ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു നടനാകുമെന്ന് മനോജ് മോസസ് കരുതിയിരുന്നില്ല. കുട്ടിക്കാലം മുതല്‍ നൃത്തത്തോടായിരുന്നു താത്പര്യം. ഒരു നൃത്തസംവിധായകൻ ആകണമെന്നായിരുന്നു ആഗ്രഹവും. എന്നാല്‍, മനോജിന്റെ ജീവിതത്തില്‍ മറ്റൊരു നിധി ഒളിച്ചിരിപ്പുണ്ടായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരമായിരുന്നു ആ നിധി. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനില്‍ അരങ്ങേറിയ മനോജ് ഇപ്പോള്‍ ഒരു വലിയ സിനിമയുടെ ഭാഗമായിരിക്കുകയാണ്. കടന്നുവന്ന വഴികളും 'മലൈക്കോട്ടൈ വാലിബ'ന്റെ ലൊക്കേഷന്‍ വിശേഷങ്ങളും മനോജ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.

To advertise here,

തിരുവനന്തുപുരത്തെ കുട്ടിക്കാലം 

പൂജപ്പുരയ്ക്ക് അടുത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. അച്ഛന്‍ രാജേന്ദ്രന്‍ കൂലിപ്പണിക്കാരനാണ്. അമ്മ രാധിക വീട്ടമ്മയാണ്. കലാപരമായി ഒരു പാരമ്പര്യവും പറയാനില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടുതന്നെ ആ വഴിയിലൂടെയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കുട്ടിക്കാലത്ത് ഒരു സൈക്കിള്‍ സ്വന്തമായുണ്ടായിരുന്നു. അതില്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടക്കലായിരുന്നു പ്രധാന വിനോദം. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീടിന് തൊട്ടടുത്ത് ഒരു ഡാന്‍സ് സ്റ്റുഡിയോ വന്നു. കുറേ കുട്ടികള്‍ അവിടെ പഠിക്കാന്‍ വരാന്‍ തുടങ്ങി. അച്ഛനാണ് എന്നെ അവിടെ കൊണ്ടുപോയി ചേര്‍ക്കുന്നത്. എന്നാല്‍, ആ പഠനം കുറച്ച് ദിവസത്തിനുള്ളില്‍ നിന്നു. ഡാന്‍സ് സ്റ്റുഡിയോ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ദൂരം കൂടുതലായതിനാല്‍ പിന്നീട് പോകാനുള്ള സാഹചര്യമുണ്ടായില്ല. പിന്നീട് പ്ലസ് ടു പഠനം കഴിഞ്ഞശേഷമാണ് നൃത്തപഠനം ഗൗരവമായെടുക്കാന്‍ തുടങ്ങിയത്. വീണ്ടും പഠിക്കാന്‍ ചേര്‍ന്നു. പരിപാടികള്‍ക്ക് പോകാനും തുടങ്ങി.

മൂന്ന് റിയാലിറ്റി ഷോ

ഡാന്‍സിനോടുള്ള താത്പര്യമാണ് എന്നെ റിയാലിറ്റി ഷോയിലെത്തിച്ചത്. അമൃത ടിവിയിലെ കേരള ഡാന്‍സ് ലീഗിലൂടെയായിരുന്നു തുടക്കം. ഒരു പ്രൊഫഷണല്‍ എന്ന രീതിയിലേക്ക് മാറുന്നത് അവിടെ വെച്ചാണ്. ഡാന്‍സ് ലീഗിന്റെ ഫൈനല്‍ വരെയെത്താന്‍ കഴിഞ്ഞു. ഇതിനൊപ്പം സീ കേരളയിലെ ഡാന്‍സ് കേരള ഡാന്‍സിലും പങ്കെടുത്തു. ഡാന്‍സിനെ കുറിച്ച് കൂടുതല്‍ പഠിക്കാനും കരിയര്‍ മെച്ചപ്പെടാനും അതൊരുപാട് സഹായിച്ചു. അവിടേയും പക്ഷേ എനിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ യാത്ര അവസാനിച്ചു.

placeholder
.
മനോജ് മോസസ് റിയാലിറ്റി ഷോയിലെ മത്സരത്തിനിടെ | Photo: instagram/ manoj moses

പിന്നീട് കളേഴ്‌സ് തമിഴ് ചാനലിന്റെ റിയാലിറ്റി ഷോയായ ഡാന്‍സ് വേഴ്‌സസ് ഡാന്‍സിലാണ് ഞാന്‍ വിജയിയാകുന്നത്. ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങുന്നതും എവിടെയെങ്കിലും പോകുമ്പോള്‍ സെല്‍ഫിയെടുത്തോട്ടെ എന്ന് ചോദിച്ചുവരുന്നതുമെല്ലാം ഈ റിയാലിറ്റി ഷോകള്‍ക്ക് ശേഷമാണ്. പലരും വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യും. ചിലര്‍ അവരുടെ വീട്ടിലെ ഒരംഗത്തെപോലെയാണ് എന്നെ കണ്ടിരുന്നത്. അതെല്ലാം മിനി സ്‌ക്രീനില്‍ നിന്ന് ലഭിച്ച സന്തോഷങ്ങളാണ്.

'മലൈക്കോട്ടൈ വാലിബ'ന്റെ ഒഡിഷന്‍

ഞാന്‍ ആദ്യം മൂണ്‍വാക്ക് എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. 1990-കളിലെ ഒരു ഡാന്‍സ് ഗ്രൂപ്പിന്റെ കഥ പറയുന്ന ചിത്രമായിരുന്നു അത്. ആ സിനിമ കണ്ടിട്ട് അതിന്റെ സംവിധായകന്‍ വിനോദ് കുമാര്‍ സര്‍ വഴിയാണ് ഒഡിഷന് എന്നെ വിളിക്കുന്നത്. അക്രോബാക്റ്റിക് ചെയ്യുന്ന ഒരു പയ്യനെ പുതിയ ചിത്രത്തിലേക്ക് ആവശ്യമുണ്ട് എന്ന് ലിജോ സര്‍ പറഞ്ഞിട്ടുണ്ടെന്ന് വിനോദ് സാറാണ് എന്നെ അറിയിച്ചത്. നീ പോയ് നോക്ക് എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴും ഞാന്‍ വിചാരിച്ചത് ഏതെങ്കിലും ഗാനരംഗത്തില്‍ ചെറിയ വേഷമായിരിക്കുമെന്നാണ്. 

ഒഡിഷന് എത്തി പുറത്തിരിക്കുമ്പോഴാണ് ചിത്രത്തിന്റെ പോസ്റ്റര്‍ കാണുന്നത്. അത് വലിയ പ്രൊജക്റ്റാണെന്നും മോഹന്‍ലാലാണ് നായകനെന്നും അപ്പോഴാണ് അറിഞ്ഞത്. അതോടെ ടെന്‍ഷന്‍ കൂടി. ഒഡിഷന് ഒരു ഡയലോഗ് തന്നിട്ട് അത് അല്‍പം നാടകീയമായി പറയാന്‍ പറഞ്ഞു. കുറച്ച് കടുപ്പമുള്ള മലയാളവും തമിഴും കലര്‍ന്ന ഡയലോഗായിരുന്നു തന്നത്. അത് എങ്ങനെയോ പറഞ്ഞു. അത്ര നന്നായി ചെയ്യാന്‍ പറ്റിയില്ല. പക്ഷേ ഞാന്‍ സെലക്ട്‌ ആയി. ആ സന്തോഷം അമ്മയെയാണ് ആദ്യം വിളിച്ചുപറഞ്ഞത്.

placeholder
.
ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം മനോജിന്റെ കുടുംബം | Photo: instagram/ manoj moses

മോഹന്‍ലാലിനൊപ്പമുള്ള അഭിനയം

കുട്ടിക്കാലം മുതല്‍ ആരാധിക്കുന്ന നടനാണ് ലാലേട്ടന്‍. അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കൂടെ അഭിനയിക്കാനുള്ള അവസരമാണ് ദൈവം തന്നത്. സെറ്റിലെത്തിയപ്പോള്‍ ആദ്യം ലാലേട്ടനോട് ചോദിച്ചത് അണ്ണാ എന്ന് വിളിച്ചോട്ടെ എന്നാണ്. 'അതിനെന്താ മോനേ, നീ വിളിച്ചോ' എന്നായിരുന്നു മറുപടി. അന്നു മുതല്‍ എന്റെ അണ്ണനാണ് ലാലേട്ടന്‍. എനിക്ക് അദ്ദേഹം ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണ്. 

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നു. ഒരു തുടക്കക്കാരന്റെ എല്ലാ സമ്മര്‍ദ്ദവും എനിക്കുണ്ടായിരുന്നു. എന്റെ പേടി മാറ്റി തന്നതും ലാലേട്ടനാണ്. ധൈര്യമായിട്ട് ചെയ്യൂ എന്ന് പറഞ്ഞ് പിന്തുണ തന്നു.  ഞാന്‍ ചെയ്യുന്നത് കൊള്ളാമോ എന്ന് ഇടയ്ക്ക് ലാലേട്ടനോട് ചോദിക്കും. 'നീ എല്ലാം നന്നായിട്ട് അല്ലേ ചെയ്യുന്നത്. ഈസി ആയിട്ടല്ലേ ചെയ്യുന്നത്. അടിപൊളിയായിട്ടുണ്ട്' എന്നായിരുന്നു മറുപടി. ഇത്രയും വലിയ നടന്‍ അത് പറഞ്ഞപ്പോള്‍ എന്റെ ആത്മവിശ്വാസം കൂടി. ഭയങ്കര സന്തോഷമായി. 

placeholder
.
'മലൈക്കോട്ടൈ വാലിബനി'ലെ കഥാപാത്രമായി | Photo: instagram/ manoj moses

ഷൂട്ടിങ്ങിനിടയിലെ രസകരമായ ഓര്‍മകള്‍

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെ രാജസ്ഥാനിലായിരുന്നു ഷൂട്ടിങ്. അവിടെ ഗംഭീര സെറ്റുകളാണ് ഒരുക്കിയിരുന്നത്. പല വേഷങ്ങളില്‍ അഭിനയിക്കാന്‍ വിവിധ ഭാഷകളില്‍നിന്ന് വന്ന ചലച്ചിത്ര താരങ്ങളുടെ സംഗമ വേദിയായിരുന്നു അത്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിന്നെല്ലാം അഭിനേതാക്കള്‍ എത്തിയിട്ടുണ്ട്. 

അഭിനേതാക്കാള്‍ കോസ്റ്റിയൂമിലും മേക്കപ്പിലും വന്നാല്‍ തിരിച്ചറിയാന്‍ പറ്റില്ല. നാടോടി ടച്ചുള്ള കഥാപാത്രങ്ങളായതിനാല്‍ രൂപത്തിലൊക്കെ കാര്യമായ മാറ്റം വരും. ഷൂട്ടിന്റെ ഇടവേളയില്‍ സെറ്റായി ഇട്ടിരിക്കുന്ന കുടിലിലാണ് വിശ്രമിക്കുക. ഒരു ദിവസം ഞാന്‍ അങ്ങനെയൊരു കുടിലില്‍ വിശ്രമിക്കുമ്പോള്‍ പ്രൊഡക്ഷന്‍ യൂണിറ്റ് അംഗം വന്ന് എന്നെ തട്ടിവിളിച്ചു. പുറത്തു നിന്നുള്ള ആരോ വന്ന് കിടക്കുകയാണ് എന്നാണ് അദ്ദേഹം കരുതിയത്. ആദ്യം ഹിന്ദിയില്‍ എന്നോട് തൂ കോന്‍ ഹേ എന്ന് ചോദിച്ചു. ഞെട്ടിയുണര്‍ന്ന എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. അടുത്ത ചോദ്യം ഇംഗ്ലീഷിലായിരുന്നു. ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ നീങ്ക യാര് എന്ന് തമിഴില്‍ ചോദിച്ചു. ആ സമയത്ത് ഞാന്‍ തിരുവന്തപുരം ഭാഷയില്‍ തിരിച്ചു പറഞ്ഞു. 'യെന്തിരണ്ണാ...അണ്ണന്‍ കുറേ നേരമായല്ല് ചോദിക്കണത്. അണ്ണനെന്തിര് വേണം' എന്ന്. ഇതുകേട്ട് അടുത്തുണ്ടായിരുന്ന ഹരീഷ് പേരടി ചേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചിരിയടക്കാനായില്ല. സെറ്റിലെ രസകരമായ സംഭവങ്ങളിലൊന്നായിരുന്നു അത്.

placeholder
.
മലൈക്കോട്ടൈ വാലിബന്‍ ടീമിനൊപ്പം | Photo: instagram/ manoj moses 

എന്റെ പിറന്നാള്‍ കേക്ക് മുറിച്ചതും ഷൂട്ടിങ്ങിന് ഇടയിലായിരുന്നു. കേക്ക് മുറിച്ച് ഞാന്‍ ആദ്യ കഷ്ണം കൊടുത്തത് ലാലേട്ടനാണ്. അങ്ങനെയൊരു പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല. 

കഥാ നന്ദിയുമൊത്തുള്ള സീനുകള്‍

ഞങ്ങള്‍ ഇരുവരും പ്രണയ ജോഡികളായിട്ടാണ് ചിത്രത്തില്‍ വരുന്നത്. പുന്നാര കാട്ടിലെ പൂവനത്തില്‍ എന്ന് തുടങ്ങുന്ന ഒരു ഗാനരംഗത്തിലും ഒരുമിച്ച് വരുന്നുണ്ട്. അവര്‍ ബംഗാളി നടിയാണ്. അതുകൊണ്ടുതന്നെ മലയാളം അറിയില്ല. ആശയവിനിമയം എളുപ്പമായിരുന്നില്ല. എനിക്ക് ബംഗാളിയോ ഹിന്ദിയോ അറിയില്ല. ഇംഗ്ലീഷും കുറച്ചേ അറിയൂ. ഞാന്‍ അവരോട് മുറി ഇംഗ്ലീഷിലായിരുന്നു കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. 

മലയാളത്തില്‍തന്നെ പറഞ്ഞാല്‍ മതിയെന്ന് കഥാ നന്ദി പറഞ്ഞു. അവര്‍ക്ക് മലയാള സംഭാഷണങ്ങള്‍ എഴുതി പഠിച്ചിട്ടുവേണം അഭിനയിക്കാന്‍. അതുകൊണ്ട് ഞാന്‍ മലയാളത്തില്‍ സംസാരിച്ചാല്‍ അവര്‍ക്ക് അത് കൂടുതല്‍ സഹായമാകും എന്നും പറഞ്ഞു. പിന്നീട് സംസാരം മുഴുവന്‍ മലയാളത്തിലായി. അവര്‍ പുതിയ വാക്കുകള്‍ പഠിച്ചെടുത്തു. 

placeholder
.
കഥാ നന്ദിയോടൊപ്പം | Photo: instagram/ manoj moses

സ്വന്തമായി വീടെന്ന സ്വപ്‌നം

പുതിയ വീട് വെയ്ക്കണം എന്നത് എന്റെ സ്വപ്‌നമായിരുന്നു. കുട്ടിക്കാലം മുതല്‍ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. അതൊരു കുഞ്ഞ് വീടായിരുന്നു. അച്ഛന്‍ കൂലിപ്പണിയെടുത്ത് കിട്ടുന്ന പൈസയായിരുന്നു ഞാനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനം. റിയാലിറ്റി ഷോ വിജയിച്ചപ്പോള്‍ കിട്ടിയ പൈസയും മറ്റു സ്റ്റേജ് പരിപാടികളില്‍ നിന്ന് കിട്ടുന്ന പൈസയുമെല്ലാം സൂക്ഷിച്ചുവെച്ചാണ് വീട് പണിതത്. 

എത്രയും പെട്ടെന്ന് വീട്പണി പൂര്‍ത്തിയാക്കാന്‍ ഞാനും പണിക്കാര്‍ക്കൊപ്പം ഇറങ്ങും. പണ്ട് അച്ഛനൊപ്പം കൂലിപ്പണിക്ക് പോയതിനാല്‍ ഏകദേശം എല്ലാ പണിയും അറിയാമായിരുന്നു. സിമന്റ് കുഴക്കാനും പടവ് കെട്ടാനും കിണറ് കുഴിക്കാനുമെല്ലാം ഞാനും കൂടി. എല്ലാ വര്‍ക്കും ഒരുമിച്ച് ചെയ്യാനുള്ള പൈസയില്ലാത്തതിനാല്‍ ഘട്ടം ഘട്ടമായാണ് വീട്പണി പൂര്‍ത്തിയാക്കിയത്. രാജസ്ഥാനിലെ ഷൂട്ടിങ് കഴിഞ്ഞശേഷമായിരുന്നു വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്. ആ ദിവസം അമ്മയുടെ മുഖത്തുണ്ടായ സന്തോഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. ഇനി വാടക വീട്ടില്‍ താമസിക്കണ്ടല്ലോയെന്ന സമാധാനത്തിലാണ് അന്ന് അമ്മ ഉറങ്ങിയത്.