
പാര്‍വതി മീനാക്ഷി
റിലീസായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മ്യൂസിക് ചാര്‍ട്ടുകളില്‍ ടോപ്പില്‍ തുടരുകയാണ് വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കാട്ട് റാസ എന്ന ഗാനം. റിയാലിറ്റി ഷോയിലൂടെ മലയാളികളുള്‍പ്പെടെയുള്ള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാര്‍വതി മീനാക്ഷിയാണ് വിജയ് യേശുദാസിനൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം മില്യണ്‍ വ്യൂസ് കടന്നിരിക്കുകയാണ്. കാട്ട് റാസ കൂടാതെ മറ്റു രണ്ട് മലയാളഗാനങ്ങളും ഈ യുവഗായിക ആലപിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, മറാഠി സിനിമകള്‍ക്കുവേണ്ടിയും പാര്‍വതി ഗാനങ്ങളാലപിച്ചുകഴിഞ്ഞു. ഒരു മ്യൂസിക് ബാന്‍ഡും പാര്‍വതിയുടേതായുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ പാര്‍വതി പങ്കുവെക്കുന്നു.
വിലായത്ത് ബുദ്ധയിലെ പാട്ട് ഹിറ്റായിക്കഴിഞ്ഞു. മലയാളത്തില്‍ പാര്‍വതിയുടെ ആദ്യഗാനമാണോ കാട്ട് റാസ / എങ്ങനെയാണ് ഈ ഗാനത്തിലേക്ക് എത്തിയത്?
കുറേനാള്‍ മുന്‍പ് ജേക്സ് സാറിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്, ഓപ്പറേഷന്‍ ജാവ എന്ന മൂവിയില്‍. ജേക്‌സ് സാറിന്റെ നീല മാലാഖേ എന്ന പാട്ട് പാടി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു, 2019ല്‍. അതു കേട്ട് സാര്‍ എനിക്ക് മെസ്സേജ് ചെയ്തു, നന്നായി എന്ന് അഭിനന്ദിച്ചു. അങ്ങനെ ഞാന്‍ സാറിനെ ഫോളോ ചെയ്യാന്‍ തുടങ്ങി, സാര്‍ തിരിച്ചും. അങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ സാര്‍ ഒരു ട്യൂണ്‍ അയച്ചുതന്നിട്ട് പാടി അയക്കാന്‍ പറഞ്ഞു. പാടി അയച്ചു കൊടുത്തു. അതാണ് ഓപ്പറേഷന്‍ ജാവയിലെ പാട്ട്. അതിനു മുന്‍പ് ആനന്ദ കല്യാണം എന്ന മൂവിയില്‍ നജീമിക്കയോടൊപ്പം പാടിയിരുന്നു. കോവിഡിനൊക്കെ മുന്‍പുള്ള ഒരു പാട്ടാണ്. ബിഎ ചെയ്യുന്ന സമയത്തൊക്കെയാണെന്നാണ് ഓര്‍മ്മ.
എനിക്ക് നേരിട്ടുചെന്ന് സാറിനൊപ്പമിരുന്ന് റെക്കോഡ് ചെയ്യാന്‍ സാധിച്ചില്ല. നാഗ്പുരില്‍ റെക്കോഡ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു. വിലായത്ത് ബുദ്ധയ്ക്ക് വേണ്ടി എനിക്ക് കൊച്ചിയില്‍ വന്ന് റെക്കോഡ് ചെയ്യാന്‍ പറ്റി. നല്ലൊരു സെഷനായിരുന്നു. എന്റെ സ്വപ്നം സഫലമായി എന്ന് പറയാം. ജേക്സ് സാറിനൊപ്പം നേരിട്ട് പ്രവര്‍ത്തിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. കാട്ട് റാസ എന്ന പാട്ട് സാറിന്റെ ഗൈഡന്‍സില്‍ എനിക്ക് പാടാനുള്ള ഭാഗ്യമുണ്ടായി. വിലായത്ത് ബുദ്ധയുടെ സംവിധായകന്‍ ജയന്‍ നമ്പ്യാര്‍ സാറും അവിടെയുണ്ടായിരുന്നു. ജയന്‍ സാറിന്റെ കൂടെയും ജേക്സ് സാറിന്റെ കൂടെയും വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ ഏരെ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ട്.
സരിഗമപയിലെ എന്റെ പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ടെന്നും വോയ്സ് വളരെ ഇഷ്ടപ്പെട്ടുവെന്നും ജയന്‍ സാര്‍ പറഞ്ഞു. കാട്ട് റാസയ്ക്ക് എന്റെ ശബ്ദം ചേരുമെന്ന് ഓര്‍ത്തിട്ട് ജേക്സ് സാറിനോട് ഇക്കാര്യം സൂചിപ്പിക്കുകയും ഞാനീ പാട്ടിലേക്ക് എത്തുകയുമായിരുന്നുവെന്ന് ജയന്‍ സാര്‍ പറഞ്ഞു. ജേക്സ് സാറിനൊപ്പം ഇനിയും പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടട്ടെയെന്ന് പ്രാര്‍ഥിക്കുന്നു, ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
‘സരിഗമപ’യിലൂടെയാണല്ലോ പാര്‍വതി മീനാക്ഷിയെ സംഗീതാസ്വാദകര്‍ കൂടുതലായി അറിയുന്നത്. സരിഗമപ വരെയുള്ള സംഗീതയാത്രയെ കുറിച്ച്?
ആറാമത്തെ വയസ്സിലാണ് ഞാന്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാന്‍ ആരംഭിച്ചത്. മൂന്ന് നാല് വയസ്സുള്ളപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന പാട്ടുകള്‍ ഏറ്റുപാടുമായിരുന്നു. അന്നേരം മുതല്‍ തന്നെ സംഗീതത്തിലുള്ള എന്റെ താല്‍പര്യം അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നു. അച്ഛന്‍ നന്നായി പാടുന്നയാളാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുമുണ്ട്. പക്ഷെ അധികകാലം പഠിക്കാനുള്ള സാഹചര്യവും സൗകര്യവും ലഭിച്ചില്ല. അതുകൊണ്ടുതന്നെ എന്നെ സംഗീതം പഠിപ്പിക്കണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. അമ്മയ്ക്കും സംഗീതത്തില്‍ ഏറെ താല്‍പര്യമുണ്ട്. അമ്മ പാട്ടുകള്‍ ധാരാളം കേള്‍ക്കും.
ജനിച്ചത് തിരുവനന്തപുരത്താണെങ്കിലും അച്ഛന്റെ ജോലിസംബന്ധമായി ഞങ്ങള്‍ നാഗ്പുരിലാണ് താമസിക്കുന്നത്. നാഗ്പുരില്‍ തന്നെയാണ് എന്റെ സംഗീതപഠനം ആരംഭിച്ചതും. പ്രശസ്ത വയലിന്‍വാദക കൂടിയായ പട്ടമ്മാള്‍ ഗണപതി അയ്യരുടെ കീഴിലാണ് ആദ്യം കര്‍ണാടക സംഗീതം പഠിച്ചുതുടങ്ങിയത്. ഒന്‍പതാം ക്ലാസ് വരെ ആ ഗുരുവിന്റെ കീഴില്‍ പഠിച്ചു. തുടര്‍ന്ന് രാജേശ്വരി നീലകണ്ഠ അയ്യര്‍ എന്ന ഗുരുവിന്റെ കീഴിലായി പഠനം. കോവിഡ് കാലമായതോടെ പഠനം അല്‍പകാലത്തേക്ക് നിര്‍ത്തേണ്ടി വന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തിരുവനന്തപുരത്തുള്ള ഗീത അനില്‍കുമാര്‍ എന്ന പ്രശസ്ത സംഗീതജ്ഞയുടെ കീഴിലാണ് പഠനം തുടരുന്നത്. പ്രശസ്ത മൃദംഗം, ഘടം വാദകനായ അനില്‍കുമാറാണ് ഗീത മാമിന്റെ ഭര്‍ത്താവ്. സാറിന്റേയും മാമിന്റേയും കീഴില്‍ ഓണ്‍ലൈനിലാണ് ഇപ്പോള്‍ പഠനം.
സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് സംഗീതമത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. മത്സരങ്ങളില്‍ പങ്കെടുക്കാനായി കിട്ടുന്ന എല്ലാ അവസരങ്ങളും ഞാന്‍ ഉപയോഗപ്പെടുത്തുമായിരുന്നു. പഠനം പൂര്‍ത്തിയാക്കണമെന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദപഠനം കഴിഞ്ഞു. എങ്കിലും എപ്പോഴും പ്രാഥമിക പരിഗണന സംഗീതത്തിനാണ്. പിജി കഴിഞ്ഞ സമയത്താണ് സരിഗമപ ഹിന്ദിയില്‍ പങ്കെടുക്കുന്നത്. നാഗ്പുരില്‍ നടന്ന ഓഡിഷനില്‍ പങ്കെടുത്തു, സെലക്ഷന്‍ കിട്ടി. അവിടെനിന്ന് ഫൈനല്‍ വരെയെത്തി. സരിഗമപയ്ക്ക് മുന്‍പ് 2017 ല്‍ സരിഗമപ മറാഠിയില്‍ പങ്കെടുത്തിരുന്നു. അതില്‍ ആദ്യ പതിനഞ്ചില്‍ എത്തിയിരുന്നു. പിന്നീട് എലിമിനേറ്റായി. റിയാലിറ്റി ഷോയ്ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ആളുകള്‍ക്ക് കുറച്ചൊക്കെ എന്നെ അറിയാമായിരുന്നു. സരിഗമപയിലെ രണ്ടു മൂന്ന് പെര്‍ഫോമന്‍സസ് വൈറല്‍ ആയിട്ടുണ്ടായിരുന്നു. അതിലൂടെ കുറെയേറെ പേര്‍ എന്നെ അറിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സും കൂടി.
സരിഗമപ കഴിഞ്ഞതിനുശേഷം സ്വന്തമായി ഒരു ബാന്‍ഡ് തുടങ്ങി. സ്റ്റേജ് ഷോകള്‍ ചെയ്യാന്‍ തുടങ്ങി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഷോ ചെയ്യാന്‍ സാധിച്ചു. ഇന്ത്യയ്ക്ക് പുറത്തും ഷോ ചെയ്യാന്‍ പറ്റി. കവിത കൃഷ്ണമൂര്‍ത്തി മാം, അനുരാധ പൗഡ്വാള്‍ മാം, അലീഷ ചിനായ് മാം എന്നിവരോടൊപ്പം യുകെയില്‍ ഷോ ചെയ്യാന്‍ സാധിച്ചു. എന്റെജീവിതത്തില്‍ ലഭിച്ച അസുലഭാവസരമായാണ് ഞാനതിനെ കാണുന്നത്. സരിഗമപ വേദിയില്‍ ഒരു പാട് സെലിബ്രിറ്റീസിനെ കാണാനും പരിചയപ്പെടാനും സാധിച്ചു. അതൊക്കെ ഭാഗ്യമായി കരുതുന്നു. ഷോയില്‍ ഞങ്ങളുടെ ടീം മെന്ററായിരുന്ന സചേത്-പരമ്പര കംപോസ് ചെയ്ത തേരെ സംഗ് എന്ന ഹിറ്റ് ഗാനം പാടാനുള്ള അവസരം കിട്ടി.
സരിഗമപയില്‍ ‘പാര്‍വതി മീനാക്ഷി ഫ്രം ട്രിവാന്‍ഡ്രം’ എന്നായിരുന്നല്ലോ, നാഗ്പുരിലെ പാര്‍വതി എങ്ങനെ തിരുവനന്തപുരത്തുകാരിയായി?
നാഗ്പുരില്‍ നടന്ന ഓഡിഷനിലാണ് ഞാന്‍ പങ്കെടുത്തത്. ഞാന്‍ ജനിച്ചത് കേരളത്തിലാണെന്ന് ആ സമയത്ത് ഞാന്‍ പറഞ്ഞിരുന്നു. റിയാലിറ്റി ഷോ അല്ലേ, ആ സീസണില്‍ ഇന്ത്യയിലെ പല ഭാഗത്തു നിന്നും വന്ന കുട്ടികള്‍ ഉണ്ടായിരുന്നു. രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും ആസാമില്‍ നിന്നും വെസ്റ്റ് ബംഗാളില്‍ നിന്നും ഉണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. നോര്‍ത്തില്‍നിന്ന് കുറേപേര്‍ ഉണ്ട്, സൗത്തില്‍ നിന്ന് ആരും ഇല്ലല്ലോ, നാഗ്പുര്‍ വിട്ടേക്ക് ട്രിവാന്‍ഡ്രം എന്നു പറഞ്ഞേക്ക് എന്ന് നിര്‍ദേശം കിട്ടി. അതുകൊണ്ട് എല്ലാവരും ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വന്നതാണെന്ന് വിചാരിച്ചിരുന്നു.
റിയാലിറ്റി ഷോ കഴിയുന്നതോടെ പ്രേക്ഷകര്‍ മത്സരാര്‍ഥികളെ മറന്നുതുടങ്ങുമെന്ന് പറയാറുണ്ടല്ലോ, യോജിക്കുന്നോ?
റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ ലൈംലൈറ്റിലാണ് നില്‍ക്കുന്നത്. ഷോ കഴിയുമ്പോഴും അടുത്ത സീസണ്‍ വരെ നമ്മളാണ് താരങ്ങള്‍. അതുകഴിയുമ്പോള്‍ അടുത്ത ടീം വരും. നമുക്ക് കിട്ടിയ ഹൈപ്പ് അങ്ങനെ തന്നെ മുന്നോട്ടുകൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവ് ആകണം. നമ്മള്‍ ഇവിടെത്തന്നെയുണ്ട് എന്ന് ഉറപ്പുനല്‍കേണ്ടത് നമ്മുടെ ചുമതലയാണെന്നാണ് ഞാന്‍ കരുതുന്നത്. ഷോയിലാകുമ്പോള്‍ ഇടയ്ക്കിടെ ലൈവ് വരും. അതേവിധത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് ലൈവ് വരുന്നതൊക്കെ നല്ലതാണ്. മുന്‍കാലത്തെ പോലെയല്ല, ഇപ്പോള്‍ ധാരാളം ഗായകരുണ്ട്. ചിത്രാമ്മയും സുജാതാമ്മയുമൊക്കെ തിളങ്ങി നില്‍ക്കുന്ന സമയത്തൊക്കെ അവരെയാണ് കൂടുതലായി പാടാന്‍ വിളിച്ചിരുന്നത്. അന്നും വേറെയും നല്ല പാട്ടുകാര്‍ ചിലപ്പോള്‍ ഉണ്ടായിരുന്നിരിക്കണം. പക്ഷെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോംസ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട് പലര്‍ക്കും അവരുടെ കഴിവ് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡ് ആയതുകൊണ്ട് തന്നെ എല്ലാ സിംഗേഴ്‌സും അറിയപ്പെടുന്നുണ്ട്. എല്ലാവരെയും ആള്‍ക്കാര്‍ അറിയുന്നുണ്ട്.
റിയാലിറ്റി ഷോയില്‍ പോകുന്നതിനു മുന്‍പ് നമ്മള്‍ പല കാര്യങ്ങള്‍ക്കും റെഡി ആയിരിക്കില്ല. പക്ഷെ അവിടെ എത്തിക്കഴിഞ്ഞാല്‍ അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് എല്ലാം നടക്കുന്നത്, രാവിലെ എണീക്കുന്നതായാല്‍ പോലും ഷൂട്ട് കഴിയുന്നതായാല്‍ പോലും അവരുടെ സ്‌കെഡ്യൂളുമായിട്ട് മാച്ച് ആവണം അപ്പോള്‍ സ്വാഭാവികമായും നമ്മള്‍ കംഫര്‍ട്ട് സോണിന് പുറത്തിറങ്ങും. ഇത്രയധികം ആള്‍ക്കാരെ ഫേസ് ചെയ്യാനും നാഷണല്‍ ടെലിവിഷനില്‍ വരുമ്പോള്‍ എങ്ങനെ സംസാരിക്കണം എന്നീ കാര്യങ്ങളിലൊക്കെയുള്ള കോണ്‍ഫിഡന്‍സും സരിഗമപയില്‍ നിന്നാണ് എനിക്കുകിട്ടിയത്.
മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാല്‍ കേരളത്തില്‍ സെറ്റില്‍ഡ് ആകുമോ?
ഞാന്‍ ചെന്നൈയിലേക്ക് ഷിഫ്റ്റ് ആവുകയാണ്. നാഗ്പുരില്‍ മ്യൂസിക്കുമായി ബന്ധപ്പെട്ട് വലിയ സ്‌കോപ്പ് ഒന്നുമില്ല. ചെന്നൈയിലാണെങ്കില്‍ സംഗീതപഠനവും ബാന്‍ഡിന്റെ പ്രവര്‍ത്തനവും ഒക്കെ നല്ലരീതിയില്‍ കൊണ്ടുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മ്യൂസിക് പ്രൊഡക്ഷന്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോ ഒരുപാട് പേര് പാട്ട് മാത്രമല്ലല്ലോ പഠിക്കുന്നത് അതിന്റെ കൂടെ തന്നെ അതുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. കര്‍ണാടകസംഗീതത്തില്‍ കുറച്ചുകൂടി അറിവ് നേടിക്കഴിഞ്ഞ ശേഷം ഹിന്ദുസ്ഥാനി സംഗീതം കൂടി പഠിക്കാനുള്ള ശ്രമം നടത്തണമെന്നാണ് ആഗ്രഹം. വെസ്റ്റേണ്‍ മ്യൂസിക്, ഗസല്‍, ലൈറ്റ്മ്യൂസിക്, തുടങ്ങിയവയൊക്കെ ട്രൈ ചെയ്യാറുണ്ട്.
നാഗ്പുരില്‍ പഠിച്ചുവളര്‍ന്ന പാര്‍വതി മലയാളം നന്നായി പറയുന്നുണ്ടല്ലോ. വീട്ടില്‍ മലയാളമാണോ സംസാരിക്കുന്നത് / അച്ഛനും അമ്മയും നല്‍കുന്ന പ്രോത്സാഹനം?
അതെ, വീട്ടില്‍ മലയാളമാണ് സംസാരിക്കുന്നത്. പുറത്തൊക്കെ എസ്‌പെഷ്യലി ഇവിടെ മഹാരാഷ്ട്രയിലൊക്കെ വന്നുകഴിഞ്ഞാല്‍ ഇവിടെ ആരും മലയാളം സംസാരിക്കാറില്ല. ഹിന്ദി അല്ലെങ്കില്‍ മറാഠി മാത്രമേ പറയാന്‍ പറ്റൂ. മലയാളം പഠിക്കാനുള്ള ചാന്‍സ് വീട്ടില്‍ മാത്രമാണ്. അതുകൊണ്ട് അച്ഛന്‍ സ്ട്രിക്റ്റ് ആയിരുന്നു വീട്ടില്‍ എന്തായാലും മലയാളം സംസാരിക്കണമെന്ന്. കന്യാകുമാരി ജില്ലയിലെ പദ്മനാഭപുരം കൊട്ടാരത്തിനടുത്താണ് അച്ഛന്റെ വീട്. അവിടെയുള്ള ഒട്ടേറെ പേര്‍ ഷോയുടെ സമയത്തും അല്ലാതെയും ധാരാളം പ്രോത്സാഹനം തന്നിട്ടുണ്ട്, ഇപ്പോഴും തരുന്നുണ്ട്. നെടുമങ്ങാടാണ് അമ്മയുടെ വീട്.
ഇറിഗേഷന്‍ സംബന്ധമായുള്ള ജോലിയായിരുന്നു അച്ഛന്. ജോലിക്കായി വീട്ടില്‍നിന്ന് 105 കിലോമീറ്റര്‍ ദൂരം അച്ഛന് യാത്ര ചെയ്യണമായിരുന്നു. തിരിച്ചും അതേ ദൂരം അദ്ദേഹം ബൈക്കില്‍ പോയി വരുമായിരുന്നു. പക്ഷെ തിരിച്ചുവന്ന ശേഷം ആകെ ക്ഷീണിതനാണെങ്കിലും എന്നെ പാട്ടുക്ലാസിലേക്ക് അച്ഛനാണ് കൊണ്ടുപോയിരുന്നത്. അച്ഛന്‍ ജോലിയ്ക്കായി പോകുന്നതുകൊണ്ട് അധികസമയവും അമ്മയോടൊപ്പമാണ് ഞാന്‍ ചെലവഴിച്ചിട്ടുള്ളത്. എനിക്ക് പാടാനായി അമ്മയാണ് പാട്ടുകള്‍ ആവര്‍ത്തിച്ചുകേട്ട് വരികള്‍ എഴുതി തന്നിരുന്നത്. അമ്മ ഒരിക്കലും അതില്‍ മടുത്ത് പിന്‍മാറുന്നത് കണ്ടിട്ടില്ല. അവരുടെ സംഗീതത്തോടുള്ള ഇഷ്ടം അവര്‍ എനിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളിലൂടെ മനസ്സിലാക്കാം. അവരുടെ പ്രോത്സാഹനമാണ് എന്റെ ഏറ്റവും വലിയ കരുത്ത്.
Content Highlights: Parvathi Meenakshi, the `Saregamapa` sensation, talks about her hit song `Kaattu Rasa` from `Vilayath Buddha`, her musical journey, and future plans.
Published: 21 Oct 2025, 08:35 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented