
2018-ലാണ് നടി ദിവ്യ ഗോപിനാഥ് തൊഴിലിടത്തിലെ ലൈംഗിക ചൂഷണത്തിന്മേൽ നടൻ അലൻസിയറിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ആറുവർഷത്തിനിപ്പുറം പരാതിക്കാരിയായ താൻ സിനിമയ്ക്ക് പുറത്തായപ്പോൾ ചൂഷണം ചെയ്ത വ്യക്തി ഇൻഡസ്ട്രിയിൽ സജീവമായി നിലനിൽക്കുകയാണെന്ന് പറയുകയാണ് ദിവ്യ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരികയും സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സിദ്ധിഖ്, മുകേഷ്, റിയാസ് ഖാൻ എന്നിവർക്കെല്ലാമെതിരേ ആരോപണങ്ങളുമായി വനിതാ ചലച്ചിത്ര പ്രവർത്തകർ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ദിവ്യ.
മീടൂ ആരോപണങ്ങളുടെ തുടക്കകാലത്ത് അന്ന് ഇൻഡസ്ട്രിയിൽ പ്രമുഖനായ നടൻ അലൻസിയർക്കെതിരെ പ്രതികരിച്ചയാളാണ്. പിന്നീട് ആ വ്യക്തി ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കുറച്ചുനാളത്തെ ചർച്ചകൾക്കൊടുവിൽ ആ വിഷയം 'അമ്മ' ഉൾപ്പെടെ എല്ലാവരും മറന്നു. നടൻ പഴയപോലെ സജീവമായി, ദിവ്യയ്ക്ക് അവസരങ്ങൾ നഷ്ടമാവുകയും ചെയ്തു. പുതിയ വെളിപ്പെടുത്തലുകളും അത് നേരിട്ടവരുടെ രാജിയും പുറത്തുവരുമ്പോൾ എന്തു തോന്നുന്നു?
പരാതി വരുന്ന അവസരങ്ങളിൽ ഒദ്യോഗികസ്ഥാനത്തുനിന്ന് മാറിനിന്ന് ആ പരാതിയിൽ നടപടികൾ സ്വീകരിക്കാനുള്ള അവസരം സിസ്റ്റത്തിന് ഉണ്ടാക്കിക്കൊടുക്കേണ്ടതു തന്നെയാണ്. ഇതുതന്നെയാണ് 2018 കാലത്ത് അലൻസിയർക്കെതിരെ അമ്മ എന്ന സംഘടനയിൽ പരാതികൊടുത്തപ്പോഴും അവരോട് ചോദിച്ചിരുന്നത്. എന്ത് നടപടിയാണ് നിങ്ങളുടെ അംഗമായ വ്യക്തി എന്നോട് ചെയ്ത ചൂഷണത്തിന് നിങ്ങൾ സ്വീകരിക്കുക എന്നായിരുന്നു ചോദിച്ചത്. വിശദമായി എന്തൊക്കെയാണ് നടന്നത് എന്നും പറഞ്ഞിരുന്നു. പക്ഷേ ഈ അഞ്ചുവർഷക്കാലയളവിൽ ഇത്തരം തുറന്നുപറച്ചിലുകൾ എത്രത്തോളം ജീവിതത്തെ ബാധിച്ചുവെന്നതിന്റെ രക്തസാക്ഷിയാണ് ഞാൻ. ഒരുപാട് സ്വപ്നം കണ്ട്, തിയേറ്റർ പ്രൊഫഷണലായി പഠിച്ച് സിനിമയിലേക്കെത്തിയ ആളാണ് ഞാൻ. എന്നാൽ ആ സ്വപ്നമെല്ലാം മാറ്റിവച്ച് മറ്റൊരു മേഖലയിൽ തൊഴിലെടുക്കാൻ നിർബന്ധിതയാവുന്നുണ്ടെങ്കിൽ അതൊട്ടും സന്തോഷത്തോടെയല്ല. പരാതി ഉന്നയിച്ചയാൾ ഇന്നും സിനിമയിൽ സജീവമാവുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുമ്പോൾ ഞാൻ അവസരങ്ങൾ നഷ്ടമായി ജീവിക്കുകയാണ്. ഇന്നിപ്പോൾ റിപ്പോർട്ട് പുറത്തുവന്ന് മൂന്നുദിവസം കൊണ്ട് അസോസിയേഷനിലുള്ള വ്യക്തികൾ ഉൾപ്പെടെ മാറ്റങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ വളരെയധികം സന്തോഷമുണ്ട്. തെളിവുണ്ടെങ്കിൽ പറയൂ എന്നാണ് പലരും പറയുന്നത്. അലൻസിയർ ചെയ്ത തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചയാളാണ്. അയാൾ ചെയ്ത തെറ്റിന് അസോസിയേഷൻ എന്ത് നടപടിയാണ് എടുത്തതെന്ന് സംഘടനയിലെ അംഗങ്ങൾക്ക് സ്വയം ചോദിക്കാം.

ആരോപണങ്ങൾക്ക് തെളിവുണ്ടോ, വർഷങ്ങൾക്ക് മുമ്പുനടന്ന കാര്യം പ്രതികരിക്കാൻ ഇത്ര വൈകിയത് എന്തിനാണ്.. തുറന്നുപറച്ചിൽ നടത്തുമ്പോൾ ഉയർന്നുവരുന്ന ഒട്ടും നിഷ്കളങ്കമല്ലാത്ത പ്രധാന ചോദ്യങ്ങളാണിത്. എന്താണ് ഇക്കൂട്ടർക്ക് നൽകാനുള്ള മറുപടി.
നാം എപ്പോഴും നെഞ്ചിലൊരു ക്യാമറയുമായി നടക്കണം എന്നാണ് ഇവരൊക്കെ പ്രതീക്ഷിക്കുന്നത്. 1947 സ്വാതന്ത്ര്യം കിട്ടിയ രാജ്യത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നതാണ് ഈ ചോദ്യങ്ങൾ കൊണ്ട് വ്യക്തമാകുന്നത്. ഏതു ജോലി ചെയ്യുമ്പോഴും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന് ഭയന്നുനടക്കണം എന്നാണ് ഇവർ കരുതുന്നത്. ഇത്തരം ചോദ്യങ്ങളൊക്കെ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, അത്തരത്തിൽ ചോദിക്കുന്നവരോട് തിരിച്ചുചോദിക്കാനുള്ളത് ഒറ്റ കാര്യമാണ്. 2018-ൽ ഇതേക്കുറിച്ച് തുറന്നുപറഞ്ഞു, പക്ഷേ 2024 ആയിട്ടും എന്ത് മാറ്റമാണ് ഉണ്ടായത്. വേട്ടക്കാർക്ക് കൂടുതൽ അവസരങ്ങൾ കിട്ടുകയും നമ്മൾ ആഗ്രഹിച്ച തൊഴിലിടത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരികയുമാണ്. നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കിൽ മാറിക്കോളൂ എന്നാണ് പലരും പറയുന്നത്. ഏത് മേഖലയിൽ ജോലിചെയ്താലും നമുക്കെന്തെങ്കിലും അതിക്രമം നേരിട്ടാൽ ആ ഫീൽഡിൽ നിന്ന് മാറണമെന്നാണ് ഇവരൊക്കെ പ്രതീക്ഷിക്കുന്നത്. നമ്മൾ മാറിക്കൊണ്ടിരിക്കുക, ഇവർ മാറാതിരിക്കുക എന്ന അവസ്ഥയാണ്. സ്വന്തം കുടുംബത്തിൽ ഒരാൾക്കുവരുമ്പോൾ മാത്രം ആ വിഷമം തിരിച്ചറിയുകയും മറ്റുള്ളവരുടേത് വെറും കഥകളായി മാറുകയുമാണ്.
എന്റെ സാഹചര്യത്തിൽ ഞാൻ ആ വ്യക്തിയോട് പ്രതികരിച്ചു, അതുകൊണ്ടാണ് അതിനേക്കുറിച്ച് ധൈര്യത്തോടെ പുറംലോകത്തോട് പറയാനായത്. പ്രതികരിച്ചയുടൻ അയാൾ ഇറങ്ങിപ്പോയെങ്കിലും ആ സിനിമയിൽ പ്രസ്തുതവ്യക്തിമൂലം പല ബുദ്ധിട്ടുകളുമുണ്ടായി. അത് എന്റെ നാലാമത്തെ സിനിമയായിരുന്നു, അയാൾ സിനിമയിൽ സജീവമായി നിൽക്കുന്ന വ്യക്തിയും. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടിക്കുക എളുപ്പവുമായിരുന്നു. സിനിമയുടെ ഷൂട്ടിങ് ഭൂരിഭാഗവും കഴിഞ്ഞതുകൊണ്ടും, ഇതേക്കുറിച്ച് സിനിമയിലെ പലരോടും അന്നുതന്നെ വെളിപ്പെടുത്തിയതുകൊണ്ടും ആ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ കഴിഞ്ഞില്ല. ആരു പറയുന്നു എന്നുള്ളതല്ല, പറയുന്നയാൾക്ക് എത്ര പവറുണ്ട്, നിലനിൽപുണ്ട് എന്നത് മുൻനിർത്തിയാണ് ഇവിടെ ആധികാരികത വിലയിരുത്തുന്നത്.
ഡബ്ല്യു.സി.സി.യിൽ അംഗമായവർ ഉൾപ്പെടെ അന്ന് തുറന്നടിച്ച പലർക്കും ഇന്ന് അവസരങ്ങൾ ലഭിക്കുന്നില്ല. പല സ്ത്രീകളും തങ്ങൾ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്നുപറയാൻ ഭയക്കുന്നതും ഈ നിലനിൽപ് ഭയന്നാണ്. എത്രത്തോളം ഗുരുതരമായ സാഹചര്യമാണിത്.
തുറന്നുപറച്ചിലോടെ ഒരു സ്ത്രീ താങ്ങുമോ ചുറ്റുമുള്ളവർ അവിശ്വസിക്കുമോ എന്നൊക്കെ ഭയന്നിരുന്നു. എന്നാൽ ഇന്ന് അതിന് മാറ്റം വന്നു. ഒന്നിച്ചുള്ള പോരാട്ടമാണെന്ന തിരിച്ചറിവാണ് ഈ പാട്രിയാർക്കിയെ കുലുക്കിയത്. ആ ധൈര്യത്തിൽ സ്ത്രീകൾ മുന്നോട്ടുവരുന്നുവെന്നത് അഭിമാനം തോന്നിപ്പിക്കുന്ന കാര്യമാണ്. തെറ്റുകാരാണ് മറയേണ്ടത്,. നമ്മൾ ഒരു തൊഴിലിടത്തിനെ ഏറ്റവും വൃത്തിയാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതിൽ ഒന്നിച്ചുനിൽക്കുക എന്നതാണ് പ്രധാനം. സിനിമയെന്നല്ല, ഏതൊരു മേഖലയിലും ശബ്ദമുയർത്തിയാൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. ലൈംഗിക ചൂഷണങ്ങൾ മാത്രമല്ല ജോലി ചെയ്യുന്ന സ്ഥലത്ത് പരസ്പര ബഹുമാനമുണ്ടായിരിക്കുക, അർഹിക്കുന്ന വേതനം നൽകുക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയ്ക്കുവേണ്ടിയുമുള്ള പോരാട്ടമാണിത്. നടീനടന്മാരുടെ പ്രതിഫലവും സിനിമയുടെ ലാഭവും മാത്രമല്ല ചർച്ച ചെയ്യേണ്ടത്. ഒരു സെറ്റിൽ കുറഞ്ഞത് അഞ്ച് അസിസ്റ്റന്റ് ഡയറക്ടർമാരെങ്കിലും സൗജന്യമായി ജോലി ചെയ്യുന്നുണ്ടാവും. അവർ ആ സെറ്റിൽ നിന്നു മാറിനിന്നാൽ ആ സിനിമ നടക്കില്ല. ഉറക്കംപോലുമില്ലാതെ രാപകൽ കഷ്ടപ്പെടുന്ന, സിനിമയുടെ നട്ടെല്ലാണ് അസിസ്റ്റന്റ് ഡയറക്ടേഴ്സ്. ലൈംഗിക ചൂഷണങ്ങൾക്കൊപ്പം ഇത്തരം ചൂഷണങ്ങളും ചോദ്യം ചെയ്യപ്പെടണം. എങ്കിലേ ഏറ്റവും നല്ല സിനിമകൾ കൊടുക്കുന്ന മേഖലയായി മലയാള സിനിമയ്ക്ക് മാറാനാവൂ.

ഈ വിഷയത്തേക്കുറിച്ച് പ്രതികരിച്ചപ്പോൾ നടി ജോമോൾ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. പക്ഷേ നടി ഉർവശിയാകട്ടെ തനിക്ക് അനുഭവമുണ്ടായില്ലെങ്കിലും സഹപ്രവർത്തകരുടെ പോരാട്ടത്തെ തിരിച്ചറിഞ്ഞ് പിന്തുണയ്ക്കുകയാണ് ചെയ്തത്. സ്ത്രീകൾ പരസ്പരം ഇത്തരം വിഷയങ്ങളിൽ പിന്തുണക്കേണ്ടതിനേക്കുറിച്ച്.
എനിക്ക് അനുഭവമുണ്ടായിട്ടില്ല, അതിനാൽ ഇതേക്കുറിച്ചറിയില്ല എന്നുപറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇങ്ങനെ പറഞ്ഞ നടിയുടെ കൂട്ടത്തിലുള്ള ഒരു നടിയാണ് ഏഴുകൊല്ലം മുമ്പേ കാറിൽ വലിയ അതിക്രമത്തിനിരയായത്. അവർ നമ്മളിലൊരാളാണെങ്കിൽ അത് തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ പ്രതികരിക്കണം. മറ്റൊന്ന് സ്ത്രീകൾ മാത്രമല്ല ഇതിൽ പ്രതികരിക്കേണ്ടത്. അത്തരത്തിലുള്ള ഒരു മുൻവിധി നിലനിൽക്കുന്നതുകൊണ്ടാണ് ഇവിടെ പല സ്ത്രീകളും തുറന്നുപറയാൻ മടിക്കുന്നത്. ഉർവശി മാഡം പറഞ്ഞതുപോലെ, എനിക്ക് സംഭവിച്ചില്ലെങ്കിലും എനിക്ക് ചുറ്റുമുള്ള ആളുകൾക്ക് അനീതി സംഭവിച്ചാൽ അതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യണം.
അതിക്രമവാർത്തകൾ പുറത്തുവരുമ്പോഴും അതിനെതിരെയുള്ള നടപടികൾ വൈകുമ്പോഴുമൊക്കെ സ്വന്തം ജീവിതത്തിൽ നേരിട്ട അനുഭവങ്ങളും തികട്ടിവരുമല്ലോ. എത്രത്തോളം മാനസിക സംഘർഷം ഉണ്ടാക്കുന്നതാണ് ഈയൊരു പോരാട്ടം.
വളരെയധികം സ്ട്രെസ്ഫുൾ ആണ്. ഒരു പെൺകുട്ടി ഒരു സംവിധായകനിൽ നിന്ന് നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പറഞ്ഞിരുന്നു. ആ വ്യക്തി കഴിഞ്ഞദിവസം സ്ത്രീസംരക്ഷണത്തിനുവേണ്ടിയും ചിലർ അറിയാതെ ചെയ്യുന്ന തെറ്റായും മറ്റുചിലർ പവർ ഉപയോഗിച്ച് ചെയ്യുന്ന തെറ്റായുമൊക്കെ വിശദീകരിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അത് വായിക്കുമ്പോൾപ്പോലും ട്രിഗർ ചെയ്യപ്പെടുന്ന സാഹചര്യമാണ്. ആ വ്യക്തിമൂലം മറ്റൊരു പെൺകുട്ടി ഇന്നും അനുഭവിക്കുന്ന ട്രോമ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹം സ്ത്രീപക്ഷ സംവിധായകനാകാൻ ശ്രമിക്കുന്നത്.
തുടക്കംതൊട്ട് ഡബ്ല്യു.സി.സി.യെ വിമർശിച്ചവരാണ് ഭൂരിഭാഗവും, എന്നാൽ അതേ കൂട്ടായ്മയുടെ മുട്ടുമടക്കാത്ത പോരാട്ടമാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിലേക്കും അതിക്രമത്തിന് ഇരയായവരുടെ തുറന്നുപറച്ചിലിലേക്കുമൊക്കെ നയിച്ചത്. എത്രത്തോളം സുരക്ഷിതത്വം പകരുന്നുണ്ട് ഇത്തരത്തിലൊരു സംഘടനയുടെ പിന്തുണ.
ഇങ്ങനെയൊരു ഗ്രൂപ്പിനെ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്ന്. നമ്മൾ പലവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. അത്തരത്തിൽ ഓരോരുത്തർക്കും അഭിപ്രായം പറയാനുള്ള ഇടം അവിടെയുണ്ട്. ഒരു ഹയറാർക്കിയും ഇല്ലാതെ മുന്നോട്ടുപോകുന്ന ഒരു സിസ്റ്റമാണത്. അത് ശരിക്കും ഒരു സിസ്റ്റർഹുഡ് ഫീലാണ് നൽകുന്നത്. ഭയങ്കര പവറാണ്. ഇന്ന് ദിവ്യ ഇതുപോലെ നിങ്ങളോട് സംസാരിക്കുന്നുണ്ടെങ്കിൽ അത് ആ സിസ്റ്റം തന്ന പവറാണ്. അല്ലെങ്കിൽ എന്റെ പ്രശ്നങ്ങൾ ഒതുക്കി, സിസ്റ്റത്തെ ഭയന്ന് മാറിയേനെ. ആ സ്ത്രീകളോടെല്ലാം ഒരുപാട് സ്നേഹമുണ്ട്. അവർക്കൊപ്പമുള്ള യാത്ര വളരെയധികം ഇമോഷണലാണ്.
2017-ൽ അതിക്രമത്തിനിരയായ നടിയുടെ തുറന്നുപറയാനുള്ള ആർജവമാണ് ഡബ്ല്യു.സി.സി. പോലൊരു സംഘടനയുടെ രൂപീകരണത്തിനും ഇതുവരെയുള്ള പോരാട്ടങ്ങൾക്കും തുടക്കമായത്. അതേക്കുറിച്ച്.
ആക്രമത്തിന് ഇരയായ സ്ത്രീകളുടെ പേഴ്സണൽ ഫൈറ്റിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു സംഘടന ഉടലെടുക്കുന്നതും കരിയർ തുടങ്ങിയ ജൂനിയേഴ്സ് പോലും അതിന്റെ ഭാഗമായതും. ആ നടിയുടെ പോരാട്ടം തന്നെയാണ് ഇതിനൊക്കെ തുടക്കമിട്ടത്. സ്ത്രീകൾ ഭയങ്കര പൊളിയാണെന്ന് മാത്രമാണ് പറയാനുള്ളത്.
തുടർന്നും പ്രമുഖർ ഉൾപ്പെടെ പലരുടെയും പേരുകൾ പുറത്തുവരാം. പ്രതിഷേധസ്വരങ്ങൾ കൂടുതൽ കടുക്കുമെന്നു തന്നെ കരുതാം.
തീർച്ചയായും ഇപ്പോൾ സെക്ഷ്വൽ സ്പേസിനേക്കുറിച്ച് സംസാരിക്കാനല്ല മറിച്ച് അവർ ഭാഗമായ ഇടത്തിലെ പ്രശ്നങ്ങളേക്കുറിച്ച് തുറന്നടിക്കാനും ഭാവിയിൽ ഈ മേഖലയിലേക്ക് വരുന്നവർക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കാനുമാണ് പലരും തുറന്നുപറയുന്നത്. അതിന്റെ പേരിൽ എന്തുതന്നെ വന്നാലും നേരിടും എന്ന ധൈര്യത്തോടെ സ്ത്രീകൾ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഇനിയും പുറത്തുവരട്ടെ, ഇനി തുറന്നുപറയാനുള്ള ആത്മധൈര്യം ഇല്ലാത്തവരാണെങ്കിലും കുഴപ്പമില്ല അവരേയും നമ്മൾ ചേർത്തുപിടിക്കുന്നുണ്ട്. അങ്ങനെ രണ്ടുകൂട്ടർക്കുമൊപ്പം നമ്മളുണ്ട്.
Content Highlights: divya gopinath speaks out about sexual harassment hema committee report wcc
Published: 25 Aug 2024, 03:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented