ആറുമണിക്കൂർ ദൈർഘ്യമുള്ളതാണ് സീരീസ്. ഒടിടി പ്ലാറ്റ് ഫോമിൽ എട്ട് എപ്പിസോഡായി സംപ്രേക്ഷണം ചെയ്യും.

പുരുഷാധിപത്യത്തെയും സ്ത്രീവിരുദ്ധതയെയും ചോദ്യംചെയ്ത, ബ്രാഹ്മണ സമുദായത്തിൽ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടുവെന്ന് പറയപ്പെടുന്ന കുറിയേടത്ത് താത്രിയുടെ ജീവിതം പ്രമേയമാക്കി സംവിധായകൻ സിബി മലയിൽ വെബ് സീരീസ് നിർമിക്കുന്നു. ആറുമണിക്കൂർ ദൈർഘ്യമുള്ളതാണ് സീരീസ്. ഒടിടി പ്ലാറ്റ് ഫോമിൽ എട്ട് എപ്പിസോഡായി സംപ്രേക്ഷണം ചെയ്യും. മലയാളികളുടെ മനസ്സിൽ എല്ലാകാലത്തും നിറഞ്ഞുനിൽക്കുന്ന സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച, നാലുപതിറ്റാണ്ടിനിടെ 47 സിനിമകൾ സംവിധാനം ചെയ്ത സിബി മലയിൽ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയപ്പോൾ 'മാതൃഭൂമി'യോട് മനസ്സുതുറന്നു.
എവിടെയൊക്കെയാണ് ഷൂട്ടിങ് ലൊക്കേഷൻ?
കാസർകോട്, കാഞ്ഞങ്ങാട്, പാലക്കാട്, കൊല്ലങ്കോട് എന്നിവിടങ്ങളിൽ ചിത്രീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇവ കൂടാതെ മറ്റു ചില സ്ഥലങ്ങളിൽകൂടി ചിത്രീകരണമുണ്ടാകും. അധികം വൈകാതെ ഷൂട്ടിങ് തുടങ്ങും. മൂന്നോ നാലോ മാസം കൊണ്ട് പൂർത്തിയാക്കും.
അഭിനേതാക്കളെ തീരുമാനിച്ചോ?
അഭിനേതാക്കളായി മലയാള സിനിമയിലെ പ്രമുഖർ പലരുമുണ്ടാകും. മുൻനിര നായികയാകും കുറിയേടത്ത് താത്രിയായി വേഷമിടുക. ഇവരുമായി പ്രാഥമിക ചർച്ച നടന്നു. മറ്റു നടീനടന്മാരുമായും പ്രഥമികമായി സംസാരിച്ചുകഴിഞ്ഞു.
സിനിമയിൽനിന്ന് വെബ് സീരിസിലേക്കുള്ള ചിന്ത എന്തുകൊണ്ട്?
അതിനു പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഒരു മാറ്റം അത്ര മാത്രം. വെബ് സീരീസ് ഷൂട്ടിങ് കഴിഞ്ഞ ഉടൻ വീണ്ടും സിനിമാ ഷൂട്ടിങ് ഉണ്ട്.
പുതിയ സിനിമകൾ ഏതൊക്കെയാണ്?
രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. മലയാളത്തിലെ മുൻനിര നായകരെ മനസ്സിൽ കണ്ടുതന്നെയാണ് എഴുതി തീർത്തത്. അവരുമായി സംസാരിക്കുകയും ചെയ്തു.
പുതിയകാലത്തെ സിനിമകളെക്കുറിച്ച്?
മുൻപ് തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ കഥാപത്രങ്ങളും സംഭാഷണങ്ങളുമൊക്കെ നമ്മുടെ കൂടെ വരും. ഇന്ന് സിനിമ കണ്ടിറങ്ങി കവാടംവരെ മാത്രമേ അതിന്റെ ഉള്ളടക്കം ഉള്ളിലൂള്ളൂ. പക്ഷേ, ന്യൂജെൻ കാലമാണ്. അവരുടെ തലത്തിൽ നിന്നേ ഇനി സിനിമയെക്കുറിച്ച് ചിന്തിക്കാൻ പോലുമാകുകയുള്ളൂ. മുൻപ് കാത്തിരിപ്പിന്റെ കാലമുണ്ടായിരുന്നു. പ്രണയിക്കുന്നവർ തൊട്ട് ഈ കാത്തിരിപ്പ് നല്ലവണ്ണം അനുഭവിച്ചിരുന്നു. ഇന്നതുണ്ടോ. എത്ര അകലെയാണെങ്കിലും ഒരു വീഡിയോക്കോളിൽ എല്ലാവരും ഒരുമിക്കുന്നു.
കണ്ണൂരും കാസർകോടും ഇഷ്ട ഇടങ്ങൾ
കണ്ണൂരിലെയും കാസർകോട്ടെയും ഗ്രാമങ്ങൾ പലതും തനിക്ക് ഇഷ്ടപ്പെട്ട ഇടങ്ങളാണെന്ന് സിബി മലയിൽ. കുമ്മാട്ടി സിനിമ തിയേറ്ററിൽ വരുമ്പോൾ കോളേജ് വിദ്യാർഥിയാണ് താൻ. പലവട്ടം ആ സിനിമ കണ്ടു. കാസർകോട് ജില്ലയിലെ ചീമേനി അത്രയേറെ സൗന്ദര്യമുള്ള ഇടമാണെന്ന് മനസ്സിലായത് ആ സിനിമയിലാണ്. പിന്നീട് സിനിമാരംഗത്തെത്തിയപ്പോൾ ഫ്ളാഷ് സിനിമിയുടെ പാട്ട് സീൻ ചിത്രീകരിക്കാൻ ചീമേനിയിലെത്തി. മാടായിക്കാവിലെ പ്രകൃതിഭംഗിയും തന്റെ സിനിമയിൽ പകർത്താനായി.
കാസർകോട്ടുകാരുടെയും കണ്ണൂരുകാരുടെയും സ്‌നേഹം അത്രമേൽ ആഴമുള്ളതാണ്. ഒരിക്കൽ കുടുംബത്തോടൊപ്പം കണ്ണൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഒരാൾ വന്ന് സാറേ എന്താ ഇവിടെയെന്ന് ചോദിച്ച് കൈ തന്നു. ഭക്ഷണം കഴിച്ച് ബില്ല് ചോദിച്ചപ്പോഴാണ് പറയുന്നത്, നേരത്തെ കണ്ടയാൾ പൈസ തന്നിട്ട് പോയല്ലോയെന്ന്. കാസർകോട് റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ ആളുകൾ അറിഞ്ഞറിഞ്ഞ് വന്ന് സ്‌നേഹം ചൊരിഞ്ഞു. ഇതൊന്നും ജീവിതത്തിൽ മറക്കാൻ കഴിയില്ല. കണ്ണൂർ-കാസർകോട് ജില്ലകൾ സിനിമാ ലൊക്കഷനുകൾക്ക് പ്രിയപ്പെട്ടതാകുന്നുവെന്നറിയുന്നതിൽ കൂടുതൽ സന്തോഷിക്കുന്നു-സിബി മലയിൽ പറഞ്ഞു.
Published: 09 Jan 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented