മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്' രണ്ടാംഭാഗമുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് നിര്‍മാതാവും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍. ‘വാലിബന്‍’ ഒറ്റഭാഗമായി ഇറക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നുവെന്ന് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

To advertise here,

'ഒറ്റഭാഗമായി ഇറക്കാന്‍ ഉദ്ദേശിച്ച ചിത്രത്തിന്റെ കഥയാണ് സംവിധായകന്‍ പറഞ്ഞത്. മോഹന്‍ലാല്‍ പത്തുമിനിറ്റുകൊണ്ട് അംഗീകരിച്ച കഥയാണത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഷൂട്ടിങ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ കഥയില്‍ കുറച്ചുമാറ്റങ്ങള്‍ അറിയാതെ കടന്നുവന്നു. പലതടസ്സങ്ങളും പ്രതിസന്ധികളും കാരണമായിരിക്കാം. ഞാന്‍ ആരേയും കുറ്റംപറയുന്നില്ല', ഷിബു ബേബി ജോണ്‍ പറഞ്ഞു.

'അങ്ങനെ ഒരു ഘട്ടം വന്നപ്പോള്‍ ഇത് രണ്ടുഭാഗമായി ഇറക്കാം എന്ന അഭിപ്രായം വന്നു. പറഞ്ഞ സിനിമ മാത്രം എടുത്താല്‍ മതി എന്ന നിലയില്‍ ഞാനും മോഹന്‍ലാലുമടക്കം അതിനോട് വിയോജിച്ചു. ശക്തമായ രണ്ടുഭാഗമായി ഇറക്കാമെന്ന് പറയുകയും അങ്ങനെ പറ്റില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചതുമാണ്. പക്ഷേ, അതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ആദ്യം പറഞ്ഞ കഥയല്ല, ഇപ്പോള്‍ വന്നത്. രണ്ടാംഭാഗത്തിനുവേണ്ടി കഥകൊണ്ടുവന്ന് അവസാനിപ്പിക്കുകയായിരുന്നു', അദ്ദേഹം ചൂണ്ടിക്കാട്ടി.

'നല്ലൊരു സിനിമയാണ്, മോശമല്ല. എന്നാല്‍, പ്രതീക്ഷ വളരേ അധികമായിരുന്നു. അതിന്റെ ദോഷമുണ്ടായി. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന പടം എന്ന നിലയില്‍ വാനോളം പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷ മറ്റൊരു ലെവലിലേക്ക് പോയതാണ്. രണ്ടാംഭാഗത്തിലേക്ക് പോവാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. രണ്ടാംഭാഗത്തിന് പരിപാടിയില്ല'-അദ്ദേഹം വ്യക്തമാക്കി.

നേരത്തേ, മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലും ചിത്രത്തിന് രണ്ടാംഭാഗമുണ്ടാവില്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരുന്നു. ചിത്രം സാമ്പത്തികമായി നഷ്ടമായിരുന്നില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞു. ‘സിനിമയുടെ ഫൈനല്‍ പ്രോഡക്ടില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. സിനിമയുടെ ഒറിജിനല്‍ പ്ലാനില്‍ നിന്ന് രണ്ടാം ഭാഗം എന്ന സങ്കല്‍പ്പത്തിലേക്ക് പോയപ്പോള്‍ സ്‌ക്രിപ്റ്റില്‍ കുറച്ച് മാറ്റങ്ങള്‍ വന്നു. അതിന്റെ ചില പ്രശ്‌നങ്ങളുണ്ട്. ‘വാലിബന്‍’ ഫ്‌ളോപ്പ് അല്ലായിരുന്നു. നമ്മള്‍ പ്രതീക്ഷിച്ച ലെവലിലേക്ക് പോയില്ല എന്നേയുള്ളൂ. പടത്തിന്റെ റെവന്യൂ എല്ലാം നോക്കുമ്പോള്‍ അതൊരു പരാജയപ്പെട്ട ചിത്രമല്ലെന്നുമായിരുന്നു ഷിബു ബേബി ജോണിന്റെ വാക്കുകള്‍.