ലയാള സിനിമയിൽ അരനൂറ്റാണ്ട് പിന്നിടുകയാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. 1976-ൽ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മണിയൻ പിള്ള രാജു അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽ 400-ലധികം സിനിമകളുടെ ഭാഗമായി. സുധീർ കുമാർ എന്ന പേരിൽ സിനിമയിലെത്തി 'മണിയൻപിള്ള' എന്ന കഥാപാത്രത്തിന്റെ പേരിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച മണിയൻപിള്ള രാജു, തന്റെ ജീവിതത്തിലൂടെ മലയാള സിനിമയുടെ തന്നെ ചരിത്രമാണ് പങ്കുവെക്കുന്നത്.

To advertise here,

കോടമ്പാക്കത്തെ ചെറിയ ലോഡ്ജ് മുറികളിൽനിന്ന് തുടങ്ങി മോഹൻലാലും മമ്മൂട്ടിയും ശ്രീനിവാസനും പ്രിയദർശനുമൊത്തുള്ള അപൂർവ സൗഹൃദങ്ങൾ, 'അമ്മ' സംഘടനയുടെ രൂപീകരണം മുതൽ ഇന്നത്തെ മലയാള സിനിമ നേരിടുന്ന വെല്ലുവിളികൾ വരെയുള്ള സംഭവ വികാസങ്ങൾ, നിർമ്മാതാവെന്ന നിലയിലെ വിജയങ്ങളും നഷ്ടങ്ങളും, കാൻസറിനെതിരായ അതിജീവന പോരാട്ടം, സോഷ്യൽ മീഡിയ കാലത്തെ വിവാദങ്ങൾ, കാരവൻ സംസ്കാരം, സിനിമാ സെറ്റുകളിലെ മാറിയ ബന്ധങ്ങൾ തുടങ്ങി അനുഭവങ്ങളുടെ വലിയൊരു ലോകമാണ് അദ്ദേഹം തുറന്നുവെക്കുന്നത്. അരനൂറ്റാണ്ട് പിന്നിടുന്ന സിനിമാ യാത്രയെക്കുറിച്ചും ജീവിതം പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളെക്കുറിച്ചും മലയാള സിനിമയുടെ ഇന്നലെയും ഇന്നും നാളെയും കുറിച്ചും മണിയൻപിള്ള രാജു മാതൃഭൂമി ഡോട്ട്കോമിനോട് മനസ്സുതുറക്കുന്നു.

മലയാള സിനിമയിൽ 50 വർഷം തികയ്ക്കുകയാണ്. 1976-ൽ ആരംഭിച്ച ഈ സിനിമ യാത്രയെ എങ്ങനെ കാണുന്നു ?

രസകരമായ യാത്രയായിരുന്നു. തുടക്കം ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. 1976-ൽ ശ്രീകുമാരൻ തമ്പിയുടെ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഇന്നത്തെ ജനറേഷൻ പോലെ ആയിരുന്നില്ല അന്നത്തെ കാലം. ഒരു ഷൂട്ടിങ് നടക്കണമെങ്കിലും വലിയ ബുദ്ധിമുട്ടായിരുന്നു. കേരളത്തിൽ ഷൂട്ടിങ് വളരെ കുറവായിരുന്നു. ഏതെങ്കിലും ഔട്ട്‌ഡോർ ഷൂട്ടിങ് വന്നാൽ ആയി.

1973 മുതൽ 1975 വരെ ഞാൻ മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു. പഠനം കഴിഞ്ഞ് അവസരങ്ങൾ തേടി ഒരുപാട് അലഞ്ഞു. ഇന്നത്തെ കുട്ടികൾക്ക് അത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നുമില്ല. ഒരു സിനിമയിൽ അഭിനയിച്ചാൽ അടുത്ത സിനിമയ്ക്ക് കോടികളാണ് പ്രതിഫലം ചോദിക്കുന്നത്. ഞങ്ങളുടെയൊക്കെ കാലത്ത് 50 രൂപയും 100 രൂപയും പ്രതിഫലം വാങ്ങിയാണ് അഭിനയിച്ചിരുന്നത്. ആ ചെറിയ പ്രതിഫലത്തിൽ നിന്നാണ് ഇത്രയും ദൂരം എത്തിയത്.

ഈ കാലഘട്ടത്തിനിടെ എന്റെ കൂടെ അഭിനയിച്ച ഒരുപാട് പേർ ഇന്നില്ല. 'അമ്മ' സംഘടന രൂപീകരിച്ചതിന് ശേഷം മാത്രം നൂറിലധികം സഹപ്രവർത്തകരെ നഷ്ടപ്പെട്ടു. രണ്ടായിരത്തോളം പ്രവർത്തകർ മരണപ്പെട്ടു. ഇപ്പോൾ തന്നെ റീ റിലീസിനെത്തുന്ന കിരീടം സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ, അതിൽ അഭിനയിച്ച ഏകദേശം 20 പേർ ഇന്ന് നമ്മോടൊപ്പമില്ല.

ഇത്രയും വർഷം സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞതിൽ ഈശ്വരാനുഗ്രഹവും കഠിനാധ്വാനവും പാഷനും ഉണ്ട്. സിനിമയിൽ ഭാഗ്യവും ഒരു ഘടകമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

സിനിമ പഠനം അത്ര പ്രചാരത്തിലില്ലാത്ത കാലത്താണ് താങ്കൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. ഒരു നടനാവണം എന്ന ചിന്ത മനസ്സിലേയ്ക്ക് എത്തുന്നത് എപ്പോഴാണ്?

ഞാൻ സ്കൂളിൽ തുടർച്ചയായി മൂന്ന് വർഷം ബെസ്റ്റ് ആക്ടറായിരുന്നു. അന്നേ സിനിമയായിരുന്നു എന്റെ ലക്ഷ്യം. ശ്രീലങ്കയിൽ സിനിമ എടുക്കുന്നവർക്കൊക്കെ ഞാൻ ഫോട്ടോ അയയ്ക്കുമായിരുന്നു. അന്ന് ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ കിട്ടാൻ പോലും വലിയ ബുദ്ധിമുട്ടായിരുന്നു. തമ്പാനൂരിലെ സ്റ്റുഡിയോയിൽ എല്ലാ ദിവസവും പോകും. ‘റോൾ തീർന്നിട്ടില്ല’, എന്ന് പറയും. റോൾ തീർന്ന് പ്രിന്റ് അടിച്ചാലേ ഫോട്ടോ കിട്ടൂ. ചിലപ്പോൾ 20-25 ദിവസം കാത്തിരിക്കേണ്ടി വരുമായിരുന്നു.

അത്തരമൊരു കാലത്താണ് പ്രീഡിഗ്രി പഠിക്കുമ്പോൾ ആദ്യം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷിച്ചത്. കിട്ടിയില്ല. പിന്നീട് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയവിഭാഗത്തിലേക്ക് അപേക്ഷിച്ചു. അന്ന് എം.എൻ. രാജവും കെ. ബാലചന്ദ്രനുമായിരുന്നു തിരഞ്ഞെടുപ്പ് സമിതിയിൽ ഉണ്ടായിരുന്നത്. അവർ എന്നെ തിരഞ്ഞെടുത്തു. അവിടെ രണ്ട് വർഷം പഠിച്ചു. പഠനം കഴിഞ്ഞ ശേഷമാണ് യഥാർഥ കഷ്ടപ്പാടുകൾ തുടങ്ങിയത്. അവസരങ്ങൾ തേടി അലഞ്ഞുനടന്ന കാലമായിരുന്നു അത്.

താരസംഘടനയായ 'അമ്മ'യുടെ അമരക്കാരിൽ ഒരാളാണ് താങ്കൾ. എങ്ങനെയാണ് ആ സംഘടനയുടെ തുടക്കം?

1994-ൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി ഞങ്ങൾ ഊട്ടിയിലായിരുന്നു. ആ സിനിമയുടെ പ്രൊഡ്യൂസറുടെ പേര് പറയുന്നില്ല. അന്നൊന്നും മിനറൽ വാട്ടർ അത്ര പ്രചാരത്തിലില്ല. സെറ്റിൽ സാധാരണ വെള്ളമാണ് കൊടുക്കാറ്. സുരേഷ് ഗോപി അസുഖമായിരുന്ന സമയമായതുകൊണ്ട് മിനറൽ വാട്ടർ ചോദിച്ചു. അപ്പോൾ പറഞ്ഞത്, ‘ഇവിടെ എല്ലാവരും ഇതേ വെള്ളമാണ് കുടിക്കുന്നത്. വേണമെങ്കിൽ ഇതുതന്നെ കുടിക്കണം’, എന്നായിരുന്നു.

അപ്പോൾ സുരേഷ് ഗോപി എന്നോട് പറഞ്ഞു: ‘മറ്റെല്ലാ മേഖലകൾക്കും സംഘടനയുണ്ട്. നമ്മൾക്കും ഒരു സംഘടന വേണം’.

അതേ കാര്യം ഗണേഷ് കുമാറും പറഞ്ഞിരുന്നു. ഞാൻ ഉടൻ തന്നെ സമ്മതിച്ചു. സംഘടനയ്ക്കായി ആദ്യമായി ഫണ്ട് നൽകിയത് സുരേഷ് ഗോപിയാണ്. അദ്ദേഹം ₹50,000 നൽകി. ഞാനും ഗണേഷ് കുമാറും ₹10,000 വീതം നൽകി.

അതിന് ശേഷം ഞങ്ങൾ ഒരു വാഹനത്തിൽ കേരളം മുഴുവൻ സഞ്ചരിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഷൂട്ടിങ് ലൊക്കേഷനുകൾ കയറിയിറങ്ങി. ഓരോ കലാകാരനെയും നേരിൽ കണ്ടു സംഘടനയുടെ ആവശ്യകത വിശദീകരിച്ചു.

അങ്ങനെ 1994-ൽ തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിൽ ആദ്യ പൊതുയോഗം വിളിച്ചു ചേർത്തു. ഇന്നും ഓർമ്മയുണ്ട്, ഏകദേശം 85 പേർ പങ്കെടുത്തു. മമ്മൂട്ടിയും മോഹൻലാലും അന്ന് ആ യോഗത്തിൽ എത്തിയിരുന്നില്ല. പക്ഷേ പങ്കെടുത്ത എല്ലാവരും ചേർന്നാണ് സംഘടന രൂപീകരിച്ചത്. അംഗത്വ നമ്പർ ഒന്നാമത് സുരേഷ് ഗോപി, രണ്ടാമത് ഗണേഷ് കുമാർ, മൂന്നാമത് ഞാൻ.

അന്ന് സംഘടനയ്ക്ക് പേരുണ്ടായിരുന്നില്ല. പിന്നീട് സംഘടനയ്ക്ക് ‘അമ്മ’ എന്ന പേര് നിർദേശിച്ചത് മുരളിയാണ്. പല പേരുകളും എഴുതി നോക്കിയ ശേഷം Association of Malayalam Movie Artists എന്നതിന്റെ ചുരുക്കരൂപമായ AMMA എല്ലാവർക്കും ഇഷ്ടമായി. അങ്ങനെ ആ പേര് സ്വീകരിച്ചു.

പിന്നീട് വീണ്ടും യോഗം വിളിച്ചു. നൂറിലധികം പേർ പങ്കെടുത്തു. സംഘടനയ്ക്ക് ഫണ്ട് ഒന്നുമില്ലായിരുന്നു. തൈക്കാട് ആയിരുന്നു ഓഫീസ്.

അന്ന് ഗാന്ധിമതി ബാലൻ വലിയ സഹായം ചെയ്തു. ഫണ്ട് കണ്ടെത്താൻ ഒരു സ്റ്റേജ് ഷോ നടത്താമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ എല്ലാവരും പങ്കെടുത്ത യോഗത്തിൽ അതിന് അംഗീകാരം ലഭിച്ചു.

ഗാന്ധിമതി ബാലൻ ട്രിവാൻഡ്രം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വലിയ സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചു. അദ്ദേഹം അതെല്ലാം അത്യന്തം മികച്ച രീതിയിൽ സംഘടിപ്പിച്ചു. പക്ഷേ വ്യക്തിപരമായി അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. നിരവധി കേസുകളും നേരിടേണ്ടി വന്നു. എന്നിരുന്നാലും ആ പരിപാടികളിലൂടെയാണ് 'അമ്മ'യ്ക്ക് ആദ്യമായി വലിയൊരു ഫണ്ട് ലഭിച്ചത്.

സത്യത്തിൽ പറഞ്ഞാൽ, 'അമ്മ' സംഘടനയുടെ നിലനിൽപ്പിന് ആ ഫണ്ട് വലിയ അടിത്തറയായി. അതുകൊണ്ടുതന്നെ 'അമ്മ'യുടെ ഓഫീസിൽ ഗാന്ധിമതി ബാലന്റെ ചിത്രം വയ്ക്കേണ്ടതായിരുന്നു എന്നാണ് ഞാൻ ഇന്നും വിശ്വസിക്കുന്നത്. ആദ്യ പ്രസിഡന്റായിരുന്നു എം.ജി. സോമൻ. സെക്രട്ടറി ടി.പി. മാധവൻ.

പിന്നീട് 'അമ്മ'യുടെ പേരിൽ ഒരു സിനിമ നിർമിക്കണമെന്ന ആശയം വന്നു. പലരും അതിനെ എതിർത്തു. പക്ഷേ ഞാൻ പറഞ്ഞു, ‘ഒരു സിനിമ എടുക്കണം. അല്ലാതെ സംഘടനയ്ക്ക് മുന്നോട്ടുപോകാൻ മറ്റൊരു വഴിയില്ല. എല്ലാവരും ഒന്നിച്ചുനിൽക്കണം’. അങ്ങനെയാണ് ‘ട്വന്റി20’ സിനിമ പിറന്നത്. ആ സിനിമയിലൂടെ ഏകദേശം രണ്ട് കോടി രൂപ സംഘടനയ്ക്ക് ലഭിച്ചു. ആ തുക സൂക്ഷ്മമായി വിനിയോഗിച്ചാണ് 'അമ്മ' ഇന്ന് സാമ്പത്തികമായി ശക്തമായ സംഘടനയായി വളർന്നത്.

ഒരുപാട് നല്ല കാര്യങ്ങൾ 'അമ്മ' സംഘടന ചെയ്യുന്നുണ്ട്. പക്ഷേ ഈയടുത്തുണ്ടായ വിവാദങ്ങൾ സംഘടനയുടെ ശോഭ കെടുത്തുകയാണല്ലോ ? 'അമ്മ'യുടെ തിരിച്ചുവരവ് ഒരു അനിവാര്യമല്ലേ?

ഇപ്പോൾ ഏകദേശം 120-ഓളം അംഗങ്ങൾക്ക് പ്രതിമാസം ₹5,000 വീതം കൈനീട്ടം നൽകുന്നുണ്ട്. നൂറോളം പേർക്ക് മരുന്നുകളും എത്തിക്കുന്നു.

അതുമാത്രമല്ല, എല്ലാ വർഷവും മൂന്നുമുതൽ മൂന്നര കോടി രൂപ വരെ ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കുന്നുണ്ട്. ഓരോ അംഗത്തിനും അഞ്ച് ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ട്.

ഇന്നത്തെ സിനിമ പത്തോ മുപ്പതോ പേരിലേക്ക് മാത്രമാണ് ചുരുങ്ങിയിരിക്കുന്നത്. പഴയ തലമുറയിലെ പലർക്കും വലിയ അവസരങ്ങൾ ഇല്ല.

അത്തരം കലാകാരന്മാർക്ക് 'അമ്മ' വലിയ ആശ്രയമാണ്. സംഘടന ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ അടുത്തകാലത്തുണ്ടായ ചില വിവാദങ്ങൾ അതിന്റെ ശോഭ കുറച്ചിട്ടുണ്ട്.

ആളുകൾ പലതും പറയും. ഞാൻ ആ വിവാദങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നില്ല. കാരണം അതിനെക്കുറിച്ച് ഇതിനകം തന്നെ ഒരുപാട് പേർ സംസാരിച്ച് വിഷയം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. മോഹൻലാലിനെപ്പോലുള്ളവർക്ക് അതിൽ വലിയ വിഷമമുണ്ട്. കാരണം, 'അമ്മ'യ്ക്ക് വേണ്ടി എത്രയോ രാത്രികൾ ഉറക്കം നഷ്ടപ്പെടുത്തി ഡാൻസും പാട്ടും പഠിച്ച് സ്റ്റേജ് ഷോകൾ നടത്തിയവരാണ് അവർ. മാതൃഭൂമിക്കും മനോരമയ്ക്കും ഏഷ്യാനെറ്റിനും വേണ്ടി നിരവധി പരിപാടികൾ അവതരിപ്പിച്ചു.

ഷൂട്ടിങ് ദിവസങ്ങൾ പോലും മാറ്റിവെച്ച് റിഹേഴ്സൽ നടത്തി സമാഹരിച്ച പണമാണ് പിന്നീട് 'അമ്മ'യുടെ കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഇന്ന് ഉണ്ടാകുന്ന ആരോപണങ്ങൾ ഞങ്ങളെല്ലാവരെയും വേദനിപ്പിക്കുന്നുണ്ട്.

പുതിയ തലമുറയിലെ അഭിനേതാക്കൾ സംഘടനാ പ്രവർത്തനങ്ങളിൽ അത്ര സജീവമല്ലെന്ന വിമർശനം കേൾക്കാറുണ്ട്. താങ്കളുടെ അഭിപ്രായം എന്താണ്?

പുതിയ തലമുറയിലെ പലരും സംഘടനാ പ്രവർത്തനങ്ങളിൽ അത്ര സജീവമല്ല. വർഷങ്ങളായി മീറ്റിങ്ങുകളിൽ പോലും പങ്കെടുക്കാത്തവരുണ്ട്. അവർ ഒരു അകലം പാലിക്കുന്നതുപോലെയാണ് തോന്നുന്നത്. അവർക്ക് ഇന്ന് അതിന്റെ ആവശ്യകത അത്ര അനുഭവപ്പെടുന്നില്ലായിരിക്കാം. എന്നാൽ ഞങ്ങളൊക്കെ അനുഭവിച്ച കഷ്ടപ്പാടുകൾ നേരിട്ട് കണ്ടവരാണ്.

കാരവൻ എന്ന സൗകര്യം വരുന്നതിന് മുമ്പ്, ഞങ്ങൾ ഉച്ചവെയിലത്ത് മരച്ചുവട്ടിലോ കടത്തിണ്ണയിലോ ഷോട്ടിനായി കാത്തിരുന്നവരാണ്. ആ അനുഭവങ്ങളാണ് മനുഷ്യരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ഞങ്ങളെ പഠിപ്പിച്ചത്. ഇന്ന് സിനിമ മറ്റൊരു തലത്തിലാണ്. യാത്രയും സൗകര്യങ്ങളും എല്ലാം മാറി. അത് കാലത്തിന്റെ മാറ്റമാണ്.

‘അമ്മ’ നേതൃത്വത്തിലേക്ക് മോഹൻലാലിൻ്റെ ഒരു തിരിച്ചുവരവ് കാണാൻ സാധിക്കുമോ?

ഈ സംഘടന നിന്ന് പോകരുതെന്ന് ആഗ്രഹമുണ്ട്. ഞാൻ സംഘടനയിൽ നിന്ന് യാതൊരു സാമ്പത്തിക നേട്ടവും കൈപ്പറ്റുന്നില്ല. അർഹതയുള്ളവരും അത്യാവശ്യമുള്ളവരും ധാരാളമുണ്ട്. ഒരു ലക്ഷ്യവുമായി എത്തി സംഘടനയെ തകർക്കാൻ ശ്രമിച്ചാൽ അതിനെ പ്രതിരോധിക്കാൻ പ്രയാസമാണ്.

ഏകദേശം 120 പേർക്കാണ് 'അമ്മ'യുടെ സഹായം ലഭിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി അവർക്ക് ₹5,000 കിട്ടിയില്ലെങ്കിൽ പിറ്റേന്ന് എന്നെയോ ഭാരവാഹികളേയോ വിളിച്ച് സങ്കടം പറയും. കറന്റ് ബിൽ അടയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പലരും. 80-85 വയസുള്ള നിരവധി കലാകാരന്മാർക്ക് ഇനി അഭിനയിക്കാനോ മറ്റൊരു തൊഴിൽ ചെയ്യാനോ കഴിയില്ല. മക്കൾ പല സ്ഥലങ്ങളിലായതിനാൽ ഒറ്റപ്പെട്ട ജീവിതമാണ് പലരും നയിക്കുന്നത്. അവർക്ക് മരുന്നിനും ഇൻഷുറൻസിനുമെല്ലാം ഈ സഹായം വലിയ ആശ്വാസമാണ്.

ഇതെല്ലാം നിന്നുപോകുമോ എന്ന ആശങ്കയാണ് എല്ലാവർക്കുമുള്ളത്. അതാണ് മോഹൻലാലിനെയും ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്. 'അമ്മ' നശിച്ച് പോകുന്നത് അദ്ദേഹത്തിന് കാണാനാകില്ല. അദ്ദേഹമൊക്കെ ചുമതല ഒഴിഞ്ഞപ്പോഴെ ഇതിൻ്റെ ഉയിര് നഷ്ടമായി.

ഇന്നസെന്റ് 18 വർഷം പ്രസിഡന്റായിരുന്ന കാലത്തും പിന്നീട് മോഹൻലാൽ ചുമതലയേറ്റപ്പോഴും സംഘടനയെ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികളുണ്ടായിരുന്നു. 'അമ്മ'യുടെ ഓഫീസ് വികസിപ്പിക്കണമെന്ന ആലോചന പോലും ഉണ്ടായിരുന്നു.

മമ്മൂക്ക എന്തുകൊണ്ട് സംഘടനയുടെ തലപ്പത്തേക്ക് ഒന്നും വരുന്നില്ല?

അദ്ദേഹത്തിന് സംഘടനയിൽ എല്ലാ പിന്തുണയും ഉണ്ട്. പക്ഷേ ആ സ്ഥാനത്ത് ഇരിക്കണമെന്ന താത്പര്യമില്ല. എന്നിരുന്നാലും ഭരണസമിതിയിലെ പല കാര്യങ്ങളും മമ്മൂട്ടിയുമായും മോഹൻലാലുമായും ചർച്ച ചെയ്യാറുണ്ട്. മമ്മൂട്ടി സംഘടനയിലെ മുതിർന്ന വ്യക്തിയാണ്.

'അമ്മ' ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. അല്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ഈ സംഘടന നിലനിൽക്കണം. ഒരുപാട് പേർക്ക് ഇതിലൂടെ ഗുണമുണ്ട്.

സുരേഷ് ഗോപി കുറച്ചുകാലം സംഘടനയിൽനിന്ന് മാറിനിന്നിരുന്നു. പിന്നീട് ആ പിണക്കം മാറി അദ്ദേഹം തിരിച്ചുവന്നു. എല്ലാവർക്കും വിഷമമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം കൂടെയുണ്ട്. സംഘടനയെക്കുറിച്ചുള്ള ആശങ്ക എല്ലാവർക്കുമുണ്ട്.

പഴയ തലമുറ മാറി പുതിയ തലമുറയ്ക്ക് നേതൃത്വം നൽകണമെന്ന അഭിപ്രായമുണ്ട്. പക്ഷേ പുതിയ തലമുറ തന്നെ സംഘടനയിലേക്ക് സജീവമായി വരുന്നില്ല. ഒരു മീറ്റിങ്ങിൽ പോലും പ്രമുഖ നായകന്മാരോ നായികമാരോ എത്തുന്നില്ല. പൃഥ്വിരാജിനോട് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ, ‘ഇപ്പോൾ ബാക്കിയുള്ളവർ തുടരട്ടെ, കാലം കിടക്കുവല്ലേ,’ എന്നായിരുന്നു മറുപടി.

ഞാൻ 18 വർഷം എക്സിക്യൂട്ടീവ് അംഗമായിരുന്നു. പിന്നീട് സ്വയം മാറിനിന്നു. ഓരോ മീറ്റിംഗിലും പങ്കെടുക്കാൻ എനിക്ക് സ്വന്തം ചെലവിൽ യാത്ര ചെയ്യണം, ഹോട്ടലിൽ താമസിക്കണം. 'അമ്മ'യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഒരു മീറ്റിങ്ങിന് ഏകദേശം ₹20,000 വരെ ചെലവാകും. അതുകൊണ്ടാണ് എറണാകുളത്തുള്ളവരും സമീപത്തുള്ളവരും കൂടുതൽ സജീവമാകട്ടെയെന്ന് കരുതി ഞാൻ മാറിനിന്നത്.

മുമ്പുണ്ടായിരുന്ന ഭരണസമിതികൾ ജനറൽ ബോഡിയുടെ ഭക്ഷണ മെനു വരെ എന്നോട് ചോദിക്കുമായിരുന്നു. എന്തൊക്കെ വിഭവങ്ങൾ വേണമെന്ന് ഞാൻ നിർദേശിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആരും ഒന്നും ചോദിച്ചില്ല.

തിരുവനന്തപുരത്തെ സൗഹൃദങ്ങൾ ജീവിതം മാറ്റിമറിച്ചല്ലോ. ലാലേട്ടനും പ്രിയൻ സാറും ഒക്കെ ഇന്നും ഒപ്പമുണ്ട്. എത്രത്തോളം പ്രിയങ്കരമാണ് ആ സൗഹൃദങ്ങൾ‍?

പണ്ടൊക്കെ ഒരു ഷോട്ട് കഴിഞ്ഞാൽ അടുത്ത ഷോട്ട് എപ്പോഴാണെന്ന് അറിയില്ല. അതുവരെ എല്ലാവരും ഒരുമിച്ച് ഇരിക്കും. മോഹൻലാലും മുകേഷും ശ്രീനിവാസനും പ്രിയദർശനും ഞാനും ഒക്കെ ചേർന്ന് മണിക്കൂറുകളോളം തമാശ പറഞ്ഞിരിക്കും.

അവിടെയാണ് പല സിനിമകളുടെയും ആശയങ്ങൾ ജനിച്ചിരുന്നത്. സൗഹൃദങ്ങളും കൂടുതൽ ദൃഢമായിരുന്നത്. ഇന്ന് ഓരോ ഷോട്ട് കഴിഞ്ഞാലും എല്ലാവരും നേരെ കാരവനിലേക്ക് പോകും. ടെക്നീഷ്യൻമാർ മാത്രമാണ് സെറ്റിൽ ബാക്കിയാവുക. ഷോട്ടിന് വിളിക്കുമ്പോൾ മാത്രം പുറത്തുവരും.

അതുകൊണ്ട് തന്നെ പരസ്പരം സംസാരിക്കുന്നതും തമാശകൾ പങ്കുവെക്കുന്നതും വളരെ കുറഞ്ഞു. ഇപ്പോൾ തമാശ പറയാൻ പോലും പേടിയാണ്. നമ്മൾ സുഹൃത്തുക്കൾക്കിടയിൽ ഒരു തമാശ പറയുമ്പോൾ അതിന്റെ സാഹചര്യത്തിലാണ് പറയുന്നത്. പക്ഷേ അതിൽ നിന്ന് ഒരു ഭാഗം മാത്രം മുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും. പിന്നെ അത് വേറൊരു അർഥത്തിൽ ആളുകൾ വ്യാഖ്യാനിക്കും.

ഇന്ന് സംസാരിക്കുമ്പോൾ വളരെ സൂക്ഷിക്കണം. ഒരാളെ നോക്കിയാലും പ്രശ്നം. ഒരു വാക്ക് തെറ്റിയാലും പ്രശ്നം. എപ്പോൾ ആരാണ് റെക്കോർഡ് ചെയ്യുന്നതെന്ന് പോലും അറിയില്ല. ഇന്ന് ഒരാളോട് സംസാരിക്കുമ്പോൾ, മറുവശത്ത് റെക്കോർഡിങ് നടക്കുന്നുണ്ടാകാമെന്ന് കരുതി വേണം സംസാരിക്കാൻ.

ഞാൻ സംസാരിക്കുമ്പോൾ സൂക്ഷിക്കാറുണ്ട്. പക്ഷേ ചിലപ്പോൾ സംസാരത്തിന്റെ ഒഴുക്കിൽ അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ അത് വലിയ വിവാദമാകും. അതിനാൽ ഇപ്പോൾ എല്ലാ കാര്യത്തിലും വളരെ ശ്രദ്ധ വേണം. പണ്ടൊന്നും അങ്ങനെ ഉണ്ടായിരുന്നില്ല. എല്ലാവരും വളരെ സ്വതന്ത്രമായി സംസാരിക്കുമായിരുന്നു. ഇന്ന് അടുത്ത സുഹൃത്തുക്കളോട് പോലും മനസ് തുറന്ന് സംസാരിക്കാൻ പലപ്പോഴും മടിയാണ്.

ഇന്ന് ഒരു വാക്ക് പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയം എല്ലാവർക്കുമുണ്ട്. ഇന്ന് തമാശയിലും പരിഹാസമുണ്ടെന്ന് പറഞ്ഞ് ആളുകൾ വിമർശിക്കും.

ഈയടുത്ത് ചില പ്രയാസങ്ങൾ ഉണ്ടായി. അസുഖത്തോട് പടവെട്ടി ശക്തമായി തിരിച്ചുവന്നു. വാഹനാപകടവും ചുറ്റുമുണ്ടായിരുന്നവരുടെ കുറ്റപ്പെടുത്തലുകളും മാനസികമായി തളർത്തിയോ?

തിരുവനന്തപുരം ക്ലബ്ബിൽ നിന്ന് വളരെ ശ്രദ്ധയോടെയാണ് ഞാൻ കാർ ഓടിച്ച് ഇറങ്ങിയത്. മുമ്പ് മദ്യപിച്ചിരുന്ന ആളാണ്. പക്ഷേ കാൻസർ വന്നതിന് ശേഷം വർഷങ്ങളായി മദ്യപാനം പൂർണമായും നിർത്തിയിരുന്നു. അന്ന് ക്ലബ്ബിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ട് വശവും നോക്കിയാണ് വാഹനം മുന്നോട്ടെടുത്തത്. പക്ഷേ എവിടെനിന്നോ അതിവേഗത്തിൽ വന്ന ഒരു വാഹനം എന്റെ കാറിൽ ഇടിച്ചു. ബമ്പർ തകർന്നു, ലൈറ്റ് പൊട്ടി. മറുവശത്തുണ്ടായിരുന്ന ആളും റോഡിലേക്ക് വീണു.

ഞാൻ ഉടൻ വാഹനം ഒതുക്കി നിർത്തി. ക്ലബ്ബ് സെക്രട്ടറിയെ വിളിച്ചു. അദ്ദേഹം പറഞ്ഞു, ആംബുലൻസ് വരും. ഇവിടെ ഞങ്ങൾ നോക്കിക്കൊള്ളാം. നിങ്ങൾ പൊയ്ക്കോളൂ’, എന്ന്. അങ്ങനെ ഞാൻ അവിടെനിന്ന് മടങ്ങി. പക്ഷേ പിറ്റേന്ന് ഉച്ചയോടെ ചില മാധ്യമങ്ങളും ചാനലുകളും എന്നെ പൂർണമായും കുറ്റക്കാരനാക്കി. ‘മദ്യപിച്ച് വാഹനമോടിച്ചു’, ‘ആളെ ഇടിച്ചിട്ട് വലിച്ചിഴച്ചു’ എന്നിങ്ങനെ വാർത്തകൾ പ്രചരിച്ചു. യഥാർഥത്തിൽ അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല. പിന്നീട് പോലീസ് സ്റ്റേഷനിൽ ഹാജരായി. മെഡിക്കൽ പരിശോധന നടത്തി. രണ്ട് തവണ രക്തസാമ്പിൾ എടുത്തു- ഒന്ന് ആശുപത്രിയിലേക്കും മറ്റൊന്ന് ഫോറൻസിക് പരിശോധനയ്ക്കുമായി. രണ്ടിടത്തും മദ്യത്തിന്റെ അംശമില്ലെന്ന് വ്യക്തമായി.

അതിന് പുറമെ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തി. അപകടം നടന്ന ദിവസത്തെ ക്ലബ്ബിലെ സി.സി.ടി.വി. ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചു. സ്റ്റാഫിനെയും ചോദ്യം ചെയ്തു. മാസങ്ങളായി ഞാൻ മദ്യപിച്ചിട്ടില്ലെന്ന് അവർക്കെല്ലാം അറിയാമായിരുന്നു. അവസാനം സത്യം തെളിഞ്ഞു. പക്ഷേ അതുവരെ വലിയ മാനസിക ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടിവന്നത്.

എന്റെ വാഹനത്തിന് ഏകദേശം ഒൻപത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പക്ഷേ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാതിരിക്കാൻ പല കാരണങ്ങളും പറഞ്ഞു. അപകടം നടന്നത് 14-ാം തീയതിയും വാഹനം വർക്ക്‌ഷോപ്പിൽ എത്തിയത് 20-ാം തീയതിയുമാണെന്ന് ചൂണ്ടിക്കാട്ടി.

അതിന് കാരണം പോലീസിന്റെ നടപടിക്രമങ്ങളായിരുന്നു. എല്ലാ പരിശോധനകളും പൂർത്തിയായ ശേഷമാണ് വാഹനം മാറ്റാൻ അനുമതി ലഭിച്ചത്. പോലീസ് സ്റ്റേഷനിൽ നിന്നുള്ള രേഖകളും സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ഞാൻ സമർപ്പിച്ചു.

എന്നിട്ടും ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ മുഴുവൻ തുകയും ലഭിച്ചില്ല. ആ അനുഭവത്തിന് ശേഷം ആ ഇൻഷുറൻസ് കമ്പനിയുമായി ഇനി ബന്ധം തുടരേണ്ടെന്ന് ഞാൻ തീരുമാനിച്ചു.

ആളുകൾ തെറ്റിദ്ധരിച്ചത് എന്നെ വേദനിപ്പിച്ചു. നമ്മൾ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ ഏറ്റുവാങ്ങാം. പക്ഷേ ചെയ്യാത്ത തെറ്റിന് കുറ്റക്കാരനാക്കപ്പെടുന്നത് അത്യന്തം വേദനാജനകമാണ്. അന്ന് ഭാഗ്യവശാൽ എതിർവശത്തുണ്ടായിരുന്ന സി.സി.ടി.വി. ക്യാമറ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിലെ ദൃശ്യങ്ങളാണ് സത്യം തെളിയിച്ചത്. ആ ദൃശ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ മദ്യപിച്ച് വാഹനമോടിച്ചുവെന്ന ആരോപണം പലരും വിശ്വസിച്ചേനേ.

പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ വിളിച്ചു. ‘ചേട്ടാ, വീഡിയോ കണ്ടു. താങ്കൾക്ക് തെറ്റില്ലായിരുന്നു’, എന്ന് പലരും പറഞ്ഞു. അത് കേൾക്കുമ്പോൾ സന്തോഷമുണ്ടായിരുന്നു. എന്നാൽ സത്യം പുറത്തുവരുന്നതിന് മുമ്പേ ആളുകൾ വിധിയെഴുതുന്ന രീതിയാണ് ഏറ്റവും വേദനിപ്പിച്ചത്.

മമ്മൂട്ടിയെ വിളിച്ചപ്പോൾ, 'എടാ, നീ ഫൈറ്റ് ചെയ്ത് തിരിച്ചു വരണം' എന്ന് അദ്ദേഹം പറഞ്ഞതായി താങ്കൾ ഓർക്കുന്നു. റേഡിയേഷൻ തെറാപ്പിയുടെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിൽ ആ വാക്കുകൾ താങ്കൾക്ക് എത്രത്തോളം കരുത്തുനൽകി?

അസുഖത്തിന് ശേഷം പൊതുവേദികളിലേക്ക് തിരിച്ചെത്തിയപ്പോൾ ഒരുപാട് പേർ അടുത്തുവന്ന് പറഞ്ഞു, ‘ചേട്ടാ, ഞങ്ങൾ താങ്കൾക്കായി പ്രാർഥിച്ചിരുന്നു’, എന്ന്. ആ സ്നേഹവും പ്രാർഥനയുമാണ് ഇതെല്ലാം അതിജീവിക്കാൻ എനിക്ക് കരുത്തായതെന്ന് ഞാൻ വിശ്വസിക്കുന്നു.

എനിക്ക് കോവിഡ് മൂന്ന് പ്രാവശ്യം വന്നു. രണ്ടാമത്തെ തവണ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിലേക്ക് പോകാതെ ഹോട്ടലിൽ താമസിക്കുകയായിരുന്നു. വീട്ടിലുള്ളവർക്ക് രോഗം പകരാതിരിക്കാനായിരുന്നു അത്. അപ്പോഴാണ് ചുമ കൂടിയത്. പിന്നീട് ന്യൂമോണിയയായി. അതിനും ചികിത്സ നടത്തി. അങ്ങനെയാണ് അതിൽ നിന്ന് രക്ഷപ്പെട്ടത്. അതിന് ശേഷമാണ് തൊണ്ടയിൽ ക്യാൻസറാണെന്ന് കണ്ടെത്തിയത്.

സത്യത്തിൽ ഞാൻ വളരെ പേടിയുള്ള ആളാണ്. കാൻസറാണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് മമ്മൂട്ടിയായിരുന്നു. അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഇന്നും ഞാൻ മറക്കില്ല. ‘ഫൈറ്റ് ചെയ്യണമെടാടാ... ഫൈറ്റ് ചെയ്യണം. നീ ജയിക്കും’. ആ വാക്ക് എനിക്ക് വലിയ ആത്മവിശ്വാസം തന്നു.

റേഡിയേഷൻ ചെയ്യുന്ന സമയത്ത് തല മുഴുവൻ മാസ്ക് ഇട്ട് അനങ്ങാതെ കിടക്കണം. എനിക്ക് ഇരുട്ടിനും അടച്ചിട്ട സ്ഥലങ്ങൾക്കും വലിയ പേടിയാണ്. എം.ആർ.ഐ. എടുക്കുമ്പോഴും എനിക്ക് ഭയമാണ്. അപ്പോൾ റേഡിയേഷൻ സമയത്ത് ഞാൻ മനസ്സിൽ ആവർത്തിച്ചുകൊണ്ടിരുന്നത് മമ്മൂട്ടിയുടെ ആ വാക്കുകളായിരുന്നു. ‘ഫൈറ്റ് ചെയ്യണം… ഫൈറ്റ് ചെയ്യണം…’ അത് പറഞ്ഞുകൊണ്ടാണ് ഓരോ ദിവസവും ആ 15 മിനിറ്റ് സഹിച്ചത്.

റേഡിയേഷൻ ചികിത്സ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. 29-ാം ദിവസം ഞാൻ ഡോക്ടറോട് തമാശയായി ചോദിച്ചു, ‘ഓണത്തിന് ഓഫർ ഒന്നുമില്ലേ? ഒരു ദിവസം കുറയ്ക്കാൻ പറ്റില്ലേ?’. അപ്പോൾ ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇത് പ്രോട്ടോക്കോൾ ആണ്. 30 സെഷനും പൂർത്തിയാക്കണം’. അങ്ങനെ മുഴുവൻ ചികിത്സയും പൂർത്തിയാക്കി.

ചികിത്സയ്ക്ക് ശേഷം ജീവിതത്തിൽ ഏറ്റവും കൂടുതൽ മാറ്റം വന്നത് എന്തിലാണ്?

ഞാൻ ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷേ ചികിത്സ കഴിഞ്ഞ് കുറേ നാൾ എരിവ് പോലും കഴിക്കാൻ പറ്റിയില്ല. ഭക്ഷണം കഴിക്കുന്നതും വലിയ ബുദ്ധിമുട്ടായിരുന്നു. ഏകദേശം 16 കിലോ ഭാരം കുറഞ്ഞു.

പൊതുപരിപാടികളിൽ പോകുമ്പോൾ ആളുകൾ ചോദിക്കും, ‘എന്തുപറ്റി? ഭയങ്കര മെലിഞ്ഞുപോയല്ലോ’, എന്ന്. അപ്പോൾ ഞാൻ പറയും. ‘എനിക്ക് വന്നത് ജലദോഷമല്ല, കാൻസറാണ്’, എന്ന്. അപ്പോൾ വാർ‍ത്തിയിലൂടെ അറിഞ്ഞുവെന്ന് അവർ പറയും. പിന്നെ എന്തിനാണ് ഒരാളെ വിഷമിപ്പിക്കുന്ന കാര്യം ചോദിക്കുന്നതെന്ന് ഞാൻ തിരിച്ചുചോദിക്കും.

ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ഒരാൾ എന്റെ അടുത്ത് വന്നു. എന്നെ കണ്ട ഉടനെ പുറത്ത് ശക്തിയായി തട്ടി. എനിക്ക് അങ്ങനെ പുറത്ത് അടിക്കുന്നതും കൈ ഞെരിച്ച് ഷേക്ക് ഹാൻഡ് ചെയ്യുന്നതും ഇഷ്ടമല്ല. അയാൾക്ക് അതൊന്നും അറിയില്ലായിരുന്നു.

അതിനുശേഷം എന്നെ നോക്കി ചോദിച്ചു: ‘രാജു, ഇത്ര മെലിയാൻ എന്താ ചെയ്തതെന്ന് പറയൂ. എനിക്കും ആ ഐഡിയ വേണം’. അത് കേട്ടപ്പോൾ എനിക്ക് വല്ലാതെ വിഷമമായി. ഞാൻ പറഞ്ഞു: ‘ഒന്നുമില്ല... കാൻസർ വരാൻ പ്രാർഥിച്ചാൽ മതി. തനിയെ മെലിഞ്ഞുപോകും’. അത് കേട്ടതോടെ അയാൾ ആകെ വല്ലാതായി. കൂടെ നിന്ന് ഫോട്ടോ എടുക്കാനാണ് വന്നിരുന്നത്. പക്ഷേ ഒന്നും പറയാതെ മാറിനിന്നു.

ചികിത്സയിൽ ഇരുന്നപ്പോൾ മമ്മൂട്ടി എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസം നൽകി. അതുപോലെ ലിസിയും വിദേശത്തുനിന്ന് വിളിച്ചു. ‘ചേട്ടൻ പറഞ്ഞാൽ ഇവിടുന്ന് ഡോക്ടർമാരെ അയക്കാം. മരുന്ന് അയക്കാം. വേണമെങ്കിൽ ഇവിടെ വന്നാൽ ചികിത്സയുടെ കാര്യങ്ങളെല്ലാം ഞാൻ നോക്കിക്കൊള്ളാം’, എന്നൊക്കെയായിരുന്നു പറഞ്ഞത്. അങ്ങനെ ഒരുപാട് പേർ വിളിച്ച് ധൈര്യം നൽകി. മോഹൻലാലും സുചിത്രയും മമ്മൂട്ടിയും ഗണേഷ് കുമാറും വീട്ടിൽ കാണാനും വന്നിരുന്നു.

വർഷങ്ങളായുള്ള സൗഹൃദമാണ് മോഹൻലാലുമായുള്ളത്. അന്നും ഇന്നും മോഹൻലാലിൽ മാറ്റമുണ്ടാകാത്ത ഒരു സ്വഭാവം എന്തായിരിക്കും?

മോഹൻലാൽ ഒരു പ്രത്യേക വ്യക്തിത്വമാണ്. ക്യാമറ ഓൺ ചെയ്ത് ‘ആക്ഷൻ’ പറഞ്ഞാൽ അദ്ദേഹം കഥാപാത്രമായി മാറും. ‘കട്ട്’ പറഞ്ഞാൽ അടുത്ത നിമിഷം പഴയ മോഹൻലാലായി മാറും. സെറ്റിൽ എല്ലാവരെയും തമാശ പറഞ്ഞ് ചിരിപ്പിക്കാനും സന്തോഷത്തോടെ ഇരിക്കാനും അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്.

അതേസമയം, അദ്ദേഹത്തെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന ഒരാളെ ഞാൻ വളരെ വിരളമായേ കണ്ടിട്ടുള്ളൂ. രാത്രി ഒരു മണി, രണ്ട് മണി, മൂന്ന് മണി വരെ ഷൂട്ട് ചെയ്യും. പുലർച്ചെ വീണ്ടും ഷൂട്ടിങ്ങിന് എത്തും. ചില ദിവസങ്ങളിൽ ഷൂട്ടിങ് കഴിഞ്ഞ് നേരെ ദുബായിലേക്കോ വിദേശത്തേക്കോ ഷോയ്ക്കായി പോകും. പരിപാടി കഴിഞ്ഞ് തിരികെ വന്ന് വീണ്ടും ഷൂട്ടിങ്ങിൽ പങ്കെടുക്കും. ആ ഊർജവും ആത്മസമർപ്പണവും അത്ഭുതപ്പെടുത്തുന്നതാണ്.

മോഹൻലാലിന്റെ ഏറ്റവും വലിയ പ്രത്യേകത കഥാപാത്രമായി ജീവിക്കാനുള്ള കഴിവാണ്. എത്ര വലിയ ഡയലോഗായാലും വളരെ സ്വാഭാവികമായി അവതരിപ്പിക്കും. ഒരു ഷോട്ടിനുള്ള തയ്യാറെടുപ്പും അതിനുവേണ്ടിയുള്ള അധ്വാനവും നേരിൽ കാണുമ്പോഴാണ് അദ്ദേഹത്തിന്റെ മികവ് കൂടുതൽ മനസ്സിലാകുന്നത്. പത്ത് പേജുള്ള ഡയലോഗും അദ്ദേഹം കാണാതെ പഠിച്ച് പറയും. അത്തരത്തിൽ ഡയലോഗ് കാണാതെ പഠിച്ച് പറയുന്ന ഒരാൾ പൃഥ്വിരാജാണ്.

പ്രിയദർശൻ എന്ന ക്രാഫ്റ്റ്സ്മാനെയും സുഹൃത്തിനേയും എങ്ങനെ വിലയിരുത്തുന്നു? അദ്ദേഹവുമൊത്തുള്ള സിനിമ അനുഭവം എത്തരത്തിലുള്ളതാണ്?

അദ്ദേഹത്തിന് എല്ലാ കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്. സെറ്റിൽ വലിയ വേഗത്തിലാണ് കാര്യങ്ങൾ നടക്കുക. ചിലപ്പോൾ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ പുതിയ ആശയങ്ങൾ വരും. അപ്പോൾ അതിനനുസരിച്ച് സംഭാഷണങ്ങളും സീനുകളും മാറ്റിയെഴുതും. അങ്ങനെയൊരു അവസരത്തിൽ ഞാൻ ഷൂട്ടിങ് ലൊക്കേഷനിൽ ഇരുന്ന് തന്നെ രംഗങ്ങൾ എഴുതിയിട്ടുണ്ട്.

ചിലപ്പോൾ രാത്രിയിൽ ഫോൺ ചെയ്ത് അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ഡയലോഗുകൾ പറഞ്ഞുകൊടുക്കും. അവർ അത് എഴുതിയെടുത്ത് പിറ്റേന്ന് ഷൂട്ടിങ്ങിൽ ഉപയോഗിക്കും. മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തായിരുന്നു അതെല്ലാം.

അദ്ദേഹം വളരെ ആത്മവിശ്വാസമുള്ള സംവിധായകനാണ്. ആരെങ്കിലും തളർന്നുപോയാൽ ഉടൻ ധൈര്യം നൽകും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സെറ്റിൽ ജോലി ചെയ്യുന്നവർക്ക് ഒരുതരം പോസിറ്റീവ് എനർജി ഉണ്ടാകും.

നിർമാതാവായുള്ള യാത്ര എങ്ങനെയായിരുന്നു? നടനിൽ നിന്ന് നിർമാതാവാകാൻ തീരുമാനിച്ചത് എപ്പോഴാണ്?

ചെറുപ്പം മുതലേ ഒരു ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം എങ്കിലും എന്റെ പേരുള്ള ഒരു സിനിമയുടെ പോസ്റ്റർ തിയേറ്ററിന് മുന്നിൽ കാണണമെന്ന്. പിന്നീട് ആ സ്വപ്നം യാഥാർഥ്യമായി.

നിർമാതാവായപ്പോൾ ആദ്യം തന്നെ പ്രിയദർശനും മോഹൻലാലും ഞാനും ചേർന്നാണ് പ്രവർത്തിച്ചത്. ‘ഹലോ മൈ ഡിയർ റോങ് നമ്പർ’ പോലുള്ള സിനിമകളുടെ സമയത്ത് എല്ലാ കാര്യങ്ങളിലും നേരിട്ട് ഇടപെടുമായിരുന്നു. ഭക്ഷണത്തിന്റെ കാര്യം പോലും ഞാൻ തന്നെ നോക്കിയിട്ടുണ്ട്.

സിനിമ നിർമാണം എന്നത് പണം മുടക്കുന്നത് മാത്രമല്ല. അതൊരു വലിയ ഉത്തരവാദിത്തമാണ്.

ഇന്ന് സിനിമ നിർമിക്കുന്നത് വലിയ റിസ്കാണ്. ഒരു ചിത്രം വിജയിച്ചാൽ മാത്രമേ പണം തിരികെ കിട്ടൂ. വിജയിച്ചില്ലെങ്കിൽ വലിയ നഷ്ടമാണ്.

ഇന്നത്തെ ബിസിനസ് രീതിയും മാറി. പല വരുമാന മാർഗങ്ങളും മാറിയിട്ടുണ്ട്. അതുകൊണ്ട് വളരെ സൂക്ഷിച്ചേ ഒരു സിനിമ നിർമിക്കാൻ കഴിയൂ.

അതുകൊണ്ടാണ് ഇപ്പോൾ പല നിർമാതാക്കളും വലിയ താരങ്ങളുടെ സിനിമകൾക്കാണ് മുൻഗണന നൽകുന്നത്. വിജയസാധ്യത കൂടുതലാണെന്ന് അവർ കരുതുന്നു.

ഒ.ടി.ടി.യുടെ വരവ് ആദ്യകാലത്ത് ഗുണമായിരുന്നു. പിന്നീട് സ്ഥിതി മാറി. ഒ.ടി.ടി. വന്നതോടെ സിനിമയുടെ സാമ്പത്തിക കണക്കുകൂട്ടലുകൾ മുഴുവൻ മാറി. ഇന്ന് സിനിമയുടെ വിജയവും വിപണിയും വിലയിരുത്തുന്ന രീതിയും മാറിയിരിക്കുന്നു. അതുകൊണ്ട് നിർമാതാക്കൾക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യമാണുള്ളത്.

എല്ലാത്തിന്റെയും അടിസ്ഥാനം കഥയാണ്. ഒരു നല്ല കഥയും നല്ല തിരക്കഥയും ഇല്ലെങ്കിൽ എത്ര വലിയ താരമുണ്ടായാലും സിനിമ വിജയിക്കുമെന്ന് ഉറപ്പില്ല. ഡേറ്റ് കിട്ടിയെന്ന് പറഞ്ഞ് തിരക്കിട്ട് സിനിമ തുടങ്ങരുത്. ആദ്യം തിരക്കഥ പൂർണമായി തയ്യാറാകണം. അതിന് ശേഷമേ മറ്റെല്ലാ കാര്യങ്ങളും തീരുമാനിക്കാവൂ.

താരങ്ങൾ സിനിമ പ്രമോഷനിൽ പങ്കെടുക്കുന്നില്ലെന്ന് ചില നിർമാതാക്കൾ പരാതിപ്പെടാറുണ്ട്. നിർമാതാവ് കൂടിയായ താങ്കൾക്ക് എന്താണ് തോന്നുന്നത്?

എന്റെ അഭിപ്രായത്തിൽ പ്രമോഷൻ കൊണ്ടുമാത്രം ഒരു സിനിമ വിജയിക്കില്ല. ഒരു ചാനലിൽ ആറോ ഏഴോ ആർട്ടിസ്റ്റുകൾ ഒരുമിച്ച് ഇരുന്ന്, ‘ഈ സിനിമ അതിഗംഭീരമാണ്, ഇത് നിർബന്ധമായും കാണണം’, എന്നൊക്കെ പറയുന്നതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. അത് കണ്ടിട്ടാണ് ആളുകൾ സിനിമയ്ക്ക് പോകുന്നതെന്നും ഞാൻ വിശ്വസിക്കുന്നില്ല.

ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. ട്രെയിലറുകളും മറ്റ് പ്രമോഷൻ മെറ്റീരിയലുകളും ഓൺലൈനിൽ എല്ലാവർക്കും ലഭ്യമാണ്. അതുകൊണ്ട് ആളുകൾക്ക് സിനിമയെക്കുറിച്ച് ഒരു ധാരണ ലഭിക്കും. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ടത് ഫസ്റ്റ് ഡേ- ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായമാണ്.

ഞാൻ പറയുന്നത് യഥാർഥ അഭിപ്രായത്തെക്കുറിച്ചാണ്. ക്യാമറയ്ക്ക് മുന്നിൽ സ്വന്തം ആളുകളെ നിർത്തി സിനിമയെ പുകഴ്ത്തുന്ന കൃത്രിമ പ്രതികരണങ്ങളെക്കുറിച്ചല്ല. അത്തരം കാര്യങ്ങൾ പ്രേക്ഷകർക്ക് ഇന്നറിയാം. ജനുവിനായി സിനിമ കണ്ടിറങ്ങുന്ന ഒരാൾ പറയുന്ന അഭിപ്രായത്തിനാണ് ഇന്നും ഏറ്റവും വലിയ വില. ഒരു നല്ല സിനിമയുടെ യഥാർഥ വിജയം ഇന്നും മൗത്ത് പബ്ലിസിറ്റിയിലാണ്.

അഭിനയജീവിതത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ഏതായിരുന്നു?

എനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്ന് പറയുന്നത് ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന സിനിമയിലെ കഥാപാത്രമാണ്. അതിന് മുമ്പ് ഒരുപാട് ചെറിയ വേഷങ്ങളാണ് ചെയ്തിരുന്നത്. ഏകദേശം 30 സിനിമകളിൽ അഭിനയിച്ച ശേഷമാണ്, 1981-ൽ ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന സിനിമ വരുന്നത്.

ആ സിനിമയിലെ ടൈറ്റിൽ റോൾ എന്റെ പേരിലായിരുന്നു. അന്ന് ഞാൻ സുധീർ കുമാറാണ്, ആ സിനിമയ്ക്ക് ശേഷമാണ് ഞാൻ മണിയൻപിള്ള രാജു ആവുന്നത്. ആ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണം, എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് സംവിധായകൻ ബാലചന്ദ്ര മേനോൻ വളരെ വ്യക്തമായ ധാരണ നൽകിയിരുന്നു. അദ്ദേഹം ഒരു മികച്ച നടൻ കൂടിയായതിനാൽ അഭിനയത്തിന്റെ സൂക്ഷ്മതകളെല്ലാം മനസ്സിലാക്കി പറഞ്ഞു തന്നു. ആ കഥാപാത്രം തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. ഇന്നും ആളുകൾ എന്നെ ‘മണിയൻപിള്ള’ എന്ന് വിളിക്കുന്നത് ആ സിനിമ കൊണ്ടാണ്.

‘ഛോട്ടാ മുംബൈ’ പോലുള്ള സിനിമകൾക്ക് രണ്ടാം ഭാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആളുകൾ ഇപ്പോഴും സമീപിക്കാറുണ്ടോ?

അതെ, ഇന്നും അങ്ങനെ പറയുന്നവരുണ്ട്. പക്ഷേ എന്റെ അഭിപ്രായത്തിൽ ‘ഛോട്ടാ മുംബൈ’ അവിടെ അവസാനിച്ച സിനിമയാണ്. അതിന് ഒരു രണ്ടാം ഭാഗം വേണമെന്നില്ല. ചിലർ ‘വെള്ളാനകളുടെ നാട്’ പോലുള്ള സിനിമകൾക്കും രണ്ടാം ഭാഗം ചെയ്യണമെന്ന് പറയാറുണ്ട്. അതുവരെ അവർ വിട്ടിട്ടില്ല.

‘മോഹൻലാലിനും ശോഭനയ്ക്കും പ്രായമായി’, ഞാൻ തമാശയായി പറയും.. മോഹൻലാൽ ഡബിൾ റോളാണ് എന്നൊക്കെ പറഞ്ഞു വരും. അപ്പോൾ ഞാൻ അവരോട് പറയാറുള്ളത്, ഇത്രയും നല്ല സിനിമകൾ കണ്ടിട്ടും പഴയ സിനിമകളുടെ രണ്ടാം ഭാഗം മാത്രമേ ആലോചിക്കാൻ പറ്റുന്നുള്ളോ? പുതിയ കഥകളും പുതിയ ചിന്തകളുമാണ് വേണ്ടത്.

താങ്കളുടെ സിനിമകളുടെ സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണമാണ് നൽകാറുള്ളതെന്ന് കേട്ടിട്ടുണ്ട്. അതിന് പിന്നിൽ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

അതിന് പിന്നിൽ ഒരു അനുഭവമുണ്ട്. 1976-77 കാലത്ത് ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ സെറ്റുകളിൽ ഭക്ഷണത്തിൽ വലിയ വിവേചനമുണ്ടായിരുന്നു. വലിയ താരങ്ങൾക്ക് മാത്രം ചിക്കനും മീനും ഉൾപ്പെടെ പ്രത്യേക ഭക്ഷണം. ബാക്കിയുള്ള ആർട്ടിസ്റ്റുകൾക്കും യൂണിറ്റ് അംഗങ്ങൾക്കും ക്യാമറ അസിസ്റ്റന്റുമാർക്കും ഇലകൊണ്ട് പൊതിഞ്ഞ ഒരു പൊതി. അതിൽ സാമ്പാറോ തക്കാളിച്ചോറോ നാരങ്ങച്ചോറോ ഒക്കെയാവും. അവർ മരച്ചുവട്ടിലോ തറയിലോ ഇരുന്ന് അത് കഴിക്കുന്ന കാഴ്ച എനിക്ക് വലിയ വിഷമമായിരുന്നു.

അന്നേ ഞാൻ മനസ്സിൽ തീരുമാനിച്ചു. ഒരിക്കൽ ഞാൻ നിർമാതാവായാൽ എന്റെ സെറ്റിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിവേചനവും ഉണ്ടാകരുത്. പിന്നീട് ‘ഹലോ മൈ ഡിയർ റോങ് നമ്പർ’ നിർമിച്ച സമയത്ത് തന്നെ ഞാൻ പറഞ്ഞു, ‘ഭക്ഷണത്തിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം’. ഇന്നും അതേ നിലപാടാണ്.

ചിലർ പറയും, ‘ഫുഡിന് ഇത്ര ചെലവാക്കിയാൽ ബജറ്റ് കൂടും’ എന്ന്. പക്ഷേ ഞാൻ അതൊന്നും കാര്യമാക്കാറില്ല. എനിക്ക് മോഹൻലാലിന്റെ ഡേറ്റ് എത്ര പ്രധാനമാണോ, അത്ര തന്നെ പ്രധാനമാണ് എന്റെ കുക്കിന്റെയും ഡേറ്റ്. തമാശയായി ഞാൻ പറയാറുണ്ട്, ‘മോഹൻലാലിന്റെ ഡേറ്റ് ഒന്നാം തീയതി കിട്ടിയില്ലെങ്കിലും പ്രശ്നമില്ല; പക്ഷേ എന്റെ കുക്കിന്റെ ഡേറ്റ് കിട്ടിയില്ലെങ്കിൽ ഷൂട്ടിങ് നടക്കില്ല’.

കുക്കിനോട് ഞാൻ പറയുന്നത് ഒരു കാര്യമേയുള്ളൂ: ‘നല്ല ഭക്ഷണം ഒരുക്കിക്കോളൂ. ചെലവിന്റെ കാര്യം എന്നോട് പറയേണ്ട’. നൂറുകണക്കിന് ആളുകൾക്ക് കോടിക്കണക്കിന് രൂപ പ്രതിഫലം നൽകുന്ന ഒരു സിനിമയിൽ, യൂണിറ്റിലെ എല്ലാവർക്കും നല്ല ഭക്ഷണം നൽകാൻ കുറച്ച് പണം ചെലവഴിച്ചാൽ അതിൽ തെറ്റൊന്നുമില്ല. അതിന് ഒരു മനസ്സ് മാത്രം മതി.

ഇന്ന് പല പ്രൊഡക്ഷൻ കമ്പനികളും നല്ല ഭക്ഷണം നൽകാൻ ശ്രദ്ധിക്കുന്നുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം, യൂണിറ്റിലെ ഓരോരുത്തരുടെയും ആത്മാർഥമായ പ്രാർഥന നമുക്കൊപ്പമുണ്ടാകും. എന്റെ ജീവിതത്തിൽ വന്ന അസുഖങ്ങളിൽനിന്ന് ഞാൻ തിരിച്ചുവന്നതും ഒരുപക്ഷേ ആ മനുഷ്യരുടെ പ്രാർഥന കൊണ്ടുകൂടിയായിരിക്കാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ജയൻ സാറുമൊത്തുള്ള രസകരമായ ഒരു സംഭവം പറഞ്ഞു കേട്ടിട്ടുണ്ടല്ലോ?

1977-ലാണ് സംഭവം. ‘മറ്റൊരു കർണൻ’ എന്ന സിനിമ ചിത്രീകരണത്തിനിടെ ഞാനും കുഞ്ചനും ഒരു എസ്റ്റേറ്റ് ബംഗ്ലാവിലാണ് താമസിച്ചിരുന്നത്. രാത്രിയിൽ കനത്ത മഴയായിരുന്നു. ഏകദേശം പന്ത്രണ്ടുമണിയോടെ വാതിലിൽ ആരോ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടു. വാതിൽ തുറന്നപ്പോൾ ജയൻ സാർ.

അദ്ദേഹം ചോദിച്ചു, ‘ഇവിടെ വേറെ ആരുമില്ലേ?, എനിക്ക് ഇവിടെ റൂം പറഞ്ഞിട്ടില്ലേ’. ഞാൻ പറഞ്ഞു, ‘ഞങ്ങളും കുഞ്ചനും മാത്രമേയുള്ളൂ’.

അദ്ദേഹത്തിന് താമസിക്കാൻ മുറി കിട്ടിയിരുന്നില്ല. പ്രൊഡക്ഷൻ മാനേജർ വന്നാൽ മാത്രമേ കാര്യങ്ങൾ അറിയാൻ കഴിയൂ. അതുകൊണ്ട് ഞങ്ങൾ പറഞ്ഞു: ‘ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടെ ഒരു കട്ടിലുണ്ട്. ഇവിടെ കിടന്നോളൂ’. അദ്ദേഹം അത് അത്രക്ക് ഇഷ്ടപ്പെട്ടില്ല. അന്ന് വലിയ സ്റ്റാർ അല്ലേ. ബൂട്ട് പോലും അഴിക്കാതെ നേരെ വന്ന് കിടന്നു.

അപ്പോഴാണ് മറ്റൊരു സംഭവം നടന്നത്. ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ പെട്ടെന്ന് ചെവിക്കുള്ളിൽ എന്തോ കയറി. ഒരു വണ്ട് ചെവിക്കുള്ളിൽ കയറിയതാണ്. അകത്ത് ‘കിരി... കിരി…’ എന്ന ശബ്ദം കേൾക്കുന്നു. ഞാൻ ആകെ പേടിച്ചു.

കുഞ്ചനെ വിളിച്ചു. അവനും ആകെ പരിഭ്രാന്തനായി. അപ്പോഴാണ് ജയൻ സാർ ഉണർന്നത്. ‘എന്തുപറ്റി?, എന്ന് ചോദിച്ചു.

കുഞ്ചൻ പറഞ്ഞു: ‘സുധീർ കുമാറിന്റെ ചെവിയിൽ ഒരു വണ്ട് കയറി’. പുള്ളി കാര്യമാക്കിയില്ല. വല്ല തിമിംഗലവും ആയിരുന്നെങ്കിൽ പുള്ളി എന്തെങ്കിലും ചെയ്തേനെ, ഇത് വണ്ടല്ലേ.

ഉടൻ കുഞ്ചൻ എണ്ണ കൊണ്ടുവന്നു. തല ചെരിച്ച് ചെവിക്കുള്ളിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു. വിരൽ കൊണ്ട് ചെവി അടച്ചുപിടിച്ച് കുറച്ചുനേരം നിന്നു. അൽപസമയത്തിന് ശേഷം വണ്ട് പുറത്തുവന്നു. അന്ന് അതൊരു വലിയ അത്ഭുതം പോലെ തോന്നി.

പിറ്റേന്ന് രാവിലെ ഒരു ഡോക്ടർ വന്നു. അദ്ദേഹം പറഞ്ഞു: ‘ഇങ്ങനെ എണ്ണ ഒഴിക്കരുത്. അതുകൊണ്ട് വണ്ട് കൂടുതൽ അകത്തേക്ക് പോകാൻ സാധ്യതയുണ്ട്. അതെടുക്കാൻ പ്രത്യേക ഉപകരണമുണ്ട്’.

പക്ഷേ അന്നത്തെ സാഹചര്യത്തിൽ ഞങ്ങൾക്ക് അറിയാവുന്ന മാർഗം അതായിരുന്നു. ആ സംഭവത്തിനുശേഷം ആ ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരും രാത്രി ഉറങ്ങുമ്പോൾ ചെവിയിൽ പഞ്ഞി വച്ചാണ് കിടന്നിരുന്നത്. അവിടത്തെ മരങ്ങളിൽ ഇത്തരത്തിലുള്ള ചെറിയ വണ്ടികൾ ധാരാളമുണ്ടായിരുന്നു. ഇന്നും ആ സംഭവം ഓർക്കുമ്പോൾ ചിരി വരും.

അടുത്തിടെ മലയാള സിനിമയ്ക്ക് വലിയ നഷ്ടങ്ങൾ സംഭവിച്ചു. ശ്രീനിവാസൻ എന്ന വ്യക്തിയെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും എങ്ങനെയാണ് ഓർക്കുന്നത്?

ശ്രീനിവാസൻ 100% കറകളഞ്ഞ സുഹൃത്താണ്. വ്യക്തിബന്ധങ്ങൾക്കോ അവസരങ്ങൾക്കോ വേണ്ടി ഒരിക്കലും നിലപാട് മാറ്റുന്ന ആളല്ല.

അത് മോഹൻലാലായാലും മമ്മൂട്ടിയായാലും തെറ്റാണെന്ന് തോന്നിയാൽ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്. ആ ചങ്കൂറ്റമാണ് ശ്രീനിവാസന്റെ ഏറ്റവും വലിയ പ്രത്യേകത.

ചിത്രത്തിൻ്റെ മുഴുവൻ കഥയും ശ്രീനിയുടെ മനസ്സിൽ ഉണ്ടാകും. എന്നോട് സംവിധാനം ചെയ്യാനുള്ള ആഗ്രവുമായി വരുന്ന ചിലരോട് ഞാൻ എം.ടിയുടേയും പത്മരാജൻ്റേയും ശ്രീനിവാസൻ്റേയും ലോഹിതദാസിൻ്റേയും തിരക്കഥകൾ വായിക്കാൻ പറയും. പല ഇൻസ്റ്റിറ്റ്യൂട്ടിലും പഠിക്കുന്നതിനെക്കാളെറെ ഇവരിൽ നിന്നും ലഭിക്കും.

ഇപ്പോൾ മലയാള സിനിമയിൽ പുതിയ തലമുറയാണ്. പഴയ താരങ്ങളുടെ മക്കളും പുതിയ അഭിനേതാക്കളും എത്തിയിട്ടുണ്ട്. അവരുമായി എങ്ങനെയാണ് ബന്ധം?

സെറ്റിൽ കാണുമ്പോൾ എല്ലാവരും വലിയ ബഹുമാനത്തോടെ സംസാരിക്കും. പക്ഷേ ഇന്നത്തെ തലമുറയുടെ രീതികൾ കുറച്ച് വ്യത്യസ്തമാണ്. ഫോൺ വിളിച്ചാൽ എല്ലാവരും എടുക്കണമെന്നില്ല. അതൊന്നും ഞാൻ പരാതിയായി പറയുന്നതല്ല, അവരുടെ ജോലിത്തിരക്കായിരിക്കാം.

എന്നാൽ ഞാൻ സിനിമയിലേക്ക് പരിചയപ്പെടുത്തിയവരിൽ, എന്ത് ആവശ്യത്തിനായാലും ഞാൻ വിളിച്ചാൽ ഫോൺ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യുന്ന ഒരാളുണ്ട്. അത് പൃഥ്വിരാജാണ്. ആ ഒരു കാര്യം എനിക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമാണ്.

ഒരു ദിവസം എറണാകുളത്തിനടുത്ത് മുടി വെട്ടാൻ പോയപ്പോൾ ഒരു സുന്ദരനായ ചെറുപ്പക്കാരൻ വന്ന് ചോദിച്ചു, ‘ചേട്ടാ, എന്നെ മനസ്സിലായില്ലേ?’. എനിക്ക് ആദ്യം ആളെ മനസ്സിലായില്ല.

അപ്പോൾ അവൻ പറഞ്ഞു, ‘ചേട്ടൻ എന്നെ കുട്ടിക്കാലത്ത് എടുത്തിട്ടുണ്ട്. ഞാൻ പൃഥ്വിരാജാണ്. ഓസ്ട്രേലിയയിൽ പഠിക്കുകയാണ്. ഇപ്പോൾ കുറച്ച് ദിവസത്തേക്ക് വന്നതാണ്’.

അന്ന് വൈകുന്നേരം തന്നെ സംവിധായകൻ രഞ്ജിത്തിന്റെ ഫോൺ വന്നു. പുതിയ സിനിമയായ ‘നന്ദനം’ ഒരുക്കുകയാണ്. ഒരു സുന്ദരനായ പുതിയ ചെറുപ്പക്കാരനെ അന്വേഷിക്കുകയാണെന്ന് പറഞ്ഞു.

ഞാൻ ഉടൻ തന്നെ പറഞ്ഞു, ‘ഇന്ന് ഞാൻ ഒരു പയ്യനെ കണ്ടു. ഈ കഥാപാത്രത്തിന് വളരെ അനുയോജ്യനാണ്’. അടുത്ത ദിവസം തന്നെ പൃഥ്വിരാജ് രഞ്ജിത്തിനെ കാണാൻ പോയി. അങ്ങനെയാണ് ‘നന്ദനം’ സംഭവിക്കുന്നത്. ആ സിനിമ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. അത് ഓർക്കുമ്പോൾ ഇന്നും സന്തോഷമുണ്ട്.

പൃഥ്വിരാജിനൊപ്പം നിർമാതാവെന്ന നിലയിൽ പ്രവർത്തിച്ച അനുഭവം എങ്ങനെയായിരുന്നു?

പൃഥ്വിരാജിനെ നായകനാക്കി ഞാൻ രണ്ട് സിനിമകളാണ് നിർമിച്ചത്. ‘അനന്തഭദ്ര’വും ‘പാവാട’യും. രണ്ട് സിനിമകളും വലിയ വിജയമായി. അതിന് ശേഷം ഏകദേശം പതിനൊന്ന് വർഷമായിട്ട് അദ്ദേഹവുമായി ഞാൻ സിനിമ ചെയ്തിട്ടില്ല.

കാരണം, ഒരു കഥ കേട്ട് എനിക്ക് ഇഷ്ടപ്പെട്ടാലും പൃഥ്വിരാജ് ആദ്യം ചോദിക്കുന്നത്, ‘രാജേട്ടൻ ഇപ്പോൾ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ്. ഈ സിനിമ ചെയ്താൽ എന്തെങ്കിലും റിസ്ക് ഉണ്ടാകുമോ?’, എന്നതാണ്.

അദ്ദേഹം എപ്പോഴും നിർമാതാവിന്റെ സുരക്ഷയാണ് ആദ്യം ചിന്തിക്കുന്നത്. അതുകൊണ്ടാണ് പൃഥ്വിരാജിനോട് എനിക്ക് ഇത്രയും സ്നേഹവും ബഹുമാനവും ഉള്ളത്.

അനന്തഭദ്രത്തിന് ഇനിയൊരു രണ്ടാം ഭാഗം വരാൻ സാധ്യതയുണ്ടോ?

ചിത്രത്തിൻ്റെ രചയിതാവ് സുനിൽ പരമേശ്വരൻ നല്ല കഴിവുള്ള വ്യക്തിയാണ്. പുള്ളിയുടെ നോവലിൻ്റെ 10 ശതമാനം എടുത്താണ് സിനിമയാക്കിയത്. ഇനിയും ഒരുപാട് കഥകളും കഥാപാത്രങ്ങളും ഉണ്ട്. രണ്ടാം ഭാഗമല്ല, വേറെയും സിനിമ ചെയ്യാം.

എല്ലാ ആഴ്ചയും ഒരു പുസ്തകം എഴുതുന്ന സ്വഭാവക്കാരനാണ്. വളരെ വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ്.

നിർമാതാവെന്ന നിലയിൽ ഇനി എങ്ങനെയുള്ള സിനിമകളാണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?

ഇപ്പോൾ ഒരു പുതിയ സിനിമയുടെ ആലോചനയിലാണുള്ളത്. മോഹൻലാലിനെ നായകനാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ‘ഛോട്ടാ മുംബൈ’ പോലെയുള്ള, പ്രേക്ഷകർ തിയേറ്ററിൽ ആഘോഷിക്കുന്ന തരത്തിലുള്ള ഒരു പക്കാ തിയേറ്റർ എക്സ്പീരിയൻസ് സിനിമയാണ് എന്റെ മനസ്സിലുള്ളത്.

മോഹൻലാൽ എന്ന നടനിൽ ഇനിയും പൂർണമായി ഉപയോഗിക്കപ്പെടാത്ത ഒരുപാട് കഴിവുകളുണ്ട്. അദ്ദേഹത്തിന്റെ കുട്ടിത്തം, ഹ്യൂമർ, സീരിയസ് പ്രകടനങ്ങൾ, ആക്ഷൻ, ഡാൻസ്, പാട്ട് എല്ലാം ചെയ്യാൻ കഴിയുന്ന അത്യപൂർവമായ ഒരു നടനാണ് അദ്ദേഹം. അങ്ങനെയൊരു നടൻ കൈയിലുണ്ടാകുമ്പോൾ, അതിന് യോജിച്ച ശക്തമായ തിരക്കഥയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

അതിന്റെ തിരക്കഥയുടെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. നിയോഗ് ആണ് രചന. വലിയ ക്യാൻവാസിൽ ഒരുക്കുന്ന സിനിമയാണ്. കൃഷാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മാസ് ചിത്രമാണ് ഒരുങ്ങുന്നത്. വലിയ ബജറ്റിലുള്ള ഒരു സിനിമയാണെങ്കിൽ അത് തിയേറ്ററിൽ ഓടിയാൽ മാത്രമേ പണം തിരികെ കിട്ടൂ. പല ബിസിനസ് മോഡലുകളും ഇന്ന് വിജയത്തെ മാത്രം ആശ്രയിച്ചാണ്.

ഓടിയാൽ ലാഭം, അല്ലെങ്കിൽ നഷ്ടം. അതാണ് ഇന്നത്തെ അവസ്ഥ. അതുകൊണ്ട് തന്നെ ഇപ്പോൾ വളരെ സൂക്ഷിച്ചേ ഒരു സിനിമ നിർമ്മിക്കാൻ കഴിയൂ.