിമാൻഡ് ചെയ്യുന്നതനുസരിച്ച് ഒരു സൗണ്ട് ആംബിയൻസ് ക്രിയേറ്റ് ചെയ്തു കൊടുക്കുക കൊടുക്കുക എന്നുള്ളതാണല്ലോ എന്റെ ഡ്യൂട്ടി.അത് കൃത്യമായി ആനിമലിൽ വന്നതിനാലാണ് എനിക്ക് അവാർഡ് കിട്ടാനുള്ള കാരണം എന്ന് ഞാൻ ബലമായി വിശ്വസിക്കുന്നു.

ശബ്ദസങ്കലനരംഗത്ത് രാജാകൃഷ്ണൻ എന്ന ടെക്നീഷ്യൻ 25 കൊല്ലം കഴിഞ്ഞിരിക്കുന്നു. സീനിയർ എന്നു വിശേഷിപ്പിക്കാമല്ലോ?

ഈ മേഖലയിലെ പുതിയ ആളുകളിൽനിന്ന് എനിക്ക് ഇനിയും പഠിക്കാൻ ഒരുപാട് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് സീനിയോറിറ്റി തന്നു കഴിഞ്ഞാൽ എന്റെ പഠനം നിന്നു പോകും. പഠനം നിന്നു കഴിഞ്ഞാൽ നമ്മുടെ ക്രിയേറ്റിവിറ്റിയും പാഷനും ഒക്കെ നിന്നുപോകും. എല്ലാദിവസവും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ അസിസ്റ്റൻസിൽ നിന്നും പഠിക്കുന്നുണ്ട്. അവരുടെ പുതിയ അറിവുകളും ആശയങ്ങളും ഉപയോഗപ്പെടുത്താൻ എനിക്കിഷ്ടമാണ്. എന്നാലും എക്സ്പീരിയൻസ് ഒരു വലിയ ഘടകമാണ്. പഠിക്കാൻ വേണ്ടി ആഗ്രഹിച്ച വരുന്ന ഒരാളെയും ഞാൻ നിരാശപ്പെടുത്താറില്ല. ഇൻഡസ്ട്രിയിൽ ഒരുപരിധിവരെ എന്റെ ശിഷ്യരാണ്. പിസയൊക്കെ അവരെ വെച്ചാണ് ഇഫക്ട്സ് ചെയ്യിച്ചത്. അവരുടെ വർക്കൊക്കെ കാണുമ്പോൾ, അവർക്ക് അംഗീകാരം ലഭിക്കുമ്പോൾ വലിയ സന്തോ‌ഷം തോന്നാറുണ്ട്. ഞാൻ പഠിപ്പിച്ചുവിട്ട കുട്ടികൾ എന്തെങ്കിലും ചെയ്ത് അവർക്ക് അപ്രീസിയേഷൻ കിട്ടുമ്പോൾ എനിക്കാണ് കിട്ടുന്നത് എന്ന് തോന്നും.

അനന്തഭദ്രത്തെ കുറിച്ച്, കഥകളിൽ മാത്രം അല്ലെങ്കിൽ സങ്കൽപത്തിൽ മാത്രമുള്ള ഒരു ലോകം. എമ്പുരാനിലേക്കെത്തുമ്പോൾ അത് വേറൊരു ലെവലാണ്, ഒരു ഹോളിവുഡ് ലെവലിലാണ് ആ സിനിമ പോകുന്നത്. ഇങ്ങനെ പല തരത്തിൽ ചെയ്യേണ്ടി വരുമ്പോൾ എക്സ്പീരിയൻസ് ആണോ പുതുതായി പഠിച്ചാണോ ചെയ്യുന്നത്?

നമ്മുടെ എക്സ്പീരിയൻസ് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. എല്ലാ ദിവസവും ഒരു സിനിമയെങ്കിലും കാണണം എന്നുള്ള വാശിയുള്ള കൂട്ടത്തിലാണ് ഞാൻ. സിനിമ അല്ലെങ്കിൽ ഒരു വെബ് സീരീസ് എങ്കിലും ഞാൻ കാണും. അതിൽ നിന്നൊക്കെ നമുക്ക് സ്റ്റഡി മെറ്റീരിയൽസ് കിട്ടും.ആ അറിവുകൾ ഞാൻ ചെയ്യുന്ന പടത്തിൽ ഉപയോഗപ്പെടുത്താനാകുമോ എന്ന് നോക്കാറുണ്ട്. ഒരുപാട് സിനിമകൾ എന്നെ ഹെൽപ്പ് ചെയ്തിട്ടുണ്ട്. ഞാൻ യുദ്ധത്തിന് പോയിട്ടില്ല. അതുകൊണ്ട് യുദ്ധം എങ്ങനെ സൗണ്ട് ചെയ്യുന്നു അല്ലെങ്കിൽ ആ ആംബിയൻസ് എങ്ങനെയുണ്ടാകും എന്നുള്ളത് മറ്റു സിനിമകളിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്. നമുക്ക് മുമ്പ് പടങ്ങൾ ചെയ്ത ആൾക്കാർ നമ്മുടെ മുന്നിലുണ്ട്. അവർ ചെയ്തത് ഒന്ന് റെഫർ ചെയ്താൽ മാത്രം മതി. സൗണ്ട്സ് ഒക്കെ പർച്ചേസ് ചെയ്യാൻ പറ്റും. അത് ചെയ്യുന്ന ആൾക്കാരുണ്ട്. എമ്പുരാനുവേണ്ടി ഫോറിൻ ടെക്നിഷ്യൻസിനെയാണ് ഞാൻ പ്രിഫർ ചെയ്തത്. എല്ലാ സിനിമകൾക്കും വേറെ വേറെ ടോൺ ആണ്. സിനിമ ഡിമാൻഡ് ചെയ്യുന്ന ടോൺ ക്രിയേറ്റ് ചെയ്തെടുക്കുക എന്നത് വളരെ ഇമ്പോർട്ടന്റ് ആണ്.

കാന്താരയിൽ ഉപയോഗിച്ച ആ അലർച്ചയുടെ ശബ്ദം പുതിയതായി ക്രിയേറ്റ് ചെയ്തതാണ് എന്ന് പറയുന്നുണ്ടല്ലോ?

അലർച്ച ചെയ്യുന്ന സമയത്ത് ഋഷഭ് പറഞ്ഞു, ഈ ഷോട്ട് ചെയ്യുന്നത് കാട് മുഴുവനും കാണുന്ന വിധത്തിലാണ്. അപ്പോൾ കാട് മുഴുവനും നിറയുന്ന അലർച്ച കേൾക്കണം എന്ന്. അതിനുവേണ്ടി എന്തുചെയ്യാം എന്നാലോചിച്ചു ചെയ്ത കുറെ കാര്യങ്ങളുണ്ട്. ആ പോയിന്റിലേക്ക് എത്തുന്നതുവരെ ഒരു ചെറിയ ഹാർഡ് വർക്ക് അതിനകത്തുണ്ട്, അത്രേയുള്ളൂ. ശബ്ദം സൃഷ്ടിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്ലഗിൻസ് ഉണ്ട്. അത് ഉപയോഗപ്പെടുത്തി. നമ്മൾ കേട്ട ശബ്ദങ്ങളാണ് നമ്മുടെ മനസ്സിൽ കിടക്കുന്നത്. അതിനെ എൻഹാൻസ് ചെയ്തെടുക്കുന്നുവെന്നു മാത്രം. വലിയൊരു ഉത്തരവാദിത്വമാണ് നമ്മൾ ക്ലിയർ ചെയ്യുന്നത്. കാന്താരയുടെ മാജിക് ആയിരിക്കുമത്, അങ്ങനെയൊന്ന് ദൈവം എനിക്കുതന്നത്!

പുഷ്പ 2-വിൽ റസൂൽ പൂക്കുട്ടിയോടൊപ്പം പ്രവർത്തിക്കാനുള്ള അവസരമുണ്ടായല്ലോ. ആ എക്സ്പീരിയൻസ്?

ഞാൻ റസൂൽ പൂക്കുട്ടിയുമായി ആദ്യമായാണ് വർക്ക് ചെയ്യുന്നത്. പുഷ്പ 2ന്റെ ഡയറക്ടർ സുകുമാർ സാറിന്റെ രംഗസ്ഥല എന്ന ചിത്രത്തിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ആ സിനിമയ്ക്കാണ് എനിക്ക് ആദ്യത്തെ നാഷണൽ അവാർഡ് ലഭിച്ചത്. ആ ബന്ധം അവിടെ ഉണ്ടായിരുന്നു. പുഷ്പ-2 വിലേക്ക് എന്റെ പേര് സജസ്റ്റ് ചെയ്തത് ഡയറക്ടർ തന്നെയാണ്.പുഷ്പ-2 ന്റെ ഡിസൈനിങ് റസൂൽ പൂക്കുട്ടിയാണ്. റസൂൽ പൂക്കുട്ടിയുടെ ഒരു ടീമാണ് പുഷ്പ പാർട്ട് വൺ ചെയ്തത്. എനിക്ക് റസൂലുമായിട്ട് സിങ്ക് ആയി പോകാൻ പറ്റുമോ എന്ന ആശങ്കയുമായാണ് ഞാൻ ജോയിൻ ചെയ്തത്. കാരണം ഞാൻ വർക്ക് ചെയ്യുന്നത് എന്റെ ശിഷ്യന്മാരുടെ കൂടെയാണ്. എപ്പോഴും എനിക്ക് മേൽക്കോയ്മ ഉണ്ടാകും. ഓസ്കർ വാങ്ങിയ വലിയ ഒരാളോടൊപ്പം വർക്ക് ചെയ്യുമ്പോൾ എനിക്ക് ഫ്രീഡം ഉണ്ടാകുമോന്ന് സംശയമുണ്ടായിരുന്നു.ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു. ഹൈദരാബാദിലേക്ക് ഞാൻ ചെന്നു. ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ പക്കാ സിങ്ക്. പിന്നെയുള്ള ദിവസങ്ങളിൽ കിടന്നുറങ്ങാൻ വേണ്ടി മാത്രമാണ് ഞങ്ങൾ രണ്ടുറൂമിൽ പോയിരുന്നത്. ഒന്നുകിൽ റസൂൽ എന്റെ മുറിയിൽ അല്ലെങ്കിൽ ഞാൻ റസൂലിന്റെ മുറിയിൽ. നല്ല സുഹൃത്തുക്കളായി. എന്തുണ്ടെങ്കിലും ഇപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്യും.

പുഷ്പ-2 വലിയ പ്രോജക്ട് ആയിരുന്നു. നാല് മ്യൂസിക് ഡയറക്ടേഴ്സ് വർക്ക് ചെയ്തു. സാം സി.എസിന്റെയും ദേവി ശ്രീ പ്രസാദിന്റെയും മ്യൂസിക് ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികിസിങ്ങിൽ കുറച്ച് വർക്ക് ചെയ്യേണ്ടി വന്നു. ഒരു സീനിൽ ഡിഎസ്പി ആണെങ്കിൽ അടുത്ത സീൻ സാമിന്റേതായിരിക്കും. അത് ബ്ലെൻഡ് ചെയ്തെടുക്കേണ്ടതായുണ്ടായിരുന്നു. ഒരു മ്യൂസിക് എഡിറ്ററുടെ റോൾ കൂടി ചെയ്യേണ്ടി വന്നുവെന്ന് പറയാം. അതുപോലെത്തന്നെയാണ് കൽക്കി. എനിക്ക് വലിയ എക്സ്പീരിയൻസ് തന്ന പടമാണത്. അതിലും മിക്സ് മാത്രമാണ് ചെയ്തത്. മിക്സിങ്ങിന് മാത്രമായി ചിലർ വിളിക്കും. ഡിസൈനും മിക്സും ചെയ്ത പടങ്ങളാണ് കാന്താര, മംഗളവാരം തുടങ്ങിയവ.

അച്ഛന്റെയും അമ്മയുടെയും ഒപ്പം വർക്ക് ചെയ്യാനുള്ള അവസരം കിട്ടിയതിനെ കുറിച്ച്?

അതൊരു ഭാഗ്യമാണ്. അനന്തഭദ്രം എന്ന സിനിമയിലാണ് അച്ഛനോടൊപ്പം പ്രവർത്തിച്ചത്. അനന്തഭദ്രത്തിന് എനിക്കും അച്ഛനും അവാർഡ് കിട്ടിയിരുന്നു. അവാർഡ് വാങ്ങാൻ പോയതിനെ കുറിച്ച് വളരെ നല്ല ഒരോർമ്മയുണ്ട്. ശ്രീനിവാസൻ ആണ് സ്റ്റേജിൽ നിന്ന് ക്ഷണിക്കുന്നത്. പുള്ളി ആദ്യം പറഞ്ഞത് “എന്റെ മോനും ഞാനും കൂടി ഒരു പടത്തിൽ ഒന്നിച്ച് പ്രവർത്തിച്ച് രണ്ടുപേർക്കും ഒന്നിച്ച് അവാർഡ് വാങ്ങണമെന്നായിരുന്നു. പക്ഷേ അത് ഇപ്പോൾ ഇവിടെ ഉപേക്ഷിക്കുകയാണ്. എം.ജി. രാധാകൃഷ്ണനും മകൻ എം.ആർ രാജാകൃഷ്ണനും കൂടി ആദ്യം അവാർഡ് ഒപ്പിച്ചു കൊണ്ട് പോകുകയാണ്”, എന്നാണ്. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. അമ്മയോടൊപ്പം (പത്മജ രാധാകൃഷ്ണൻ) സംഗീതസംവിധായകനായാണ് പ്രവർത്തിച്ചത്. അമ്മ ലിറിക്സ് എഴുതി. മിസ്റ്റർ ബീൻ എന്ന സിനിമ. പരാജയപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു അത്. മൂന്ന് പാട്ട് ഞാനും അമ്മയും ചേർന്ന് ചെയ്തു. ഞാനും അമ്മയും വളരെ എക്സൈറ്റഡ് ആയിരുന്നു.

പുതിയ പ്രോജക്ടുകൾ?

ഡീയെസ് ഈറെ തീയേറ്ററിലെത്തിയിരിക്കുന്നു. ഡീയെസ് ഈറെയിൽ അന്‍പത് ശതമാനത്തോളം നിശബ്ദതയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ലെയേഴ്‌സ് ഓഫ് സൈലന്‍സ് വെച്ച് ചെയ്ത സിനിമയാണ് അത്. ബാക്ഗ്രൗണ്ടിലെ ശബ്ദമല്ല മറിച്ച് അതിലെ സൈലന്‍സാണ് നിങ്ങളെ പേടിപ്പിക്കുന്നത്. കണങ്കാവൽ നടന്നുകൊണ്ടിരിക്കുകയാണ്. പിന്നെ പെണ്ണുകേസ്. ഞാൻ ഏറെ വെയിറ്റ് ചെയ്യുന്ന പടം പ്രശാന്ത് നീൽ- ജൂനിയർ എൻടിആർ ചിത്രം ഡ്രാഗൺ. പിന്നെ അനിമൽ ഡയറക്ടറുടെ സ്പിരിറ്റ്...കാത്തിരിക്കുന്ന കുറച്ച് സിനിമകൾ ക്യൂവിലുണ്ട്.