കാക്കേ കാക്കേ എന്നത് മലയാളികള്‍ക്ക് ഇഷ്ടമുള്ളൊരു പാട്ടാണ്. കിലി വരുമെന്ന് ഉറപ്പായപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് തോന്നി. വന്നു കഴിഞ്ഞു ആദ്യം ചെയ്തത് ആ പാട്ട് പാടിപ്പിക്കലായിരുന്നു.

സംവിധായകൻ സതീഷ് തൻവി, ഇന്നസെന്റ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram
അൽത്താഫ് സലിം നായകനാകുന്ന ഇന്നസെന്റ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. നവാഗതനായ സതീഷ് തൻവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടെലിവിഷൻ രംഗത്തുനിന്നാണ് സതീഷ് സിനിമയിൽ അരങ്ങേറുന്നത്. അൽത്താഫ് സലിം എന്ന നടനും സംവിധായകനും ഈ സിനിമയ്ക്ക് നൽകിയ സംഭാവനകളെക്കുറിച്ചും സോഷ്യൽ മീഡിയ താരം കിലി പോൾ അഭിനയിക്കാനെത്തിയതിനെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് സതീഷ് തൻവി.
ടെലിവിഷൻ രംഗത്തുനിന്നാണ് വരവ്, ഈ രംഗത്തെ പരിചയം സിനിമയിൽ സഹായിച്ചിട്ടുണ്ടോ?
ടെലിവിഷന്‍ ആണ് ബേസ്. എട്ടു വര്‍ഷമായിട്ട് ടെലിവിഷനില്‍ വര്‍ക്ക് ചെയ്യുന്നു. ഉപ്പും മുളകും എന്ന പരമ്പരയുടെ സംവിധായകനായിരുന്നു. ടെലിവിഷന്‍ ഒന്ന് വിട്ടിട്ട് സിനിമ നോക്കാം എന്ന് വിചാരിച്ചു. ശിഹാബ് കരുനാഗപ്പള്ളിയുടെയാണ് കഥ. പുള്ളി കുറച്ചു നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു ഈ കഥ. പിന്നെ നമ്മളും കൂടി ഇരുന്ന് വര്‍ക്ക് ചെയ്ത് സെറ്റ് ആക്കുകയായിരുന്നു. ഒരു ബേസ് സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു പുള്ളിയുടെ കൈയില്‍. എന്നാല്‍ പോലും അതിനകത്ത് നമ്മുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ചിത്രത്തിലെ പ്രധാന താരങ്ങളെ തിരഞ്ഞെടുത്തത് എങ്ങനെയാണ്?
സ്‌ക്രിപ്റ്റ് മുഴുവനായതിനുശേഷം ആദ്യം അല്‍ത്താഫ് സലീമിന്റെ അടുത്ത് കഥ പറഞ്ഞു. കേട്ട ഉടനെ തന്നെ നമുക്ക് ഇത് ചെയ്യാം എന്ന് അല്‍ത്താഫ് പറഞ്ഞു. മറ്റൊരു കഥാപാത്രമായ ജോമോന്‍ ജ്യോതിറിനെ തിരഞ്ഞെടുത്തത് അല്‍ത്താഫ് ആണ്. കഥ കേട്ടപ്പോള്‍തന്നെ അവനും താത്പര്യമായി. പിന്നെ തിരഞ്ഞെടുത്തത് അനാർക്കലിയെയാണ്. അല്‍ത്താഫ് - അനാര്‍ക്കലി ഒരു ഹിറ്റ് കോമ്പിനേഷന്‍ ഉണ്ടല്ലോ. അന്നാ പ്രസാദ് ആണ് മറ്റൊരുവേഷത്തില്‍. പിന്നെ നമ്മുടെ ടെലിവിഷന്‍ സര്‍ക്കിളില്‍ ഉള്ള കുറെ പേർ ഈ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിഖിൽ എന്ന നല്ല ഛായാഗ്രാഹകൻ കൂടെയുള്ളതുകൊണ്ട് ചിത്രീകരണം ചുരുങ്ങിയ സമയംകൊണ്ട് കുറ്റമറ്റ രീതിയിൽ ചെയ്യാൻ സാധിച്ചു.
സോഷ്യൽ മീഡിയാ താരം കിലി പോളിനെ മലയാളത്തിൽ അവതരിപ്പിക്കാമെന്ന ചിന്ത വന്നതെങ്ങനെ?
നടനും അവതാരകനുമായ മിഥുന്‍ രമേശ് അടുത്ത സുഹൃത്താണ്. മിഥുന്‍ ജോലി ചെയ്യുന്ന എഫ്എമ്മില്‍ കിലി പോള്‍ വന്നിട്ടുണ്ടായിരുന്നു. മിഥുനാണ് കിലിയുടെ നമ്പര്‍ തന്നത്. ഞാന്‍ കിലിയെ ബന്ധപ്പെട്ടെങ്കിലും ഒരു ആറു മാസത്തോളം എടുത്തു അവനുമായിട്ട് ഒന്ന് സംസാരിക്കാന്‍. അദ്ദേഹത്തെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് കുറെ സിനിമകളുടെ സ്‌ക്രിപ്റ്റ് വന്നിട്ടുണ്ട്. ഒരു ബന്ധത്തിന്റെ പുറത്താണ് കിലി പോള്‍ അഭിനയിക്കാന്‍ വന്നത്. അവന് മലയാളികളെ ഭയങ്കര ഇഷ്ടമാണ്. അതാണ് ഒന്നാമത്തെ കാര്യം. ഈ പടത്തില്‍ ഒരു പരിപാടി ചെയ്തിട്ടുണ്ട് അദ്ദേഹം. അത് ചെയ്യാന്‍ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തന്നെ വേണമായിരുന്നു. ആ കഥാപാത്രം അങ്ങനെയാണ്.
കിലി പോളിനെക്കൊണ്ട് പാട്ട് പാടിച്ചല്ലോ?
കാക്കേ കാക്കേ എന്നത് മലയാളികള്‍ക്ക് ഇഷ്ടമുള്ളൊരു പാട്ടാണ്. കിലി വരുമെന്ന് ഉറപ്പായപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് തോന്നി. വന്നു കഴിഞ്ഞു ആദ്യം ചെയ്തത് ആ പാട്ട് പാടിപ്പിക്കലായിരുന്നു. കിലി നന്നായി പാടുകയും ചെയ്തു. ജയ് സ്റ്റെല്ലര്‍ ആയിരുന്നു സംഗീത സംവിധായകന്‍. കിലിക്ക് ഇംഗ്ലീഷ് മാത്രമേ അറിയൂ. വരികള്‍ 'മംഗ്ലീഷില്‍' ആക്കിക്കൊടുക്കുകയാണ് ചെയ്തത്. അപ്പൊ കുറച്ചു സമയം എടുത്തു. എന്തായാലും ഒരു ആറ്, ഏഴ് മണിക്കൂര്‍ എടുത്തു റെക്കോര്‍ഡിങ്ങിന്. കിലിയുടെ രംഗങ്ങളുടെ ചിത്രീകരണവും ഒപ്പം നടന്നു.
കിലിയുടെ ജീവിത പശ്ചാത്തലം എങ്ങനെയാണെന്ന് അന്വേഷിച്ചിരുന്നോ?
കിലി സന്തോഷത്തിലാണ് ഇവിടെനിന്ന് പോയത്. സാലറിക്ക് പുറമേ മറ്റുചിലതും കിലിക്ക് കൊടുത്തിരുന്നു. കാരണം വളരെ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യത്തുനിന്നാണ് കിലി വരുന്നത്. സാധനസാമഗ്രികള്‍ വാങ്ങാനുള്ള പൈസപോലും കിലിയുടെയും കുടുംബത്തിന്റെയും കയ്യിലില്ല. സത്യം പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ പോലും ശരിയായ രീതിയില്‍ അവന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അവന്റെ കഥ കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാകും നമ്മളൊന്നും ഒന്നുമല്ലെന്ന്. ഇവിടുത്തെ വണ്‍ മില്യണ്‍ ഫോളോവേഴ്‌സ് ഉള്ളവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കുന്നു. 10 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിട്ടുപോലും അവന്‍ ഒരു പൈസയും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അതുമായി ബന്ധപ്പെട്ട് പറഞ്ഞുകൊടുക്കാന്‍ ആരും ഇല്ലാത്തതുകൊണ്ടായിരിക്കാം. ഇവിടെനിന്ന് പോയതില്‍പിന്നെ കുറച്ച് പരസ്യമൊക്കെ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
ഇന്നസെന്റ് എന്ന ചിത്രത്തിനുവേണ്ടി അൽത്താഫ് നൽകിയ സംഭാവനകൾ?
സ്‌ക്രിപ്റ്റില്‍ നന്നായി സ്വന്തം രീതിയില്‍ സംഭാവന ചെയ്യുന്നയാളാണ് അല്‍ത്താഫ്. അതായത് നമ്മുടെ ഒരു കാര്യം പറഞ്ഞാല്‍ അതിന്റെ പതിന്‍മടങ്ങ് ടൈമിങ്ങില്‍ അദ്ദേഹം തിരിച്ചു തരും. അത് സിനിമക്ക് എപ്പോഴും ഗുണംചെയ്യും. അല്‍ത്താഫിനെ പോലുള്ള ഒരാള്‍ക്കേ അത് പറ്റുകയുള്ളൂ. സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ആയതുകൊണ്ട് സംഭാഷണം പറയുന്നതിന് അദ്ദേഹത്തിന്റേതായ ഒരു ശൈലിയുണ്ട്. ഈ സിനിമയുടെ സഹരചയിതാവായ ശിഹാബ് തിരക്കഥ വായിക്കുന്നതുപോലും അല്‍ത്താഫിന്റെ ശൈലിയിലാണ്.
ഇന്നസെന്റ് എന്ന പേരിടാൻ പ്രത്യേക കാരണമുണ്ടോ?
സിനിമയ്ക്ക് നമ്മള്‍ ആദ്യം വേറൊരു പേരായിരുന്നു നിശ്ചയിച്ചിരുന്നത്. അത് പേര് പറഞ്ഞാല്‍ നമുക്ക് സിനിമയുടെ കഥ മൊത്തം മനസ്സിലാകും. അതെല്ലാം കഴിഞ്ഞശേഷം എന്റെ മനസ്സില്‍ മറ്റൊരു കാര്യം തോന്നി. ഇത് ഒരു നിഷ്‌കളങ്കനായ വിനോദ് എന്ന ഒരാളുടെ കഥയാണ്. ജീവിതത്തില്‍ കുറച്ച് വൃത്തിയും അടുക്കും ചിട്ടയും ഉള്ള ഒരാളാണ് ഇയാള്‍. ആ കഥാപാത്രമാണ് അല്‍ത്താഫ് അവതരിപ്പിക്കുന്നത്. അയാള്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്ന ഒരു പ്രശ്‌നമാണ് സിനിമ. എന്തുകൊണ്ട് ഈ നിഷ്‌കളങ്കനെ സിനിമയുടെ ടൈറ്റില്‍ ആക്കി എടുക്കാം എന്ന ചിന്ത അങ്ങനെയാണ് വരുന്നത്. നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ളയാളാണ് നടന്‍ ഇന്നസെന്റ്. അതിങ്ങനെ മനസ്സില്‍ കേറിയപ്പോള്‍ നിഷ്‌കളങ്കന്‍ 'ഇന്നസെന്റ്' ആയി മാറി. വായില്‍ കൊള്ളുന്ന, പെട്ടെന്ന് ഓര്‍ക്കുന്ന ഒരു പേരു വേണമെന്ന് തോന്നിയിരുന്നു.
ഹാസ്യത്തിന്റെ മേമ്പൊടിയിൽ ഗൗരവതരമായ വിഷയം ചർച്ച ചെയ്യുകയാണോ?
സിനിമയില്‍ നമ്മള്‍ ഒരു വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ആ വിഷയം ഹാസ്യരൂപത്തില്‍ പറയുകയാണ്. താരങ്ങളുടെ കൂട്ടത്തില്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി സിനിമയില്‍ ആദ്യമായ് വരുന്നവര്‍ പോലുമുണ്ട്. അനുഭവസമ്പത്തുള്ള അസീസ്, നോബി ഉള്‍പ്പെടെയുള്ളവരുണ്ട്. പിന്നെ ഇതിലെ ഹൈലൈറ്റ് എന്നത് അല്‍ത്താഫും ജോമോനും ഉള്ള കോമ്പിനേഷന്‍ രംഗങ്ങളാണ്. ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ പറയാനും ചിരിക്കാനും പറ്റിയ രംഗങ്ങള്‍ ഇവരുടേതാണ്.
ഡയറക്ടര്‍ എന്നുള്ള രീതിയില്‍ സതീഷിന് ഏത് ടൈപ്പ് പടങ്ങള്‍ ചെയ്യാനാണ് താല്പര്യം?
ഞാന്‍ ഒരു പടം മുന്‍പ് എഴുതി അനൗണ്‍സ് ചെയ്തിട്ടുണ്ടായിരുന്നു. ദിലീപ് നായകനായി വരുന്ന ഖലാസി എന്ന പ്രോജക്റ്റായിരുന്നു. ഗോകുലം മൂവീസ് നിര്‍മിക്കുന്ന മാസ് കൊമേഴ്‌സ്യല്‍ പടമായാണ് പ്രഖ്യാപിച്ചത്. അതുപക്ഷേ നടന്നില്ല. മിമിക്രി പശ്ചാത്തലത്തില്‍നിന്ന് വരുന്നയാളായതുകൊണ്ട് ഹ്യൂമര്‍ ആണ് എനിക്ക് ചേരുക. നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. അമ്മ ഷോയ്ക്കടക്കം സ്‌കിറ്റുകള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഹ്യൂമര്‍ എനിക്ക് കയ്യില്‍ ഭദ്രമായിരിക്കും എന്ന് തോന്നുന്നു.
Content Highlights: Director Satheesh Tanvi talks about Altaf Salim`s contributions and social media star Kili Paul`s debut in the upcoming Malayalam film `Innocent`.
Published: 04 Nov 2025, 02:56 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്‍.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented