
'കണ്ടതെല്ലാം പൊയ്, കാണപ്പോകത് നിജം.' മലൈക്കോട്ടെെ വാലിബൻ സിനിമ കണ്ടവരെല്ലാം കള്ളച്ചുവടുമായി വാലിബനെ മലർത്തിയടിക്കുന്ന മാങ്ങോട്ട് മല്ലനെ മറക്കാനിടയില്ല. ദേശങ്ങൾതോറും മല്ലയുദ്ധം നടത്തി മുന്നേറുന്ന മലൈക്കോട്ടെെ വാലിബനും വാലിബനെ മലർത്തിയടിക്കാൻ ചമതകന്റെ കുബുദ്ധിയിൽത്തെളിഞ്ഞ മാങ്ങോട്ട് മല്ലനും. എന്നാൽ, ഈ കണ്ടതൊന്നുമല്ല നിജം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാങ്ങോട്ട് കളരിയിൽനിന്നു പുന്നപ്രയിലെ ഏകവീര കളരിയിലെത്തുമ്പോൾ ഇവിടെ കള്ളച്ചുവടുകളില്ല. മാങ്ങോട്ട് മല്ലൻ ഇവിടെ ഹരി കൃഷ്ണൻ ഗുരുക്കളാണ്. ഏകവീര കളരി അക്കാദമിയുടെ സ്ഥാപകനും ആയിരത്തോളം കുട്ടികളുടെ പരിശീലകനും.
കൺകണ്ടതെല്ലാം നിജം
വളരെ യാദൃച്ഛികമായാണ് ഹരികൃഷ്ണൻ മലൈക്കോട്ടെെ വാലിബനിലെത്തുന്നത്. ഹരികൃഷ്ണൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ലിജോയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഒരു ദിവസം 'ഇങ്ങനൊരു സിനിമയുണ്ട് ഹരികൃഷ്ണന്റെ സഹകരണം വേണ'മെന്ന് ഫോൺ കോൾ വന്നു. കൊറിയോഗ്രഫി ചെയ്യാനെന്നാണ് കരുതിയത്. മലയാളത്തിന്റെ മഹാനടനൊപ്പം, ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനൊപ്പം നാളെ വാഴ്ത്തപ്പെടാൻ പോകുന്ന ഒരു സിനിമയുടെ ഭാഗമാകാനായത് ഹരിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
സെറ്റിലെത്തിയപ്പോഴും ഒരു മല്ലൻ്റെ ശരീരപ്രകൃതിയല്ലാത്തതിനാൽ എല്ലാവർക്കും സംശയമായിരുന്നു. എന്നാൽ, സംവിധായകൻ ആഗ്രഹിച്ചതുപോലെ ഹരി ആ വേഷം അസാമാന്യ മെയ്‌വഴക്കത്തോടെ അനായാസമാക്കി. അതും ഒറ്റ ഷോട്ടിൽത്തന്നെ. ഷോട്ട് കഴിഞ്ഞപ്പോൾ ക്യാമറാമാൻ മധു നീലകണ്ഠൻ നന്നായെന്നു പറഞ്ഞപ്പോഴാണ് ലിജോയ്ക്കു തെറ്റിയില്ലെന്ന് എല്ലാവർക്കും മനസ്സിലായത് - ഹരി പറയുന്നു.
കളരിയാണ് എല്ലാം
മുത്തച്ഛന്റെ പാത പിന്തുടർന്ന് പത്തു വയസ്സിൽ കളരിപഠിക്കാൻ തുടങ്ങിയതാണ് ഹരികൃഷ്ണൻ. ആന്ധ്രയിലാണു ജനിച്ചത്. പിന്നീട് ആലപ്പുഴയിലെത്തി, അടുത്തുള്ള കളരിയിൽ അഭ്യാസം പഠിക്കാൻ തുടങ്ങി. ഗിന്നസ് ഉൾപ്പെടെ എണ്ണിയാൽത്തീരാത്ത നേട്ടങ്ങൾ. ദേശീയ ചാംപ്യൻഷിപ്പുകളിൽ എട്ട് മെഡൽനേടിയിട്ടുണ്ട്. ഏഴെണ്ണം കളരിപ്പയറ്റിലും ഒരെണ്ണം തമിഴ്‌നാടിൻ്റെ മാർഷ്യൽ ആർട്സായ സിലംബത്തിലും.
ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏക വീര അക്കാദമിക്ക് 22 ഓളം ശാഖകളുണ്ട്. ആലപ്പുഴയിൽ മൂന്നെണ്ണം. പുന്നപ്രയിലാണ് ഹെഡ് ഓഫീസ്. ഇവിടെ പല സംസ്ഥാനങ്ങളിൽനിന്നായി കുട്ടികൾ താമസിച്ച് കളരി അഭ്യസിക്കുന്നുണ്ട്. അഭിനയമല്ല ഹരിക്കു ലക്ഷ്യം. സിനിമയിലൂടെ കളരിക്കും ആയോധനകലകൾക്കും കിട്ടുന്ന സ്വീകാര്യതയാണ്. പ്രഭാസ് നായകനാകുന്ന 'കൽക്കി' എന്ന ചിത്രത്തിൽ യുദ്ധരംഗത്ത് ഒരു ചെറിയ വേഷംചെയ്തിട്ടുണ്ട്. മറ്റു ചിത്രങ്ങളിലേക്കും അവസരംവരുന്നുണ്ട്.
Content Highlights: malaikkottai valiban actor harikrishnan
Published: 04 Feb 2024, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented